പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

പോരായ്മകൾ പരിഹരിക്കുന്നതിലും, പ്രതിബദ്ധതകൾ നിറവേറ്റുന്നതിലും പാരീസ് ഉടമ്പടിയുടെ നിർവ്വഹണം വേഗത്തിലാക്കുന്നതിലും COP31 ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യ

ദ്രുതഗതിയിലുള്ള നിർവ്വഹണം, അർഹരായവരിലേക്ക് സഹായമെത്തിക്കൽ, നിലവിലുള്ള പരിഹാരമാർഗ്ഗങ്ങൾ വിപുലീകരിക്കൽ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കണം അന്റാലിയയിൽ നടക്കുന്ന COP31-ന്റെ വിജയം വിലയിരുത്തേണ്ടത്: ശ്രീ ഭൂപേന്ദർ യാദവ്

പോസ്റ്റഡ് ഓണ്‍: 07 OCT 2026 8:17AM by PIB Thiruvananthpuram
കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിലും, രാജ്യങ്ങൾ ഇതിനോടകം നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിലും, പാരീസ് ഉടമ്പടിയുടെ നിർവ്വഹണം വേഗത്തിലാക്കുന്നതിലും COP31 ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിജിയിൽ നടന്ന UNFCCC പ്രീ-COP31 യോഗത്തിൽ സംസാരിക്കവെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ഓസ്‌ട്രേലിയ, ഫിജി, ടുവാലു എന്നീ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കുന്ന യോഗത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുകയായിരുന്നു ശ്രീ ഭൂപേന്ദർ യാദവ്.

തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ ധൈര്യപൂർവം നേരിടുകയും ലോകത്തിന് പ്രചോദനമായ വിജയമാതൃക സൃഷ്ടിക്കുകയും ചെയ്ത ടുവാലു ജനതയുടെ മനോഭാവത്തെ ശ്രീ. യാദവ് അഭിനന്ദിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ഐക്യത്തോടെ മുന്നേറാനുള്ള അവരുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും പ്രതീക്ഷയും പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം ഉൾപ്പെടെ, ദീർഘകാല കാലാവസ്ഥാ ലക്ഷ്യങ്ങൾ UNFCCC-ക്കും പാരീസ് ഉടമ്പടിക്കും കീഴിൽ ഇതിനോടകം  നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനുയോജ്യവും ഫലപ്രദവുമായ നിർവ്വഹണ സംവിധാനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ, നിലവിലുള്ള ലക്ഷ്യങ്ങളെ പുനർനിർവചിക്കുന്നതിനേക്കാൾ, അവ കൈവരിക്കുന്നതിലേക്കുള്ള ആഗോള പുരോഗതി എങ്ങനെ വേഗത്തിലാക്കാമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള സഹകരണത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളെയും ദിശയെയും കുറിച്ച് വിശാലമായ ധാരണയുണ്ടെങ്കിലും, പരിഹരിക്കപ്പെടേണ്ട പ്രധാന പരിമിതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശാസ്ത്രീയമായ അറിവും പരമ്പരാഗത-സാമൂഹ്യാധിഷ്ഠിത അറിവുകളും തമ്മിലുള്ള വ്യത്യാസങ്ങൾ, പ്രായോഗിക നടപടികളും ധാർമ്മിക പരിഗണനകളും തമ്മിലുള്ള അന്തരം, ലഭ്യമായ വിഭവങ്ങളും ജനങ്ങളുടെയും സമൂഹങ്ങളുടെയും യഥാർത്ഥ ആവശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാലാവസ്ഥാ സംബന്ധമായ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമവായം കെട്ടിപ്പടുക്കുന്നതിനും ഇത്തരം പരിമിതികൾ പരിഹരിക്കുന്നതിനുമായി COP31 പ്രവർത്തിക്കണമെന്ന് ശ്രീ യാദവ് നിർദ്ദേശിച്ചു.

തീരുമാനമെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട്, UNFCCC-ക്കും പാരീസ് ഉടമ്പടിക്കും കീഴിൽ ഓരോ കക്ഷിയും ഏറ്റെടുത്ത പ്രതിബദ്ധതകൾ അക്ഷരാർത്ഥത്തിലും അന്തസ്സത്തയിലും പൂർണമായി നിറവേറ്റുകയും, അവ ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ ശേഷിയും പിന്തുണയും ഓരോ കക്ഷിക്കും ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് പ്രധാനമെന്ന് ശ്രീ. യാദവ് പറഞ്ഞു. പദ്ധതികളുടെ നിർവ്വഹണത്തിൽ, ഏറ്റവും കൂടുതൽ ആവശ്യകത നിലനിൽക്കുന്ന മേഖലകളിലും ഏറ്റവും കൂടുതൽ പേരുടെ ജീവിതത്തിൽ നേരിട്ടും പ്രകടമായും സ്വാധീനം ചെലുത്താൻ കഴിയുന്ന മേഖലകളിലുമുള്ള പോരായ്മകൾ പരിഹരിക്കുന്നതിന് മുൻഗണന നൽകണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ശേഷിവർധനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, വൻ തോതിലുള്ള ലഘൂകരണ നടപടികൾ (mitigation), വിപുലമായ പൊരുത്തപ്പെടൽ (adaptation), നിർവ്വഹണ മാർഗങ്ങളുടെ (means of implementation) ഫലപ്രദമായ വിനിയോഗം എന്നിവയിലൂടെ കൈവരിച്ച പുരോഗതി വ്യക്തമാക്കുന്ന കൃത്യമായ ഉദാഹരണങ്ങളും വിജയഗാഥകളും ഓരോ വർഷവും അവതരിപ്പിക്കാൻ അഭ്യർത്ഥിച്ചു.

ഇത്തരം മാതൃകകളും വിജയകരമായ പ്രവർത്തനങ്ങളും തുടർച്ചയായി പങ്കുവെക്കുകയും കാലക്രമേണ അവയുടെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുന്നത് പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായകമായ ഗുണഫലങ്ങൾ സൃഷ്ടിക്കുമെന്ന് ശ്രീ. യാദവ് പറഞ്ഞു. പുതിയ ലക്ഷ്യങ്ങളോ പ്രഖ്യാപനങ്ങളോ മാത്രം അടിസ്ഥാനമാക്കിയല്ല അന്റാലിയയിലെ വിജയം വിലയിരുത്തേണ്ടതെന്നും, മറിച്ച് നടപ്പാക്കൽ പ്രക്രിയ വേഗത്തിലാകുന്നുണ്ടോ, സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നുണ്ടോ, നിലവിലുള്ള പരിഹാരമാർഗ്ഗങ്ങൾ വിപുലീകരിക്കാൻ കഴിയുന്നുണ്ടോ എന്നിവയാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ വാർഷിക കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് മുന്നോടിയായി ആഴ്ചകൾക്ക് മുമ്പ് സംഘടിപ്പിക്കുന്ന നിർണായക തയ്യാറെടുപ്പ് യോഗമാണ് ‘പ്രീ-കോപ്’ (Pre-COP). ഈ വർഷത്തെ COP സമ്മേളനം നവംബറിൽ തുർക്കിയിലെ അന്റാലിയയിലാണ് നടക്കുന്നത്.
 
SKY
 
********

( റിലീസ് ഐ.ഡി: 2320103) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Bengali , Gujarati , Urdu , हिन्दी , Tamil , Telugu