തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാഷ്ട്രീയ പ്രതിനിധി സംഘങ്ങളുമായുള്ള കൂടിക്കാഴ്ചകൾക്കുള്ള പ്രോട്ടോക്കോൾ വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടില്ലെന്ന് അറിയിച്ചു
പോസ്റ്റഡ് ഓണ്‍:
06 OCT 2026 9:44PM by PIB Thiruvananthpuram
1. ഇന്ന് , ചില രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നടത്തിയ മാർച്ചിനിടെ, ചില പാർലമെൻ്റ് അംഗങ്ങൾ അവരുടെ പ്രതിനിധി സംഘത്തോടൊപ്പം കമ്മീഷനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. ഇന്ന് വൈകുന്നേരം 4.00 മണി വരെ ഒരു രാഷ്ട്രീയ പാർട്ടിയും സ്വന്തം പ്രതിനിധികൾ മുഖേന തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നില്ല എന്ന് ഇന്നത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വ്യക്തമാക്കുന്നു.
2. അതിനുശേഷം, വൈകുന്നേരം 4.00 മണിയോടെ, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം.പി.മാരുടെ സംഘത്തിന് കമ്മീഷനെ കണ്ട് നിവേദനം സമർപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് ഡൽഹി പോലീസിൽ നിന്ന് വിവരം ലഭിച്ചു.
3. 2025-ൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിക്കാഴ്ചകൾക്കായി ഒരു നടപടിക്രമം നിശ്ചയിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇത് അറിയിച്ചിട്ടുള്ളതാണ്. അവർ ഈ നടപടിക്രമം പിന്തുടരുകയും ചെയ്യുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയോ അല്ലെങ്കിൽ പല പാർട്ടികളുടെ സംയുക്ത പ്രതിനിധി സംഘമോ കമ്മീഷനെ കാണാൻ ആഗ്രഹിക്കുമ്പോഴെല്ലാം, അവർ ഔദ്യോഗികമായി ചുമതലപ്പെടുത്തിയ പ്രതിനിധി മുഖേനയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുന്നത്. തുടർന്ന് ഇരുപക്ഷവും പരസ്പരം അംഗീകരിക്കുന്ന സമയത്താണ് കൂടിക്കാഴ്ച നടക്കാറുള്ളത്.
4. ഇന്ന് വൈകുന്നേരം 4.00 മണിക്ക് ശേഷം, ബഹുമാനപ്പെട്ട എം.പി.മാരുമായുള്ള മേൽപ്പറഞ്ഞ കൂടിക്കാഴ്ചയ്ക്കുള്ള നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുമ്പോൾ, 240 എം.പി.മാരുടെ സംഘവുമായാണ് കൂടിക്കാഴ്ച നടത്തേണ്ടതെന്നും ഇതിനായി നിർദ്ദേശിച്ച സ്ഥലം പാർലമെൻ്റ് അനക്സ് മന്ദിരം ആണെന്നും ഡൽഹി പോലീസ് ഡി.സി.പി. അറിയിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ അഭ്യർത്ഥന അസാധാരണമാണെന്ന് വിലയിരുത്തുന്നു. ഇ.സി.ഐ. (ECI) പ്രോട്ടോക്കോൾ അനുസരിച്ച് ഇത്തരം കൂടിക്കാഴ്ചകൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് പരിസരത്ത് മാത്രം നടത്തേണ്ടതിനാൽ ഇത് അംഗീകരിക്കാൻ സാധിച്ചില്ല.
5.ബഹുമാനപ്പെട്ട എം.പി.മാരുടെ നിവേദനം സ്വീകരിക്കുന്നതിനായി, ചുമതലയിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെ കൂടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് അയയ്ക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ഇത് തന്നെ കീഴ് വഴക്കമില്ലാത്ത ഒരു നടപടിയാകുമായിരുന്നു. എന്നാൽ, ഈ നിർദ്ദേശവും ബഹുമാനപ്പെട്ട എം.പി.മാർ നിരസിക്കുകയാണുണ്ടായത്.
6. രാജ്യത്തെ പാർലമെൻ്ററി, ജനാധിപത്യ പ്രക്രിയകളെയും അതിനോടൊപ്പം തന്നെ വളരെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രോട്ടോക്കോളുകളെയും രീതികളെയും ഇ.സി.ഐ. ബഹുമാനിക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടിക്കും ഏത് സമയത്തും തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിക്കാവുന്നതാണ്; അതനുസരിച്ച് കമ്മീഷൻ, സമയത്തിൻ്റെ അനുയോജ്യത കണക്കിലെടുത്ത്, കൂടിക്കാഴ്ചയ്ക്കായി ഒരു തീയതിയും സമയവും നിശ്ചയിക്കാറുമുണ്ട്. ഇത് പതിവായി പിന്തുടരുന്ന നടപടിക്രമമാണ്.
***
( റിലീസ് ഐ.ഡി: 2319874)
സന്ദര്‍ശക കൗണ്ടര്‍ : 8