പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

2026 ഒക്ടോബർ 2-ന് പരിവർത്തനാത്മക ഭരണപരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകളോടെ ഇന്ത്യയിലുടനീളം പ്രത്യേക ഗ്രാമസഭകൾ; 'സബ്കി യോജന, സബ്കാ വികാസ്' ജനകീയാസൂത്രണ പ്രചാരണം 2026–27 ആരംഭിക്കും

പോസ്റ്റഡ് ഓണ്‍: 01 OCT 2026 12:52PM by PIB Thiruvananthpuram
ഗ്രാമീണ ഇന്ത്യയിലെ പഞ്ചായത്തുകളെ ശാക്തീകരിക്കുന്നതിനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമായി പരിവർത്തനാത്മക ഭരണപരിഷ്കാരങ്ങളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി 2026 ഒക്ടോബർ 2-ന് രാജ്യത്തുടനീളം പ്രത്യേക ഗ്രാമസഭകൾ ചേരും. പങ്കാളിത്തപരവും തെളിവധിഷ്ഠിതവുമായ ആസൂത്രണത്തിലൂടെ ഗ്രാമപഞ്ചായത്തുകൾ 2027–28 സാമ്പത്തിക വർഷത്തേക്കുള്ള അവരുടെ ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ (GPDP) തയ്യാറാക്കുന്ന, "സബ്കി യോജന, സബ്കാ വികാസ്" എന്ന ജനകീയ ആസൂത്രണ പ്രചാരണത്തിന്റെ (PPC) 2026–27 ഉദ്ഘാടനവും ഈ പ്രത്യേക ഗ്രാമസഭകളോടനുബന്ധിച്ച് നടക്കും . ഗ്രാമസഭാ ചർച്ചകൾ പൗരന്മാരെയും ജനപ്രതിനിധികളെയും ഒന്നിച്ചുകൊണ്ടുവന്ന് പ്രമുഖ ഗവണ്മെന്റ് പദ്ധതികളുടെയും സംരംഭങ്ങളുടെയും നേട്ടങ്ങളും നടപ്പാക്കലും വിലയിരുത്തുകയും പ്രാദേശിക ആവശ്യങ്ങളും പോരായ്മകളും കണ്ടെത്തുകയും ഗ്രാമങ്ങളുടെ വികസനത്തിനായുള്ള മുൻഗണനകൾ തീരുമാനിക്കുകയും ചെയ്യും.
 

അടിസ്ഥാനതലത്തിലെ വികസനത്തിനായുള്ള ഒരു സമഗ്ര ഗവണ്മെന്റ് സമീപനത്തിന്റെ  ഭാഗമായി കേന്ദ്ര പഞ്ചായത്തിരാജ്  മന്ത്രാലയം ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിച്ചാണ് ഈ ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നത്. പ്രത്യേക ഗ്രാമസഭകളിൽ ഇനി പറയുന്ന മുൻനിര പദ്ധതികളും സംരംഭങ്ങളും പ്രധാനമായും ചർച്ചയാക്കപ്പെടും :

•പഞ്ചായത്തി രാജ് മന്ത്രാലയം: ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് കീഴിലുള്ള ശേഷി വികസനം, ഇ-ഗ്രാം സ്വരാജ് (eGramSwaraj), ഓഡിറ്റ് ഓൺലൈൻ (AuditOnline) വഴിയുള്ള ഡിജിറ്റൽ ഭരണം, തനത് വരുമാന സ്രോതസ്സ് (OSR) സംരംഭം , സ്വാമിത്വ (SVAMITVA), പഞ്ചായത്ത് വികസന സൂചിക

•ഗ്രാമീണ വികസന വകുപ്പ്:  വേതനത്തോട് കൂടി 125 ദിവസത്തെ തൊഴിൽ നിയമപരമായ ഉറപ്പുനൽകുന്ന വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) കൂടാതെ പ്രാദേശികമായി തീരുമാനിക്കുന്ന പ്രവൃത്തികൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കുമായുള്ള വികസിത് ഗ്രാമപഞ്ചായത്ത് പദ്ധതി .
 
•കുടിവെള്ള-ശുചിത്വ വകുപ്പ്: ഗ്രാമീണ മേഖലയിലെ ഗാർഹിക പൈപ്പ് ജല കണക്ഷനുകൾക്കായുള്ള ജൽ ജീവൻ മിഷനും ശുചിത്വം, ഒ.ഡി.എഫ് പ്ലസ് (ODF Plus), ഖര-ദ്രവ മാലിന്യ സംസ്കരണം എന്നിവയ്ക്കായുള്ള സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) പദ്ധതിയും

•ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന വകുപ്പ്: ഭൂഗർഭജല റീചാർജിങ് , ജലസംരക്ഷണം, ജലസുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി ജൽ സഞ്ചയ് ജൻ ഭാഗീദാരി: ക്യാച്ച് ദി റെയിൻ, പരിഷ്കരിച്ച നീർത്തട വികസന മാനദണ്ഡങ്ങൾ എന്നിവ

•ഭക്ഷ്യ പൊതുവിതരണ വകുപ്പ്:അവകാശപ്പെട്ട ഭക്ഷ്യധാന്യ വിഹിതം എവിടെ നിന്നും ലഭ്യമാക്കാവുന്ന ഒരു രാജ്യം ഒരു റേഷൻ കാർഡും തുടർച്ചയായ ഭക്ഷ്യസുരക്ഷയ്ക്കായുള്ള പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും
 
•ഉപഭോക്തൃകാര്യ വകുപ്പ്: ഉപഭോക്തൃ ബോധവൽക്കരണം, പരാതി പരിഹാരം, ഉപഭോക്തൃ നീതി ഉറപ്പാക്കൽ എന്നിവ ശക്തിപ്പെടുത്തുന്നതിനായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനും ഇ-ജാഗൃതിയും (e-Jagriti).

•ഭൂവിഭവ വകുപ്പ്: വായ്പയും നീർത്തട വികസനവും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കൽ പിന്തുണയ്ക്കുന്നതിനായി ഡിജിറ്റലൈസ് ചെയ്തതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഭൂമി രേഖകൾക്കായുള്ള ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡേണൈസേഷൻ പ്രോഗ്രാം (DILRMP), പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജനയ്ക്ക് കീഴിലുള്ള നീർത്തട വികസനം.
 

 2018 മുതൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ജനകീയ ആസൂത്രണ പദ്ധതി നടപ്പിലാക്കിവരുന്നു.ഇത് സമഗ്രവും ഉൾക്കൊള്ളുന്നതും പങ്കാളിത്തമുള്ളതുമായ വികസന പദ്ധതികൾ തയ്യാറാക്കാൻ പഞ്ചായത്തുകളെ പ്രാപ്തമാക്കുന്നു. 2.55 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ  പദ്ധതികൾ തയ്യാറാക്കി ഇ-ഗ്രാം സ്വരാജിൽ (eGramSwaraj) അപ്‌ലോഡ് ചെയ്തിട്ടുണ്ട് . പ്രാദേശിക വികസനത്തിന്റെ പ്രധാന മേഖലകളിലെ നേട്ടങ്ങളും പോരായ്മകളും തിരിച്ചറിയാൻ പഞ്ചായത്തുകളെ പ്രാപ്തമാക്കുന്നതാണ് പഞ്ചായത്ത് വികസന സൂചിക. ഇത് മുൻഗണനകൾ കണ്ടെത്താനും വരും വർഷത്തേക്കുള്ള ഒരു 'സങ്കൽപ്പ്' (പ്രതിജ്ഞ) എടുക്കാനും ഗ്രാമസഭയ്ക്ക് അടിസ്ഥാനമൊരുക്കുന്നു. ഈ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ചുള്ള  അനുഭവങ്ങളും പ്രതികരണങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുന്നതിനും പ്രാദേശിക മുൻഗണനകൾ നിശ്ചയിക്കാൻ സഹായിക്കുന്നതിനും  പൗരന്മാർക്ക് ഗ്രാമസഭകൾ  നേരിട്ടുള്ള വേദി നൽകുന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റൽ പരിവർത്തനവും സഹകരണ സംഘങ്ങളുടെ ശാക്തീകരണവും, ബാലവിവാഹ മുക്ത് ഭാരത്, നശാ മുക്ത് ഭാരത് അഭിയാൻ ഉൾപ്പെടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും അന്തസ്സിനുമുള്ള പരിപാടികൾ എന്നിവയിലുള്ള ചർച്ചകളും പ്രോത്സാഹിപ്പിക്കും.
 

സ്വച്ഛത ഹി സേവ 2026 സമാപിക്കുന്ന വേളയിൽ, 2026-ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളും ഒക്ടോബർ 2-ലെ ഗ്രാമസഭകളിൽ ചർച്ച ചെയ്യും.


2026 ഒക്ടോബർ 2-ന് നടക്കുന്ന  പ്രത്യേക ഗ്രാമസഭകളിൽ പങ്കാളികളാകാനും പ്രാദേശിക ആവശ്യങ്ങളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്ന പഞ്ചായത്ത് വികസന പദ്ധതികൾ തയ്യാറാക്കുന്നതിൽ പങ്കാളികളാകാനും പൗരന്മാരെ ആത്മാർത്ഥമായി ക്ഷണിക്കുന്നു. "സബ്കി യോജന, സബ്കാ വികാസ്" എന്നതിലൂടെ, ഗ്രാമസഭകൾ പങ്കാളിത്ത അധിഷ്ഠിത ഭരണം ശക്തിപ്പെടുത്തുകയും വികസിത ഭാരതം എന്ന വലിയ ലക്ഷ്യത്തിനായി സശക്ത പഞ്ചായത്തുകൾ, ആത്മനിർഭർ പഞ്ചായത്തുകൾ, വികസിത പഞ്ചായത്തുകൾ എന്നിവ കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകുകയും ചെയ്യും.
 
****

( റിലീസ് ഐ.ഡി: 2317808) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Bengali , Bengali-TR , English , Urdu , हिन्दी , Gujarati , Tamil , Kannada