കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. പ്രള്‍ഹാദ് ജോഷി ഇന്ന് ഫ്രാന്‍സിന്റെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ബഹിരാകാശ മന്ത്രി ഫിലിപ്പ് ബാപ്റ്റിസ്റ്റുമായി ന്യൂഡല്‍ഹിയില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങള്‍, അക്കാദമിക് മൊബിലിറ്റി, സ്ഥാപന പങ്കാളിത്തം എന്നിവയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു.
ഫ്രഞ്ച് മന്ത്രിയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തെ ശ്രീ. പ്രള്‍ഹാദ് ജോഷി എടുത്തുകാട്ടുകയും, ഉഭയകക്ഷി ബന്ധത്തിന്റെ ഒരു സുപ്രധാന സ്തംഭമാണ് വിദ്യാഭ്യാസ മേഖലയിലെ സഹകരണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ വര്‍ഷം 2026 വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങള്‍ എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിന് സമയോചിതമായ അവസരമാണ് പ്രദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിലെ നീസില്‍ നടന്ന ഭാരത് ഇന്നൊവേറ്റ്‌സ് 2026ന്റെ ഉദ്ഘാടന പതിപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് ഫ്രാന്‍സ് സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് മന്ത്രി നന്ദി അറിയിച്ചു. ഭാരത് ഇന്നൊവേറ്റ്‌സ് പ്ലാറ്റ്‌ഫോം ഇന്ത്യയിലെ ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ നൂതനാശയങ്ങള്‍ ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരം നല്‍കിയെന്നും വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കൂടുതല്‍ ഇടപെടലുകള്‍ക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയില്‍, സ്ഥാപനപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ എന്നിവരുടെ മൊബിലിറ്റി, സഹകരണാടിസ്ഥാനത്തിലുള്ള അക്കാദമിക് പ്രോഗ്രാമുകള്‍ക്കും കൈമാറ്റങ്ങള്‍ക്കുമുള്ള അവസരങ്ങള്‍ വിപുലീകരിക്കല്‍ എന്നിവയുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യമായ സഹകരണങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. സ്ഥാപനപരമായ ഇടപെടല്‍, സഹകരണാടിസ്ഥാനത്തിലുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, ഗവേഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ലൈഫ് സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ് എന്നീ മേഖലകളിലെ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകളും അവര്‍ പരിശോധിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഗവേഷണം, നൂതനാശയങ്ങള്‍, വിജ്ഞാന പങ്കാളിത്തം എന്നിവ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രിമാര്‍ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും, നിലവിലുള്ള സ്ഥാപനപരമായ സഹകരണങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും സംയുക്ത അക്കാദമിക്, ഗവേഷണ സംരംഭങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കാനുമുള്ള അവസരങ്ങളേക്കുറിച്ചും ചര്‍ച്ച ചെയ്തു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി ഉള്‍പ്പെടെയുള്ള ഇടങ്ങളിലും, സാങ്കേതിക മാനവവിഭവശേഷി ആവശ്യമുള്ള ഫ്രഞ്ച് കമ്പനികള്‍ സ്ഥിതിചെയ്യുന്ന മറ്റ് സ്ഥലങ്ങളിലും ശാഖാ കാമ്പസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ഫ്രഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ഷണിച്ചു.
ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ഭാഷാപഠനവും അധ്യാപക വിദ്യാഭ്യാസവും ശക്തിപ്പെടുത്തുന്നതിനും, അക്കാദമിക് വൈദഗ്ദ്ധ്യം പങ്കുവെക്കുന്നതിനും, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ ഇരുപക്ഷവും പരിശോധിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പരസ്പര യോഗ്യതാ അംഗീകാര കരാറിന്റെ നിലവിലെ പുനരവലോകനം, ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലെ അനുഭവങ്ങളും മികച്ച പ്രവര്‍ത്തന മാതൃകകളും പങ്കുവെക്കല്‍, ഗുണനിലവാരമുള്ള പഠനത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തല്‍ എന്നിവയും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടു.
വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങള്‍, അക്കാദമിക് മൊബിലിറ്റി, ഭാഷാ വിദ്യാഭ്യാസം, ഡിജിറ്റല്‍ പഠനം എന്നിവയില്‍ ഇന്ത്യ-ഫ്രാന്‍സ് സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് കൂടിക്കാഴ്ച സമാപിച്ചത്.