വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സ്വച്ഛത ഹി സേവ 2026-ൻ്റെ ഭാഗമായി നാഷണൽ മീഡിയ സെൻ്ററിൽ മുൻകരുതൽ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഡൽഹി പി.ഐ.ബിയിലെ ഉദ്യോഗസ്ഥർക്കും സഫായി മിത്രങ്ങൾക്കുമായാണ് ക്യാമ്പ്

പോസ്റ്റഡ് ഓണ്‍: 22 SEP 2026 3:54PM by PIB Thiruvananthpuram

സ്വച്ഛത ഹി സേവ 2026-ൻ്റെ ഭാഗമായി ന്യൂഡൽഹി നാഷണൽ മീഡിയ സെൻ്ററിൽ വെച്ച്, ഡൽഹി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സഫായി മിത്രങ്ങൾക്കുമായി (ശുചീകരണ തൊഴിലാളികൾ) മുൻകരുതൽ ആരോഗ്യ പരിശോധനയും മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പും സംഘടിപ്പിച്ചു. ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയുടെ സഹകരണത്തോടെയാണ് ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കും സഫായി മിത്രങ്ങൾക്കും ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ആരോഗ്യ പരിശോധനയും മെഡിക്കൽ ഉപദേശങ്ങളും നൽകി. 

പി.ഐ.ബി ജീവനക്കാർക്കിടയിൽ മുൻകരുതൽ ആരോഗ്യപരിപാലനവും പൊതുവായ ക്ഷേമവും പ്രോത്സാഹിപ്പിക്കുക, പ്രത്യേകിച്ച് സഫായി മിത്രങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുക എന്നതായിരുന്നു ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ക്യാമ്പിൽ പങ്കെടുത്തവർക്ക് അവരുടെ ആരോഗ്യനില വിലയിരുത്തുന്നതിനും ഡോക്ടർമാരുടെ സംഘത്തിൽ നിന്ന് മെഡിക്കൽ നിർദ്ദേശങ്ങൾ തേടുന്നതിനുമുള്ള അവസരം ലഭ്യമാക്കി.

സ്വച്ഛത ഹി സേവ 2026-ൻ്റെ ഭാഗമായുള്ള 'സഫായി മിത്ര സുരക്ഷാ ഏവം സമ്മാൻ ശിബിരം' പദ്ധതിയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഒരു ഭാഗമാണ് ഈ ആരോഗ്യ ക്യാമ്പ്. മുൻകരുതൽ ആരോഗ്യ പരിശോധനകളിലൂടെയും മറ്റ് പിന്തുണ നടപടികളിലൂടെയും ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യ സംരക്ഷണത്തിനും മുൻഗണന നൽകുന്നതാണ് ഈ പദ്ധതി. ഭവന-നഗരകാര്യ മന്ത്രാലയവും (MoHUA) ജൽ ശക്തി മന്ത്രാലയത്തിലെ കുടിവെള്ള വിതരണ-ശുചിത്വ വകുപ്പും (DDWS) സംയുക്തമായാണ് സ്വച്ഛത ഹി സേവ 2026 സംഘടിപ്പിക്കുന്നത്.

ശുചിത്വത്തിലേക്കുള്ള കൂട്ടായ പങ്കാളിത്തവും സന്നദ്ധ സേവനവും ശക്തമാക്കാനും 'സ്വച്ഛ ഭാരത്' എന്ന സങ്കൽപ്പത്തിന് കരുത്തേകാനും ഈ പ്രചാരണം ലക്ഷ്യമിടുന്നു. നാഷണൽ മീഡിയ സെൻ്ററിൽ സംഘടിപ്പിച്ച മുൻകരുതൽ ആരോഗ്യ പരിശോധനാ ക്യാമ്പ്, വൃത്തിയുള്ളതും ആരോഗ്യകരവും പിന്തുണ നൽകുന്നതുമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിലുള്ള പി.ഐ.ബിയുടെ പ്രതിബദ്ധതയെയാണ് വ്യക്തമാക്കുന്നത്. 

 

തൊഴിലിടങ്ങളിൽ ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷവും നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സഫായി മിത്രങ്ങളുടെ ക്ഷേമവും അന്തസ്സും ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

***


( റിലീസ് ഐ.ഡി: 2313623) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: Telugu , English , Urdu , हिन्दी , Tamil