ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഝാർഖണ്ഡിലെ ദേവ്ഘറിൽ സൈന്യ സമ്പർക്ക മേള സന്ദർശിച്ച് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ
പോസ്റ്റഡ് ഓണ്‍:
10 OCT 2026 5:29PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഝാർഖണ്ഡിലെ ദേവ്ഘറിൽ ഇന്ന് 'സൈന്യ സമ്പർക്ക മേള – സദൈവ് ആപ്കെ സാത്ത്' സന്ദർശിച്ചു. സന്താൾ പർഗാന മേഖലയിലുടനീളമുള്ള വിമുക്ത ഭടന്മാർക്കും വീര വനിതകൾക്കും അവരുടെ ആശ്രിതർക്കും ക്ഷേമപ്രവർത്തനങ്ങളും പരാതി പരിഹാര സൗകര്യങ്ങളും ലഭ്യമാക്കുന്നതിനായി ഇന്ത്യൻ സൈന്യവും ദേവ്ഘർ ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഈ മേള സംഘടിപ്പിച്ചത്.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി, വിമുക്ത ഭടന്മാരുടെയും വീര വനിതകളുടെയും വിലമതിക്കാനാവാത്ത ത്യാഗങ്ങൾക്കും രാജ്യത്തിനു നൽകിയ സംഭാവനകൾക്കും ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. വിമുക്ത ഭടന്മാരെ പ്രധാന ദേശീയ സമ്പത്തായി വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ അനുഭവ സമ്പത്തിന് യുവതലമുറയെ നയിക്കാനും അവരുടെ നേതൃത്വത്തിന് രാഷ്ട്ര നിർമാണത്തിൽ ഗണ്യമായ സംഭാവന നൽകാനും കഴിയുമെന്ന് പറഞ്ഞു. വീര വനിതകളെ അഭിവാദ്യം ചെയ്തുകൊണ്ട്, അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ഓരോ സൈനികൻ്റെയും പിന്നിൽ സൈനിക സേവനത്തിൻ്റെ ത്യാഗങ്ങളും ഉത്തരവാദിത്തങ്ങളും പങ്കിടുന്ന ഒരു കുടുംബമുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. സൈനികരും അവരുടെ കുടുംബങ്ങളും അർപ്പിച്ച ത്യാഗങ്ങൾ രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഝാർഖണ്ഡ് ഗവർണർ എന്ന തൻ്റെ ഔദ്യോഗിക കാലഘട്ടം അനുസ്മരിച്ചുകൊണ്ട്, രാജ്യത്തിന് സേവനം നൽകുന്നതിൽ സംസ്ഥാനത്തിൻ്റെ അഭിമാനകരമായ പാരമ്പര്യത്തെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. പരം വീർ ചക്ര ജേതാവ് ലാൻസ് നായിക് ആൽബർട്ട് എക്കയ്ക്ക് അദ്ദേഹം ശ്രദ്ധാഞ്‌ജലി അർപ്പിക്കുകയും, ഭഗവാൻ ബിർസ മുണ്ട, തിൽക്ക മാഞ്ചി, സിദ്ദു, കൻഹു, നിലാമ്പർ, പിതാമ്പർ എന്നിവരുൾപ്പെടെയുള്ള ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു. രാജ്യസ്നേഹത്തിൻ്റെയും ദേശീയ സേവനത്തിൻ്റെയും ആത്മാവ് ഝാർഖണ്ഡിലെ ജനങ്ങളെ തുടർന്നും പ്രചോദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഏറെക്കാലമായുള്ള 'ഒരു പദവി, ഒരു പെൻഷൻ' എന്ന ആവശ്യം യാഥാർത്ഥ്യമാക്കിയതിനെ ഉപരാഷ്ട്രപതി എടുത്തുപറയുകയും, വിമുക്ത ഭടന്മാർക്കും വീര വനിതകൾക്കുമായി നടപ്പിലാക്കിയ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. മേളയിലെ ഏകജാലക സംവിധാനത്തെ അഭിനന്ദിച്ച അദ്ദേഹം, പെൻഷനുമായി ബന്ധപ്പെട്ട സഹായങ്ങൾ, വൈദ്യസഹായം, രേഖാപരമായ സേവനങ്ങൾ, പരാതി പരിഹാരം എന്നിവ ഒരു വേദിയുടെ കീഴിൽ കൊണ്ടുവരുന്നത് സേവനം എല്ലായിടവും എത്തിക്കുന്നതിൻ്റെ അർത്ഥവത്തായ മാതൃകയാണെന്ന് പറഞ്ഞു.
ഏകോപിതമായ പൊതുസേവനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ചവരെ സഹായിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ പങ്കിടലാണ് സായുധ സേന, സിവിൽ ഭരണകൂടം, ധനകാര്യ സ്ഥാപനങ്ങൾ, ആരോഗ്യ സേവന ദാതാക്കൾ, ക്ഷേമ ഏജൻസികൾ എന്നിവയുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. വിമുക്തഭടന്മാരും അവരുടെ കുടുംബങ്ങളും എപ്പോഴും ആദരിക്കപ്പെടുന്നവരും പിന്തുണക്കപ്പെടുന്നവരും പരിചരിക്കപ്പെടുന്നവരുമാണെന്ന് ഉറപ്പാക്കിക്കൊണ്ട്, 'സദൈവ് ആപ്കെ സാത്ത്' (എപ്പോഴും നിങ്ങളോടൊപ്പം) എന്ന ആശയം തുടർച്ചയായ ഒരു ദേശീയ പ്രതിജ്ഞാബദ്ധതയായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സന്ദർശന വേളയിൽ, ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും പ്രദർശനങ്ങൾ, ദുരിതാശ്വാസ സൗകര്യങ്ങൾ, എക്സ്-സർവീസ്മാൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS) സേവനങ്ങൾ, വൈദ്യ പരിശോധനാ രക്തദാന ക്യാമ്പുകൾ, വനിതാ ആരോഗ്യ ബോധവൽക്കരണ പദ്ധതികൾ, എൻസിസി പ്രവർത്തനങ്ങൾ, പെൻഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയുൾപ്പെടെ സൈന്യ സമ്പർക്ക് മേളയിലെ വിവിധ സ്റ്റാളുകൾ ഉപരാഷ്ട്രപതി സന്ദർശിച്ചു. മേളയിൽ പങ്കെടുക്കാനെത്തിയ വിമുക്തഭടന്മാർ, ഗുണഭോക്താക്കൾ, പൊതുജനങ്ങൾ എന്നിവരുമായും അദ്ദേഹം സംവദിച്ചു.
ഈ സംരംഭം സംഘടിപ്പിച്ചതിന് ഇന്ത്യൻ സൈന്യത്തെയും ദേവ്ഘർ ജില്ലാ ഭരണകൂടത്തെയും ഉപരാഷ്ട്രപതി അഭിനന്ദിക്കുകയും, പാർലമെൻ്റ് അംഗം ഡോ. നിഷികാന്ത് ദുബെയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. സായുധ സേനാ സമൂഹത്തിൻ്റെ ക്ഷേമത്തിനായി സംഭാവനകൾ നൽകിയ പങ്കാളിത്ത സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഝാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗംഗ്വാർ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാദവ്, പാർലമെൻ്റ് അംഗങ്ങളായ ഡോ. നിഷികാന്ത് ദുബെ, ആദിത്യ സാഹു, 111 ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനൻ്റ് ജനറൽ പവൻ ഛദ്ധ, ബാബ ബൈദ്യനാഥ് മെഡിക്കൽ ട്രസ്റ്റ് ചെയർപേഴ്സൺ കുമാരി അനാമിക ഗൗതം, ഇന്ത്യൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സിവിൽ ഭരണകൂട ഉദ്യോഗസ്ഥർ, വിമുക്ത ഭടന്മാർ, വീര വനിതകൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2321815)
സന്ദര്‍ശക കൗണ്ടര്‍ : 10