ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഭാരത് മണ്ഡപത്തിൽ ഐ.സി.എസ്.ഐ.യുടെ 58-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 04 OCT 2026 2:54PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ICSI) 58-ാമത് സ്ഥാപക ദിനാഘോഷങ്ങളെ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻഅഭിസംബോധനചെയ്തു.ICSI-യിലെ മുഴുവൻ അംഗങ്ങൾക്കും ആശംസകൾ നേർന്ന അദ്ദേഹം,സുതാര്യവും ധാർമ്മികവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ കോർപ്പറേറ്റ് ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിൽ ഈ സ്ഥാപനം കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

ജനക്ഷേമം ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനും മികച്ച ഭരണനിർവ്വഹണം അത്യന്താപേക്ഷിതമാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കൃത്യമായി നികുതി അടയ്ക്കുന്ന പൊതുജനങ്ങൾ ഉത്തരവാദിത്തമുള്ള ഭരണസംവിധാനമാണ് പ്രതീക്ഷിക്കുന്നത്.അതുപോലെ,കാര്യക്ഷമമായ കോർപ്പറേറ്റ് ഭരണത്തിലൂടെ തങ്ങളുടെ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ലഭിക്കുമെന്ന് നിക്ഷേപകരും കരുതുന്നു.കേവലം നിയമപരമായ നിബന്ധനകൾ പാലിക്കുന്നതിനപ്പുറം,രാജ്യത്ത് മികച്ച കോർപ്പറേറ്റ് സംസ്കാരം വളർത്തിയെടുക്കുന്ന പ്രധാന സ്ഥാപനമായി ICSI വളർന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

കോർപ്പറേറ്റ് സുതാര്യത,നിക്ഷേപകരുടെ വിശ്വാസം,ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം എന്നിവ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതും  തൊഴിൽമേഖലയുടെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ   പരിവർത്തനമെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു.

നിർമ്മിത ബുദ്ധി,നൂതന ഡാറ്റാ അനലിറ്റിക്സ്,അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് മാതൃകകൾ എന്നിവയുടെ സ്വാധീനമുള്ള ഈ കാലഘട്ടത്തിൽ,'ഭരണനിർവഹണത്തിൻ്റെ   കാവൽക്കാർ' എന്ന നിലയിൽ ഇന്ത്യൻ കോർപ്പറേറ്റ് മേഖലയുടെ നിയമപരവും തന്ത്രപരവും ധാർമ്മികവുമായ അടിത്തറകൾ സംരക്ഷിക്കാൻ അദ്ദേഹം കമ്പനി സെക്രട്ടറിമാരോട് ആഹ്വാനം ചെയ്തു."വിവരങ്ങൾ സൃഷ്ടിക്കപ്പെടുന്ന രീതിയിലും തീരുമാനങ്ങൾ എടുക്കുന്നതിനെ സഹായിക്കുന്നതിലും സാങ്കേതികവിദ്യ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം;എന്നാൽ സത്യസന്ധത,ഉത്തരവാദിത്തം,സുതാര്യത,കർത്തവ്യ ബോധം എന്നീ മൂല്യങ്ങൾ മനുഷ്യസഹജമായി തന്നെ നിലനിൽക്കും" അദ്ദേഹം പറഞ്ഞു.

വിശ്വാസം,സുതാര്യത,കോർപ്പറേറ്റ് ഭരണനിർവ്വഹണം എന്നിവയെ ആധുനിക സാമ്പത്തിക രംഗത്തിൻ്റെ   "അദൃശ്യമായ അടിസ്ഥാന സൗകര്യങ്ങൾ" എന്ന് വിശേഷിപ്പിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ,സുസ്ഥിരമായ സാമ്പത്തിക പുരോഗതിക്ക് നിക്ഷേപകരുടെ വിശ്വാസം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി.ഈ സംവിധാനത്തിൻ്റെ   കേന്ദ്രബിന്ദുവാണ് കമ്പനി സെക്രട്ടറിമാരെന്നും സംരംഭങ്ങൾ,സ്റ്റാർട്ടപ്പുകൾ,കുടുംബ ബിസിനസ്സുകൾ,ലിസ്റ്റ് ചെയ്ത കമ്പനികൾ എന്നിവയ്ക്ക് ഉത്തരവാദിത്തത്തോടെ വളരാനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ അവർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വികസിത ഇന്ത്യ' കെട്ടിപ്പടുക്കുന്നതിൽ ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം തന്നെ ശക്തമായ സ്ഥാപനങ്ങളും മികച്ച ഭരണനിർവ്വഹണ സംവിധാനങ്ങളും അത്യന്താപേക്ഷിതമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 2047-ഓടെ വികസിതഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ICAI, ICMAI, ICSI എന്നീ സ്ഥാപനങ്ങൾക്കുള്ള പരസ്പര പൂരകമായ പങ്കിനെ അദ്ദേഹം എടുത്തുപറയുകയും, ശക്തമായ കോർപ്പറേറ്റ്-സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന സ്തഭങ്ങളായി  ഈ പ്രൊഫഷണൽ സ്ഥാപനങ്ങളെ വിശേഷിപ്പിക്കുകയും ചെയ്തു.

കൂടുതൽ യുവാക്കൾക്ക് ഈ മേഖലയിലേക്ക് കടന്നുവരാൻ അവസരങ്ങൾ നൽകണമെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഇതിനായി  ICSI  നടപ്പിലാക്കുന്ന ഫീസ് ഇളവുകളെയും വിദ്യാർത്ഥികൾക്കായുള്ള പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ചടങ്ങിൽ 'എം.എസ്.എം.ഇ. കംപ്ലയൻസ് കലണ്ടർ 2027' അദ്ദേഹം പുറത്തിറക്കി.ചെറുകിട ഇടത്തരം  സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി  ICSI  നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.കൂടാതെ, 'ശഹീദ് കി ബേട്ടി' പദ്ധതിയിലൂടെ നാഷണൽ ഡിഫൻസ് ഫണ്ടിലേക്കും,പ്രതിരോധ മന്ത്രാലയത്തിൻ്റെ   സായുധ സേനാ പതാക ദിന ഫണ്ടിലേക്കും ICSI  നൽകിയ സംഭാവനകളെ പ്രശംസിച്ച അദ്ദേഹം, "ഉദ്ദേശ്യം നല്ലതാണെങ്കിൽ എല്ലാം നല്ലതായിത്തീരും"എന്നും ഓർമ്മിപ്പിച്ചു.

ഈ തൊഴിൽരംഗത്തുള്ള വിശ്വാസം തുടർന്നും നിലനിർത്താനും,2047-ഓടെ ശക്തവും സ്വയംപര്യാപ്തവുമായ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനും ഐ.സി.എസ്.ഐ.യോട്,തൻ്റെ   പ്രസംഗം ഉപസംഹരിക്കവേ,ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.മറ്റുള്ളവർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനല്ല,മറിച്ച് "ആർക്കും നമുക്ക് മേൽ അനാവശ്യമായ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്ത അവസ്ഥ" കൈവരിക്കാനാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ ആഗ്രഹിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു."സത്യം വദ, ധർമ്മം ചര" എന്ന കാലാതീത ആദർശം അനുസ്മരിച്ച അദ്ദേഹം,ICSI-യുടെ സ്ഥാപക ദിനത്തിൽ സംഘടനയിലെ അംഗങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

ICSI അധ്യക്ഷൻ  സി.എസ്. പവൻ ചന്ദക്,മുൻ രാജ്യസഭാംഗം ഡോ. സോണൽ മാൻസിംഗ്,ICSI സെക്രട്ടറി സി.എസ്. ആശിഷ് മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 
****

( റിലീസ് ഐ.ഡി: 2318909) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil