ബഹിരാകാശ വകുപ്പ്
മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നൂതന ബഹിരാകാശ ആവാസവ്യവസ്ഥ: ഇന്ത്യ–ഫ്രാന്‍സ് ബഹിരാകാശ സഹകരണം പുതിയ ഘട്ടത്തിലേക്ക്
പോസ്റ്റഡ് ഓണ്‍:
28 SEP 2026 4:23PM by PIB Thiruvananthpuram
1960കളിലെ പ്രാരംഭ 'സൗണ്ടിംഗ് റോക്കറ്റ്' പരീക്ഷണങ്ങളില്‍ നിന്ന് ആരംഭിച്ച ഇന്ത്യ–ഫ്രാന്‍സ് ബഹിരാകാശ സഹകരണം ഇന്ന് സംയുക്ത ഉപഗ്രഹ ദൗത്യങ്ങള്‍, വിക്ഷേപണ വാഹന സാങ്കേതികവിദ്യകള്‍, മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍, ബഹിരാകാശ അധിഷ്ഠിത സേവനങ്ങള്‍ എന്നിവയിലേക്ക് വ്യാപിക്കുകയും വിപുലവും വികസിതവുമായ പങ്കാളിത്തമായി മാറുകയും ചെയ്തതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും, പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥകാര്യം, പൊതു പരാതി പരിഹാരം, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് വ്യക്തമാക്കി.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ മേഖലയിലെ സജീവ സഹകരണത്തിന് വഴിയൊരുക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ ഏകോപിപ്പിച്ച് ശക്തമായ ഒരു ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ–ഫ്രാന്‍സ് ദീര്‍ഘകാല ബന്ധം ഇപ്പോള്‍ പുതിയ അവസരങ്ങള്‍ തുറന്നുനല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ബഹിരാകാശം എന്നിവയുടെ ചുമതലയുള്ള ഫ്രഞ്ച് മന്ത്രി പ്രൊഫ. ഫിലിപ്പ് ബാപ്റ്റിസ്റ്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഇന്ന് ന്യൂഡല്‍ഹിയില്‍ ഡോ. ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തി. ബഹിരാകാശ ഉച്ചകോടി, 'ഇന്ത്യ–ഫ്രാന്‍സ് നൂതനാശയ വര്‍ഷം 2026', ബഹിരാകാശ സഹകരണം, CEFIPRA, നീല സമ്പദ്‌വ്യവസ്ഥ (സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ) എന്നിവയുള്‍പ്പെടെ ശാസ്ത്രസാങ്കേതിക രംഗത്തെ വിവിധ മുന്‍ഗണനാ മേഖലകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വിവിധ ശാസ്ത്രമേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തിന്റെ വ്യാപ്തിയും വൈവിധ്യവും പ്രതിനിധി സംഘത്തിന്റെ ഘടന പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഡോ. ജിതേന്ദ്ര സിംഗിനൊപ്പം ശാസ്ത്രസാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. ഉമേഷ് വി. വാഗ്മാരെ, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ടി. ശ്രീനിവാസ കുമാര്‍, ജൈവസാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ, സി.എസ്.ഐ.ആര്‍. (CSIR) ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍. കലയ്‌സെല്‍വി, ഡി.എസ്.ടി. (DST) അന്താരാഷ്ട്ര സഹകരണ വിഭാഗം മേധാവി ഡോ. പ്രവീണ്‍കുമാര്‍ സോമസുന്ദരം എന്നിവരും പങ്കെടുത്തു. ബഹിരാകാശ വകുപ്പിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും പ്രതിനിധികള്‍, സി.ഇ.എഫ്.ഐ.പി.ആര്‍.എ. (CEFIPRA) ഡയറക്ടര്‍, ഫ്രാന്‍സുമായുള്ള സഹകരണത്തിനായുള്ള നോഡല്‍ ഓഫീസറും ഡി.എസ്.ടി. ഐ.സി.ഡി. (ICD) സയന്റിസ്റ്റ്-ഇ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഫ്രഞ്ച് പ്രതിനിധി സംഘത്തില്‍ പ്രൊഫ. ഫിലിപ്പ് ബാപ്റ്റിസ്റ്റ്, ചീഫ് ഓഫ് സ്റ്റാഫ് ലൂ ലെ നബാസ്‌ക്, നയതന്ത്ര ഉപദേഷ്ടാവ് അലക്‌സിയ ലകാസ്, പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ജെറെമി റോളര്‍, ഇന്ത്യ ഡെസ്‌ക് ഓഫീസര്‍ ബെനോയിറ്റ് ടാല്യൂ, ESSEC ഡയറക്ടര്‍ ജനറല്‍ വിന്‍സെന്‍സോ വിന്‍സി, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മത്തൂ, സഹകരണ-സാംസ്‌കാരിക പ്രവര്‍ത്തന വിഭാഗം കൗണ്‍സിലര്‍ ഗ്രെഗോര്‍ ട്രുമെല്‍, ഡെപ്യൂട്ടി കൗണ്‍സിലര്‍ നിക്കോളാസ് ഗാസ്‌കോയിന്‍, ശാസ്ത്രീയ സഹകരണ വിഭാഗം അറ്റാഷെ സില്‍വിയാന്‍ പീഡ്, തന്ത്രപ്രധാന ഉപദേഷ്ടാവ് റാഫേല്‍ സനാനസ്, ബഹിരാകാശകാര്യ കൗണ്‍സിലര്‍ ടമാര ടെസെലെ എന്നിവരും ഉള്‍പ്പെടുന്നു.
ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജന്‍സികളുടെ രൂപീകരണകാലം മുതല്‍ തന്നെ ഇന്ത്യയും ഫ്രാന്‍സും ബഹിരാകാശ മേഖലയില്‍ സഹകരിച്ചുവരുന്നതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. 1960കളിലെ 'സൗണ്ടിംഗ് റോക്കറ്റ്' പരീക്ഷണങ്ങളിലൂടെ ആരംഭിച്ച ഈ ദീര്‍ഘകാല പങ്കാളിത്തം ഇന്ന് മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഐഎസ്ആര്‍ഒയും (ISRO) സിഎന്‍ഇഎസും (CNES) സംയുക്തമായി വികസിപ്പിച്ച 'മേഘാട്രോപിക്‌സ്' (Megha-Tropiques), 'സരള്‍' (SARAL) എന്നീ ഉപഗ്രഹ ദൗത്യങ്ങളും വിക്ഷേപണ വാഹന എന്‍ജിന്‍ വികസനത്തിലെ സഹകരണവും ഈ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാമത്തെ സംയുക്ത ഉപഗ്രഹമായ 'തൃഷ്ണ'യുടെ (TRISHNA) വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ 'ഗഗന്‍യാന്‍' മനുഷ്യ ബഹിരാകാശ ദൗത്യത്തിന് സിഎന്‍ഇഎസ് നല്‍കുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു. ആവശ്യമായ ഉപഭോഗവസ്തുക്കളുടെ വിതരണം, ഫ്‌ലൈറ്റ് സര്‍ജന്‍മാര്‍ക്കുള്ള പരിശീലനം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പിന്തുണ. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലെ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മൈക്രോഗ്രാവിറ്റി ഗവേഷണം, പരാബോളിക് ഫ്‌ലൈറ്റുകള്‍ തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളിലെയും സംഘങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അതിവേഗം പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ മേഖല, പരമ്പരാഗത സര്‍ക്കാര്‍ ബഹിരാകാശ ഏജന്‍സികള്‍ക്കപ്പുറത്തേക്ക് ഇന്ത്യ–ഫ്രാന്‍സ് സഹകരണം വിപുലീകരിക്കുന്നതിന് പുതിയ അവസരങ്ങള്‍ തുറന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങളും സ്വകാര്യ മേഖലയുടെ വളര്‍ച്ചയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, റോക്കറ്റുകളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതിലും ബഹിരാകാശ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിലും ഉള്‍പ്പെടെ വിവിധ മേഖലകളിലായി, നിലവില്‍ 400ലധികം ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ സമന്വയിപ്പിക്കാന്‍ ഇന്ത്യ-ഫ്രാന്‍സ് സഹകരണത്തിന്റെ അടുത്ത ഘട്ടത്തിന് കഴിയുമെന്നും, അതുവഴി വൈദഗ്ധ്യവും സാങ്കേതികവിദ്യയും വിഭവങ്ങളും പങ്കുവെക്കാനും കൂടുതല്‍ വിപുലവും പരസ്പരബന്ധിതവുമായ ഒരു ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത 'ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ വര്‍ഷം 2026', നൂതനാശയങ്ങളും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയായി മാറുകയാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഒക്ടോബര്‍ 11ന് ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന 'വാട്ടര്‍ സൈക്കിള്‍ ആന്‍ഡ് തൃഷ്ണ (TRISHNA) മിഷന്‍' പരിപാടിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പരിപാടിയുടെ ഭാഗമായി ഐഎസ്ആര്‍ഒ (ISRO) ബോധവത്ക്കരണ സാമഗ്രികള്‍ ലഭ്യമാക്കുകയും, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തൃഷ്ണ ഉപഗ്രഹത്തിന്റെ സവിശേഷതകളും പ്രയോഗസാധ്യതകളും വിശദീകരിക്കുകയും ചെയ്യും.
ജൈവസാങ്കേതികവിദ്യ, ഡിജിറ്റല്‍ ശാസ്ത്രസാങ്കേതികവിദ്യകള്‍, സമുദ്രശാസ്ത്രം തുടങ്ങിയ വിവിധ ശാസ്ത്രമേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നിലനില്‍ക്കുന്ന വിപുലമായ സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ് ബഹിരാകാശ മേഖലയിലെ പങ്കാളിത്തത്തെയും വീക്ഷിക്കേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. CEFIPRA, ഇന്ത്യ–ഫ്രാന്‍സ് സംയുക്ത ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും തുടരുന്ന സഹകരണത്തെ പരാമര്‍ശിച്ച അദ്ദേഹം, വിവിധ ശാസ്ത്രമേഖലകളില്‍ നിരന്തര പുരോഗതി കൈവരിക്കുന്നതും കൂടുതല്‍ ആഴവും വ്യാപ്തിയും ആര്‍ജ്ജിക്കുന്നതുമായ പങ്കാളിത്തമായി ഇന്ത്യ–ഫ്രാന്‍സ് ശാസ്ത്രസാങ്കേതിക സഹകരണം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ-ശാസ്ത്ര മേഖലകളിലെ സഹകരണത്തിന് പുറമെ, സമുദ്രശാസ്ത്രം, 'നീല സമ്പദ്‌വ്യവസ്ഥ' (സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ) തുടങ്ങിയ മേഖലകളിലും ഇന്ത്യയ്ക്കും ഫ്രാന്‍സിനും സഹകരിക്കാന്‍ വലിയ സാധ്യതകളുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ആഴക്കടലിന്റെ ശാസ്ത്രീയ പ്രാധാന്യവും അവിടെയുള്ള വിഭവസാധ്യതകളും പഠിക്കാനും പര്യവേക്ഷണം ചെയ്യാനും ലക്ഷ്യമിടുന്ന ഇന്ത്യയുടെ 'ഡീപ് ഓഷ്യന്‍ മിഷന്‍' (Deep Ocean Mission) അദ്ദേഹം എടുത്തുപറഞ്ഞു. ബഹിരാകാശം, ശാസ്ത്രം, സമുദ്രശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നത് ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, മറ്റ് പങ്കാളികള്‍ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്നതിനും അതുവഴി ഇന്ത്യ–ഫ്രാന്‍സ് ബന്ധത്തെ കൂടുതല്‍ വിപുലവും പരസ്പരബന്ധിതവുമായ പങ്കാളിത്തമാക്കി മാറ്റുന്നതിനും അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ദര്‍ശനത്തിന് ഫ്രാന്‍സിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ഈ മേഖലകളിലെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതില്‍ ഫ്രാന്‍സിന് ശക്തമായ താത്പര്യമുണ്ടെന്നും പ്രൊഫ. ഫിലിപ്പ് ബാപ്റ്റിസ്റ്റ് പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കൈവരിക്കാനാകുന്ന നേട്ടങ്ങളുടെ മികച്ച ഉദാഹരണമായി തൃഷ്ണ ദൗത്യത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍, ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം, മൈക്രോഗ്രാവിറ്റി ഗവേഷണം, പാരബോളിക് ഫ്‌ലൈറ്റുകള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനും അദ്ദേഹം പിന്തുണ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പരസ്പരം ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ–ഫ്രാന്‍സ് സഹകരണത്തെ കൂടുതല്‍ ശക്തവും നൂതനവും ഭാവിസജ്ജവുമായ ഒരു നൂതനാശയ പങ്കാളിത്തമായി വികസിപ്പിക്കുക എന്നതാണ് ഇരു രാജ്യങ്ങളുടെയും പൊതുലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
2026നെ 'ഇന്ത്യ–ഫ്രാന്‍സ് നൂതനാശയ വര്‍ഷം' (India–France Year of Innovation) ആയി ആചരിക്കുന്ന പശ്ചാത്തലത്തില്‍, ഇന്ത്യ–ഫ്രാന്‍സ് ബന്ധത്തിലെ നിര്‍ണായകമായ ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. ബഹിരാകാശം, ശാസ്ത്രസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ, ഡിജിറ്റല്‍ സയന്‍സസ്, സമുദ്രശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും ഇതിനോടകം സജീവമായ സഹകരണം തുടരുന്നുണ്ട്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ പങ്കാളിത്തത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതിനും വളര്‍ന്നുവരുന്നതും നൂതനവുമായ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനും കൂടിക്കാഴ്ചയിലെ ചര്‍ച്ചകള്‍ വഴിതുറന്നു. അതോടൊപ്പം, ഇരു രാജ്യങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ ചര്‍ച്ചകള്‍ സഹായകമായി.




***
( റിലീസ് ഐ.ഡി: 2316233)
സന്ദര്‍ശക കൗണ്ടര്‍ : 5