ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

38-ാമത് പൂനെ ഫെസ്റ്റിവല്‍ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 18 SEP 2026 8:02PM by PIB Thiruvananthpuram

38-ാമത് പൂനെ ഫെസ്റ്റിവല്‍ ഇന്ന് പൂനെയിലെ ശ്രീ ഗണേഷ് കലാക്രീഡ രംഗ്മഞ്ചില്‍ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ജിഷ്ണു ദേവ് വര്‍മ്മ, ഉപമുഖ്യമന്ത്രി ശ്രീമതി സുനേത്ര പവാര്‍, ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ശ്രീ ചന്ത്രകാന്ത് പാട്ടീല്‍, സാംസ്‌കാരികകാര്യ മന്ത്രി ശ്രീ. ആശിഷ് ഷെലാര്‍, ശ്രീമതി ഹേമ മാലിനി എം.പി, ഡോ. മേധ കുല്‍ക്കര്‍ണി എം.പി, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

രാജ്യം അതിൻ്റെ ചരിത്രത്തെയും വീരനായകര്‍ നടത്തിയ മഹത്തായ ത്യാഗങ്ങളെയും ഒരിക്കലും വിസ്മരിക്കരുതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിൻ്റെ അനശ്വരമായ പൈതൃകത്തെ അനുസ്മരിച്ചുകൊണ്ട്, ഹിന്ദു ധര്‍മത്തെയും ഇന്ത്യയുടെ നാഗരിക പൈതൃകത്തെയും സംരക്ഷിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍ത്തിരിക്കേണ്ടതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. മറാഠാ നേതാക്കള്‍ കാരണമാണ് തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രറിയില്‍ തമിഴ് സാഹിത്യകൃതികള്‍ സംരക്ഷിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മഹാരാഷ്ട്രയും തമിഴ്‌നാടും തമ്മിലുള്ള ആഴമേറിയ ചരിത്ര, സാംസ്‌കാരിക ആത്മബന്ധങ്ങളെയും എടുത്തുപറഞ്ഞു.

ലോകമാന്യ തിലക്, മഹാത്മാ ജ്യോതിബ ഫൂലെ, ക്രാന്തിജ്യോതി സാവിത്രിഭായ് ഫൂലെ, ബാബാസാഹെബ് ബി.ആര്‍. അംബേദ്കര്‍ എന്നിവര്‍ക്കും അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പൂനെയുടെ വളര്‍ന്നുവരുന്ന ആഗോള പ്രകൃതത്തെ അഭിനന്ദിച്ചുകൊണ്ട്, ഉദ്ഘാടന ചടങ്ങില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രകടനത്തെ ഉപരാഷ്ട്രപതി പ്രത്യേകം പ്രശംസിച്ചു. പരമ്പരാഗത ഗണേശ പൂജാ പരിപാടിയില്‍ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കാര്യം എടുത്തുപറഞ്ഞ അദ്ദേഹം, 'വസുധൈവ കുടുംബകം' എന്ന ആശയത്തിൻ്റെ മനോഹരമായ ആവിഷ്‌കാരമാണതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

തങ്ങളുടെ സാംസ്‌കാരിക തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസം, വ്യവസായം, കായികം, വിവരസാങ്കേതികവിദ്യ, വാഹന ഉത്പാദനം, വിനോദസഞ്ചാരം, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ മേഖലകളില്‍ പൂനെ ഒരു പ്രധാന കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 'ഉത്സവങ്ങളുടെ നഗര'മായ പൂനെയുടെ വളര്‍ച്ചയില്‍ പൂനെ ഫെസ്റ്റിവല്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, മേളയുടെ സ്ഥാപകനായ അന്തരിച്ച ശ്രീ. സുരേഷ് കല്‍മാഡിയുടെ ദീര്‍ഘവീക്ഷണത്തെ അനുമോദിക്കുകയും ചെയ്തു.

യുവാക്കളും വളര്‍ന്നുവരുന്നവരുമായ കലാകാരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്ന മേളയുടെ രീതിയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, ഉദിച്ചുയരുന്ന താരങ്ങള്‍, മഴവില്ല് തുടങ്ങിയ പരിപാടികളെ പ്രത്യേകം എടുത്തുപറഞ്ഞു. വനിതാ കലാകാരികള്‍ക്ക് തങ്ങളുടെ കഴിവുകളും സര്‍ഗ്ഗാത്മകതയും പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന 'മഹിളാ മഹോത്സവ'ത്തെയും അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ വേരൂന്നി നില്‍ക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ സി.പി. രാധാകൃഷ്ണന്‍, വികസനവും പൈതൃക സംരക്ഷണവും കൈകോര്‍ത്ത് പോകണമെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'വികസനവും ഒപ്പം പൈതൃകവും' എന്ന കാഴ്ചപ്പാടിനെ പരാമര്‍ശിച്ചുകൊണ്ട്, ആധുനികതയും സാങ്കേതിക പുരോഗതിയും കൈവരിക്കുന്നതിന് പാരമ്പര്യങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും ബലികഴിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യ വികസനവും മാത്രമല്ല, സാംസ്‌കാരിക പൈതൃകത്തില്‍ അധിഷ്ഠിതമായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നീതിപൂര്‍വകവുമായ ഒരു സമൂഹവും 'വികസിത ഇന്ത്യ' എന്ന കാഴ്ചപ്പാടില്‍ ഉള്‍പ്പെടുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പൂനെ ഫെസ്റ്റിവല്‍ പോലുള്ള ആഘോഷങ്ങള്‍ക്ക് സാംസ്‌കാരിക വിനിമയം, വിനോദസഞ്ചാരം, പ്രാദേശിക പ്രതിഭകള്‍, ദേശീയോദ്ഗ്രഥനം എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഐക്യവും സൗഹാര്‍ദ്ദവും സേവനമനോഭാവവും തുടര്‍ന്നും നിലനിര്‍ത്താന്‍ ശ്രീ സി.പി. രാധാകൃഷ്ണന്‍ ഗണപതി ഭഗവാനോട് പ്രാര്‍ത്ഥിച്ചു; ഒപ്പം, ഇന്ത്യയുടെ സമ്മിശ്ര സംസ്‌കാരത്തെ ആഘോഷിക്കാനും യുവപ്രതിഭകള്‍ക്ക് പ്രചോദനമേകാനും സ്ത്രീകളെ ശാക്തീകരിക്കാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ദേശീയോദ്ഗ്രഥനം ശക്തിപ്പെടുത്താനും പൂനെ ഫെസ്റ്റിവലിന് തുടര്‍ന്നും കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ ചലച്ചിത്രരംഗത്തിനും അവതരണ കലകള്‍ക്കും നല്‍കിയ വിശിഷ്ട സംഭാവനകള്‍ പരിഗണിച്ച്, മുതിര്‍ന്ന നടന്‍ ശ്രീ. മോഹന്‍ ജോഷിക്ക് ഫെസ്റ്റിവല്‍ സ്ഥാപകൻ്റെ പേരിലുള്ള 'സുരേഷ് കല്‍മാഡി പൂനെ ഫെസ്റ്റിവല്‍ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം' ഉപരാഷ്ട്രപതി സമ്മാനിച്ചു.
 
****

( റിലീസ് ഐ.ഡി: 2312286) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati