ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ലോകബാങ്ക് ഗ്രൂപ്പിൻ്റെ ‘വേൾഡ് ഡെവലപ്‌മെൻ്റ് റിപ്പോർട്ട് 2026: ദി പ്രോമിസ് ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്’ കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 08 OCT 2026 6:04PM by PIB Thiruvananthpuram

കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ലോകബാങ്ക് ഗ്രൂപ്പിൻ്റെ ‘വേൾഡ് ഡെവലപ്‌മെൻ്റ്  റിപ്പോർട്ട് 2026: ദി പ്രോമിസ് ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്’ ഇന്ന് ന്യൂഡൽഹിയിലെ ദി ഒബ്‌റോയിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് നിർമ്മിതബുദ്ധി (AI) നൽകുന്ന അവസരങ്ങളും ഉയർത്തുന്ന വെല്ലുവിളികളും പരിശോധിക്കുന്ന റിപ്പോർട്ട്, നിർമ്മിതബുദ്ധിയുടെ സ്വീകരണം, സാഹചര്യങ്ങൾക്കനുസരിച്ചുള്ള പൊരുത്തപ്പെടുത്തൽ, മുന്നേറ്റം എന്നിവയിലൂടെ വികസനത്തിനായി അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിൻ്റെ ചട്ടക്കൂടും രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

 



 

കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക  മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇന്ത്യാ എഐ മിഷനും ലോകബാങ്ക് ഗ്രൂപ്പും സംയുക്തമായാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. എഐയിൽ നിന്നുള്ള വികസന നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും സുരക്ഷിതമായി നിലനിർത്താനും ഇന്ത്യയ്ക്ക് എങ്ങനെ സാധിക്കുമെന്ന് ചർച്ച ചെയ്യുന്നതിനായി മുതിർന്ന നയരൂപകർത്താക്കൾ, ആഗോള വികസന വിദഗ്ധർ, സാങ്കേതിക രംഗത്തെ പ്രമുഖർ, പ്രായോഗിക വിദഗ്ധർ എന്നിവർ ഒത്തുചേർന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്റ്റേറ്റ് എഐ ഷോകേസിൽ’ വിവിധ സംസ്ഥാനങ്ങളും രാജ്യത്തുടനീളമുള്ള നൂതനാശയ സംരംഭകരും അവരുടെ എഐ അധിഷ്ഠിത പരിഹാരങ്ങൾ അവതരിപ്പിച്ചു.

വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ വിദഗ്ധ സേവനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനും ഉൽപ്പാദനക്ഷമത ഉയർത്താനും സേവന വിതരണം മെച്ചപ്പെടുത്താനും എഐക്ക് കഴിയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വൈദ്യപരിശോധന, കാർഷിക മേഖലയിലെ തീരുമാനമെടുക്കൽ, വിദ്യാഭ്യാസം എന്നിവയിൽ എഐ അധിഷ്ഠിത ഉപകരണങ്ങൾ ഇതിനകം തന്നെ വിന്യസിച്ചുവരുന്നുണ്ട്. ഇതിലൂടെ പരിമിതമായ വിദഗ്ധ സേവനങ്ങൾ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിലേക്ക് എത്തിക്കാൻ കഴിയുന്നു. തടസ്സമില്ലാത്ത വൈദ്യുതി, കണക്റ്റിവിറ്റി, കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യങ്ങൾ, ഗുണനിലവാരമുള്ള ഡാറ്റ, നൈപുണ്യങ്ങൾ, വിദ്യാഭ്യാസ സംവിധാനങ്ങൾ, കാര്യക്ഷമമായ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള ശക്തമായ അടിത്തറകളിലാണ് ഈ നേട്ടങ്ങൾ അധിഷ്ഠിതമായിരിക്കുന്നതെന്നും റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു.

കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും റിപ്പോർട്ട് ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള പൗരന്മാർക്കും സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർമ്മിതബുദ്ധിയുടെ പ്രയോജനങ്ങൾ ലഭ്യമാക്കുന്നതിനായി സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ സമീപനമെന്ന് കേന്ദ്രമന്ത്രി അടിവരയിട്ടു പറഞ്ഞു.

 

 

"സാധാരണക്കാരുടെ ജീവിതത്തിൽ നിർമ്മിതബുദ്ധി (AI) വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ബാരാമതിയിൽ, കമ്പ്യൂട്ടർ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത കർഷകർക്ക് ഫോണിലൂടെയുള്ള ശബ്ദ നിർദ്ദേശങ്ങൾ മാത്രം ഉപയോഗിച്ച്, 30 ശതമാനം കുറഞ്ഞ അളവിൽ വെള്ളവും വളവും ഉപയോഗിച്ചുകൊണ്ട് കരിമ്പ് ഉൽപ്പാദനത്തിൽ 40 ശതമാനം വർദ്ധനവ് കൈവരിക്കാനായി. ആരോഗ്യപരിപാലന മേഖലയിൽ ക്ഷയരോഗ (TB) നിർണ്ണയം 35 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഉദാഹരണങ്ങൾക്ക് ഗ്ലോബൽ സൗത്തിലുടനീളവും ലോകമെമ്പാടുമുള്ളതുമായ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയും, " ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.

ബാരാമതിയിലെ ഈ സംരംഭം ഉപഗ്രഹം, ഐഒടി (IoT), കാലാവസ്ഥാ വിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് തൊഴിലാളികൾക്കുള്ള കൂലിയിനത്തിലെ ചെലവ് കുറച്ചതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഗുജറാത്തിൽ 5 ലക്ഷം കർഷകർ അഗ്രിസ്റ്റാക്ക് ഉപയോഗിക്കുന്നുണ്ട്; 'സരളാബെൻ' വഴിയുള്ള മൃഗാരോഗ്യ സംരക്ഷണത്തിനായുള്ള എഐ സംവിധാനം 3 കോടി കന്നുകാലികൾക്കും അവയുടെ ഉടമകളായ കർഷകർക്കും പ്രയോജനം ചെയ്യുന്നുണ്ട്.

ആരോഗ്യപരിപാലനം , കൃഷി, വിദ്യാഭ്യാസം, ഭരണനിർവ്വഹണം, സാമ്പത്തിക സേവനങ്ങൾ തുടങ്ങി പൊതുതാൽപ്പര്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും പ്രാധാന്യമുള്ള വിവിധ മേഖലകളിൽ എഐ വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള ഒരു സുപ്രധാന ആവാസവ്യവസ്ഥയായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യാ എഐ മിഷനിലൂടെ ഏഴ് സ്തംഭങ്ങളെ  അടിസ്ഥാനമാക്കി ഇന്ത്യ ഗവണ്മെന്റ് ഒരു സമഗ്ര എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്. ഇന്ത്യാ എഐ കമ്പ്യൂട്ട് കപ്പാസിറ്റി, തദ്ദേശീയ ഫൗണ്ടേഷൻ മോഡലുകൾക്കായുള്ള ഇന്ത്യാ എഐ ഇന്നൊവേഷൻ സെൻ്റർ, ഇന്ത്യാ എഐ ഡാറ്റാസെറ്റ്സ് പ്ലാറ്റ്‌ഫോം (എഐകോശ്), ഇന്ത്യാ എഐ ആപ്ലിക്കേഷൻ വികസന സംരംഭം, ഇന്ത്യാ എഐ ഫ്യൂച്ചർസ്കിൽസ്, ഇന്ത്യാ എഐ സ്റ്റാർട്ടപ്പ് ധനസഹായം, സുരക്ഷിതവും വിശ്വസനീയവുമായ എഐ എന്നിവയാണവ.

എഐ വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉത്തരവാദിത്തപൂർണ്ണവും ഇന്ത്യയുടെ വ്യാപ്തിക്കും വൈവിധ്യത്തിനും ബഹുഭാഷാ പശ്ചാത്തലത്തിനും അനുയോജ്യവുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് തന്നെ, എഐ മൂല്യശൃംഖലയിലുടനീളം ഇന്ത്യയുടെ ശേഷികൾ ശക്തിപ്പെടുത്താനാണ് മിഷൻ ലക്ഷ്യമിടുന്നത്. കമ്പ്യൂട്ടിംഗ് ശേഷി, ഡാറ്റ, മോഡലുകൾ എന്നിവയിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുക, ഇന്ത്യയുടെ സവിശേഷമായ വെല്ലുവിളികൾ പരിഹരിക്കുക, സാമ്പത്തിക-തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയിലാണ് ഗവണ്മെന്റിന്റെ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'സുരക്ഷിതവും വിശ്വസനീയവുമായ എഐ' എന്ന സ്തംഭത്തിന് കീഴിൽ, ഉത്തരവാദിത്തപൂർണ്ണമായ എഐക്കായുള്ള തദ്ദേശീയ ഉപകരണങ്ങളും ചട്ടക്കൂടുകളും വികസിപ്പിക്കാൻ ഗവണ്മെന്റ് പിന്തുണ നൽകുന്നു. എഐയിലെ പക്ഷപാതം ലഘൂകരിക്കൽ, അൽഗോരിതം ഓഡിറ്റിംഗ്, വിശദീകരിക്കാവുന്ന എഐ , സ്വകാര്യത സംരക്ഷിക്കുന്ന എഐ, ഡീപ്‌ഫേക്ക് കണ്ടെത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ എഐ ഭരണനിർവ്വഹണത്തിനും സുരക്ഷയ്ക്കുമായി സ്ഥാപനപരമായ സംവിധാനങ്ങളും ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

വിജയകരമായ എഐ പൈലറ്റ് പദ്ധതികളെ എങ്ങനെ തിരിച്ചറിയാമെന്നും വിലയിരുത്താമെന്നും അളക്കാവുന്ന വികസന ഫലങ്ങൾ നൽകുന്ന തരത്തിൽ അവ എങ്ങനെ വിപുലീകരിക്കാമെന്നും, എഐ മൂലമുണ്ടാകുന്ന അപകടസാധ്യതകളെ എങ്ങനെ നേരിടാമെന്നും നയരൂപകർത്താക്കൾക്കും പ്രായോഗിക വിദഗ്ധർക്കും പരിശോധിക്കാനുള്ള ഒരു വേദിയായി ഈ  'ഇന്ത്യ-എഐ' ലോഞ്ച് പരിപാടി മാറി.

ഇന്ത്യാ എഐ മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) ജോയിൻ്റ്  സെക്രട്ടറിയുമായ ശ്രീ സുദീപ് ശ്രീവാസ്തവ, ലോകബാങ്ക് ഗ്രൂപ്പ് ഡെവലപ്‌മെൻ്റ്  ഇക്കണോമിക്‌സ് സ്ട്രാറ്റജി ഡയറക്ടർ ഡോ. സോമിക് ലാൽ എന്നിവരുടെ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

" നിർമ്മിതബുദ്ധി (AI) സൃഷ്ടിക്കുക എന്നതിനെക്കാൾ അത് പ്രായോഗികമായി വിന്യസിക്കുന്നതിനാണ്" പ്രാധാന്യം നൽകേണ്ടത് എന്നതാണ് വേൾഡ് ഡെവലപ്‌മെൻ്റ്  റിപ്പോർട്ടിൻ്റെ പ്രധാന സന്ദേശങ്ങളിലൊന്ന്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിനായി സ്ഥാപനങ്ങളെയും വിപണികളെയും എഐ സാങ്കേതികവിദ്യയെയും ഒന്നിപ്പിക്കാനുള്ള സവിശേഷമായ അവസരം ഇന്ത്യയ്ക്കുണ്ട്," ഡോ. സോമിക് ലാൽ പറഞ്ഞു.

"എഐ പൈലറ്റ് പദ്ധതികളിൽ നിന്ന് വിപുലീകരണത്തിലേക്ക്: ഇന്ത്യയിലെ എഐയുടെ വാഗ്ദാനം"  എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ലോകബാങ്ക് ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റും സീനിയർ വൈസ് പ്രസിഡൻ്റുമായ ഡോ. മൈക്കൽ ക്രെമർ, എഐ രംഗത്തെ ഇന്ത്യയുടെ പുരോഗതി വിശാലമായ വികസ്വര ലോകത്തിന് പാഠങ്ങൾ നൽകുന്നതാണെന്ന് എടുത്തുപറഞ്ഞു. "എഐ രംഗത്ത് ഇന്ത്യ കൈവരിച്ച പുരോഗതി


സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല,  ആഗോളതലത്തിലുള്ള വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സഹായിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

കർഷകർക്കായുള്ള കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളും ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സാങ്കേതികവിദ്യ  (EdTech) അധിഷ്ഠിത പരിഹാരങ്ങളും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "എഐ അധിഷ്ഠിത പരിഹാരങ്ങൾ വിപുലമായ തലത്തിൽ പ്രയോഗിക്കുന്നതിന്, നമുക്ക് സമഗ്രമായ ഒരു സമീപനം ആവശ്യമാണ് . സോഫ്റ്റ്‌വെയറിൻ്റെ ഘടകങ്ങൾ മാത്രമല്ല, അതോടൊപ്പം വരുന്ന മനുഷ്യവിഭവശേഷിയും സ്ഥാപനതല ഘടകങ്ങളും ഇതിൽ ഉൾപ്പെടേണ്ടതുണ്ട്.”

ഇന്ത്യയുടെ എഐ അധിഷ്ഠിത കാലവർഷ പ്രവചനത്തെ ലോകത്തിന് മാതൃകയായുള്ള ഉദാഹരണമായി ഡോ. ക്രെമർ ചൂണ്ടിക്കാട്ടി. കേന്ദ്ര കാലാവസ്ഥാ ഏജൻസികളിലൂടെയും കൃഷി മന്ത്രാലയത്തിലൂടെയും ഇന്ത്യ ഗവണ്മെന്റ് , ഓപ്പൺ-ആക്സസ് മോഡലുകൾ ഉൾപ്പെടെ ഒന്നിലധികം എഐ മോഡലുകൾ പരീക്ഷിക്കുകയും സംയോജിപ്പിക്കുകയും ചെയ്തു. കൂടാതെ ടെക്സ്റ്റ്, വോയ്‌സ്, എഐ അധിഷ്ഠിത നിർദ്ദേശങ്ങൾ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് കർഷകരിലേക്ക് ഈ പ്രവചനങ്ങൾ എത്തിച്ചു. അസാധാരണമായ 2025-ലെ കാലവർഷം ഈ മോഡൽ പ്രവചിക്കുകയുണ്ടായി. ഇപ്പോൾ എത്യോപ്യയും ഇന്ത്യയുടെ ഈ മാതൃക പിന്തുടരുകയാണ്. വാണിജ്യപരമായ പ്രോത്സാഹനങ്ങൾ ദുർബലമായിരിക്കുമ്പോഴും സാമൂഹിക സാധ്യതകൾ വളരെ ഉയർന്നതായിരിക്കുമ്പോൾ ഗവണ്മെന്റിന് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഈ ഉദാഹരണം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

തുടർന്ന് വേൾഡ് ഡെവലപ്‌മെൻ്റ്  റിപ്പോർട്ട് 2026 ഡയറക്ടർ ഡോ. ഗൗരവ് നയ്യാർ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ അവതരിപ്പിച്ചു.

"ഈ പുതിയ സാങ്കേതികവിദ്യയുടെ സഹായിയായും ഉപഭോക്താവായും നിയന്ത്രണം ഏർപ്പെടുത്തുന്ന ഏജൻസിയായും ഗവണ്മെന്റ് പ്രവർത്തിക്കുമ്പോൾ, ഉപകരണങ്ങളെ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തുകൊണ്ട് വികസനത്തിനായുള്ള എഐ എന്ന പാതയിലേക്ക് ഇന്ത്യ ഇതിനകം തന്നെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ടുകൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ എഐയിലൂടെ സാധ്യമാക്കാൻ കഴിയും,” ഡോ. നയ്യാർ പറഞ്ഞു.

വികസ്വര രാജ്യങ്ങൾക്കായുള്ള റിപ്പോർട്ടിൻ്റെ പ്രധാന സന്ദേശങ്ങൾ ഈ അവതരണം വ്യക്തമാക്കി: ശുഭാപ്തിവിശ്വാസം പുലർത്തുക, തന്ത്രപരമായ സമീപനം സ്വീകരിക്കുക, പ്രായോഗികമായി മുന്നേറുക എന്നിവയാണവ. രാജ്യങ്ങൾ എഐ സ്വീകരിക്കുകയും, സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ച്  മാറ്റിയെടുക്കുകയും, തുടർന്ന് അതിൻ്റെ വികസനം മുന്നോട്ടുകൊണ്ടുപോകുകയും വേണം;
നൂതന സംവിധാനങ്ങൾ ആദ്യം മുതൽ വികസിപ്പിക്കുന്നതിന് ശതകോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിന് പകരം പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് എഐ ഉപകരണങ്ങളെ മാറ്റിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കൂടാതെ എഐയുടെ സഹായികൾ, ഉപഭോക്താക്കൾ, നിയന്ത്രകർ എന്നീ നിലകളിൽ ചെലവിൻ്റെ കാര്യത്തിൽ ജാഗ്രതയോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളണം. വികസ്വര രാജ്യങ്ങളിൽ തൊഴിൽമേഖലയിലെ മാറ്റത്തിൻ്റെ അപകടസാധ്യത  അത്ര ആസന്നമല്ലെന്നും, എഐയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം കൊയ്യാൻ കഴിയുന്ന രാജ്യങ്ങളായിരിക്കാം അതിനായി ഏറ്റവും കുറച്ച് തയ്യാറെടുത്തിട്ടുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ 25 താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഒന്ന് മാത്രമാണ് ദേശീയ എഐ നയം പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

 



 

ലോകബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ നീലകണ്ഠ് മിശ്ര, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ എന്നിവർ പ്രത്യേക പ്രഭാഷണം നടത്തി

"വേൾഡ് ഡെവലപ്‌മെൻ്റ്  റിപ്പോർട്ട് ഇന്ത്യയുടെ എഐ റോഡ്മാപ്പുമായും — കമ്പ്യൂട്ട്, ഡാറ്റ, മോഡലുകൾ എന്നിവയുമായും — കൃത്യമായി യോജിച്ചുനിൽക്കുന്നതാണ്. ഒപ്പം നിയന്ത്രണത്തിൻ്റെ കാര്യത്തിൽ യുക്തിസഹമായ സമീപനവും ഇത് മുന്നോട്ടുവെയ്ക്കുന്നു. നിലവിലുള്ള നിയമങ്ങളെയും സ്വമേധയാ ഉള്ള നിയമപാലനത്തെയും ആശ്രയിക്കുക, സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുക," ശ്രീ എസ്. കൃഷ്ണൻ പറഞ്ഞു.

മനുഷ്യശേഷിക്കാണ് ഏറ്റവും പ്രാധാന്യമെന്നും, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി ഒരു 'എഐ ടാലൻ്റ്  മിഷൻ' നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ശ്രീ കൃഷ്ണൻ പറഞ്ഞു. ലോകത്ത് ഏറ്റവും ഉയർന്ന തോതിൽ എഐ നൈപുണ്യ വ്യാപനമുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ഗ്ലോബൽ സൗത്തിനെ പിന്തുണയ്ക്കാൻ കഴിയുമെന്നും, അതേസമയം രാജ്യത്തിനകത്ത് സംരംഭങ്ങൾ എഐ സ്വീകരിക്കുന്നത് കൂടുതൽ വിപുലീകരിക്കണമെന്നും, ഗവണ്മെന്റ് ഇക്കാര്യത്തിൽ ചടുലവും വഴക്കമുള്ളതുമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

തുടർന്ന് "ഇന്ത്യയുടെ വികസനത്തിനായി എഐ എങ്ങനെ പ്രയോജനപ്പെടുത്താം" എന്ന വിഷയത്തിൽ ഉന്നതതല പാനൽ ചർച്ച നടന്നു. ഇന്ത്യയിൽ എഐ നടപ്പാക്കുന്നതിലെ വെല്ലുവിളികൾ, എഐ പ്രയോജനപ്പെടുത്താമെന്നും പ്രാദേശിക സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി എങ്ങനെ മാറ്റിയെടുക്കാമെന്നും, എഐ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നയങ്ങൾ എന്തെല്ലാമാണെന്നും തുടങ്ങി മൂന്ന് വിഷയങ്ങളാണ് ചർച്ച ചെയ്തത്. എഐയുടെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനും അതിൻ്റെ അപകടസാധ്യതകൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും അനുയോജ്യമായ നയങ്ങൾ ആവശ്യമാണെന്ന് ചർച്ച ഊന്നിപ്പറഞ്ഞു.

ലോകബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ നീലകണ്ഠ് മിശ്ര, ലോകബാങ്ക് ഗ്രൂപ്പ് ഡെവലപ്‌മെൻ്റ് ഇക്കണോമിക്‌സ് സ്ട്രാറ്റജി ഡയറക്ടർ ഡോ. സോമിക് ലാൽ, സർവം എഐ സഹസ്ഥാപകൻ ഡോ. വിവേക് രാഘവൻ, വാധ്വനി എഐ ചീഫ് പ്രോഗ്രാം ഓഫീസർ ഡോ. നീരജ് അഗർവാൾ, ഭാരത്ജെൻ  വൈസ് പ്രസിഡൻ്റ്  ശ്രീ മനീഷ് സിംഗ്, ഏക്‌സ്റ്റെപ്പ് ഫൗണ്ടേഷൻ സഹസ്ഥാപകനും സി.ഇ.ഒയുമായ ശ്രീ ശങ്കർ മാരുവഡ എന്നിവരടങ്ങുന്നതായിരുന്നു പാനൽ. സി.എൻ.ബി.സി-ടിവി18 മാനേജിംഗ് എഡിറ്റർ ഷെറീൻ ഭാൻ സെഷൻ്റെ  മോഡറേറ്ററായി പ്രവർത്തിച്ചു. ഒറ്റപ്പെട്ട പൈലറ്റ് പദ്ധതികൾക്കപ്പുറത്തേക്ക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിപുലീകരണത്തിലേക്ക് കടക്കേണ്ടതിൻ്റെയും, പ്രാദേശിക ശേഷികൾ ശക്തിപ്പെടുത്തേണ്ടതിൻ്റെയും, ഡാറ്റയിലേക്കും കമ്പ്യൂട്ടിംഗ്‌ ശേഷിയിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്തേണ്ടതിൻ്റെയും, ഉചിതമായ സ്ഥാപനതലചട്ടക്കൂടുകൾ ഏർപ്പെടുത്തേണ്ടതിൻ്റെയും, എഐ പരിഹാരങ്ങൾ ഇന്ത്യയുടെ വൈവിധ്യമാർന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമായി നിലനിർത്തേണ്ടതിൻ്റെയും ആവശ്യകത പാനൽ അംഗങ്ങൾ അടിവരയിട്ടു പറഞ്ഞു.

പാനൽ ചർച്ചയെത്തുടർന്ന് "ഇന്ത്യയിലുടനീളമുള്ള എഐ ഇന്നൊവേഷനുകൾ" എന്ന വിഷയത്തിൽ 'സ്റ്റേറ്റ് എഐ ഷോകേസ്' നടന്നു. പ്രാദേശികവും വികസനപരവുമായ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി വിവിധ മേഖലകളിലുടനീളം സംസ്ഥാനങ്ങൾ എങ്ങനെയാണ് വിപുലീകരിക്കാൻ കഴിയുന്ന എഐ ആപ്ലിക്കേഷനുകൾ വിന്യസിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അഖിലേന്ത്യാ വീക്ഷണമാണ് ഇത് മുന്നോട്ടുവെച്ചത്. ഓരോ അവതാരകനും ഒരു പ്രധാന എഐ അധിഷ്ഠിത പരിഹാരം, അതിൻ്റെ നടപ്പാക്കൽ ഘട്ടങ്ങൾ, അളക്കാവുന്ന സ്വാധീനം എന്നിവ എടുത്തുപറഞ്ഞു. അവതരിപ്പിക്കപ്പെട്ട പദ്ധതികൾ താഴെപ്പറയുന്നവയാണ്:

• ആന്ധ്രാപ്രദേശ് വനിതാ വികസന ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീ എം. വേണുഗോപാൽ റെഡ്ഡി അവതരിപ്പിച്ച, കുട്ടികളിലെ വളർച്ചാപരമായ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുന്നതിനായി 6 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള എഐ അധിഷ്ഠിത പ്രാരംഭ പരിശോധനാ സംരംഭമായ നവചേതന;

•   മഹാരാഷ്ട്രയിലെ PoCRA പ്രോജക്റ്റിലെ ഫഹീം ഷെയ്ഖ് അവതരിപ്പിച്ച മഹാവിസ്താർ എഐ: വ്യക്തിഗത ഉപദേശങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ, കർഷക പങ്കാളിത്തം എന്നിവയ്ക്കായുള്ള ഒരു സംയോജിത പ്ലാറ്റ്‌ഫോം;

• സമഗ്ര ശിക്ഷാ അഭിയാൻ സംസ്ഥാന പ്രോജക്ട് ഡയറക്ടറും മേഘാലയ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ ഡയറക്ടറുമായ ശ്രീമതി റിച്ച കുൽക്കർണി അവതരിപ്പിച്ച, വിദ്യാഭ്യാസ മേഖലയിലെ ഭരണനിർവ്വഹണത്തിനായുള്ള  ജിയോഎഐ അധിഷ്ഠിത ഇൻ്റലിജൻസ് പരിഹാരമായ എഡ്‌സ്‌കെഗ്രിഡ് (EdskGrid);

• NCG ക്യാച്ച് ഗ്രാൻ്റ്  ജേതാവും വ്യൂഹ മെഡ് ഡാറ്റയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ശ്രീ ധൃതിമാൻ മല്ലിക് അവതരിപ്പിച്ച, ചികിത്സാകേന്ദ്രത്തിൽ തന്നെ നടത്താവുന്ന സെർവിക്കൽ കാൻസർ പരിശോധനാ പരിഹാരമായ വ്യൂഹ-സെർവിഎഐ (Vyuhaa-Cerviai);

വ്യത്യസ്ത സമീപനങ്ങൾ, ഉയർന്നുവരുന്ന മാതൃകകൾ, വിവിധ ഭൂപ്രദേശങ്ങളിൽ പ്രയോജനപ്പെടുത്താൻ സാധ്യതയുള്ള പരിഹാരങ്ങൾ എന്നിവയെ ഈ പ്രദർശനം ഉയർത്തിക്കാട്ടി.

എഐയിലുള്ള ജനങ്ങളുടെ വിശ്വാസം വളർത്തിയെടുക്കേണ്ടതിൻ്റെയും, സാങ്കേതികവിദ്യ സുരക്ഷിതവും ഉത്തരവാദിത്തപൂർണ്ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രീതിയിലാണ് വികസിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതിൻ്റെയും പ്രാധാന്യത്തെ ഈ ചർച്ചകൾ അടിവരയിട്ടു വ്യക്തമാക്കി. 'വേൾഡ് ഡെവലപ്‌മെൻ്റ്  റിപ്പോർട്ട് 2026: ദി പ്രോമിസ് ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്'  ഇന്ത്യയിൽ പ്രകാശനം ചെയ്തത്, എഐയെ
വികസനത്തിനായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആഗോള സംവാദത്തിന് പ്രധാനപ്പെട്ടൊരു ശബ്ദം കൂടി നൽകി. അതോടൊപ്പം എഐയിലെ മുന്നേറ്റങ്ങളെ വ്യാപകവും സുസ്ഥിരവുമായ വികസന ഫലങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ അടിസ്ഥാന ശേഷികളും സ്ഥാപനങ്ങളും നയപരമായ  ചട്ടക്കൂടുകളും രാജ്യങ്ങൾ കെട്ടിപ്പടുക്കേണ്ടതിൻ്റെ  ആവശ്യകതയെയും ഇത് ഊട്ടിയുറപ്പിച്ചു.

ഇന്ത്യാ എഐ മിഷൻ ഡയറക്ടർ ശ്രീ മുഹമ്മദ് വൈ. സഫിറുള്ള കെ., ഐ.എ.എസ് നടത്തിയ സമാപന പ്രസംഗത്തോടെ പരിപാടി സമാപിച്ചു.

****


( റിലീസ് ഐ.ഡി: 2321100) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Odia , Kannada