ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ഐ.സി.ഡബ്ല്യു.എ യുടെ രജതജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു

പോസ്റ്റഡ് ഓണ്‍: 15 SEP 2026 2:34PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ സപ്രു ഹൗസിൽ ഇന്ന് സംഘടിപ്പിച്ച  ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിന്റെ (ICWA)  രജതജൂബിലി ആഘോഷങ്ങളെ  ഐ.സി.ഡബ്ല്യു.എ പ്രസിഡന്റുകൂടിയായ ഉപരാഷ്ട്രപതി  ശ്രീ സി. പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു. രജതജൂബിലി ആഘോഷം നന്ദിയുടെയും ആത്മപരിശോധനയുടെയും അവസരമാണെന്ന്  ചൂയിംടിക്കാട്ടിയ ഉപരാഷ്ട്രപതി, കൗൺസിലിന്റെ മഹത്തായ പാരമ്പര്യത്തിന്  സംഭാവന നൽകിയ സ്ഥാപകർ, മുൻ നേതാക്കൾ, ഡയറക്ടർ ജനറൽമാർ, പണ്ഡിതർ, നയതന്ത്രജ്ഞർ, ഗവേഷകർ, ജീവനക്കാർ എന്നിവർക്ക് ആദരം അർപ്പിച്ചു.


ബ്രിക്‌സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് വിദേശകാര്യ മന്ത്രിയും ഐസിഡബ്ല്യുഎ വൈസ് പ്രസിഡന്റുമായ ഡോ. എസ്. ജയശങ്കറിനെയും വിദേശകാര്യ സെക്രട്ടറി ശ്രീ വിക്രം മിസ്രിയെയും വിദേശകാര്യ മന്ത്രാലയത്തിലെ മുഴുവൻ ടീമിനെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സംഘർഷങ്ങളും വൈരുദ്ധ്യങ്ങളും കൊണ്ട് അസ്വസ്ഥമായ ഒരു ലോകത്ത്, ന്യൂഡൽഹി നേതാക്കളുടെ പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചത് ഒരു സുപ്രധാന നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യങ്ങൾക്കിടയിൽ നല്ല ബന്ധം കെട്ടിപ്പടുക്കുക എന്നതാണ് നയതന്ത്രത്തിന്റെ  പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യ പുരോഗതിയും ലോകസമാധാനവും പരസ്പരം കൈകോർത്ത് പോകണമെന്നും രാജ്യങ്ങൾ പരസ്പരം ആശങ്കകൾ തിരിച്ചറിഞ്ഞ് പരസ്പര നേട്ടത്തിനായി പ്രവർത്തിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ എന്നും ഉപരാഷ്ട്രപതി പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ  ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള പങ്കാളിത്തം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, സമാധാനത്തിന്റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും ശക്തമായ ശബ്ദമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. 'വസുധൈവ കുടുംബകം'എന്ന ഭാരതീയ ദർശനത്തെക്കുറിച്ച് പരാമർശിക്കവേ,കോവിഡ് കാലത്തെ ഇന്ത്യയുടെ ദുരന്ത പ്രതികരണ ശ്രമങ്ങൾ, ലൈഫ്, ഇന്റർനാഷണൽ സോളാർ അലയൻസ്, ഗ്ലോബൽ ബയോഫ്യൂവൽ അലയൻസ് പോലുള്ള ആഗോള സംരംഭങ്ങൾ ഈ ചിന്താഗതിയുടെ പ്രായോഗിക ഉദാഹരണങ്ങളാണെന്ന് അദ്ദേഹം  കൂട്ടിച്ചേർത്തു.

യുപിഐ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ഉപരാഷ്ട്രപതി പ്രശംസിച്ചു."സുതാര്യമായ പേയ്‌മെന്റ് സംവിധാനങ്ങൾ സുതാര്യമായ ഭരണത്തിന് വഴിതെളിക്കുന്നു," എന്ന് അദ്ദേഹം നിരീക്ഷിച്ചു. ഐ.ടി.ഇ.സി വഴിയും വിദ്യാഭ്യാസ സഹകരണങ്ങളിലൂടെയും ഇന്ത്യയുടെ സാങ്കേതിക, സ്ഥാപന ശേഷികൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായി പങ്കുവെക്കുന്നുണ്ടെന്നും സൻസിബാറിൽ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ ഐ.ഐ.ടി കാമ്പസ് ആരംഭിച്ചത് ഇതിനൊരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പങ്കാളികൾക്കിടയിൽ ഇന്ത്യയോടുള്ള വിശ്വാസം വർദ്ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, 'ഗ്ലോബൽ സൗത്തിനെ നയിക്കാൻ പ്രാപ്തിയുള്ള ശക്തിയായി ഇന്ത്യ ആഗോളതലത്തിൽ ഉയർന്നുവരുകയാണെ'ന്നും  അഭിപ്രായപ്പെട്ടു.

മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ ഐ.സി.ഡബ്ല്യു.എ യുടെ  പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. സ്ഥാപനത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച  നാല് പ്രധാന മുൻഗണനകൾ ഇവയാണ്:
1. 'അയൽപക്കാം ആദ്യം', 'ആക്ട് ഈസ്റ്റ്','ഗ്ലോബൽ സൗത്ത്','ഇന്തോ-പസഫിക്' എന്നീ മേഖലകളിലെ ഗവേഷണം ശക്തമാക്കുക
2. സൈബർ സുരക്ഷ, ബഹിരാകാശം, നിർണായക സാങ്കേതികവിദ്യകൾ, ആഗോള വിതരണ ശൃംഖല  എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ വിപുലീകരിക്കുക.
3. സർവ്വകലാശാലകളുമായും യുവ ഗവേഷകരുമായും സഹകരണം വർദ്ധിപ്പിക്കുക.
4. ആധികാരികമായ ഇന്ത്യൻ  കാഴ്ചപ്പാടോടെ ലോകകാര്യങ്ങളിലെ വിശ്വസനീയ വിജ്ഞാന കേന്ദ്രമായി മാറുക.

'വികസിത  ഭാരതം @ 2047' എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി  ഐസിഡബ്ല്യുഎ ബൗദ്ധികമായും സ്ഥാപനപരമായും സ്വയം തയ്യാറെടുക്കണമെന്നും അന്താരാഷ്ട്ര കാര്യങ്ങളുടെ പഠനത്തിനായി ലോകത്തിലെ ആദരണീയ കേന്ദ്രങ്ങളിലൊന്നായി മാറാൻ ശ്രമിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സുവർണ്ണ ജൂബിലി ആഘോഷ വേളയാകുമ്പോഴേക്കും ഇന്ത്യക്കും സമാധാനപരമായ ലോക ക്രമത്തിനും കൗൺസിൽ  കൂടുതൽ മികച്ച സംഭാവനകൾ നൽകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

 
കൗൺസിലിന്റെ നാൾവഴികളും വളർച്ചയും ചിത്രീകരിക്കുന്ന ഫോട്ടോ പ്രദർശനം സന്ദർശിച്ച ഉപരാഷ്ട്രപതി, മുൻ ഡയറക്ടർ ജനറൽമാർക്ക് അവരുടെ സംഭാവനകളെ മുൻനിർത്തി  ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
 
*****

( റിലീസ് ഐ.ഡി: 2310486) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: Bengali , Bengali-TR , English , Urdu , हिन्दी , Gujarati , Telugu