വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ജി20 വാണിജ്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അമേരിക്കയിലെ മിൽവാക്കിയിലെത്തി

അമേരിക്കൻ നിർമ്മാണ, സാങ്കേതിക രംഗത്തെ പ്രമുഖരുമായി NAM വട്ടമേശ സമ്മേളനത്തിൽ ശ്രീ പീയൂഷ് ഗോയൽ സംവദിച്ചു

പോസ്റ്റഡ് ഓണ്‍: 30 SEP 2026 5:11PM by PIB Thiruvananthpuram
G20 വാണിജ്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അമേരിക്കയിലെ മിൽവാക്കിയിലെത്തി. ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെ കോൺസൽ ജനറലായ ഡോ. എം. ആനന്ദ് പ്രകാശ്  അദ്ദേഹത്തെ സ്വീകരിച്ചു.   നാഷണൽ അസോസിയേഷൻ ഓഫ് മാനുഫാക്ചറേഴ്‌സ് (NAM) സംഘടിപ്പിച്ച ബിസിനസ് വട്ടമേശ സമ്മേളനത്തിൽ, അമേരിക്കയിലെ മുൻനിര നിർമ്മാണ, സാങ്കേതിക വിദ്യ കമ്പനികളുടെ സി.ഇ.ഒ.മാർ  മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവരുമായി ശ്രീ പീയൂഷ് ഗോയൽ സംവദിച്ചു. അമേരിക്കയിലെ പ്രമുഖ നിർമ്മാണ കമ്പനികളുടെ വലിയവിഭാഗത്തെ പ്രതിനിധീകരിക്കുന്ന എൻ.എ.എം., ഏകദേശം 3 ട്രില്യൺ ഡോളറോളം വരുന്ന യു.എസ്. നിർമ്മാണ മേഖലയുടെ ജി.ഡി.പി.യിലേക്ക് മികച്ച സംഭാവനയാണ് നൽകുന്നത്.

കൂടിക്കാഴ്ചയിൽ, ഇന്ത്യ-യു.എസ് സാമ്പത്തിക ബന്ധം പരമ്പരാഗത വ്യാപാര ബന്ധങ്ങൾക്കുമപ്പുറത്തേക്ക് വളരുകയാണെന്ന് ശ്രീ പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. നിക്ഷേപം, നിർമ്മാണം, സാങ്കേതികവിദ്യ, നവീകരണം, ശക്തമായ വിതരണ ശൃംഖലകൾ (resilient supply chains), ഇരു രാജ്യങ്ങളിലും ഉയർന്ന മൂല്യമുള്ള  കഴിവുകൾ  വളർത്തിയെടുക്കൽ  എന്ന രീതിയിലേക്ക് ഈ ബന്ധം വ്യാപിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും രാജ്യത്ത് പങ്കാളിത്തം വിപുലീകരിക്കുന്നതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ.മാരും മുതിർന്ന എക്സിക്യൂട്ടീവുകളും പങ്കുവെച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ, ബിസിനസ് വിപുലീകരണം, നിക്ഷേപങ്ങൾ എന്നിവയിൽ കമ്പനികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സൗകര്യങ്ങളും നൽകാൻ കേന്ദ്ര  ഗവണ്മെൻ്റ്  സജ്ജമാണെന്ന് ശ്രീ പീയൂഷ് ഗോയൽ അറിയിച്ചു.

റോക്ക്‌‌വെൽ ഓട്ടോമേഷൻ്റെ(Rockwell Automation) ആഗോള ആസ്ഥാനത്ത് ബിസിനസ് റൗണ്ട് ടേബിളും (BRT) എൻ.എ.എമ്മും (NAM) ചേർന്ന് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലും ശ്രീ പീയൂഷ് ഗോയൽ പങ്കെടുത്തു. ചടങ്ങിൽ മറ്റ് ജി20 രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുമായും പ്രമുഖ യു.എസ്. കമ്പനികളുടെ മുതിർന്ന ബിസിനസ് നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
 
****
 

( റിലീസ് ഐ.ഡി: 2317249) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Gujarati , Kannada