ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ലണ്ടനില്‍ നടന്ന ഇന്ത്യ–യുകെ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ഡയലോഗ് 2026ന് പിന്നാലെ സംയുക്ത പ്രസ്താവന അംഗീകരിച്ചു

പോസ്റ്റഡ് ഓണ്‍: 07 OCT 2026 5:21PM by PIB Thiruvananthpuram

നാലാമത് യുകെ-ഇന്ത്യ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ഡയലോഗ് (FMD) 2026 സെപ്റ്റംബര്‍ 29ന് ലണ്ടനില്‍ നടന്നു. ഭാരത സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ മന്ത്രാലയത്തിലെയും യുകെയിലെ എച്ച്എം ട്രഷറിയിലെയും (HM Treasury) ഉന്നത ഉദ്യോഗസ്ഥരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI), ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റി (IFSCA), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) എന്നിവയ്‌ക്കൊപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് (BoE), ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി (FCA) തുടങ്ങിയ ഇന്ത്യയിലെയും യുകെയിലെയും ധനകാര്യ സേവന നിയന്ത്രണ അതോറിറ്റികളും പങ്കെടുത്തു.


2024 ഡിസംബറിലെ മുന്‍ യോഗത്തിന് ശേഷം കൈവരിച്ച പുരോഗതി വിലയിരുത്തിക്കൊണ്ടാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരുരാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക-ധനകാര്യ പരിഷ്‌കരണ നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുകയും, സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച, ശക്തവും സുതാര്യവുമായ ധനകാര്യ വിപണികള്‍, ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാരനിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നീ പൊതുലക്ഷ്യങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു. മൂലധന വിപണി, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, അസറ്റ് മാനേജ്‌മെന്റ്, ഫിന്‍ടെക് തുടങ്ങിയ സുപ്രധാന മേഖലകള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. ഇരുരാജ്യങ്ങളിലെയും നിയന്ത്രണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം തുടരുന്നതിനെ ഇന്ത്യയും യുകെയും സ്വാഗതം ചെയ്തു. ഫിന്‍ടെക്, നിര്‍മ്മിത ബുദ്ധി (AI), ഹരിതസുസ്ഥിര ധനകാര്യം, അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളില്‍ പ്രായോഗിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി നയരൂപകര്‍ത്താക്കള്‍, നിയന്ത്രണ ഏജന്‍സികള്‍, വ്യവസായ മേഖലയിലെ പങ്കാളികള്‍ എന്നിവരെ ഒരുമിപ്പിക്കുന്നതില്‍ 'ഇന്ത്യ-യുകെ ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്‍ഷിപ്പി'നുള്ള (IUKFP) സുപ്രധാന പങ്കിനെ അവര്‍ ശ്ലാഘിച്ചു.

മൂലധന വിപണികള്‍

ഇരുരാജ്യങ്ങളിലെയും മൂലധന വിപണി പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറി. വിപണി പ്രവേശനവും പ്രവര്‍ത്തനങ്ങളും ലളിതമാക്കിക്കൊണ്ട് ആഗോള നിക്ഷേപകരുടെ പങ്കാളിത്തത്തില്‍ ഇന്ത്യ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സെബി (SEBI) വിശദീകരിച്ചു; അതേസമയം, പരമാധികാര കോര്‍പ്പറേറ്റ് കടപ്പത്രങ്ങളിലേക്ക് വിദേശ നിക്ഷേപകര്‍ക്ക് സുഗമമായ പ്രവേശനം സാധ്യമാക്കുന്നതിലെ പുരോഗതി ആര്‍ബിഐ (RBI) എടുത്തുപറഞ്ഞു. ഇന്ത്യയിലേക്ക് അന്താരാഷ്ട്ര മൂലധനം ആകര്‍ഷിക്കുന്നതില്‍ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്‌സിറ്റി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിനുള്ള (GIFT IFSC) പങ്കിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. ഒരു അന്താരാഷ്ട്ര ധനകാര്യ കേന്ദ്രമെന്ന നിലയില്‍ GIFT IFSCയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനായി നിയന്ത്രണപരമായ സഹകരണവും വിവരവിനിമയവും തുടരാന്‍ അവര്‍ തീരുമാനിച്ചു.

ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും, ഇന്ത്യന്‍ കമ്പനികള്‍ക്ക് അന്താരാഷ്ട്ര ധനസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിനും സഹായിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു. GIFT-IFSC വഴി ഓഹരികളുടെയും ബോണ്ടുകളുടെയും ക്രോസ്‌ബോര്‍ഡര്‍ ലിസ്റ്റിംഗിലൂടെ മൂലധനം സമാഹരിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രാപ്തരാക്കുന്നതും, ഇന്ത്യന്‍ അന്താരാഷ്ട്ര മൂലധന വിപണികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത സാമ്പത്തിക-ധനകാര്യ ചര്‍ച്ചയ്ക്ക് (Economic and Financial Dialogue) മുന്‍പായി, മൂലധന വിപണി മേഖലയില്‍ കൂടുതല്‍ സഹകരണത്തിനായുള്ള മുന്‍ഗണനാ മേഖലകള്‍ കണ്ടെത്തുന്നതിന് ഇന്ത്യയും യുകെയും ധാരണയിലെത്തി.

ഇന്‍ഷുറന്‍സും പെന്‍ഷനും

സ്വന്തം ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പരിഷ്‌കരണങ്ങളെക്കുറിച്ചും വിപണിയിലെ അവസരങ്ങളെക്കുറിച്ചും പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു. 'സാമ്പത്തിക സേവനങ്ങളുടെ വളര്‍ച്ചയ്ക്കും മത്സരശേഷിക്കുമുള്ള തന്ത്ര'ത്തിന്റെ (Financial Services Growth and Competitiveness Strategy) ഭാഗമായി ഇന്‍ഷുറന്‍സ് നിയന്ത്രണ ചട്ടക്കൂടില്‍ വരുത്തിയ മാറ്റങ്ങളും പെന്‍ഷന്‍, ആന്വിറ്റി വിപണികളിലെ പുരോഗതിയും യുകെ വിശദീകരിച്ചപ്പോള്‍, ഇന്‍ഷുറന്‍സ് പരിധി, നിക്ഷേപം, വിപണി ശേഷി എന്നിവ വിപുലീകരിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഇന്ത്യയും വ്യക്തമാക്കി. വിപണി വികസനം, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി, 2023ല്‍ രൂപീകരിച്ച 'ഇന്‍ഷുറന്‍സ് ആന്‍ഡ് പെന്‍ഷന്‍ വര്‍ക്ക് പ്ലാനി'ന്റെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിച്ചു.

മത്സരക്ഷമവും കരുത്തുറ്റതുമായ സാമ്പത്തിക വിപണികള്‍, വിദഗ്ധ സേവനങ്ങളിലേക്കുള്ള പ്രവേശനം, വൈവിധ്യമാര്‍ന്ന നിക്ഷേപ മൂലധനം, സങ്കീര്‍ണ്ണമായ റിസ്‌കുകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള മതിയായ പുനര്‍-ഇന്‍ഷുറന്‍സ് (reinsurance) ശേഷി എന്നിവയുടെ പ്രാധാന്യം പങ്കെടുത്തവര്‍ എടുത്തുപറഞ്ഞു. ഇന്ത്യയിലെ പുനര്‍-ഇന്‍ഷുറന്‍സ് മേഖലയിലെ നിയന്ത്രണ ചട്ടക്കൂടുകള്‍ പരിഷ്‌കരിക്കപ്പെടുന്നതിനനുസരിച്ച് വര്‍ധിച്ചുവരുന്ന അവസരങ്ങളെക്കുറിച്ചും, ലണ്ടന്‍ ഇന്‍ഷുറന്‍സ് വിപണിയും ഇന്ത്യന്‍ ഇന്‍ഷുറന്‍സ്-പുനര്‍-ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള ശക്തമായ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

പെന്‍ഷന്‍ നിയന്ത്രണം, ഭരണനിര്‍വ്വഹണം, പരിധി (coverage), ദീര്‍ഘകാല സമ്പാദ്യ പരിഷ്‌കരണം എന്നിവയിലെ അനുഭവങ്ങള്‍ ഇരുപക്ഷവും പരസ്പരം കൈമാറി. പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്പാദനക്ഷമമായ ദീര്‍ഘകാല നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും, ആഭ്യന്തര മുന്‍ഗണനകള്‍ക്ക് അനുസൃതമായ മേഖലകളില്‍ അറിവ് പങ്കുവെക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

നിയന്ത്രണപരമായ സഹകരണം: ആസ്തി മാനേജ്‌മെന്റും സുസ്ഥിര ധനകാര്യവും

ആസ്തി മാനേജ്‌മെന്റ് നിയന്ത്രണങ്ങളെയും വിപണികളെയും കുറിച്ചുള്ള വിവരങ്ങള്‍ യുകെയും ഇന്ത്യയും പരസ്പരം കൈമാറി. ബദല്‍ നിക്ഷേപ ഫണ്ട് മാനേജര്‍മാര്‍ക്കായുള്ള നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യുകെ വിശദീകരിച്ചു. സെബി (SEBI), ഐഎഫ്എസ്‌സിഎ (IFSCA) എന്നിവയുടെ നിയന്ത്രണ ചട്ടക്കൂടുകളില്‍ വരുത്തിയ പ്രധാന പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയും പങ്കുവെച്ചു. ആസ്തി മാനേജ്‌മെന്റ് മേഖലയിലെ നിയന്ത്രണപരമായ സഹകരണം തുടരുന്നതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു; പരിഷ്‌കാരങ്ങള്‍, നിക്ഷേപകരുടെ ആവശ്യങ്ങള്‍, വിപണി സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരസ്പര ധാരണ എപ്രകാരം ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ രൂപയുടെ അന്താരാഷ്ട്രവത്ക്കരണം വ്യാപകമാകുന്നതിനെ ഇരുപക്ഷവും സ്വാഗതം ചെയ്യുകയും, രൂപയുടെ വ്യാപാരത്തിനായുള്ള പ്രമുഖ ഓഫ്‌ഷോര്‍ കേന്ദ്രമായി ലണ്ടനെ അംഗീകരിക്കുകയും ചെയ്തു. വിശ്വസനീയവും സുതാര്യവുമായ സുസ്ഥിര ധനകാര്യ ചട്ടക്കൂടുകള്‍ വികസിപ്പിക്കുക, ഉന്നത നിലവാരമുള്ള വിവര വിനിമയം ഉറപ്പാക്കുക, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുക, നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുക എന്നിവയുടെ പ്രാധാന്യവും അവര്‍ ചര്‍ച്ച ചെയ്തു. കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള ശേഷിയുമുള്ള ഒരു സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനായി സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഈ നടപടികള്‍ അത്യന്താപേക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.

അസറ്റ് മാനേജ്‌മെന്റ് മേഖലയില്‍ ഇന്ത്യയുകെ ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്‍ഷിപ്പ് (IUKFP) പദ്ധതിക്ക് കീഴില്‍ കൈവരിച്ച പുരോഗതി പങ്കാളികള്‍ അവലോകനം ചെയ്തു. ഇരുരാജ്യങ്ങളിലെയും അസറ്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് പരസ്പരം വിപണികളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഈ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതില്‍, വ്യവസായ-അധിഷ്ഠിത ഗവേഷണത്തിനും തെളിവുകള്‍ക്കും ഉള്ള പ്രാധാന്യം അവര്‍ എടുത്തുപറഞ്ഞു.

ഫിന്‍ടെക്കും നൂതനാശയങ്ങളും

ഫിന്‍ടെക്, നൂതനാശയങ്ങള്‍ എന്നിവയിലുള്ള തങ്ങളുടെ സമീപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറി. ഡിജിറ്റല്‍ ഐഡന്റിറ്റി, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ (CBDC-IÄ), ഡാറ്റാ കൈമാറ്റ ചട്ടക്കൂടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ (DPI) ഉപയോഗിച്ച് ഫിന്‍ടെക് വ്യാപനവും സാമ്പത്തിക സര്‍വ്വാശ്ലേഷിത്വവും മെച്ചപ്പെടുത്തിയതിലെ അനുഭവങ്ങള്‍ ഇന്ത്യ പങ്കുവെച്ചു.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉചിതമായ നിയന്ത്രണമേല്‍നോട്ടത്തിന് വിധേയമാണെന്ന് ഉറപ്പാക്കിക്കൊണ്ടുതന്നെ, ഉത്തരവാദിത്തപൂര്‍ണ്ണമായ നൂതനാശയങ്ങളെയും ആരോഗ്യകരമായ മത്സരത്തെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിച്ചു. സാമ്പത്തിക സേവനങ്ങളില്‍ നിര്‍മ്മിതബുദ്ധി (AI) ഉപയോഗിക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുകയും, വിവരങ്ങള്‍ പങ്കുവെക്കുന്നതും സമീപനങ്ങള്‍ ഏകോപിപ്പിക്കുന്നതും തുടരാന്‍ പ്രസക്തമായ അന്താരാഷ്ട്ര വേദികളിലൂടെ ധാരണയിലെത്തുകയും ചെയ്തു. റീട്ടെയില്‍ സാമ്പത്തിക സേവനങ്ങള്‍ക്കായുള്ള തങ്ങളുടെ 'ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ്' സംവിധാനം ഇന്ത്യ അവതരിപ്പിക്കുകയും, ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങളും പാഠങ്ങളും തുടര്‍ന്നും പങ്കുവെക്കാന്‍ സമ്മതിക്കുകയും ചെയ്തു. അതേസമയം, മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌കാം കോമ്പൗണ്ടുകള്‍' (scam compounds) വഴി വന്‍തോതിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടത്താന്‍ കുറ്റവാളികള്‍ AI ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും, ഇത് സൈബര്‍ സുരക്ഷ, ഡാറ്റാ സംരക്ഷണം, സാമ്പത്തിക സംവിധാനങ്ങളുടെ സുസ്ഥിരത എന്നിവയ്ക്ക് അധിക ഭീഷണികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇരുപക്ഷവും തിരിച്ചറിഞ്ഞു. സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സാങ്കേതികവിദ്യയും നിയന്ത്രണ നടപടികളും ഉപയോഗിച്ചുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച പങ്കാളികള്‍, ബന്ധപ്പെട്ട അധികൃതര്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള G20 രൂപരേഖയോടുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവര്‍ത്തിച്ചു. നിലവിലുള്ള തടസ്സങ്ങളും ബുദ്ധിമുട്ടുകളും ലഘൂകരിച്ചുകൊണ്ട്, അന്താരാഷ്ട്ര പണമിടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനും സുതാര്യവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാക്കുന്നതിനുമുള്ള പ്രായോഗിക നടപടികള്‍ അവര്‍ ചര്‍ച്ച ചെയ്തു. കൂടാതെ, തങ്ങളുടെ റീട്ടെയില്‍ പേയ്‌മെന്റ് സംവിധാനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവര്‍ പരസ്പരം പങ്കുവെച്ചു; വിവിധ രാജ്യങ്ങളിലെ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് ഫലപ്രദമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍, ഇലക്ട്രോണിക് പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങളുടെ പരസ്പര പ്രവര്‍ത്തനക്ഷമതയും (interoperabiltiy) ബന്ധിപ്പിക്കലും മെച്ചപ്പെടുത്തുന്നതിനായി G20നടത്തുന്ന ശ്രമങ്ങളെ അവര്‍ അംഗീകരിച്ചു.

ഭാവി സഹകരണം

ഈ ചര്‍ച്ചാപരമ്പരയില്‍ നടന്ന ക്രിയാത്മകവും ഗുണകരവുമായ സംഭാഷണങ്ങളെ യുകെയും ഇന്ത്യയും സ്വാഗതം ചെയ്തു. സുസ്ഥിര സാമ്പത്തിക വളര്‍ച്ച, വര്‍ധിച്ച വ്യാപാരനിക്ഷേപങ്ങള്‍, കരുത്തുറ്റതും സുസ്ഥിരവുമായ സാമ്പത്തിക വിപണികള്‍ എന്നീ പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ 'ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ഡയലോഗ്' (FMD) വഹിക്കുന്ന സുപ്രധാന പങ്ക് ഇരുരാജ്യങ്ങളും ഊട്ടിയുറപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സേവന സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്തുന്നതില്‍ 'ഇന്ത്യ-യുകെ ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്‍ഷിപ്പ്' (IUKFP) നല്‍കുന്ന സംഭാവനകളെയും ഇരുപക്ഷവും അംഗീകരിച്ചു. 'വിഷന്‍ 2035' (Vision 2035) ആരംഭിച്ച ശേഷം ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായതായി അവര്‍ വിലയിരുത്തി; ഒപ്പം, 2026 ജൂലൈ 15ന് പ്രാബല്യത്തില്‍ വന്ന 'യുകെ-ഇന്ത്യ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍' (CETA) ഫലപ്രദമായി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു.

വിവിധ പ്രവര്‍ത്തന മേഖലകളിലെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുപക്ഷവും ധാരണയിലെത്തി; ഇതുസംബന്ധിച്ച പുരോഗതി ബന്ധപ്പെട്ട ഉഭയകക്ഷി സംവിധാനങ്ങളിലൂടെയും അടുത്ത യുകെ-ഇന്ത്യ സാമ്പത്തിക ധനകാര്യ ചര്‍ച്ചയിലൂടെയും അവലോകനം ചെയ്യും.

 

*****


( റിലീസ് ഐ.ഡി: 2320458) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati , Tamil , Telugu