വാണിജ്യ വ്യവസായ മന്ത്രാലയം
14-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടി സാമ്പത്തിക മന്ത്രിമാരുടെ യോഗത്തിലും 23-ാമത് ആസിയാന്‍-ഇന്ത്യ സാമ്പത്തിക മന്ത്രിമാരുടെ കൂടിയാലോചനയിലും ഇന്ത്യ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
24 SEP 2026 7:32PM by PIB Thiruvananthpuram
ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന 14-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടി സാമ്പത്തിക മന്ത്രിമാരുടെ യോഗത്തിലും 23-ാമത് ആസിയാന്‍-ഇന്ത്യ സാമ്പത്തിക മന്ത്രിമാരുടെ കൂടിയാലോചനയിലും കേന്ദ്ര വാണിജ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. നിതിന്‍ കുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം പങ്കെടുത്തു.
ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, തിമോര്‍ലെസ്‌റ്റെ, വിയറ്റ്‌നാം എന്നീ 11 ആസിയാന്‍ രാജ്യങ്ങളിലെ സാമ്പത്തിക മന്ത്രിമാരും അവരുടെ പ്രതിനിധികളും കൂടാതെ ഇന്ത്യ, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ, റഷ്യ, യുഎസ് എന്നീ കിഴക്കന്‍ ഏഷ്യ ഉച്ചകോടി പങ്കാളിത്ത രാജ്യങ്ങളും യോഗങ്ങളില്‍ പങ്കെടുത്തു.
നിലവിലെ പ്രാദേശിക-ആഗോള സാമ്പത്തിക സംഭവവികാസങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ യോഗങ്ങള്‍ വേദിയൊരുക്കി. വ്യാപാരനിക്ഷേപ മേഖലകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ 2027ലെ പ്രാദേശിക-ആഗോള സാമ്പത്തിക സാധ്യതകളെക്കുറിച്ച് യോഗത്തില്‍ ആസിയാന്‍ സെക്രട്ടേറിയറ്റ് വിശദീകരിച്ചു.
'ഊര്‍ജ സുരക്ഷയ്ക്കും വ്യാവസായിക ക്ലസ്റ്ററുകള്‍ക്കുമുള്ള സംയോജിത സമീപനം: കിഴക്കന്‍ ഏഷ്യ ഉച്ചകോടി മേഖലയുടെ അടുത്ത വളര്‍ച്ചാ തരംഗത്തിന് കരുത്തേകല്‍' എന്ന വിഷയത്തില്‍ ഇക്കണോമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ആസിയാന്‍ ആന്‍ഡ് ഈസ്റ്റ് ഏഷ്യ തയ്യാറാക്കിയ പഠനരേഖയും യോഗത്തില്‍ അവതരിപ്പിച്ചു. ഊര്‍ജ പശ്ചാത്തല സൗകര്യങ്ങള്‍, ഡിജിറ്റല്‍-വ്യാവസായിക ആവശ്യങ്ങള്‍, അനുയോജ്യമായ വ്യാപാരനിക്ഷേപ നയങ്ങള്‍ എന്നിവയെ സംയോജിപ്പിച്ച് ഊര്‍ജ സുരക്ഷയ്ക്കും വ്യാവസായിക ക്ലസ്റ്ററുകള്‍ക്കും രൂപം നല്‍കുന്ന സമഗ്ര സമീപനമാണ് പ്രബന്ധം മുന്നോട്ടുവെച്ചത്.
ശക്തമായ വ്യാപാര പങ്കാളിത്തം വളര്‍ത്തിയെടുക്കാനും പ്രാദേശിക വ്യാപാര കരാറുകള്‍ പരസ്പരം പ്രയോജനകരമാണെന്ന് ഉറപ്പുവരുത്താനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആസിയാന്‍-ഇന്ത്യ സാമ്പത്തിക മന്ത്രിമാരുടെ കൂടിയാലോചനയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം വ്യക്തമാക്കി. വ്യാപാര വിനിമയം സുഗമമാക്കാനും നിലവിലെ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള 'ആസിയാന്‍-ഇന്ത്യ ചരക്ക് വ്യാപാര കരാറിന്റെ' പുനരവലോകന ചര്‍ച്ചകള്‍ക്ക് യോഗം പ്രത്യേക മുന്‍ഗണന നല്‍കി.
2025-26 സാമ്പത്തിക വര്‍ഷം ഇന്ത്യയും ആസിയാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം 128.38 ബില്യണ്‍ യു.എസ് ഡോളറിലെത്തി. ഇന്ത്യയുടെ മൊത്തം ആഗോള വ്യാപാരത്തിന്റെ 10.55 ശതമാനവും ആസിയാനുമായാണ് എന്നത് ഈ പങ്കാളിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ആസിയാന്‍-ഇന്ത്യ ചരക്ക് വ്യാപാര കരാര്‍ പുനരവലോകനത്തിന്റെ ഫലം ഇരുപക്ഷത്തിനും പ്രയോജനകരമാണെന്ന് ഉറപ്പാക്കാനും വ്യാപാര കരാര്‍ കൂടുതല്‍ സന്തുലിതവും ഫലപ്രദവും വ്യവസായ സൗഹൃദവും വ്യാപാരത്തിന് അനുകൂലവുമാക്കാനുമുള്ള പ്രതിബദ്ധത ഇന്ത്യന്‍ സംഘം ആവര്‍ത്തിച്ചു.
യോഗങ്ങളുടെ ഭാഗമായി, 2026 സെപ്റ്റംബര്‍ 22ന് ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ വ്യവസായ സംരംഭകരുമായി ഇന്ത്യന്‍ സംഘം ആശയവിനിമയം നടത്തുകയും ചരക്ക്-സേവന കയറ്റുമതിയില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. കൂടാതെ 2026 സെപ്റ്റംബര്‍ 23ന് സംഘടിപ്പിച്ച ആസിയാന്‍-ഇന്ത്യ ബിസിനസ് ഫോറത്തിലും ഇന്ത്യന്‍ സംഘം പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2314648)
സന്ദര്‍ശക കൗണ്ടര്‍ : 3