വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഐ.ഐ.സി.ടി( IICT)യൂട്യൂബ് സഹകരണത്തോടെയുള്ള 'ക്രിയേറ്റ് വിത്ത് എഐ' പരിപാടിയുടെ ഭാഗമായി നിര്‍മ്മിതബുദ്ധിയുടെ (AI) സഹായത്തോടെ നിര്‍മ്മിച്ച നാല് ഹ്രസ്വചിത്രങ്ങള്‍ പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 07 OCT 2026 7:03PM by PIB Thiruvananthpuram

നിര്‍മ്മിതബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള സര്‍ഗ്ഗാത്മക പദ്ധതികളെ പിന്തുണയ്ക്കുന്നതിനും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനുമായി 2025 നവംബറില്‍ പ്രഖ്യാപിച്ച 'ക്രിയേറ്റ് വിത്ത് എഐ' പരിപാടിയിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസും (IICT) യൂട്യൂബും ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. എഐ അധിഷ്ഠിത ചലച്ചിത്രനിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ മുന്‍നിരയിലെത്തിക്കാന്‍ പ്രാപ്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവെപ്പായി, ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യത്തെ നാല് എഐ അധിഷ്ഠിത ഹ്രസ്വചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്.

മുംബൈയിലെ ഐ.ഐ.സി.ടി തിയേറ്ററില്‍ ഇന്ന് പുറത്തിറക്കിയ ഈ നാല് ചിത്രങ്ങളും, ചലച്ചിത്ര പ്രവര്‍ത്തകര്‍ അവരുടെ യൂട്യൂബ് ചാനലുകളിലൂടെ ഒരേസമയം റിലീസ് ചെയ്യുകയും ചെയ്തു. എഐ അധിഷ്ഠിത ചലച്ചിത്രനിര്‍മ്മാണത്തിന്റെ സര്‍ഗ്ഗാത്മക സാധ്യതകള്‍ പ്രകടമാക്കുന്ന ഈ ചിത്രങ്ങള്‍, ചരിത്രം, പുരാണം, മാനുഷിക വികാരങ്ങള്‍, ബഹിരാകാശ പര്യവേക്ഷണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളും ആഖ്യാന ശൈലികളും അവതരിപ്പിക്കുന്നു.


അവിയും സ്റ്റുഡിയോസ് ഒരുക്കിയ 'ചേകവര്‍' 1741ലെ ചരിത്രപ്രസിദ്ധമായ കുളച്ചല്‍ യുദ്ധത്തിന്റെ  പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു സാങ്കല്‍പ്പിക ചലച്ചിത്രാഖ്യാനമാണ്. ആ കാലഘട്ടത്തിലെ നാട്, ജനങ്ങള്‍, ധൈര്യം, ആയോധന പാരമ്പര്യങ്ങള്‍ എന്നിവയില്‍ നിന്നാണ് ഈ ചിത്രം പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്.

ഇലവന്‍ത് ഡോര്‍ സ്റ്റുഡിയോ നിര്‍മ്മിച്ച 'ചാണക്യ  ദി മൈന്‍ഡ് ഓഫ് ആന്‍ എംപയര്‍' തത്ത്വചിന്തകനും തന്ത്രജ്ഞനും മൗര്യ സാമ്രാജ്യത്തിന്റെ ശില്പിയുമായ ചാണക്യന്റെ ഇതുവരെ ആരും പറയാത്ത ജീവിതയാത്ര അനാവരണം ചെയ്യുന്ന ഒരു ചരിത്ര ഇതിഹാസമാണ്.

കാല്‍പ്പനിക് ഫിലിംസ് ഒരുക്കിയ 'ദേവി: ദി നയണ്‍ അസ്ത്രാസ്' ശക്തിയുടെ ദൈവിക ഭാവത്തെയും പ്രപഞ്ച സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി അവര്‍ നടത്തുന്ന ഐതിഹാസിക പോരാട്ടത്തെയും ചിത്രീകരിക്കുന്നു.

കാര്‍ത്തിക് കള്‍ട്ട് ക്രിയേഷന്‍സിന്റെ 'ലെയ്ക', ബഹിരാകാശത്തേക്ക് അയച്ച ഒരു നായയുടെ വൈകാരികമായ യാത്രയെ ദൃശ്യവല്‍ക്കരിക്കുന്നു. ബഹിരാകാശ പര്യവേക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ധൈര്യം, ത്യാഗം, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം എന്നീ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

കഥപറച്ചില്‍ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്ത് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉറച്ചുനില്‍ക്കുകയും അതേസമയം സര്‍ഗ്ഗാത്മക സാധ്യതകള്‍ വിപുലീകരിക്കുകയും ചെയ്യുമ്പോഴാണ് നിര്‍മ്മിതബുദ്ധി (AI) ഏറ്റവും കരുത്തുറ്റതായി മാറുന്നതെന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു. ഗൂഗിളിന്റെയും യൂട്യൂബിന്റെയും എഐ സാങ്കേതികവിദ്യകള്‍, ഐ.ഐ.സി.ടിയുടെ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, ഒപ്പം ചലച്ചിത്രകാരന്മാരുടെ ഭാവനയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പ്രായോഗിക പരീക്ഷണമായാണ് 'ക്രിയേറ്റ് വിത്ത് എഐ' പരിപാടി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

എഐ അധിഷ്ഠിത ചലച്ചിത്രനിര്‍മ്മാണത്തിന്റെ അടുത്ത അധ്യായത്തിന് നേതൃത്വം നല്‍കാനുള്ള അവസരം  ഇന്ത്യയ്ക്കുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഐ.ഐ.സി.ടി സി.ഇ.ഒ ഡോ. വിശ്വാസ് ഡിയോസ്‌കര്‍ പറഞ്ഞു. 'ക്രിയേറ്റ് വിത്ത് എഐ' പരിപാടി സ്ഥാപനതലത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നൂതന എഐ ഉപകരണങ്ങളിലേക്കുള്ള പ്രവേശനവും ഒരുമിച്ച് നല്‍കുന്നു. ഇന്ത്യന്‍ സര്‍ഗ്ഗാത്മക സ്റ്റുഡിയോകള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താനും, ശേഷികള്‍ വര്‍ദ്ധിപ്പിക്കാനും, പുതിയ ചലച്ചിത്രനിര്‍മ്മാണ രീതികള്‍ വികസിപ്പിക്കാനുമുള്ള അവസരം ഇത്  നല്‍കുന്നു. എഐ അധിഷ്ഠിത കഥപറച്ചിലില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ പ്രാപ്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സ്രഷ്ടാക്കള്‍ക്കായി ജനറേറ്റീവ് എഐ ഒരുക്കുന്ന സാധ്യതകള്‍ എടുത്തുപറഞ്ഞുകൊണ്ട് യൂട്യൂബ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശ്രീമതി ഗുഞ്ചന്‍ സോണി സംസാരിച്ചു. ഇന്ത്യ എക്കാലത്തും അസാധാരണമായ കഥപറച്ചില്‍ പാരമ്പര്യമുള്ള നാടാണെന്നും എന്നാല്‍ ഇപ്പോള്‍ സ്വതന്ത്ര സ്രഷ്ടാക്കള്‍ സ്വന്തം നിലയില്‍ തന്നെ വലിയ നിര്‍മ്മാണ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നത് നമ്മള്‍ കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 'ഭയമില്ലാത്ത ഇന്ത്യന്‍ കഥപറച്ചില്‍ അത്യാധുനിക സാങ്കേതികവിദ്യയുമായി കൈകോര്‍ക്കുമ്പോള്‍ സ്വതന്ത്ര തലത്തില്‍ ലോകോത്തര സിനിമകള്‍ സൃഷ്ടിക്കാനാകുമെന്ന് ഐ.ഐ.സി.ടിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം തെളിയിക്കുന്നു,' അവര്‍ വ്യക്തമാക്കി.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ (വെസ്റ്റ് സോണ്‍) ശ്രീമതി സ്മിത വത്സ് ശര്‍മ്മ, ജോയിന്റ്  സെക്രട്ടറി ശ്രീ. സെന്തില്‍ രാജന്‍, NFDC  മാനേജിംഗ് ഡയറക്ടര്‍ ശ്രീ. പ്രകാശ് മഗ്ദും, CBFC സി.ഇ.ഒ ശ്രീ. രാജേന്ദ്ര സിംഗ് എന്നിവരുള്‍പ്പെടെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച എഐ സിനിമകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് സ്‌കാന്‍ ചെയ്യുക.

ജനറേറ്റീവ് AI നിര്‍മ്മാണ പ്രക്രിയയിലെ തടസ്സങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നു; അതുവഴി രചന, കഥാപശ്ചാത്തലം ഒരുക്കല്‍, കലാവൈദഗ്ധ്യം മെച്ചപ്പെടുത്തല്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സ്രഷ്ടാക്കള്‍ക്ക് വിലപ്പെട്ട സമയം തിരികെ നല്‍കുന്നു. പബ്ലിക് ഫസ്റ്റ്, ഗൂഗിള്‍ എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ പുതിയ 'ജെന്‍ മീഡിയ ഇന്ത്യ' റിപ്പോര്‍ട്ട് പ്രകാരം, ജനറേറ്റീവ് മീഡിയ ടൂളുകള്‍ ഇന്ത്യയിലെ സര്‍ഗ്ഗാത്മക തൊഴിലാളികള്‍ക്ക് 20 ശതമാനം ഉല്‍പ്പാദനക്ഷമത വര്‍ദ്ധനവ് നല്‍കുന്നു. ഇത് ഓരോ വര്‍ഷവും ഏകദേശം 390 മണിക്കൂര്‍ ലാഭിക്കുന്നതിന് തുല്യമാണ്; രചനയിലും കഥാപശ്ചാത്തലം ഒരുക്കുന്നതിലും തങ്ങളുടെ കലാവൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഫലത്തില്‍ സ്രഷ്ടാക്കള്‍ക്ക് പത്ത് ആഴ്ചകള്‍ക്ക് തുല്യമായ സമയം തിരികെ നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നു.


ഐ.ഐ.സി.ടി (IICT)യെക്കുറിച്ച് :

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, മഹാരാഷ്ട്ര സര്‍ക്കാര്‍, FICCI, CII എന്നിവയുടെ സഹകരണത്തോടെ സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (IICT), അനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി (AVGC-XR) എന്നിവയ്ക്കായുള്ള ഇന്ത്യയുടെ ദേശീയ മികവിന്റെ കേന്ദ്രമാണ്. ഇതിന്റെ ആദ്യ കാമ്പസ് 2025 ജൂലൈയില്‍ NFDC കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതേസമയം ഗോരെഗാവിലെ ഫിലിം സിറ്റിയില്‍ 10 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥിരം കാമ്പസ് വികസിപ്പിച്ചുവരികയാണ്. നിലവില്‍ 18 കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന ഐ.ഐ.സി.ടിക്ക്, ആഗോളതലത്തിലെ പ്രമുഖ സാങ്കേതിക മാധ്യമ കമ്പനികളുമായി പങ്കാളിത്തവുമുണ്ട്.

****


( റിലീസ് ഐ.ഡി: 2320484) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Tamil , Telugu