ഉപരാഷ്ട്രപതിയുടെ കാര്യാലയം
തേയില വ്യവസായം ആധുനികവല്‍ക്കരിക്കാനും ഗവേഷണം ശക്തമാക്കാനും ആഗോള വിപണികള്‍ക്കായി ഇന്ത്യന്‍ തേയില ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കാനും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
21 SEP 2026 5:19PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ ഇന്ന് നീലഗിരിയിലെ കുന്നൂരില്‍ UPASI (യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ) ടീ റിസര്‍ച്ച് ഫൗണ്ടേഷന്റെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഗോള വിപണിയില്‍ ഇന്ത്യന്‍ തേയിലയെ മത്സരശേഷിയുള്ളതാക്കാന്‍ കൂടുതല്‍ ഗവേഷണം, ആധുനികവല്‍ക്കരണം, ബ്രാന്‍ഡിംഗ്, മൂല്യവര്‍ദ്ധനവ് എന്നിവയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.
തേയില വ്യവസായത്തിനും തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും നല്‍കിയ 100 വര്‍ഷത്തെ സേവനത്തിന് UPASI ടീ റിസര്‍ച്ച് ഫൗണ്ടേഷനെ അഭിനന്ദിച്ച ശ്രീ സി. പി. രാധാകൃഷ്ണന്‍, തേയില മേഖലയുടെ ഗവേഷണത്തിനും വികസനത്തിനും ഫൗണ്ടേഷന്‍ നല്‍കിയ നൂറ്റാണ്ടുകളുടെ സംഭാവനകളെ പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ തേയില ഉല്‍പ്പാദന-ഉപഭോഗ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, കൃഷിയിലും തേയിലയുടെ കാര്യക്ഷമമായ സംസ്‌കരണത്തിലും നിര്‍മ്മാണത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു.
ചെലവ് കുറയ്ക്കല്‍, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവ സാധ്യമാകുന്ന മേഖലകളില്‍ തേയില ഗവേഷണം വിപുലീകരിക്കാന്‍ ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ആഗോള തേയില വിപണി കൂടുതല്‍ മത്സരസ്വഭാവമുള്ളതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗുണനിലവാരം നിലനിര്‍ത്തുന്നതിനും മാറിക്കൊണ്ടിരിക്കുന്ന വിപണി ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനും തോട്ടം ഉടമകളെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
മറ്റ് തേയില ഉല്‍പ്പാദന രാജ്യങ്ങളില്‍ നിന്നുള്ള മത്സരത്തെക്കുറിച്ച് സംസാരിക്കവെ, തുടര്‍ച്ചയായ ഗവേഷണത്തിലൂടെയും നവീകരണത്തിലൂടെയും ഇന്ത്യന്‍ തേയില എങ്ങനെ കൂടുതല്‍ ഫലപ്രദമായി വിപണിയിലെത്തിക്കാമെന്നും വരുമാനം വര്‍ദ്ധിപ്പിക്കാമെന്നും തോട്ടം മേഖല നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ പരിഹരിക്കാമെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു.
തേയില വ്യവസായത്തിന്റെ ആവശ്യകതകളെക്കുറിച്ച് വ്യവസ്ഥാപിതമായ വിലയിരുത്തല്‍ നടത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് കൃത്യമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഗവേഷണത്തിനായി വിദഗ്ദ്ധരെ കണ്ടെത്തേണ്ടതിന്റെയും, ഇന്ത്യന്‍ തേയില ഉല്‍പ്പാദനം ആഗോള നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തേയില ഫാക്ടറികള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെയും ആവശ്യമായ നവീകരണങ്ങള്‍ നടത്തുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ അളവില്‍ തേയില കയറ്റുമതിയും വില്‍പ്പനയും നടത്തുക എന്നതിനപ്പുറം ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ വികസിപ്പിക്കാന്‍ തേയില ഉല്‍പ്പാദകരോടും കയറ്റുമതിക്കാരോടും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. പല വിദേശ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച അദ്ദേഹം, അന്താരാഷ്ട്ര വിപണികളില്‍ വിവിധ രാജ്യങ്ങളുടെ നിരവധി തേയില ബ്രാന്‍ഡുകള്‍ കണ്ടതായി ഓര്‍മ്മിക്കുകയും ഇന്ത്യന്‍ തേയില ബ്രാന്‍ഡുകള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ ദൃശ്യപരത ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ശക്തമായ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ഇന്ത്യന്‍ തേയില വിപണിയിലെത്തിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് വിപണിയിലെ സ്ഥാനവും വരുമാനവും വിലയും മെച്ചപ്പെടുത്താന്‍ സഹായിക്കും.
കൂടുതല്‍ സ്ഥലങ്ങളിലേക്ക് തേയില ഗവേഷണ ശൃംഖല വ്യാപിപ്പിച്ചും ഗവേഷണ കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും തങ്ങളുടെ ശതാബ്ദി വര്‍ഷം ശാശ്വതമായ ഒരു നാഴികക്കല്ലാക്കി മാറ്റാന്‍ ശ്രീ സി. പി. രാധാകൃഷ്ണന്‍ UPASI യോട് ആഹ്വാനം ചെയ്തു. പുതിയ വെല്ലുവിളികളെയും അവസരങ്ങളെയും നേരിടാന്‍ ഗവേഷണം നിരന്തരം വികസിച്ചുകൊണ്ടിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ പ്രധാന പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, അവരുടെ ക്ഷേമത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ മേഖലയുടെ വളര്‍ച്ചയുടെയും സുസ്ഥിരതയുടെയും അവിഭാജ്യ ഘടകമായി തൊഴിലാളികളുടെ ക്ഷേമം നിലനില്‍ക്കണമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. 'വ്യവസായത്തിന്റെ ക്ഷേമവും തൊഴിലാളികളുടെ ക്ഷേമവും കൈകോര്‍ത്തു പോകണം,' അദ്ദേഹം പറഞ്ഞു.
തേയിലയിലെ മൂല്യവര്‍ദ്ധനവിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച ഉപരാഷ്ട്രപതി, പുതിയ ഉല്‍പ്പന്നങ്ങളും സംസ്‌കരണ രീതികളും വിപണി അവസരങ്ങളും കണ്ടെത്തുന്നതിന് പ്രമുഖ പങ്കാളികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
പ്രധാന തേയില ഉല്‍പ്പാദന രാജ്യവും ഉപഭോഗ രാജ്യവുമാണ് ഇന്ത്യ എന്ന അനുകൂല സാഹചര്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, രാജ്യത്തെ വലിയ ആഭ്യന്തര വിപണിയെ കൂടുതല്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ വ്യവസായ ലോകത്തോട് അഭ്യര്‍ത്ഥിച്ചു. തേയില മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നല്ലൊരു അവസരമാണ് നിലവിലുള്ള സാഹചര്യം നല്‍കുന്നതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
തേയില, തോട്ടം മേഖലകളില്‍ നിന്നുള്ള തോട്ടം ഉടമകള്‍, ഗവേഷകര്‍, വ്യവസായ പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള ബന്ധപ്പെട്ടവര്‍ തേയില ഗവേഷണത്തിന്റെയും തോട്ടം വ്യവസായത്തിന്റെയും ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ശതാബ്ദി സമ്മേളനത്തില്‍ ഒരുമിച്ചുകൂടി.
ദക്ഷിണേന്ത്യയിലെ തേയില ഗവേഷണത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംഭാവനകളും രേഖപ്പെടുത്തുന്ന 'ടീ റിസര്‍ച്ച് ഇന്‍ സൗത്ത് ഇന്ത്യ - എ കോംപന്‍ഡിയം' (Tea Research in South India - A Compendium) എന്ന പുസ്തകം ചടങ്ങില്‍ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.
തമിഴ്‌നാട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ഉദഗമണ്ഡലം എം.എല്‍.എ ഭോജരാജന്‍, ടീ ബോര്‍ഡ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ചെയര്‍മാന്‍ സി. മുരുകന്‍, UPASI പ്രസിഡന്റ് അജോയ് തിപ്പയ്യ, മറ്റ് വിശിഷ്ടാതിഥികള്‍, തോട്ടം ഉടമകള്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



***
( റിലീസ് ഐ.ഡി: 2313164)
സന്ദര്‍ശക കൗണ്ടര്‍ : 5