ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

9-ാമത് ഇന്ത്യ അന്താരാഷ്ട്ര ജലവാരം ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ സെപ്റ്റംബർ 22-ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും

പോസ്റ്റഡ് ഓണ്‍: 20 SEP 2026 11:43AM by PIB Thiruvananthpuram
വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന ഗവൺമെന്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ, വികസന പങ്കാളികൾ, പൗരസമൂഹം, സ്വകാര്യ മേഖലയിലെ പങ്കാളികൾ എന്നിവയുമായി സഹകരിച്ച് കേന്ദ്ര ജൽശക്തി മന്ത്രാലയമാണ് 9-ാമത് ഇന്ത്യ അന്താരാഷ്ട്ര ജലവാരം (IIWW) സംഘടിപ്പിക്കുന്നത്. “കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജല പരിപാലനം” എന്ന പ്രമേയത്തിൽ 2026 സെപ്റ്റംബർ 22 മുതൽ 26 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്. നയരൂപകർത്താക്കൾ, ആഗോള ജലമേഖലയിലെ നേതാക്കൾ, വിദഗ്ദ്ധർ, ഗവേഷകർ, പ്രൊഫഷണലുകൾ, വ്യവസായ മേഖലയിലെ പ്രതിനിധികൾ, പൗരസമൂഹം, യുവ പ്രൊഫഷണലുകൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര പരിപാടി ഒരു ബഹുമുഖ പ്ലാറ്റ്‌ഫോമായി വർത്തിക്കും. ഉയർന്നുവരുന്ന ജല വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും, ജലസുരക്ഷിതവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ ഭാവിയിലേക്ക് മുന്നേറുന്നതിനുമായി സംവാദങ്ങൾ, വിജ്ഞാന കൈമാറ്റം, നൂതനാശയങ്ങൾ, പങ്കാളിത്തം എന്നിവയ്ക്ക് പരിപാടി വേദിയൊരുക്കും.
 
IIWW-2026 ൻ്റെ പ്രധാന സവിശേഷതകൾ
 
• ഉദ്ഘാടനം: കേന്ദ്ര ജൽശക്തി മന്ത്രിയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ, 2026 സെപ്റ്റംബർ 22-ന് ഉപരാഷ്ട്രപതി പരിപാടി ഉദ്ഘാടനം ചെയ്യും.
 
• ആഗോള പങ്കാളിത്തവും പങ്കാളി രാജ്യങ്ങളും: നെതർലൻഡ്‌സും ജർമ്മനിയും പങ്കാളി രാജ്യങ്ങളായി പങ്കെടുക്കും. ഒപ്പം മന്ത്രിമാർ, നയരൂപകർത്താക്കൾ, ആഗോള ജലമേഖലയിലെ നേതാക്കൾ, അന്താരാഷ്ട്ര സംഘടനകൾ, വിദഗ്ദ്ധർ, ഗവേഷകർ, പ്രൊഫഷണലുകൾ, വ്യവസായ പ്രതിനിധികൾ, പൗരസമൂഹം, സ്റ്റാർട്ടപ്പുകൾ, യുവജനങ്ങൾ, ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള മറ്റ് പങ്കാളികൾ തുടങ്ങിയവരും പങ്കെടുക്കും. ഇത് ജലപരിപാലന മേഖലയിലെ അന്താരാഷ്ട്ര സഹകരണവും ആഗോള അനുഭവങ്ങളുടെ കൈമാറ്റവും കൂടുതൽ സമ്പന്നമാക്കും.
 
• ദേശീയ പങ്കാളിത്തവും ഏകോപനവും: 14 സംസ്ഥാനങ്ങൾ പങ്കാളി സംസ്ഥാനങ്ങളായി പങ്കെടുക്കും. അതോടൊപ്പം കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജല പരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സഹകരണവും വിവിധ മേഖലകൾ തമ്മിലുള്ള ഏകോപനവും ശക്തിപ്പെടുത്തുന്നതിനായി 6 കേന്ദ്ര മന്ത്രാലയങ്ങളെയും വകുപ്പുകളെയും പങ്കാളി മന്ത്രാലയങ്ങളായും വകുപ്പുകളായും പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
 
• പത്ത് പ്രധാന ഫോറങ്ങൾ: മന്ത്രിതല പ്ലീനറി, ആഗോള ജലമേഖലയിലെ നേതാക്കളുടെ പ്ലീനറികൾ, കൺട്രി ഫോറങ്ങൾ, ജലമേഖലയിലെ നേതാക്കളുടെ ഫോറങ്ങൾ, പ്രാക്ടീഷണർമാരുടെ ഫോറങ്ങൾ, വിഷയാധിഷ്ഠിത ഫോറങ്ങൾ, സ്റ്റാർട്ടപ്പ് ഫോറം, യുവജന ഫോറം, വ്യവസായ ഫോറം, അനുബന്ധ പരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഇത് നയരൂപീകരണം, സാങ്കേതികവിദ്യ, ഗവേഷണം, നിർവ്വഹണം എന്നിവയിലുടനീളം സംവാദങ്ങൾക്ക് വഴിയൊരുക്കും.
 
• ഏഴ് പ്രധാന ഉപപ്രമേയങ്ങൾ: എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യത ഉറപ്പാക്കുന്നതുമായ ജലഭരണം, ജലസ്രോതസ്സുകളുടെ പരമാവധി ഉപയോഗത്തിനായുള്ള സഹകരണം, ജലസുരക്ഷയ്ക്കായി സാങ്കേതികവിദ്യയും സമൂഹവും, കാലാവസ്ഥയുമായി 
ബന്ധപ്പെട്ട അപകടസാധ്യതകളിലെ ജലം, ജല അടിസ്ഥാനസൗകര്യങ്ങൾക്കും ആധുനികവൽക്കരണത്തിനുമുള്ള നൂതന ധനസഹായ മാതൃകകൾ, സുസ്ഥിര ജലവിഭവ പരിപാലനം, ജനങ്ങൾക്കും ഭൂമിക്കും വേണ്ടിയുള്ള ജലം എന്നിവ ചർച്ചകളിൽ ഉൾപ്പെടും.
 
• അന്താരാഷ്ട്ര പ്രദർശനവും സാങ്കേതികവിദ്യാ പ്രദർശനവും: സുസ്ഥിരവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ ജല പരിപാലനത്തിനായുള്ള നൂതന സാങ്കേതികവിദ്യകൾ, ഉൽപ്പന്നങ്ങൾ, പരിഹാരങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായി 2026 സെപ്റ്റംബർ 22 മുതൽ 25 വരെ നാല് ദിവസത്തെ അന്താരാഷ്ട്ര പ്രദർശനം ഒരുക്കും.
 
• അന്താരാഷ്ട്ര WASH സമ്മേളനം: കുടിവെള്ള-ശുചിത്വ വകുപ്പ് സെപ്റ്റംബർ 22 മുതൽ 24 വരെ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര WASH സമ്മേളനം, കുടിവെള്ള ലഭ്യത, ശുചിത്വ അടിസ്ഥാനസൗകര്യങ്ങൾ, വ്യക്തിശുചിത്വ ശീലങ്ങൾ, പൊതുജനാരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒപ്പം വിപുലീകരിക്കാവുന്നതും ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ പരിഹാരങ്ങൾക്ക് ഊന്നൽ നൽകും.
 
• ഫലാധിഷ്ഠിത ചർച്ചകൾ: വിജ്ഞാനത്തെയും സംവാദങ്ങളെയും പ്രായോഗിക നിർദ്ദേശങ്ങളായും പങ്കാളിത്തങ്ങളായും വിപുലീകരിക്കാൻ കഴിയുന്ന പരിഹാരങ്ങളായും മാറ്റാനാണ് IIWW-2026 ലക്ഷ്യമിടുന്നത്. ജലസുരക്ഷയും കാലാവസ്ഥാ പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനായി നയരൂപീകരണം, ധനസഹായം, സാങ്കേതികവിദ്യ, ജനകീയ പങ്കാളിത്തം എന്നിവയെ ഇത് ഒരുമിച്ചുകൊണ്ടുവരും.
 
• സമാപന സമ്മേളനവും പഠന യാത്രകളും: ചർച്ചകൾ 2026 സെപ്റ്റംബർ 25-ലെ സമാപന സമ്മേളനത്തോടെ പൂർത്തിയാകും. തുടർന്ന് 2026 സെപ്റ്റംബർ 26-ന് പഠന യാത്രകൾ നടക്കും.
 
 
അനുഭവങ്ങൾ പങ്കുവെക്കുന്നതിനും നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും ജലമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയിൽ നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സുപ്രധാന വേദിയായി ഇന്ത്യ അന്താരാഷ്ട്ര ജലവാരം മാറിയിട്ടുണ്ട്. സുസ്ഥിര ജല പരിപാലനത്തിനായി വെറും സംവാദങ്ങൾക്കപ്പുറം പ്രായോഗികവും കൂട്ടായതും നടപ്പാക്കാൻ സാധിക്കുന്നതുമായ പരിഹാരങ്ങളിലേക്ക് നീങ്ങുന്നതിന് ഊന്നൽ നൽകിക്കൊണ്ട്, കാലാവസ്ഥാ പ്രതിരോധശേഷിയെ ജലചർച്ചകളുടെ കേന്ദ്രബിന്ദുവാക്കുകയാണ് IIWW-2026 ചെയ്യുന്നത്.
 
 
***

( റിലീസ് ഐ.ഡി: 2312798) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada