ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉയർന്നുവരുന്ന സുരക്ഷാ-വികസന വെല്ലുവിളികളെ നേരിടാൻ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കിടയിൽ കൂടുതൽ തന്ത്രപ്രധാന സഹകരണം അനിവാര്യം: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ

പോസ്റ്റഡ് ഓണ്‍: 25 SEP 2026 2:07PM by PIB Thiruvananthpuram

അതിവേഗം മാറിമറിയുന്ന ആഗോള സുരക്ഷാ, വികസന വെല്ലുവിളികളെ നേരിടാൻ സുസ്ഥിര അന്താരാഷ്ട്ര സംവാദങ്ങളും പരസ്പര പഠനവും തന്ത്രപ്രധാന സഹകരണവും അനിവാര്യമെന്ന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ആഹ്വാനം ചെയ്തു.

ഉപരാഷ്ട്രപതി ഭവനിൽ  നടന്ന നാലാമത് അന്താരാഷ്ട്ര സ്ട്രാറ്റജിക് എൻഗേജ്‌മെന്റ് പ്രോഗ്രാമിന്റെ (IN-STEP) പ്രതിനിധികളെ ഉപരാഷ്ട്രപതി സ്വാഗതം ചെയ്തു.  ഇന്ത്യയിൽ നിന്നുള്ള പങ്കാളികൾ ഉൾപ്പെടെ 38 അന്താരാഷ്ട്ര പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഉൾപ്പെടെയുള്ള സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും പങ്കാളിത്തത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

അർത്ഥവത്തായ സംവാദങ്ങൾക്കും പരസ്പര പഠനത്തിനും തന്ത്രപരമായ പങ്കാളിത്തത്തിനുമായി നിലനിൽക്കുന്ന ഒരു വേദി നിർമ്മിക്കുകയെന്ന ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ കാലത്തെ കൂട്ടായ പ്രതിജ്ഞാബദ്ധതയാണ് ഇൻ-സ്റ്റെപ്പ്  പ്രതിഫലിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ലോകം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഉയർന്നുവരുന്ന വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടുക എന്നത് ഏതൊരു രാജ്യത്തിനും അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത സുരക്ഷാ ഭീഷണികൾക്കൊപ്പം സാങ്കേതികവിദ്യ, സൈബർ സ്പേസ്, നിർമ്മിത ബുദ്ധി, ഊർജ്ജ സുരക്ഷ, സാമ്പത്തിക പ്രതിരോധശേഷി, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, വിതരണ ശൃംഖലകൾ തുടങ്ങിയ മേഖലകളിലെ വെല്ലുവിളികളും കൂടിച്ചേരുന്നതോടെ തന്ത്രപരമായ ആഗോള അന്തരീക്ഷം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു.

ആഗോള വികസനങ്ങളെക്കുറിച്ചും അവയുടെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതൽ വിപുലമായ തന്ത്രപര കാഴ്ചപ്പാട് വികസിപ്പിക്കുന്നതിനും അനുയോജ്യമായ പ്രതികരണങ്ങൾ രൂപീകരിക്കുന്നതിനും ഇൻ-സ്റ്റെപ്പ്  അവസരമൊരുക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ഈ സംരംഭത്തിന്റെ അടിസ്ഥാന തത്ത്വചിന്തയെ ഉൾക്കൊള്ളുന്ന മൂന്ന് തത്ത്വങ്ങൾ എടുത്തുകാണിച്ചുകൊണ്ട് 'ആഗോളതലത്തിൽ ചിന്തിക്കുക, തന്ത്രപരമായി ഇടപഴകുക, യോജിപ്പോടെ പ്രവർത്തിക്കുക,' എന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു.  സഹകരണം, ഏകോപനം, കൂട്ടായ പരിശ്രമം എന്നിവയിലൂടെ പൊതുവായ വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നതിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങളുടെ വൈവിധ്യമാർന്ന അനുഭവങ്ങളും വികസന മുൻഗണനകളും പ്രതിരോധശേഷി, സുരക്ഷ, ഭരണം, സഹകരണം എന്നിവയിൽ മൂല്യവത്തായ പാഠങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

പരസ്പര ബഹുമാനം, പങ്കാളിത്ത താൽപ്പര്യങ്ങൾ, പരമാധികാര സമത്വം, ഓരോ രാജ്യത്തിന്റെയും വികസന-തന്ത്രപ്രധാന മുൻഗണനകളോടുള്ള ആദരം എന്നിവയാൽ നയിക്കപ്പെടുന്നതാണ് ഗ്ലോബൽ സൗത്തുമായുള്ള ഇന്ത്യയുടെ സഹകരണമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി അഴിമതി തുടരുകയാണെന്നും അത് നിർമ്മാർജ്ജനം ചെയ്യാൻ ഏകോപിതമായ ശ്രമങ്ങൾ അനിവാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പൊതുജീവിതത്തിൽ സുതാര്യതയ്ക്കും സത്യസന്ധതയ്ക്കും പ്രാധാന്യം നൽകണമെന്നും എല്ലാ തലങ്ങളിലും അഴിമതിമുക്ത സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ പങ്കാളികൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കോവിഡ് മഹാമാരിക്കാലത്ത് 'വാക്സിൻ മൈത്രി' ഉദ്യമത്തിലൂടെ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ ഉദാരമായ സഹായങ്ങൾ അനുസ്മരിക്കവേ, സാങ്കേതിക മുന്നേറ്റങ്ങളും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും മാനവികതയ്ക്ക് മുഴുവൻ പ്രയോജനപ്പെടണമെന്ന്  അദ്ദേഹം ഓർമ്മിപ്പിച്ചു. 'വസുധൈവ കുടുംബകം' എന്ന ഭാരതീയ ദർശനം മുൻനിർത്തി, ഇത്തരത്തിലുള്ള അറിവുകളും നൂതനാശയങ്ങളും മനുഷ്യരാശിയുടെ കൂട്ടായ നന്മയ്ക്കായി പങ്കുവെക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

പ്രഗത്ഭരായ പ്രതിനിധികളെയും പ്രമുഖരെയും ഒരുമിച്ചു കൊണ്ടുവന്ന ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ്, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവരെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഈ കൂട്ടായ്മ പങ്കാളിത്ത രാജ്യങ്ങൾ തമ്മിലുള്ള പ്രൊഫഷണൽ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും തന്ത്രപരമായ സഹകരണം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്റർനാഷണൽ സ്ട്രാറ്റജിക് എൻഗേജ്‌മെന്റ് പ്രോഗ്രാമിന്റെ (IN-STEP) നാലാമത് പതിപ്പിൽ ആകെ 38 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ശ്രീലങ്ക, സീഷെൽസ്, മംഗോളിയ, നേപ്പാൾ, മൗറീഷ്യസ്, മാലദ്വീപ്, ഒമാൻ, ഗയാന, ചിലി, അർജന്റീന, ഫിലിപ്പീൻസ്, തായ്‌ലൻഡ്, അർമേനിയ, കിർഗിസ്ഥാൻ, ഖത്തർ, മ്യാൻമർ, ഉസ്ബെക്കിസ്ഥാൻ, ബ്രസീൽ തുടങ്ങി 22 രാജ്യങ്ങളിൽ നിന്നുള്ള 25 അന്താരാഷ്ട്ര പ്രതിനിധികളും ഇതിൽ ഉൾപ്പെടുന്നു.

വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ്  എന്നിവ നാഷണൽ ഡിഫൻസ് കോളേജുമായി  സംയുക്തമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന പരിശീലന പരിപാടിയാണ് 'ഇൻ-സ്റ്റെപ്പ്'. തന്ത്രപ്രധാനമായ വിഷയങ്ങൾ, സുരക്ഷ, വികസന വെല്ലുവിളികൾ എന്നിവയിൽ വിവിധ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്താനും പ്രൊഫഷണൽ, സ്ഥാപനതല ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഇത് മികച്ച വേദി ഒരുക്കുന്നു.

പരിപാടിയുടെ മുൻ പതിപ്പുകൾ 2024 മാർച്ച്, 2024 ഒക്ടോബർ, 2025 ഒക്ടോബർ-നവംബർ എന്നീ മാസങ്ങളിലായിട്ടാണ് വിജയകരമായി സംഘടിപ്പിച്ചത്.

****


( റിലീസ് ഐ.ഡി: 2315074) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: Bengali , English , Urdu , हिन्दी , Marathi , Manipuri , Gujarati , Tamil