ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി. നദ്ദ നാളെ വിജ്ഞാന്‍ ഭവനില്‍ 'ആരോഗ്യ മന്ഥന്‍ 2026' ഉദ്ഘാടനം ചെയ്യും
പോസ്റ്റഡ് ഓണ്‍:
24 SEP 2026 4:29PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ദേശീയ ആരോഗ്യ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ നടക്കുന്ന 'ആരോഗ്യ മന്ഥന്‍ 2026' സമ്മേളനം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമം, രാസവളം വകുപ്പ് മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ ഉദ്ഘാടനം ചെയ്യും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ (AB PM-JAY) എട്ടാം വാര്‍ഷികത്തിന്റെയും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ (ABDM) അഞ്ചാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ആരോഗ്യ സുരക്ഷ, ഡിജിറ്റല്‍ ആരോഗ്യം എന്നിവയിലെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പരിപാടിയുടെ ഭാഗമായി നടക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് നടപടികള്‍ കൂടുതല്‍ സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതില്‍ നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്‌സ്‌ചേഞ്ചിന്റെ (NHCX) പങ്കിനെക്കുറിച്ച് പൊതുസെഷനില്‍ 'ആരോഗ്യ ഇന്‍ഷുറന്‍സ് കാര്യക്ഷമമാക്കുന്നതില്‍ NHCX'എന്ന വിഷയത്തില്‍ വിദഗ്ധര്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് AB PM-JAY, ABDM എന്നിവയ്ക്ക് കീഴില്‍ വിവിധ വിഷയങ്ങളില്‍ സമാന്തര ചര്‍ച്ചകള്‍ നടക്കും:
*ക്ലെയിം പ്രോസസ്സിംഗും പദ്ധതിയുടെ വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യ, ഡാറ്റ, അനലിറ്റിക്‌സ് എന്നിവ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള 'ക്ലെയിം പ്രോസസ്സിംഗ് മുതല്‍ ഇന്റലിജന്റ് അഷ്വറന്‍സ് വരെ: AB PM-JAY-യുടെ പരിവര്‍ത്തനം'
*ചികിത്സാ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുന്ന 'ഗുണനിലവാരത്തിന്റെയും ചെലവ് കാര്യക്ഷമതയുടെയും കാഴ്ചപ്പാടില്‍ നിന്നുള്ള തന്ത്രപരമായ സംഭരണം'
*ആരോഗ്യപരിപാലന മേഖലയില്‍ സേവന ലഭ്യതയും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ പ്രയോജനപ്പെടുത്തുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന'ആരോഗ്യ സേവന ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള UHI'
*വിവരങ്ങളുടെ തടസ്സമില്ലാത്ത കൈമാറ്റം സാധ്യമാക്കുന്നതിലും ആരോഗ്യ സേവനങ്ങളുടെ തുടര്‍ച്ച, കാര്യക്ഷമത, ഗുണനിലവാരം എന്നിവ ശക്തിപ്പെടുത്തുന്നതിലും പൊതുവായ ആരോഗ്യ ഡാറ്റാ മാനദണ്ഡങ്ങള്‍ക്കുള്ള പങ്ക് ചര്‍ച്ച ചെയ്യുന്ന 'മെച്ചപ്പെട്ട ആരോഗ്യ സേവന വിതരണത്തിനായി മാനദണ്ഡങ്ങള്‍ പ്രയോജനപ്പെടുത്തല്‍'എന്നിവയാണ് സമാന്തര ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
'ആരോഗ്യ മന്ഥന്‍ 2026' സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്തെ ഡിജിറ്റല്‍ ആരോഗ്യം, ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിരവധി പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. നാഷണല്‍ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് രജിസ്ട്രി (NHPR) മൊബൈല്‍ ആപ്പ്, പണം നല്‍കുന്നവര്‍ക്കുള്ള NHCX നടപ്പാക്കല്‍ മാര്‍ഗ്ഗരേഖ, മാതൃകാ ഡിജിറ്റല്‍ ആരോഗ്യ കേന്ദ്രത്തിനായുള്ള മാര്‍ഗ്ഗരേഖ, സുരക്ഷിത ഡാറ്റാ പരിസ്ഥിതി ആപ്ലിക്കേഷന്‍, AB PM-JAY-ക്ക് കീഴിലുള്ള ക്ലെയിമുകള്‍ സ്വയം തീര്‍പ്പാക്കുന്നതിനുള്ള ചട്ടക്കൂട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ സഹകരണത്തോടെ NHA വികസിപ്പിച്ചെടുത്ത 'സുരക്ഷിത ഡാറ്റാ പരിസ്ഥിതി', AB PM-JAY, ABDM എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ വിവരങ്ങളെക്കുറിച്ചുള്ള ഡാറ്റ ലഭ്യമാക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള നിയന്ത്രിത സംവിധാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അംഗീകൃത സ്ഥാപനങ്ങള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ നീക്കം ചെയ്ത ഡാറ്റ ഉപയോഗിച്ചോ അല്ലെങ്കില്‍ NHA-യുടെ സുരക്ഷിതവും വേര്‍തിരിക്കപ്പെട്ടതുമായ സംവിധാനത്തിനുള്ളില്‍ കോഡ് പ്രവര്‍ത്തിപ്പിച്ചോ ഇതില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും; ഇതില്‍ നിന്നുള്ള ഫലങ്ങള്‍ പുറത്തുവിടുന്നതിന് മുന്‍പ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിനായുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിക്കൊണ്ടുതന്നെ, ആരോഗ്യ ഗവേഷണം, പദ്ധതി ആസൂത്രണം, ഫലങ്ങളുടെ വിശകലനം, നിര്‍മ്മിതബുദ്ധി നവീകരണം എന്നിവ സുഗമമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ഡിജിറ്റല്‍ ആരോഗ്യ പദ്ധതികളും ശക്തിപ്പെടുത്തുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ചടങ്ങില്‍ ആദരിക്കും.
***
( റിലീസ് ഐ.ഡി: 2314600)
സന്ദര്‍ശക കൗണ്ടര്‍ : 9