കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
ചട്ടങ്ങൾ പാലിക്കാത്ത നിധി കമ്പനികളുടെ ഉയർന്ന വരുമാന വാഗ്ദാനങ്ങൾക്കെതിരെ MCA മുന്നറിയിപ്പ്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
പോസ്റ്റഡ് ഓണ്‍:
24 SEP 2026 5:11PM by PIB Thiruvananthpuram
നിധി കമ്പനികൾ’ (Nidhi Companies) അവയുടെ പ്രവർത്തനരീതി എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) മുന്നറിയിപ്പ് നൽകി. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന നിധി കമ്പനികളിൽ, ആവശ്യമായ പശ്ചാത്തല പരിശോധന നടത്താതെയും കമ്പനിയുടെ നിയമപരമായ അംഗീകാരവും വിശ്വാസ്യതയും ഉറപ്പാക്കാതെയും നിക്ഷേപം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
MCA, NDH-4 അപേക്ഷകളുടെ പരിശോധനയിൽ, നിരവധി ‘നിധി’ (Nidhi) കമ്പനികൾ കമ്പനി നിയമത്തിലെയും അതിന് കീഴിലുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, നിധി ചട്ടങ്ങൾ നിർദേശിക്കുന്ന സമയപരിധിക്കുള്ളിൽ പല നിധി കമ്പനികളും തങ്ങളുടെ NDH-4 അപേക്ഷകൾ സമർപ്പിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി.
"നിധി" (Nidhi) ആയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കമ്പനിയും, തങ്ങളെ "നിധി"യായി പ്രഖ്യാപിക്കുന്നതിനോ നിലവിലുള്ള പദവി പുതുക്കുന്നതിനോ "NDH-4" എന്ന ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
അസാധാരണമാം വിധം ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെയും അംഗങ്ങളെയും ആകർഷിക്കുന്ന നിരവധി കമ്പനികളുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ, സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ഏജന്റുമാരുടെ വാഗ്ദാനങ്ങളെയോ അനൗദ്യോഗിക ഉറപ്പുകളെയോ മാത്രം ആശ്രയിക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകുന്നു. പകരം, ബന്ധപ്പെട്ട കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ ‘നിധി’ (Nidhi) പദവി ലഭിച്ചിട്ടുണ്ടോ എന്ന് സ്വതന്ത്രമായി പരിശോധിക്കുകയും നിക്ഷേപവുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവം വിലയിരുത്തുകയും ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കാവൂ.
നിധി കമ്പനികൾ സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് ‘ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ’ (DICGC) ഇൻഷുറൻസ് പരിരക്ഷ ലഭ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ഒരു നിധി കമ്പനി സാമ്പത്തികമായി തകരുകയോ തട്ടിപ്പിനിരയാവുകയോ ചെയ്യുന്ന സാഹചര്യത്തിൽ, നിക്ഷേപിച്ച തുക പൂർണമായും തിരിച്ചുപിടിക്കുന്നതിൽ തടസ്സം നേരിടാൻ സാധ്യതയുണ്ട്. നിക്ഷേപകർ ഇക്കാര്യം കണക്കിലെടുത്ത് ആവശ്യമായ ജാഗ്രതയും മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.
‘നിധി കമ്പനികൾ’ (Nidhi Companies) കമ്പനി നിയമം, 2013-ഉം നിധി ചട്ടങ്ങൾ, 2014-ഉം പ്രകാരം കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (MCA) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന, പരസ്പര-പ്രയോജനം ലക്ഷ്യമിടുന്ന കമ്പനികളാണ്. അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും അംഗങ്ങൾക്ക് വായ്പ നൽകുകയും ചെയ്യുകയെന്നതാണ് ഇത്തരം കമ്പനികളുടെ പ്രധാന പ്രവർത്തനം. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനോ അംഗങ്ങളല്ലാത്തവർക്ക് വായ്പ നൽകുന്നതിനോ ഇവയ്ക്ക് അനുമതിയില്ല.
മുൻപ് പ്രാബല്യത്തിലുണ്ടായിരുന്ന കമ്പനി നിയമം, 1956-ലെ സെക്ഷൻ 620A പ്രകാരം, നിധി കമ്പനികളായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളെ കേന്ദ്രസർക്കാർ ‘നിധി’കളായി പ്രഖ്യാപിക്കുകയായിരുന്നു. കമ്പനി നിയമം, 2013-ലെ സെക്ഷൻ 406 പ്രകാരം, ഒരു കമ്പനിക്ക് നിധി കമ്പനിയായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാൻ സാധിക്കും. ഇതിനായി നിധി ചട്ടങ്ങൾ, 2014 നിർദേശിച്ചിട്ടുള്ള വിവിധ വ്യവസ്ഥകളും മാനദണ്ഡങ്ങളും കമ്പനി നിർബന്ധമായും പാലിക്കേണ്ടതാണ്.
2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും വിധം, കമ്പനി നിയമം, 2013-ലെ സെക്ഷൻ 406-ലും നിധി ചട്ടങ്ങൾ, 2014-ലും ഭേദഗതി കൊണ്ടുവന്നു. ഇതോടെ, 1956-ലെ കമ്പനി നിയമത്തിൽ നിലനിന്നിരുന്ന വ്യവസ്ഥയ്ക്ക് സമാനമായി, ഒരു കമ്പനിക്ക് ‘നിധി’ (Nidhi) പദവി ലഭിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ആവശ്യമാണ് എന്ന വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടു.
1956-ലെ കമ്പനി നിയമത്തിന്റെയും 2013-ലെ കമ്പനി നിയമത്തിന്റെയും വ്യവസ്ഥകൾ പ്രകാരം കേന്ദ്രസർക്കാർ ‘നിധി’ (Nidhi) കമ്പനികളായി പ്രഖ്യാപിച്ച 395 കമ്പനികളുടെ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി MCA വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി, 03-11-2025-ന് MCA പോർട്ടലിൽ പ്രസിദ്ധീകരിച്ച സജീവമായ നിധി കമ്പനികളുടെ പട്ടിക താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.
(https://www.mca.gov.in/bin/dms/getdocument?mds=J1d7pR2ZnYPDVBpl1gFu4w%253D%253D&type=open)
***
( റിലീസ് ഐ.ഡി: 2314661)
സന്ദര്‍ശക കൗണ്ടര്‍ : 3