ധനകാര്യ മന്ത്രാലയം
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴിയുള്ള സ്വർണക്കടത്ത് തകർത്ത് ഡി.ആർ.ഐ.; 12 കോടിയിലേറെ രൂപ വിലവരുന്ന 8.3 കിലോഗ്രാം വിദേശ സ്വർണം പിടികൂടി; 4 പേർ അറസ്റ്റിൽ
പോസ്റ്റഡ് ഓണ്‍:
06 OCT 2026 8:47PM by PIB Thiruvananthpuram

സംഘടിത സ്വർണക്കടത്തിനെതിരെ കർശന നടപടികൾ തുടരുന്നതിൻ്റെ ഭാഗമായി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കേന്ദ്രീകരിച്ച് റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് (ഡി.ആർ.ഐ.) നടത്തിയ രഹസ്യ നീക്കത്തിൽ ഏകദേശം 12.37 കോടി രൂപ വിലവരുന്ന 8.3 കിലോഗ്രാം വിദേശ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മേഖലയിൽ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് 2026 ഒക്ടോബർ 5-ന് ചൗധുരിഹട്ടിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് കൂച്ച് ബിഹാറിലേക്ക് രണ്ട് മോട്ടോർ സൈക്കിളുകളില്‍ സഞ്ചരിക്കുകയായിരുന്ന നാല് പേരെ ഉദ്യോഗസ്ഥർ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഇവരില്‍ രണ്ട് പേർ ധരിച്ച പ്രത്യേകം തുന്നിയ തുണി കൊണ്ടുള്ള അരപ്പട്ടകളിൽ ഒളിപ്പിച്ച നിലയിൽ സ്വര്‍ണ ബിസ്കറ്റുകൾ കണ്ടെത്തുകയായിരുന്നു.


116 ഗ്രാം വീതം തൂക്കം വരുന്ന 72 സ്വർണ ബിസ്കറ്റുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത 8.3 കിലോഗ്രാം വിദേശ സ്വർണം 1962-ലെ കസ്റ്റംസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കണ്ടുകെട്ടുകയും നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
കൂച്ച് ബിഹാർ ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ നടത്തിയ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് നിർണായക നീക്കം വിജയം കണ്ടത്. അന്താരാഷ്ട്ര അതിർത്തി ഇടനാഴികൾ വഴി പ്രവർത്തിക്കുന്ന സംഘടിത സ്വർണക്കടത്ത് ശൃംഖലകളെ വേരോടെ പിഴുതെറിയുന്നതിലും സ്വര്‍ണക്കടത്ത് നീക്കത്തിനും വിതരണത്തിനും പിന്നിൽ പ്രവർത്തിക്കുന്ന വൻകിട മാഫിയാ സംഘങ്ങളെ കണ്ടെത്തുന്നതിലും ഡി.ആർ.ഐ. കര്‍ശന നടപടികള്‍ തുടരുകയാണ്.
****
( റിലീസ് ഐ.ഡി: 2319868)
സന്ദര്‍ശക കൗണ്ടര്‍ : 8
പത്രക്കുറിപ്പിന്റെ പശ്ചാത്തല റഫറന്‍സ്