നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

6 വെള്ളി മെഡലുകളും 20 മെഡൽ ഫോർ എക്‌സലൻസും നേടി വേൾഡ്‌സ്കിൽസ് ഷാങ്ഹായ് 2026-ൽ ഇന്ത്യ പത്താം സ്ഥാനം കരസ്ഥമാക്കി

പോസ്റ്റഡ് ഓണ്‍: 27 SEP 2026 8:24PM by PIB Thiruvananthpuram

ചൈനയിലെ ഷാങ്ഹായിൽ നടന്ന അഭിമാനകരമായ അന്താരാഷ്ട്ര നൈപുണ്യ മത്സരമായ 48-ാമത് വേൾഡ് സ്കിൽസ് ഷാങ്ഹായ് 2026-ൽ 6 വെള്ളി മെഡലുകളും 20 മെഡൽ ഫോർ എക്‌സലൻസും നേടി ടീം ഇന്ത്യ പത്താം സ്ഥാനം കരസ്ഥമാക്കി. നാല് വെങ്കല മെഡലുകളും 12 മെഡൽ ഫോർ എക്സലൻസും നേടി 13-ാം സ്ഥാനത്തെത്തിയ വേൾഡ്‌സ്കിൽസ് ലിയോൺ 2024-ലെ  പ്രകടനത്തേക്കാൾ നില മെച്ചപ്പെടുത്തിയ ഈ നേട്ടം, ആഗോള വേദിയിൽ രാജ്യത്തെ നൈപുണ്യമുള്ള യുവജനങ്ങളുടെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലാണ്.

ബേക്കറി വിഭാഗത്തിൽ സ്മൃതി നമ്പ്യാർ, ഡെൻ്റൽ പ്രോസ്തെറ്റിക്‌സിൽ മുഹമ്മദ് സലാം, ഡിജിറ്റൽ ഇൻ്ററാക്ടീവ് മീഡിയ ഡിസൈനിൽ കോവിദ് അജയ് ഗംഗ്രാഡെ, ഇൻഡസ്ട്രിയൽ ഡിസൈൻ ടെക്നോളജിയിൽ പാർത്ഥ് വോറ, ലോജിസ്റ്റിക്സ് ആൻഡ് ഫ്രൈറ്റ് ഫോർവേഡിംഗിൽ മെഹ്റുന്നീസ ബീഗം, റീട്ടെയിൽ സെയിൽസിൽ സാനിയ ജോഷി എന്നിവരാണ് വേൾഡ്‌സ്കിൽസ് ഷാങ്ഹായിൽ ആറ് വെള്ളി മെഡലുകൾ നേടിയത്. ഇവരുടെ നേട്ടങ്ങൾ സർഗ്ഗാത്മക, സാങ്കേതിക, സേവന മേഖലകളിലെ നൈപുണ്യങ്ങളുടെ വൈവിധ്യം വ്യക്തമാക്കുന്നതിനൊപ്പം, ആഗോള വേദിയിലെ ഇന്ത്യൻ പ്രതിഭകളുടെ വൈപുല്യവും പ്രതിഫലിപ്പിക്കുന്നു.

സാങ്കേതിക, വ്യാവസായിക, ഡിജിറ്റൽ, സർഗ്ഗാത്മക, സേവന മേഖലകളിലെ നൈപുണ്യങ്ങളിലായി 20 മെഡൽ ഫോർ എക്‌സലൻസും ഇന്ത്യ കരസ്ഥമാക്കി. ബേക്കറി വിഭാഗത്തിൽ വെള്ളി മെഡൽ  നേടിയ സ്മൃതി നമ്പ്യാരെ ഇന്ത്യയുടെ ‘ബെസ്റ്റ് ഓഫ് നേഷൻ’ ആയി തിരഞ്ഞെടുത്തു.

2026 സെപ്റ്റംബർ 22 മുതൽ 27 വരെ ആറ് ദിവസം നീണ്ടുനിന്ന ഈ അന്താരാഷ്ട്ര പരിപാടിയിൽ എഴുപതോളം രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 1,400-ലധികം യുവ മത്സരാർത്ഥികൾ ഒത്തുചേർന്നു. വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, നൂതന നിർമ്മാണം, എഞ്ചിനീയറിംഗ്, സർഗ്ഗാത്മക വ്യവസായങ്ങൾ, പ്രത്യേക സേവനങ്ങൾ എന്നിവയുൾപ്പെടെ 63 നൈപുണ്യ മേഖലകളിലായി 70 മത്സരാർത്ഥികളടങ്ങിയ ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘമാണ് മത്സരത്തിൽ പങ്കെടുത്തത്.

 

സെപ്റ്റംബർ 23 മുതൽ 26 വരെ നാല് ദിവസം നീണ്ടുനിന്ന വാശിയേറിയ മത്സരങ്ങൾക്ക് ശേഷം, സെപ്റ്റംബർ 27-ന് ഷാങ്ഹായിൽ നടന്ന ഗംഭീരമായ സമാപന ചടങ്ങിൽ വിജയികളെ ആദരിച്ചു. അസാധാരണമായ സാങ്കേതിക പ്രാവീണ്യം, നൂതനാശയം, കൃത്യത, കരകൗശല മികവ് എന്നിവ ആഘോഷിച്ച ഈ ചടങ്ങിൽ ലോകമെമ്പാടുമുള്ള മത്സരാർത്ഥികളും അന്താരാഷ്ട്ര പ്രതിനിധിസംഘങ്ങളും വിദഗ്ദ്ധരും വ്യവസായ പ്രതിനിധികളും ഒത്തുചേർന്നു.

ടീം ഇന്ത്യയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി പറഞ്ഞു: “വേൾഡ്‌സ്കിൽസ് ഷാങ്ഹായ് 2026-ൽ 6 വെള്ളി മെഡലുകളും 20 മെഡൽ ഫോർ എക്‌സലൻസും നേടിയ ടീം ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം ആഗോള നൈപുണ്യ യാത്രയിലെ ഇന്ത്യയുടെ സുപ്രധാന മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. മുൻകാല പ്രകടനത്തെ മറികടന്നുകൊണ്ട്, ഇന്ത്യയുടെ നൈപുണ്യ പ്രതിഭയുടെ വർദ്ധിച്ചുവരുന്ന കരുത്തും മത്സരക്ഷമതയും നമ്മുടെ യുവ മത്സരാർത്ഥികൾ തെളിയിച്ചിരിക്കുന്നു. ഈ നേട്ടത്തിന് സംഭാവന നൽകിയ ഓരോ മത്സരാർത്ഥിയെയും വിദഗ്ദ്ധരെയും പരിശീലകരെയും വ്യവസായ പങ്കാളികളെയും ഞാൻ അഭിനന്ദിക്കുന്നു. മെഡലുകൾക്കപ്പുറം, ലോകവേദിയിൽ നമ്മുടെ യുവജനങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച ആത്മവിശ്വാസവും ദൃഢനിശ്ചയവും മികവുമാണ് നമുക്ക് ഏറെ അഭിമാനം പകരുന്നത്. അവരുടെ വിജയം, ഭാവിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സജ്ജമായ ഒരു നൈപുണ്യ വികസന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ചവരുമായി മത്സരിക്കാൻ ഓരോ യുവ ഇന്ത്യക്കാരനും അവസരമൊരുക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.”

മാസങ്ങൾ നീണ്ട കഠിനമായ തയ്യാറെടുപ്പുകൾ, പ്രത്യേക പരിശീലനം, മാർഗ്ഗനിർദ്ദേശം, അന്താരാഷ്ട്ര നിലവാര വിലയിരുത്തലുകൾ എന്നിവയുടെ പിന്തുണയോടെ യുവ മത്സരാർത്ഥികൾ പ്രകടിപ്പിച്ച അർപ്പണബോധത്തെയാണ് ഇന്ത്യയുടെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്ഥാപിതമായ വേൾഡ്‌സ്കിൽസ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉയർന്ന തലത്തിലുള്ള തൊഴിൽപരമായ പ്രാവീണ്യം പ്രകടിപ്പിക്കുന്ന മത്സരാർത്ഥികൾക്കാണ് മെഡൽ ഫോർ എക്‌സലൻസ് സമ്മാനിക്കുന്നത്.

ഡെൻ്റൽ പ്രോസ്തെറ്റിക്‌സ്, ഡിജിറ്റൽ ഇൻ്ററാക്ടീവ് മീഡിയ ഡിസൈൻ, ഇൻ്റലിജൻ്റ്  സെക്യൂരിറ്റി ടെക്നോളജി, ലാൻഡ്സ്കേപ്പ് ഗാർഡനിംഗ്, ഒപ്റ്റോഇലക്ട്രോണിക് ടെക്നോളജി, റീട്ടെയിൽ സെയിൽസ്, ഡ്രോൺ സംവിധാനങ്ങൾ, ഇൻഡസ്ട്രിയൽ മെക്കാനിക്സ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഹെവി വെഹിക്കിൾ ടെക്നോളജി, എയർക്രാഫ്റ്റ് മെയിൻ്റനൻസ് എന്നിവയുൾപ്പെടെ പുതിയതും വളർന്നുവരുന്നതുമായ 11 നൈപുണ്യ വിഭാഗങ്ങളിലെ ഇന്ത്യയുടെ ആദ്യ പങ്കാളിത്തം ഈ വർഷത്തെ മത്സരത്തിൻ്റെ  ശ്രദ്ധേയമായ സവിശേഷതയായിരുന്നു.

ഈ പ്രത്യേക വിഭാഗങ്ങളിലേക്കുള്ള ഇന്ത്യയുടെ കടന്നുവരവ് രാജ്യത്തെ നൈപുണ്യ ആവാസവ്യവസ്ഥയുടെ മാറുന്ന ഘടനയെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ,  ഭാവിയെ മുൻനിർത്തിയുള്ള തൊഴിലുകൾ, പുതിയ സാങ്കേതികവിദ്യകൾ, വ്യവസായാധിഷ്ഠിത നൈപുണ്യങ്ങൾ എന്നിവയ്ക്ക് ഇത് കൂടുതൽ പ്രാധാന്യവും നൽകുന്നു.

വിവിധ സാങ്കേതിക, സർഗ്ഗാത്മക, സേവന വിഭാഗങ്ങളിലുടനീളമുള്ള യുവതികളുടെ പങ്കാളിത്തമായിരുന്നു മറ്റൊരു പ്രധാന സവിശേഷത. കെമിക്കൽ ലബോറട്ടറി ടെക്നോളജി, ലോജിസ്റ്റിക്സ് ആൻഡ് ഫ്രൈറ്റ് ഫോർവേഡിംഗ് മുതൽ ഫാഷൻ ടെക്നോളജി, വിഷ്വൽ മെർച്ചൻഡൈസിംഗ്, ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, ഹോസ്പിറ്റാലിറ്റി, മറ്റ് പ്രത്യേക തൊഴിലുകൾ വരെയുള്ള നൈപുണ്യ വിഭാഗങ്ങളിൽ വനിതാ മത്സരാർത്ഥികൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും സ്ത്രീകൾക്ക് വർദ്ധിച്ചുവരുന്ന അവസരങ്ങളെയാണ് ഇത് വ്യക്തമാക്കുന്നത്.

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിൻ്റെ (MSDE) കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്‌മെൻ്റ്  കോർപ്പറേഷനാണ് (NSDC) സെക്ടർ സ്കിൽ കൗൺസിലുകൾ, വ്യവസായ പങ്കാളികൾ, പരിശീലന സ്ഥാപനങ്ങൾ, സാങ്കേതിക വിദഗ്ദ്ധർ, മറ്റ് പങ്കാളികൾ എന്നിവരുടെ പിന്തുണയോടെ വേൾഡ്‌സ്കിൽസ് ഷാങ്ഹായ് 2026-ലെ ഇന്ത്യയുടെ പങ്കാളിത്തം ഏകോപിപ്പിച്ചത്.

ഈ മത്സരം ഇന്ത്യയുടെ മത്സരാർത്ഥികൾക്കും വിദഗ്ദ്ധർക്കും വിലയേറിയ അന്താരാഷ്ട്ര അനുഭവപരിചയം നൽകി. കൂടാതെ ആഗോള തൊഴിൽ മാനദണ്ഡങ്ങൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, അന്താരാഷ്ട്രതലത്തിലെ മികച്ച പ്രവർത്തന മാതൃകകൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ഇത് നൽകി. ഇന്ത്യയുടെ പരിശീലന-മൂല്യനിർണ്ണയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഇവ സഹായകമാകും.

വേൾഡ്‌സ്കിൽസ്  ഷാങ്ഹായ് 2026-ന് സമാപനം കുറിക്കുമ്പോൾ, ടീം ഇന്ത്യയുടെ ഈ പ്രകടനം മെഡൽ നേട്ടങ്ങളെ മാത്രമല്ല അടയാളപ്പെടുത്തുന്നത്, മറിച്ച് ലോകത്തിലെ ഏറ്റവും മുൻനിര നൈപുണ്യ വേദിയിൽ രാജ്യത്തെ പ്രതിനിധീകരിച്ച 70 യുവ ഇന്ത്യക്കാരുടെ പ്രതിബദ്ധതയെയും സ്ഥൈര്യത്തെയും അഭിലാഷങ്ങളെയുമാണ് ആഘോഷിക്കുന്നത്. നൈപുണ്യമുള്ളവരും ആത്മവിശ്വാസമുള്ളവരും ഭാവി സജ്ജരുമായ തൊഴിൽശക്തി വളർത്തിയെടുക്കുന്നതിന് ഗുണനിലവാരമുള്ള നൈപുണ്യ വികസനം, വ്യവസായ പങ്കാളിത്തം, ആഗോള നിലവാരവുമായി താരതമ്യം ചെയ്യൽ  എന്നിവയിലെ തുടർച്ചയായ നിക്ഷേപത്തിൻ്റെ  പ്രാധാന്യത്തെ ഈ നേട്ടങ്ങൾ വീണ്ടും അടിവരയിടുന്നു.

 

No.

Skill category

Competitor(s)

1

Bakery

Smriti Nambiar

2

Dental Prosthetics

Mohammed Salam

3

Digital Interactive Media Design

Kovid Ajay Gangrade

4

Industrial Design Technology

Parth Vohra

5

Logistics and Freight Forwarding

Mehrunissa Begum

6

Retail Sales

Saniya Joshi

 

Medal for Excellence

No.

Skill category

Competitor(s)

1

Intelligent Security Technology

Ragul Kanthamma Balraj

2

Mechatronics

Deepu Mudigerepalya Srinivasa; Jayanth Kariyappa

3

Mobile Applications Development

Arjun Sumathi Vijayabashkar

4

Electrical Installations

Dhanush Madhugiri Govindaraju

5

Plastering and Drywall Systems

Surenthiran Mani

6

Painting and Decorating

Muskan

7

Autonomous Mobile Robotics

Aditya Prakash; Debasish Panda

8

Cabinetmaking

Yashwanth Chary Keshoju

9

Jewellery

Joy Das

10

Beauty Therapy

Tahesin Sabir Sutar

11

Fashion Technology

Vidhi Niravkumar Suthar

12

Automobile Technology

Md Seraj

13

Car Painting

Kaif Khan

14

IT Network Systems Administration (ITNSA)

Khushraj Nimesh Rathod

15

Graphic Design Technology

Rajeeb Lochan Chand

16

Health and Social Care

Vishnupriya Sunil

17

Industry 4.0

Mallinath; Suhan Mascarenhas

18

Chemical Laboratory Technology

Sampada Desai

19

Additive Manufacturing

Pavan Bhadravati Suresha

20

Robot Systems Integration

Abhishek Somanna Shignalli; Vinay Muttayya Hiremath

 

 

 

****


( റിലീസ് ഐ.ഡി: 2315691) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Marathi