പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ (GSMA) ബോർഡ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

സാങ്കേതികവിദ്യ ഏവരെയും ഉൾക്കൊള്ളുന്ന, സുസ്ഥിര വികസനത്തിനുള്ള ഉപകരണമാകണം: പ്രധാനമന്ത്രി

സൈബർ തട്ടിപ്പുകൾ നേരിടാൻ സാങ്കേതികവിദ്യാധിഷ്ഠിത പ്രതിവിധികൾ അനിവാര്യം: പ്രധാനമന്ത്രി

ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെയും വളരുന്ന ആഗോള സാങ്കേതിക പങ്കാളിത്തത്തെയും പ്രകീർത്തിച്ച് ടെലികോം കമ്പനി പ്രതിനിധികൾ

6G, നിർമിതബുദ്ധി മേഖലകളിൽ ഇന്ത്യയുമായി ആഗോള സഹകരണത്തിന് അവസരങ്ങളുണ്ടെന്ന് GSMA ബോർഡ് അംഗങ്ങൾ

പോസ്റ്റഡ് ഓണ്‍: 06 OCT 2026 8:16PM by PIB Thiruvananthpuram

ഇന്ത്യ മൊബൈൽ കോൺഗ്രസിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സേവാതീർഥിൽ ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ (GSMA) ബോർഡ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. മൊബൈൽ മേഖലയുടെ വിവിധ ഘടകങ്ങളെയും അനുബന്ധ വ്യവസായങ്ങളെയും ഏകോപിപ്പിക്കുന്ന ആഗോള സംഘടനയാണ് GSMA. മൊബൈൽ ഓപ്പറേറ്റർമാരെയും ഈ മേഖലയിലെ വിവിധ സ്ഥാപനങ്ങളെയും സംഘടന പ്രതിനിധാനംചെയ്യുന്നു.


സാങ്കേതികവിദ്യ ഏവരെയും ഉൾക്കൊള്ളുന്ന, സുസ്ഥിര വികസനത്തിനുള്ള ഉപകരണമായി മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ ഒരു വിഭാഗവും പിന്നാക്കം പോകാതിരിക്കാൻ സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് സാങ്കേതികവിദ്യയും ഡിജിറ്റൽ സേവനങ്ങളും താങ്ങാനാകുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ വിഭജനം കൂടുതൽ രൂക്ഷമാകാതിരിക്കാൻ സാങ്കേതികവിദ്യ ഓരോ കോണിലും എത്തിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.


വികസ്വര രാജ്യങ്ങൾക്ക് പ്രത്യേകിച്ചും പരിവർത്തനാത്മകമായ ശക്തിയായി മാറാൻ കഴിയുന്ന ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (DPI) സാധ്യതകളും പ്രധാനമന്ത്രി വിശദീകരിച്ചു. നിരവധി ലോകനേതാക്കളുമായി DPI സംബന്ധിച്ച് നടത്തിയ ചർച്ചകൾക്ക് ആഗോളതലത്തിൽ പ്രാധാന്യം വർധിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകൾ മുന്നേറ്റത്തിനുള്ള വേദിയായി മാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


ഡിജിറ്റൽ-സൈബർ തട്ടിപ്പുകളുടെ വർധിച്ചുവരുന്ന വെല്ലുവിളി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇത് നേരിടാൻ സാങ്കേതികവിദ്യാധിഷ്ഠിത പ്രതിവിധികൾ ആവശ്യമാണെന്ന് പറഞ്ഞു. സാധ്യതയുള്ള തട്ടിപ്പു കോളുകളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഉപയോക്താക്കൾക്കിടയിൽ തുടർച്ചയായ ബോധവൽക്കരണ സന്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.


ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി ആഗോള മാനദണ്ഡങ്ങളും പൊതുവായ നിയമങ്ങളും ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡീപ്‌ഫേക്കുകളുടെയും AI സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളുടെയും വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, അവയുടെ ഉറവിടം ഉപയോക്താക്കൾക്ക് ഉടൻ തിരിച്ചറിയാൻ കഴിയുന്ന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും നിർദേശിച്ചു.
ഡിജിറ്റൽ-മൊബൈൽ കണക്റ്റിവിറ്റി മേഖലയിൽ ഇന്ത്യ ആഗോള നേതാവായി ഉയർന്നുവരുന്നതായി GSMA ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 4G, 5G സേവനങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ വിപുലമായ ശൃംഖല, ടെലികോം-മൊബൈൽ നിർമാണ മേഖലയിലെ വളർച്ച എന്നിവ അവർ എടുത്തുപറഞ്ഞു. നിക്ഷേപ സൗഹൃദ നയചട്ടക്കൂടിനെയും അവർ പ്രശംസിച്ചു. സുരക്ഷിതവും പ്രതിരോധശേഷിയുള്ളതും വിശ്വസനീയവുമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ തുടർച്ചയായ ഡിജിറ്റൽ വളർച്ചയ്ക്ക് നിർണായകമാണെന്നും ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.


5G, 6G, AI, സൈബർ സുരക്ഷ, ഡിജിറ്റൽ ഉൾപ്പെടുത്തൽ, സാറ്റലൈറ്റ് കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി അന്താരാഷ്ട്ര സഹകരണത്തിന് കൂടുതൽ അവസരങ്ങൾ വളർന്നുവരുന്നതായും GSMA ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ, GSMA ബോർഡ് അംഗങ്ങൾ, കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

***


( റിലീസ് ഐ.ഡി: 2319853) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Odia , Tamil