ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

ഒൻപതാമത് ഇന്ത്യ അന്താരാഷ്ട്ര ജല വാരം -2026 ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 22 SEP 2026 6:27PM by PIB Thiruvananthpuram

ഒൻപതാമത് ഇന്ത്യ അന്താരാഷ്ട്ര ജല വാരം (IIWW) 2026 ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ, ഇന്ന് ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ, ജലശക്തി സഹമന്ത്രിമാരായ ശ്രീ വി. സോമണ്ണ, ശ്രീ രാജ് ഭൂഷൺ ചൗധരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കുടിവെള്ള-ശുചിത്വ വകുപ്പ് സെക്രട്ടറി ശ്രീ അശോക് കെ.കെ. മീണ, ജലവിഭവ-നദീവികസന-ഗംഗാ പുനരുജ്ജീവന വകുപ്പ് സെക്രട്ടറി ശ്രീമതി അർച്ചന വർമ്മ, കേന്ദ ജലകമീഷൻ ചെയർമാൻ ശ്രീ അനുപം പ്രസാദ് എന്നിവർക്കൊപ്പം ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രതിനിധികൾ, അംബാസഡർമാർ, ആഗോള ജലസംരക്ഷണ നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, വിദഗ്ദ്ധർ, ഗവേഷകർ, വ്യവസായ പ്രമുഖർ, പുതുസംരംഭകർ, മറ്റ് പങ്കാളികൾ എന്നിവരും പങ്കെടുത്തു.



കേന്ദ്ര ജലശക്തി മന്ത്രാലയം 2026 സെപ്റ്റംബർ 22 മുതൽ 26 വരെ സംഘടിപ്പിക്കുന്ന ഈ അഞ്ചു ദിവസത്തെ പരിപാടി "കാലാവസ്ഥാ അനുകൂല ജലപരിപാലനം" എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് നടക്കുന്നത്. മുൻപതിപ്പുകളിൽ 'ഇന്ത്യ വാട്ടർ വീക്ക്' എന്ന പേരിൽ സംഘടിപ്പിച്ചിരുന്ന ഈ പരിപാടി, ആഗോളതലത്തിലുള്ള പങ്കാളിത്തവും സഹകരണവും മുൻനിർത്തി 'ഇന്ത്യ അന്താരാഷ്ട്ര ജലവാരം' എന്ന നിലയിലേക്ക് വളർന്നതിൻ്റെ പ്രധാന നാഴികക്കല്ലാണ് ഈ ഒൻപതാം പതിപ്പ്. പൊതുവായ ജലപ്രതിസന്ധികൾ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.

നെതർലാൻഡ്‌സും ജർമ്മനിയും പങ്കാളിത്ത രാജ്യങ്ങളായും, 14 സംസ്ഥാനങ്ങൾ പങ്കാളിത്ത സംസ്ഥാനങ്ങളായും, രണ്ട് കേന്ദ്ര മന്ത്രാലയങ്ങൾ പങ്കാളിത്ത മന്ത്രാലയങ്ങളായും ഈ പരിപാടിയിൽ പങ്കെടുക്കുന്നു. ഗവണ്മെൻ്റുകൾ, അന്താരാഷ്ട്ര-ബഹുമുഖ സംഘടനകൾ, ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സിവിൽ സൊസൈറ്റി, സ്റ്റാർട്ടപ്പുകൾ, നവസംരംഭകർ, യുവ പ്രൊഫഷണലുകൾ എന്നിവരെ ഈ ചടങ്ങ് ഒരു കുടക്കീഴിൽ അണിനിരത്തുന്നു. നയരൂപീകരണ ചർച്ചകൾ, സാങ്കേതികവിദ്യാ പ്രദർശനം, അറിവ് കൈമാറ്റം, നെറ്റ്‌വർക്കിംഗ്, വ്യവസായ പങ്കാളിത്തം, പുതിയ കൂട്ടായ്മകൾ എന്നിവയ്ക്കുള്ള സമഗ്രമായ  വേദിയാണ് ഇത് ഒരുക്കുന്നത്.


ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവേ കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, പ്രകൃതിവിഭവങ്ങൾക്ക് മേലുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദം എന്നിവ ജലസുരക്ഷയ്ക്ക് ഉയർത്തുന്ന വെല്ലുവിളികളെ ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. നവീകരണം, കാര്യക്ഷമത, കൂട്ടായ പ്രവർത്തനം എന്നിവയിലൂടെ ജലത്തിൻ്റെ സംയോജിതവും സുസ്ഥിരവുമായ പരിപാലനത്തിനായി അദ്ദേഹം ആഹ്വാനം ചെയ്തു. ജലലഭ്യതയിലെ പ്രാദേശികവും കാലാനുസൃതവുമായ വ്യതിയാനങ്ങൾ പരിഹരിക്കുന്നതിൽ നദികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പങ്കിനെക്കുറിച്ച് അദ്ദേഹം അടിവരയിട്ടു. ജാർഖണ്ഡ് ഗവർണറായിരുന്ന തൻ്റെ സേവനകാലം അനുസ്മരിക്കവേ, ജൽ ജീവൻ മിഷന് കീഴിൽ സംസ്ഥാനത്തെ ഗ്രാമീണ പൈപ്പ് ജല കണക്ഷൻ ഏകദേശം 7 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയർന്നതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഗ്രാമീണ കുടുംബങ്ങളിൽ കുടിവെള്ള ലഭ്യത ഗണ്യമായി വർദ്ധിപ്പിച്ച വലിയൊരു മാറ്റത്തിന് വഴിവെച്ച പദ്ധതിയായി അദ്ദേഹം ഈ മിഷനെ വിശേഷിപ്പിച്ചു.

അന്തർസംസ്ഥാന നദീജലം പങ്കുവെക്കലിനും പരിപാലനത്തിനുമായി സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണാത്മക ധാരണകളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. അറിവുകൾ പങ്കുവെക്കാനും പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്താനും ചർച്ചകളെ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റാനും ഈ അന്താരാഷ്ട്ര ജലവാരം 2026 ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പ്രതിനിധികളോട് ആഹ്വാനം ചെയ്തു. "സുസ്ഥിര നഗര നദീപരിപാലന ചട്ടക്കൂട്", "നിർമിത ബുദ്ധിയും മെഷീൻ ലേണിംഗും അടിസ്ഥാനമാക്കിയുള്ള സംയോജിത റിസർവോയർ എക്കൽ പരിപാലനം"എന്നീ രണ്ട് പ്രധാന പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ചടങ്ങിൽ അദ്ദേഹം നിർവ്വഹിച്ചു.



കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ പലപ്പോഴും ജലത്തിലൂടെയാണ് കൂടുതലായി അനുഭവപ്പെടുന്നത് എന്നതിനാൽ, ജലസുരക്ഷയും കാലാവസ്ഥാ പ്രതിരോധവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ പറഞ്ഞു. ഇന്ത്യയുടെ 'വാട്ടർ വിഷൻ@2047'-നെക്കുറിച്ചും പ്രധാൻമന്ത്രി കൃഷി സിഞ്ചായീ യോജന, ജൽ ജീവൻ മിഷൻ, ജൽസഞ്ചയ് ജൻ ഭാഗീദാരി, നമാമി ഗംഗ, അടൽ ഭൂജൽ യോജന, NAQUIM, കെൻ-ബെത്വ നദീസംയോജന പദ്ധതി, ഡാം പുനരധിവാസ-മെച്ചപ്പെടുത്തൽ പദ്ധതി, നാഷണൽ ഹൈഡ്രോളജി പ്രോജക്ട് തുടങ്ങിയ പ്രധാന ഇടപെടലുകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ജല പരിപാലനം മെച്ചപ്പെടുത്തുന്നതിനായി പരസ്പരം പഠിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും സഹായിക്കുന്ന 'ജൻ ഭാഗീദാരി'യാണ് നമ്മുടെ ഏറ്റവും വലിയ കരുത്തെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗവേഷണം, നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, റിമോട്ട് സെൻസിംഗ്, ജി.ഐ.എസ്, റിയൽ ടൈം സെൻസറുകൾ, അഡ്വാൻസ്ഡ് മോഡലിംഗ് എന്നിവയുടെ വിപ്ലവാത്മക സാധ്യതകളെക്കുറിച്ച് അടിവരയിട്ട അദ്ദേഹം, ശക്തമായ സ്ഥാപനങ്ങൾ, പ്രാദേശിക അറിവുകൾ, ജനകീയ പങ്കാളിത്തം എന്നിവയോടൊപ്പം സാങ്കേതികവിദ്യയും ചേർന്നു പ്രവർത്തിക്കണമെന്ന് ഊന്നിപ്പറഞ്ഞു.
 
പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട്, ജലവിഭവ-നദീവികസന-ഗംഗാ പുനരുജ്ജീവന വകുപ്പ് സെക്രട്ടറി ശ്രീമതി അർച്ചന വർമ്മ സംസാരിച്ചു. ചർച്ചകൾക്കും അറിവ് പങ്കുവെക്കുന്നതിനും സാങ്കേതികവിദ്യാ പ്രദർശനത്തിനും പങ്കാളിത്തത്തിനുമുള്ള സുപ്രധാന ബഹുമുഖ ആഗോള വേദിയായി ജലവാരം മാറിയെന്ന് അവർ പറഞ്ഞു. ജലവിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ആസൂത്രണം, ധനസഹായം, വികസനം, പ്രവർത്തനം, പരിപാലനം എന്നിവയിൽ കാലാവസ്ഥാ പ്രതിരോധ ശേഷി സംയോജിപ്പിക്കേണ്ടതുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. ചർച്ചകൾ പ്രായോഗിക ശുപാർശകൾക്കും, വിപുലീകരിക്കാൻ കഴിയുന്ന പരിഹാരങ്ങൾക്കും, മികച്ച മാതൃകകളുടെ കൈമാറ്റത്തിനും, ശക്തമായ പങ്കാളിത്തങ്ങൾക്കും വഴിയൊരുക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
 
താഴേത്തട്ടിലുളള ജല യോദ്ധാക്കളുടെ മികച്ച സംഭാവനകളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്ത്രീകളെയും പ്രാദേശിക കൂട്ടായ്മകളെയും ഏകോപിപ്പിച്ച മധ്യപ്രദേശിലെ ഛിന്ദ്വാര സ്വദേശിനി ശ്രീമതി രാം കുമാരി ആദരിക്കപ്പെട്ടു. ഏകദേശം 225 കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ഇവരുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിരുന്നു. ജലസംരക്ഷണം, ഗ്രാമീണ വികസനം, സുസ്ഥിര കൃഷി എന്നിവയ്ക്കായി രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന മഹാരാഷ്ട്രയിലെ ഗഡ്ചിരോളി സ്വദേശി ശ്രീ സീതാറാം മഡാവിയും ആദരവ് ഏറ്റുവാങ്ങി. കിണറുകൾ, കൃഷിയിട കുളങ്ങൾ, മറ്റ് ജലസംരക്ഷണ മാർഗ്ഗങ്ങൾ എന്നിവ വികസിപ്പിച്ച് ഭൂഗർഭജല ലഭ്യതയും ജലസേചന സൗകര്യങ്ങളും വർദ്ധിപ്പിക്കാൻ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ സഹായിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം, “കാലാവസ്ഥാ അനുകൂല ജലപരിപാലനത്തിലെ രാജ്യങ്ങളുടെ കാഴ്ചപ്പാടുകൾ” എന്ന വിഷയത്തിൽ നടന്ന ഉന്നതതല മന്ത്രിതല സെഷനിൽ ഇന്ത്യയുടെയും അന്താരാഷ്ട്ര പങ്കാളികളുടെയും കാഴ്ചപ്പാടുകൾ പങ്കുവെക്കപ്പെട്ടു. പ്രതിസന്ധികൾ ഉണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയിലുള്ള ജലപരിപാലനത്തിൽ നിന്ന് മാറി, അപകടസാധ്യതകൾ മുൻകൂട്ടി കാണാനും, മാറ്റങ്ങളോട് പൊരുത്തപ്പെടാനും, കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്ന് കരകയറാനും ശേഷിയുള്ള സംവിധാനങ്ങളിലേക്ക് മാറേണ്ടതിൻ്റെ ആവശ്യകതയിലാണ് ഈ സെഷൻ ഊന്നൽ നൽകിയത്.

കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുള്ള അടിസ്ഥാന സൗകര്യ വികസനം, വെള്ളപ്പൊക്ക-വരൾച്ച പരിപാലനം, ഡിജിറ്റൽ ഹൈഡ്രോളജി, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ, പ്രകൃതിദത്ത പരിഹാര മാർഗ്ഗങ്ങൾ, ജല ഉപയോഗ കാര്യക്ഷമത, സ്ഥാപനപരമായ ശേഷി വർദ്ധനവ്, അന്താരാഷ്ട്ര സഹകരണം എന്നിവയെല്ലാം പ്രധാന ചർച്ചാവിഷയങ്ങളായി.

മന്ത്രിതല സെഷന് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ സി.ആർ. പാട്ടീൽ, വെനസ്വേല, നെതർലാൻ്റ്സ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം എടുത്തുപറഞ്ഞു. വേൾഡ് ബാങ്ക്, ഐ.യു.സി.എൻ തുടങ്ങിയ ബഹുരാഷ്ട്ര-അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ നിർണായക പങ്കും അദ്ദേഹം ഓർമ്മിപ്പിച്ചു. നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, ഇൻഫർമേഷൻ ടെക്നോളജി, റിമോട്ട് സെൻസിംഗ്, സംയുക്ത ഗവേഷണം, ശേഷി വർദ്ധനവ്, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികൾ എന്നിവയിൽ കൂടുതൽ ശക്തമായ സഹകരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. കേവലം അറിവുകൾ പങ്കുവെക്കുന്നതിൽ നിന്ന് മാറി ഒന്നിച്ചിരുന്ന് പുതിയ അറിവുകൾ സൃഷ്ടിക്കാനും, ജലപ്രതിസന്ധികൾ ഉണ്ടായ ശേഷം പ്രതികരിക്കുന്നതിന് പകരം പ്രതിസന്ധികൾക്ക് മുമ്പേ തന്നെ പ്രതിരോധ ശേഷി വളർത്തിയെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മന്ത്രിതല പ്ലീനറി സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് കുടിവെള്ള-ശുചിത്വ വകുപ്പ് സെക്രട്ടറി ശ്രീ അശോക് കെ. കെ. മീണ സംസാരിച്ചു. അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നത് മാത്രമല്ല, മറിച്ച് ആസൂത്രണം, നിർവ്വഹണം, ദീർഘകാല സുസ്ഥിരത എന്നിവയിൽ ജനങ്ങൾക്ക് മുഖ്യ പങ്കാളിത്തം നൽകിക്കൊണ്ട് വിശ്വസനീയവും സുസ്ഥിരവുമായ ജലസേവനം ഉറപ്പാക്കുകയാണ് യഥാർത്ഥ പ്രതിരോധശേഷിയെന്ന് ജൽ ജീവൻ മിഷനിലൂടെ നമ്മൾ പഠിച്ചതായി അദ്ദേഹം പറഞ്ഞു. ഫലപ്രദമായ ഗ്രേ വാട്ടർ മാനേജ്‌മെൻ്റ്, ഭൂഗർഭജല റീചാർജിംഗ്, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയിലൂടെ ഇതിന് പിന്തുണ നൽകണമെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു. തീരുമാന പിന്തുണ സംവിധാനത്തിലൂടെ അപകടസാധ്യതയുള്ള ജലസ്രോതസ്സുകൾ കണ്ടെത്താനും അത്തരം ഇടപെടലുകൾക്ക് മുൻഗണന നൽകാനും വകുപ്പ് ജില്ലകളെയും പഞ്ചായത്തുകളെയും പ്രാപ്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തുള്ളി വെള്ളത്തിനും ഒരു യാത്രയുണ്ട്, ഓരോ തുള്ളിക്കും മൂല്യമുണ്ട്; ഭാവി തലമുറകൾക്കായി ഈ യാത്ര സുസ്ഥിരമായി തുടരുന്നുവെന്നും ജലചക്രം തടസ്സമില്ലാതെ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുകയെന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലീനറി സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് വെനിസ്വേലൻ കുടിവെള്ള-ശുചിത്വ സഹമന്ത്രി മിസ് യെസീനിയ കരോലിന മൊറേനോ ഗെർഡൽ സംസാരിച്ചു. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ സമയങ്ങളിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ അവർ എടുത്തുപറഞ്ഞു. ജലലഭ്യത എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്ന് അടിവരയിട്ട അവർ, ജലം ജീവൻ്റെയും സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും അത്യാവശ്യ സ്രോതസ്സാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഡാനിഷ് അംബാസഡർ റാസ്മസ് അബിൽഗാർഡ് ക്രിസ്റ്റൻസൻ, ഇന്ത്യയിലെ നെതർലാൻഡ്‌സ് അംബാസഡർ ശ്രീമതി മരിസ ഗെരാർഡ്‌സ്, ലോകബാങ്ക് സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടർ ശ്രീമതി മാര കെ. വാർവിക്, ഐയുസിഎൻ ഗ്ലോബൽ വാട്ടർ ഡയറക്ടർ ശ്രീ ജെയിംസ് ഡാൾട്ടൻ എന്നിവരും മന്ത്രിതല പ്ലീനറിയിൽ പങ്കെടുത്തു.

ആദ്യ ദിവസത്തെ പരിപാടികളിൽ സെപ്റ്റംബർ 22 മുതൽ 25 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനത്തിൻ്റെ ഉദ്ഘാടനവും ഉൾപ്പെട്ടിരുന്നു. സുസ്ഥിരവും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ ജല പരിപാലനത്തിനുള്ള സാങ്കേതികവിദ്യകൾ, ഉൽപന്നങ്ങൾ, പ്രായോഗിക പരിഹാരങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് ഗവണ്മെൻ്റുകൾ, സാങ്കേതികവിദ്യാ ദാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവർക്കായി ഈ പ്രദർശനം ഒരു പ്രത്യേക വേദി ഒരുക്കുന്നു. തുടർന്ന് നടന്ന, ‘ജലം, ഭക്ഷണം, ഊർജം എന്നിവയുടെ സംയോജിത പരിപാലനം’ എന്ന വിഷയത്തിന്മേലുള്ള ഒന്നാമത് ആഗോള ജല  നേതാക്കളുടെ പ്ലീനറി സെഷൻ, ജല- ഭക്ഷണ-ഊർജ സംവിധാനങ്ങളുടെ പരസ്പരാശ്രയത്വത്തെയും കാലാവസ്ഥാ പ്രതിരോധ വികസനത്തിനായി ഇവയുടെ സംയോജിത കൂട്ടായ്മയുടെ പ്രാധാന്യത്തെയും എടുത്തു കാണിച്ചു. ജല-വിഭവ സുരക്ഷ, ജലസേചന കാര്യക്ഷമത, ജല ഉൽപ്പാദനക്ഷമത, സൂക്ഷ്മ ജലസേചനം, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജലസേചനം, ഡിജിറ്റൽ നിരീക്ഷണം, കൃത്യതാ കൃഷി, ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങൾ, സ്ഥാപനങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനം എന്നിവയിലൂന്നിയായിരുന്നു ചർച്ചകൾ.

ആഗോള ജല നഗര കൂട്ടായ്മയെ കുറിച്ചുള്ള രണ്ടാം ആഗോള ജല  നേതാക്കളുടെ  പ്ലീനറി നഗര നദികളുടെ സുസ്ഥിര പരിപാലനത്തിലും കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള നദീതീര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സംയോജിത നയരൂപീകരണ ചട്ടക്കൂടുകൾ, ആഗോള അറിവുകളുടെ കൈമാറ്റം, അർബൻ റിവർ മാനേജ്‌മെൻ്റ് പ്ലാനുകൾ, സാങ്കേതിക-സ്ഥാപനപരമായ വിപ്ലവാത്മക മാറ്റങ്ങൾ, നദീകേന്ദ്രീകൃത നഗരവികസനത്തിൽ വികസന ഏജൻസികൾക്കും പൊതു-സ്വകാര്യ മേഖലയിലെ പരിഹാരദാതാക്കൾക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവ ചർച്ചകളിൽ എടുത്തുപറഞ്ഞു. അഞ്ച് അർബൻ റിവർ മാനേജ്‌മെൻ്റ് പ്ലാനുകളുടെ പ്രകാശനവും ഈ സെഷനിൽ നടന്നു.

ജല വാരം 2026-നോടനുബന്ധിച്ച് ഒരേസമയം സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ (WASH) കോൺഫറൻസ് 2026, എന്നിവ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ കുടിവെള്ളം, ശുചിത്വം എന്നിവയിലുള്ള ശ്രദ്ധ കൂടുതൽ ശക്തമാക്കുന്നു. കാലാവസ്ഥയെ പ്രതിരോധിക്കുന്ന WASH സേവനങ്ങൾ, കുടിവെള്ള സ്രോതസ്സുകളുടെ സുസ്ഥിരത, ജലത്തിൻ്റെ ഗുണനിലവാരം, ശുചിത്വം, മലിനജല സംസ്കരണം, സാങ്കേതികവിദ്യ, ജനപങ്കാളിത്തം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നയരൂപകർത്താക്കൾ, പ്രായോഗിക വിദഗ്ദ്ധർ, വികസന പങ്കാളികൾ, മറ്റ് പങ്കാളികൾ എന്നിവരെ ഈ സമ്മേളനം ഒരുമിച്ച് കൊണ്ടുവരുന്നു. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ WASH സേവനങ്ങൾ കൈവരിക്കുന്നതിനും 'സുസ്ഥിര വികസന ലക്ഷ്യം -6' മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള അനുഭവങ്ങളും വിപ്ലവാത്മക മാറ്റങ്ങളും പ്രായോഗിക പരിഹാരങ്ങളും പങ്കുവെക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു വേദിയാണ് ഇത് ഒരുക്കുന്നത്.

സമ്മേളന ഭാഗമായി, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വാഷ് സേവന വിതരണത്തിൻ്റെ പ്രധാന വശങ്ങൾ ഉൾപ്പെടുത്തി മൂന്ന് പ്രമേയാധിഷ്ഠിത  സെഷനുകൾ സംഘടിപ്പിച്ചു. (i) ജലവിതരണ സംവിധാനങ്ങൾ: പ്രവർത്തനങ്ങളും പരിപാലനവും, അടിസ്ഥാന സൗകര്യങ്ങളും സ്രോതസ്സിൻ്റെ സുസ്ഥിരതയും; (ii) ജലത്തിൻ്റെ ഗുണനിലവാരം, സുരക്ഷിതത്വം, പുതിയ മലിനീകരണ വസ്തുക്കൾ; (iii) കാലാവസ്ഥാ പ്രതിരോധം, പ്രകൃതിദത്ത പരിഹാരങ്ങൾ, ശുചിത്വം എന്നിവയിലൂന്നിയായിരുന്നു ഈ സെഷനുകൾ. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ വാഷ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ പങ്കുവെക്കാൻ ഈ ചർച്ചകൾ നയരൂപകർത്താക്കൾ, പ്രായോഗിക വിദഗ്ദ്ധർ, ഗവേഷകർ, വികസന പങ്കാളികൾ, മേഖലയിലെ വിദഗ്ദ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു.

ഔദ്യോഗിക ചർച്ചകൾക്കപ്പുറം, ഇന്ത്യഅന്താരാഷ്ട്ര ജല വരാൻ -2026 രൂപകൽപ്പന ചെയ്തിരിക്കുന്നത് ഗവണ്മെൻ്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, വിദ്യാഭ്യാസ മേഖല, വ്യവസായം, സ്റ്റാർട്ടപ്പുകൾ, ജനസമൂഹങ്ങൾ എന്നിവർ തമ്മിലുള്ള നെറ്റ്‌വർക്കിംഗ്, സ്ഥാപനപരവും ബിസിനസ്സ്പരവുമായ പങ്കാളിത്തം, സാങ്കേതികവിദ്യാ സഹകരണങ്ങൾ, സംയുക്ത ഗവേഷണം, അറിവ് പങ്കുവെക്കൽ, ശേഷി വികസനം, കൂട്ടായ പ്രവർത്തനം എന്നിവയ്ക്കുള്ള ഒരു വേദിയായാണ്. മന്ത്രിതല-ആഗോള ജല നേതാക്കളുടെ പ്ലീനറി സെഷനുകൾ, കൺട്രി ഫോറങ്ങൾ, വാട്ടർ ലീഡേഴ്സ് ഫോറങ്ങൾ, പ്രാക്ടീഷണേഴ്സ് ഫോറങ്ങൾ, പ്രമേയാധിഷ്ഠിത ഫോറങ്ങൾ, സ്റ്റാർട്ടപ്പ്-യൂത്ത് ഫോറങ്ങൾ, അന്താരാഷ്ട്ര എക്സിബിഷൻ, ഇതിനോടൊപ്പം ഒരേസമയം സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര വാഷ് കോൺഫറൻസ് 2026 എന്നിവയിലൂടെ, സംവാദങ്ങളെ പ്രായോഗികമായ നിർദ്ദേശങ്ങളായും, ദീർഘകാല പങ്കാളിത്തങ്ങളായും, ജലസുരക്ഷിതവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ ഒരു ഭാവിക്കായുള്ള വ്യാപിപ്പിക്കാൻ കഴിയുന്ന പരിഹാരങ്ങളായും മാറ്റാൻ ഈ പരിപാടി ലക്ഷ്യമിടുന്നു.

സുസ്ഥിര ജല പരിപാലനത്തിനുള്ള സംയുക്ത ഇന്തോ-ഡാനിഷ് പരിഹാരങ്ങൾ എന്ന വിഷയത്തിന്മേലുള്ള ഒന്നാമത് കൺട്രി ഫോറത്തോടെയാണ് ഒന്നാം ദിവസത്തെ പരിപാടികൾ അവസാനിച്ചത്. സാങ്കേതികവിദ്യാധിഷ്ഠിതവും, കാര്യക്ഷമതയ്ക്ക് മുൻഗണന നൽകുന്നതും, ഡാറ്റാ അടിസ്ഥാനമാക്കിയുള്ളതുമായ ജലപരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിനുള്ള വർദ്ധിച്ചുവരുന്ന പങ്കിനെ ഈ ഫോറം പ്രതിഫലിപ്പിച്ചു. നഗരങ്ങളിലെ വെള്ളപ്പൊക്കം, മഴവെള്ളപ്പെയ്ത്ത് നിയന്ത്രണം, കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കടുത്ത പ്രതിസന്ധികൾ, ഡിജിറ്റൽ തീരുമാന പിന്തുണ സംവിധാനങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, ഡ്രോണുകൾ, റോബോട്ടിക്സ്, അത്യാധുനിക സർവേ സംവിധാനങ്ങൾ എന്നിവയിലുള്ള അവസരങ്ങൾ ഈ സെഷൻ പരിശോധിച്ചു. അതിർത്തികൾക്കപ്പുറമുള്ള പങ്കാളിത്തം, സംയുക്ത സംരംഭങ്ങൾ, സഹ-നവീകരണങ്ങൾ, നിക്ഷേപ അവസരങ്ങൾ, വ്യവസായം-വിദ്യാഭ്യാസമേഖല-ഗവണ്മെൻ്റ് എന്നിവ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവ സുഗമമാക്കുക എന്നതായിരുന്നു ഇതിൻ്റെ വിപുലമായ ലക്ഷ്യം.

കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ജലപരിപാലനത്തിന് വിവിധ മേഖലകൾ, സ്ഥാപനങ്ങൾ, ഭൂമിശാസ്ത്രപരമായ അതിരുകൾ എന്നിവ തമ്മിലുള്ള സംയോജനം ആവശ്യമാണെന്ന് ആദ്യദിന ചർച്ചകൾ പൊതുവായ സന്ദേശം നൽകി. ഇതിനായി ശാസ്ത്രം, ഡാറ്റ, പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ വർദ്ധിച്ച ഉപയോഗവും, ശക്തമായ സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തവും, സുസ്ഥിരമായ അന്താരാഷ്ട്ര സഹകരണവും അത്യാവശ്യമാണ്. നയങ്ങളെ പ്രായോഗിക പ്രവർത്തനങ്ങളുമായും, ഗവേഷണങ്ങളെ നടപ്പിലാക്കലുമായും, വിപ്ലവാത്മക മാറ്റങ്ങളെ നിക്ഷേപങ്ങളുമായും ബന്ധിപ്പിച്ചുകൊണ്ട് ഈ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ത്യ അന്താരാഷ്ട്ര ജല വാരം 2026 ലക്ഷ്യമിടുന്നത്.

***


( റിലീസ് ഐ.ഡി: 2313678) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , हिन्दी , Tamil