വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കഥകളുടെ, സിനിമയുടെ, ആഗോള കാഴ്ചപ്പാടുകളുടെ ആഘോഷം: IFFI 2026-ൽ പങ്കെടുക്കുന്നതിനായി മാധ്യമപ്രവർത്തകരെ ഗോവയിലേക്ക് ക്ഷണിക്കുന്നു മീഡിയ അക്രഡിറ്റേഷൻ നടപടികൾ ആരംഭിച്ചു!

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള  (IFFI) 2026 നവംബർ 20 മുതൽ 28 വരെ വീണ്ടും എത്തുമ്പോൾ, ഗോവയിലെ പനാജിയിൽ സിനിമ കേന്ദ്രബിന്ദുവാകുന്നു. ഇന്ത്യയിൽ നിന്നും ലോകമെമ്പാടുനിന്നുമുള്ള ചലച്ചിത്ര പ്രവർത്തകർ, സിനിമാ രംഗത്തെ വിദഗ്ദ്ധർ, മാധ്യമപ്രവർത്തകർ, ചലച്ചിത്ര പ്രേമികൾ എന്നിവരെ  IFFI ഒരുമിച്ചുകൊണ്ടുവരും. കഥപറച്ചിലിൻ്റെ മാസ്മരികതയെയും, ചലച്ചിത്രാവിഷ്കാരങ്ങളുടെ വൈവിധ്യത്തെയും, വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള പ്രേക്ഷകരെ പരസ്പരം ബന്ധിപ്പിക്കുന്ന സർഗ്ഗാത്മക ചൈതന്യത്തെയും മേള ആഘോഷിക്കും.

ചലച്ചിത്ര പ്രദർശനങ്ങൾ, ചർച്ചകൾ, ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇടപെടലുകൾ, ബന്ധങ്ങൾ സ്ഥാപിക്കാനും വിപുലീകരിക്കാനുമുള്ള അവസരങ്ങൾ എന്നിവയിലൂടെ വൈവിധ്യമാർന്ന കഥകളും കാഴ്ചപ്പാടുകളും ഈ മേള അവതരിപ്പിക്കും. ആശയങ്ങൾക്കും സംഭാഷണങ്ങൾക്കും സഹകരണങ്ങൾക്കുമുള്ള സജീവമായ ഒരു വേദി ഇത് ഒരുക്കും. സിനിമയുടെ ഈ മഹത്തായ ആഘോഷത്തിന് ആതിഥേയത്വം വഹിക്കാൻ ഗോവ തയ്യാറെടുക്കുമ്പോൾ, ആഗോള ചലച്ചിത്ര സമൂഹത്തിനിടയിൽ സർഗ്ഗാത്മക വിനിമയത്തിനും അർത്ഥവത്തായ ഇടപെടലുകൾക്കും   IFFI സവിശേഷമായ ഇടം നൽകും.

ഓരോ വർഷവും  IFFI-യുടെ പ്രചാരവും ജനശ്രദ്ധയും വർദ്ധിപ്പിക്കുന്നതിൽ മാധ്യമപ്രവർത്തകർ സുപ്രധാന പങ്ക് വഹിക്കുന്നു. വാർത്താ റിപ്പോർട്ടുകൾ, അഭിമുഖങ്ങൾ, സിനിമാ അവലോകനങ്ങൾ, ഫീച്ചറുകൾ, ഡിജിറ്റൽ കവറേജുകൾ എന്നിവയിലൂടെ മേളയിലെ സിനിമകളെയും പരിപാടികളെയും ചർച്ചകളെയും ഇന്ത്യയിലുടനീളമുള്ളതും ലോകമെമ്പാടുമുള്ളതുമായ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ സഹായിക്കുന്നു. വൈവിധ്യമാർന്ന കലാകാരന്മാരെയും അവരുടെ സൃഷ്ടികളെയും ആഘോഷിക്കാൻ ഇത് വഴിതുറക്കുന്നു. മേളയെക്കുറിച്ചുള്ള അവബോധം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലും, പൊതുജനങ്ങളെ IFFI -യുമായും സർഗ്ഗാത്മക ആവിഷ്കാരങ്ങളുമായും ചേർത്തുനിർത്തുന്നതിലും നിർണ്ണായക പങ്കുവഹിക്കുന്ന മാധ്യമങ്ങളുടെ തുടർച്ചയായ പങ്കാളിത്തത്തെ IFFI ഏറെ വിലമതിക്കുന്നു.

മീഡിയ അക്രഡിറ്റേഷൻ നടപടികൾ ഒക്ടോബർ 1-ന് ആരംഭിച്ചു

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI 2026) റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഔദ്യോഗിക അക്രഡിറ്റേഷൻ പോർട്ടൽ ആയ https://accreditation.pib.gov.in/eventregistration/login.aspx വഴി മീഡിയ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

മീഡിയ അക്രഡിറ്റേഷനുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്ന് (2026 ഒക്ടോബർ 1) ആരംഭിച്ചു. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2026 ഒക്ടോബർ 15 ആണ്.

അക്രഡിറ്റേഷൻ ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് താഴെപ്പറയുന്നവ ഉൾപ്പെടെയുള്ള മേളയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും:

• ചലച്ചിത്ര പ്രദർശനങ്ങൾ
• പാനൽ ചർച്ചകൾ
• ചലച്ചിത്ര പ്രവർത്തകരുമായും സിനിമാ മേഖലയിലെ വിദഗ്ധരുമായുള്ള സംവാദങ്ങൾ
• ബന്ധങ്ങൾ സ്ഥാപിക്കാനും വിപുലീകരിക്കാനുമുള്ള അവസരങ്ങൾ
• ഫെസ്റ്റിവൽ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി അക്രഡിറ്റേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണമെന്ന് മാധ്യമപ്രവർത്തകരോട് നിർദ്ദേശിക്കുന്നു. അപേക്ഷകർ സാധുവായ തിരിച്ചറിയൽ രേഖ, പ്രൊഫഷണൽ യോഗ്യതാ രേഖകൾ, സജീവമായ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവയ്‌ക്കൊപ്പം പോർട്ടലിൽ ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും മീഡിയ അക്രഡിറ്റേഷൻ നയവും ഇവിടെ വായിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ

• ഫോട്ടോ
• സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖ
• PIB അല്ലെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ അക്രഡിറ്റേഷൻ കാർഡ് / സ്ഥാപനത്തിൻ്റെ തിരിച്ചറിയൽ കാർഡും എഡിറ്ററുടെ കത്തും
• ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തന പരിചയം തെളിയിക്കുന്ന രേഖകൾ

പ്രധാന വിവരങ്ങൾ

• മേള: 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI)
• വേദി: പനാജി, ഗോവ
• മീഡിയ അക്രഡിറ്റേഷൻ ആരംഭിക്കുന്നത്: 2026 ഒക്ടോബർ 1
• മീഡിയ അക്രഡിറ്റേഷൻ അവസാനിക്കുന്നത്: 2026 ഒക്ടോബർ 15
• അക്രഡിറ്റേഷൻ പോർട്ടൽ: https://accreditation.pib.gov.in/eventregistration/login.aspx
• സഹായത്തിനുള്ള ഇ-മെയിൽ വിലാസം: iffi.mediadesk@pib.gov.in

മുൻ വർഷത്തെ (56-ാമത്) IFFI-യ്ക്കായി പോർട്ടലിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകർക്ക് അതേ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കാനും ആവശ്യമായ രേഖകൾ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളകളിലൊന്നിൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നേരത്തെ തന്നെ രജിസ്റ്റർ ചെയ്യുക. ലോകസിനിമയെ രൂപപ്പെടുത്തുന്ന ശബ്ദങ്ങളുമായി സംവദിക്കാനും വെള്ളിത്തിരയ്ക്ക് അപ്പുറമുള്ള കഥകൾ കണ്ടെത്താനും IFFI-യുടെ സർഗ്ഗാത്മക-സാംസ്കാരിക ആഘോഷങ്ങളുടെ ഭാഗമാകാനും അവസരമൊരുങ്ങുന്നു. കൂടാതെ, വിജയകരമായി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് 2026 നവംബർ 19-ന് പനാജിയിൽ നടക്കുന്ന ഫിലിം അപ്രീസിയേഷൻ (ചലച്ചിത്ര ആസ്വാദനം) സംബന്ധിച്ച ശില്പശാലയിൽ സൗജന്യമായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കും!

മാധ്യമപ്രവർത്തകരല്ലാത്ത ചലച്ചിത്ര പ്രേമികൾക്കും https://www.iffigoa.org/delegate-registration എന്ന ലിങ്ക് വഴി IFFI ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിലൂടെ 57-ാമത് IFFI ഒരുക്കുന്ന വൈവിധ്യമാർന്ന ചലച്ചിത്രങ്ങളും മറ്റ് പരിപാടികളും ആസ്വദിക്കാൻ അവർക്കും അവസരമുണ്ടാകും.
 
 
*****

( റിലീസ് ഐ.ഡി: 2317801) സന്ദര്‍ശക കൗണ്ടര്‍ : 4