ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കുടിവെള്ള-ശുചിത്വ-വ്യക്തിശുചിത്വ മേഖലയ്ക്കായി ഇന്ത്യയിലെ ആദ്യ സാമൂഹ്യക്ഷേമ കടപ്പത്രം ഓഹരി വിപണിയിൽ ഉൾപ്പെടുത്തി നബ്‌കിസാൻ; സമാഹരിച്ചത് 180 കോടി രൂപ

പോസ്റ്റഡ് ഓണ്‍: 03 OCT 2026 12:01PM by PIB Thiruvananthpuram
കുടിവെള്ളം, ശുചിത്വം, വ്യക്തിശുചിത്വം (WASH) എന്നീ മേഖലകള്‍ക്ക് മാത്രമുള്ള രാജ്യത്തെ ആദ്യ 'സാമൂഹ്യക്ഷേമ കടപ്പത്രം' മുംബൈയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉള്‍പ്പെടുത്തി. ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റെ (നബാർഡ്) ഉപസ്ഥാപനമായ നബ്‌കിസാൻ ഫിനാൻസ് ലിമിറ്റഡാണ് 2026 ഒക്ടോബർ 1-ന് ബോണ്ട് പട്ടികപ്പെടുത്തിയത്.
 
 
നിക്ഷേപകരുടെ മികച്ച പങ്കാളിത്തം പ്രകടമായ സാമൂഹ്യക്ഷേമ കടപ്പത്ര വില്പന 1.8 മടങ്ങ് അധിക സമാഹരണം നേടി. ഇതോടെ പദ്ധതിയിലൂടെ 180 കോടി രൂപ സമാഹരിക്കാൻ നബ്‌കിസാന് കഴിഞ്ഞു. 8.10 ശതമാനം പലിശ നിരക്കുള്ള അഞ്ചുവർഷ കടപ്പത്രങ്ങളുടെ കാലാവധി 2031 സെപ്റ്റംബറിലാണ് പൂർത്തിയാകുന്നത്. പ്രമുഖ റേറ്റിങ് ഏജൻസികളായ ക്രിസിൽ AAA (Stable), കെയർ AAA (Stable) എന്നിവയിൽ നിന്ന് ഏറ്റവും ഉയർന്ന ആഭ്യന്തര ക്രെഡിറ്റ് റേറ്റിങാണ് ഈ കടപ്പത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. കടപ്പത്രങ്ങള്‍ വഴി സമാഹരിച്ച തുക ഗ്രാമീണ മേഖലകളിലും പിന്നാക്ക പ്രദേശങ്ങളിലും സുരക്ഷിത കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ എന്നിവ വ്യാപിപ്പിക്കുന്നതിനായി വിനിയോഗിക്കും. ആരോഗ്യ സംരക്ഷണത്തിനും ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും ഇത് സഹായകരമാകും.
 
 
വിപണി പ്രവേശന ചടങ്ങിൽ നബാർഡ്, നബ്‌കിസാൻ, വാട്ടർ.ഓർഗ്, ട്രസ്റ്റ് ഗ്രൂപ്പ്, എൻ.എസ്.ഇ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിക്കുകയും പരമ്പരാഗത മണി മുഴക്കൽ ചടങ്ങ് നിർവഹിക്കുകയും ചെയ്തു.
 
 
നിർണായക വികസന മുൻഗണനകൾ നടപ്പാക്കുന്നതിൽ നൂതന ധനസമാഹരണ മാർഗങ്ങളുടെ പ്രാധാന്യം തെളിയിക്കുന്നതാണ് വാഷ് ബോണ്ടിന്റെ വിജയകരമായ വില്പനയെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ വി. പറഞ്ഞു. കുടിവെള്ള ലഭ്യതയും ശുചിത്വ സൗകര്യങ്ങളും ഉറപ്പാക്കുന്നത് ഗ്രാമീണ മേഖലയിലെ ആരോഗ്യം, ഉപജീവനം, ജീവിതനിലവാരം എന്നിവ ശക്തിപ്പെടുത്തുമെന്നും ഇത്തരം പദ്ധതികൾക്ക് ബാങ്ക് വായ്പ ഉറപ്പാക്കുന്നതിലും വാണിജ്യ-മൂലധന വിപണികളുടെ വിപുലമായ പങ്കാളിത്തം ആകർഷിക്കുന്നതിലും വികസന സ്ഥാപനങ്ങൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
 
പ്രകടമായ സാമൂഹിക മാറ്റങ്ങള്‍ ഉറപ്പാക്കി വികസന മേഖലകൾക്കായി വിഭവ സമാഹരണത്തിന് മൂലധന വിപണി സംവിധാനങ്ങൾക്ക് എങ്ങനെ സാധിക്കുമെന്നതിന്റെ തെളിവാണ് വാഷ് ബോണ്ടെന്ന് നബ്‌കിസാൻ എം.ഡിയും സി.ഇ.ഒയുമായ ശ്രീ ഇമ്മാനുവൽ ഗണേശൻ പറഞ്ഞു. സമഗ്രവും സുസ്ഥിരവുമായ ഗ്രാമീണ വികസനത്തിന് സുസ്ഥിര ധനകാര്യം വലിയൊരു ഉപാധിയാണെന്ന നിക്ഷേപകരുടെ വർധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഈ മുന്നേറ്റത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 
സാങ്കേതിക ഉപദേശകരും വിജ്ഞാന പങ്കാളികളുമായി പ്രവർത്തിച്ച വാട്ടർ.ഓർഗ്, വിപണി സ്ഥാപനങ്ങൾ, ഉപദേശകർ, ട്രസ്റ്റികൾ, ധനസമാഹരണ ഏജൻസികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കടപ്പത്ര വില്പനയും പട്ടികപ്പെടുത്തലും വിജയകരമായി പൂർത്തിയാക്കിയത്.
 
 
രാജ്യത്തെ ആദ്യത്തെ വാഷ് കേന്ദ്രീകൃത സാമൂഹ്യക്ഷേമ കടപ്പത്രം ഓഹരി വിപണിയില്‍ ഉള്‍പ്പെടുത്തിയതിലൂടെ സുസ്ഥിര ധനകാര്യ വിപണിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണ വികസനത്തിന് അനുയോജ്യമായ നൂതന ധനസമാഹരണ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിലെ പ്രതിബദ്ധതയാണ് നബാർഡും നബ്‌കിസാനും ആവര്‍ത്തിക്കുന്നത്.
 
 
***

( റിലീസ് ഐ.ഡി: 2318661) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: Bengali , English , Gujarati , Urdu , Marathi , Telugu