പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 11 SEP 2026 5:28PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന 18-ാമത് ബ്രികസ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷത്തെ ഇവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇതിനുമുമ്പ് 2026 ഓഗസ്റ്റ് 31-ന് ബിഷ്കെക്കിൽ നടന്ന 26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, നൈപുണ്യ വിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. 2026 സെപ്റ്റംബർ 9 മുതൽ 11 വരെ ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച റഷ്യയുടെ അന്താരാഷ്ട്ര വ്യവസായ പ്രദർശനമായ "ഇന്നോപ്രോം ഇന്ത്യ"യെ ഇരുനേതാക്കളും സ്വാഗതം ചെയ്യുകയും വ്യാപാര-വ്യവസായ ബന്ധങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിൽ ഇതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തു. ഇരുനേതാക്കളും 'ഇന്നോപ്രോം ഇന്ത്യ' പ്രദർശനം സന്ദർശിക്കുകയും പങ്കാളികളുമായി സംവദിക്കുകയും ചെയ്തു.

2026-ലെ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ബ്രിക്സ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര മേഖലകളിലെ ഇന്ത്യ-റഷ്യൻ സഹകരണത്തെക്കുറിച്ച് ഇരുനേതാക്കളും ആശയങ്ങൾ പങ്കുവെച്ചു. സമുദ്ര വ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിച്ച പശ്ചിമേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സംഘർഷങ്ങൾ ഉൾപ്പെടെ, പരസ്പര താല്പര്യമുള്ള പ്രധാന പ്രാദേശിക, ആഗോള വിഷയങ്ങളിലും അവർ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്നും സമാധാന ശ്രമങ്ങളിൽ പിന്തുണയ്ക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി ഒരിക്കൽ കൂടി ആവർത്തിച്ചു.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും പ്രതിരോധശേഷി കാണിക്കുകയും ഗണ്യമായ വളർച്ച രേഖപ്പെടുത്തുകയും ചെയ്യുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷവും വിശേഷാധികാരമുള്ളതുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളായി തുടരാൻ ഇരുനേതാക്കളും ധാരണയായി.

24-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയ്ക്കായി റഷ്യ സന്ദർശിക്കാൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ ക്ഷണിച്ചു. പ്രധാനമന്ത്രി ഈ ക്ഷണം സ്വീകരിച്ചു. ഉച്ചകോടിയുടെ തീയതികൾ നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പരസ്പര സൗകര്യത്തിനനുസരിച്ച് തീരുമാനിക്കും.

SK

 


( റിലീസ് ഐ.ഡി: 2309238) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: Marathi , English , Urdu , हिन्दी , Punjabi , Gujarati , Odia , Tamil