യുവജനകാര്യ, കായിക മന്ത്രാലയം
പ്രവർത്തനം തുടങ്ങി 3 വർഷം തികയും മുമ്പേ; 3 കോടിയിലധികം യുവജനങ്ങൾ മേരാ യുവ ഭാരതിൽ രജിസ്റ്റർ ചെയ്തു
പോസ്റ്റഡ് ഓണ്‍:
23 SEP 2026 3:00PM by PIB Thiruvananthpuram
കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിൻ്റെ പ്രധാന യുവജന വേദിയായ മേരാ യുവ ഭാരത് (MY Bharat - mybharat.gov.in/) 3 കോടിയിലധികം അംഗങ്ങൾ എന്ന വൻ നാഴികക്കല്ല് പിന്നിട്ടു. പ്രായോഗിക പഠനം, സന്നദ്ധസേവനം, നേതൃത്വ പരിശീലനം, പൗരബോധം, സാമൂഹിക ഇടപെടലുകൾ എന്നിവയിലൂടെ യുവജനങ്ങൾക്ക് വളരാനുള്ള മികച്ച അവസരങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ ഈ യുവജന ശൃംഖല നൽകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഒക്ടോബർ 31-നാണ് മേരാ യുവ ഭാരത് (MY Bharat) ഉദ്ഘാടനം ചെയ്തത്. രാജ്യവികസനത്തിൽ യുവജനങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പങ്കാളികളാകാൻ വേണ്ടിയാണ് ഇത് ആരംഭിച്ചത്. യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുപോകേണ്ടതിൻ്റെയും രാഷ്ട്രനിർമ്മാണത്തിൽ അവരെ പങ്കാളികളാക്കുന്നതിൻ്റെയും പ്രാധാന്യം ഉദ്ഘാടനസമയത്ത് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങളുടെ കഴിവും പ്രതീക്ഷയും ഫലപ്രദമായി വിനിയോഗിക്കാനുള്ള ഒരു പ്രധാന മാർഗ്ഗമായാണ് ഈ പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത്.
ആരംഭിച്ച കാലം മുതൽ വളരെ വേഗത്തിലാണ് മേരാ യുവ ഭാരത് പ്ലാറ്റ്‌ഫോം വളർന്നത്. 2025 ഒക്ടോബറിൽ 2 കോടിയിലധികംപേർ ഇതിൽ രജിസ്റ്റർ ചെയ്തു. 2026 ഓഗസ്റ്റായപ്പോഴേക്കും ഇത് 2.46 കോടിയിലധികം യുവജനങ്ങളിലേക്ക് എത്തിച്ചേർന്നു. തൊട്ടടുത്ത ഘട്ടത്തിൽ തന്നെ 3 കോടി എന്ന നാഴികക്കല്ല് കടന്നത് ഈ പ്ലാറ്റ്‌ഫോമിൽ യുവജനങ്ങളുടെ പങ്കാളിത്തം എത്രത്തോളം വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
പ്രായോഗിക പഠന പരിപാടികൾ, സന്നദ്ധസേവനം, ക്വിസ് മത്സരങ്ങൾ, നേതൃത്വ പരിശീലനം , ചർച്ചകൾ, സാമൂഹിക പ്രവർത്തനം എന്നിവയിലെല്ലാം പങ്കെടുക്കാൻ യുവജനങ്ങളെ സഹായിക്കുന്ന പ്രധാന ഡിജിറ്റൽ മാർഗ്ഗമാണ് ഇന്ന് മേരാ യുവ ഭാരത്. സാധാരണ ക്ലാസ്‌റൂം പഠനത്തിന് പുറമെ പ്രായോഗിക അറിവ് നൽകുന്ന ഏകദേശം 25,000 കോഴ്‌സുകളിലായി 1.22 ലക്ഷത്തിലധികം യുവജനങ്ങളാണ് 2026 ഓഗസ്റ്റ് വരെ പങ്കാളികളായത്.
സാങ്കേതികവിദ്യയുടെ കാര്യത്തിലും മേരാ യുവ ഭാരത് മുന്നേറുകയാണ്. യുവജനൾക്ക് സ്വന്തമായി ബയോഡാറ്റ (CV) തയ്യാറാക്കാൻ സഹായിക്കുന്ന എഐ സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങൾ വർദ്ധിപ്പിച്ചും ഗ്രാമീണ തലങ്ങളിൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചും പ്ലാറ്റ്‌ഫോമിനെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്.
2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി യുവജനങ്ങളുടെ നൂതന ആശയങ്ങളും സർഗ്ഗാത്മകതയും നേതൃപാടവവും പുറത്തെടുക്കാൻ മേരാ യുവ ഭാരത് വഴി നടപ്പിലാക്കുന്ന ഒരു പ്രധാന പദ്ധതിയാണ് വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027. 2026 ഓഗസ്റ്റ് 17-ന് ആരംഭിച്ച വികസിത ഭാരത് ക്വിസ്സ് (ചോദ്യോത്തരപരിപാടി) ആണ് ഇതിൻ്റെ ആദ്യ ഘട്ടം. സെപ്റ്റംബർ 30 വരെ യുവജനങ്ങൾക്ക് ഈ ക്വിസ്സിൽ പങ്കെടുക്കാം. ഉപന്യാസ മത്സരം, ജില്ലാ/സംസ്ഥാനതല മത്സരങ്ങൾ എന്നിവ പൂർത്തിയാക്കി വിജയിക്കുന്നവർ 2027 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ ഉച്ചകോടിയിൽ പങ്കെടുക്കും.
ഇതോടൊപ്പം സംസ്കാരം, ഡിസൈനിങ്, സാമൂഹിക വിഷയങ്ങൾക്കുള്ള സാങ്കേതിക പരിഹാരങ്ങൾ, സംരംഭകത്വം, യൂത്ത് പാർലമെൻ്റ് എന്നിങ്ങനെ അഞ്ച് പ്രത്യേക വിഭാഗങ്ങൾ കൂടിയുണ്ട്. യുവജനങ്ങൾക്ക് തങ്ങളുടെ കഴിവുകളും ആശയങ്ങളും തെളിയിക്കാൻ ഇത് അവസരമൊരുക്കുന്നു. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും, ദേശീയ തലത്തിൽ പ്രധാനമന്ത്രിക്ക് മുന്നിൽ തങ്ങളുടെ പദ്ധതികൾ അവതരിപ്പിക്കാനും വലിയൊരു അവസരമാണ് ലഭിക്കുന്നത്.
പ്രായോഗിക പഠനത്തിനും സന്നദ്ധസേവനത്തിനും പുറമെ യുവജനങ്ങൾക്കായി മറ്റ് നിരവധി പ്രധാന പദ്ധതികളും മേരാ യുവ ഭാരത് പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. ലഹരിമുക്ത യുവത, വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാം, യൂത്ത് പാർലമെൻ്റ് , പദയാത്ര, യുവ കണക്ട്, ഖേലോ ഇന്ത്യ ഡയലോഗ് എന്നിവ ഇതിൽ ചിലതാണ്.
ആരോഗ്യമുള്ളതും ലഹരിമുക്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നതിൽ ഈ പ്ലാറ്റ്‌ഫോം വലിയ പങ്കുവഹിക്കുന്നു. 100 ആഴ്ച നീണ്ടുനിൽക്കുന്ന ലഹരിമുക്ത യുവജന പ്രചാരണം 2026 സെപ്റ്റംബറിലെ രാഷ്ട്രീയ സങ്കൽപ്പ് സമരോഹോടെയാണ് ആരംഭിച്ചത്. പ്രതിജ്ഞയെടുക്കൽ, ഒപ്പുശേഖരണം, വിവിധ മത്സരങ്ങൾ, ചർച്ചകൾ എന്നിവയിലൂടെ രാജ്യത്തുടനീളമുള്ള യുവജനങ്ങൾ ഇതിൽ പങ്കാളികളാകുന്നു.
അതുകൊണ്ട് 3 കോടി അംഗങ്ങൾ തികഞ്ഞു എന്നത് രജിസ്‌ട്രേഷനിലെ കണക്ക് വർദ്ധന മാത്രമല്ല കാണിക്കുന്നത്. രാജ്യത്തെ യുവജനങ്ങൾക്ക് അനുഭവങ്ങളിലൂടെ പഠിക്കാനും, സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, നേതൃത്വ ശേഷി വളർത്താനും, രാജ്യത്തിൻ്റെ വികസനത്തിൽ സ്വന്തം ആശയങ്ങൾ പങ്കുവെക്കാനുമുള്ള ഒരു വലിയ വേദിയായി ഇത് മാറിയതിൻ്റെ തെളിവാണിത്.
ഡിജിറ്റൽ തലത്തിലും ഗ്രാമീണ തലത്തിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം, 2047-ഓടെ ഒരു വികസിത ഇന്ത്യ പടുത്തുയർത്താൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവശക്തിയും ജനപങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിൽ മേരാ യുവ ഭാരത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
***
( റിലീസ് ഐ.ഡി: 2314152)
സന്ദര്‍ശക കൗണ്ടര്‍ : 9