വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം കൂടുതല്‍ ആഴമേറിയതും പ്രതിരോധശേഷിയുള്ളതും സന്തുലിതവുമാക്കണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍

പോസ്റ്റഡ് ഓണ്‍: 11 SEP 2026 12:10PM by PIB Thiruvananthpuram

ബ്രിക്‌സ് രാജ്യങ്ങള്‍ ആഗോള വ്യാപാരത്തിന്റെ ഏകദേശം നാലിലൊന്ന് പങ്കുവഹിക്കുന്ന സാഹചര്യത്തില്‍, അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ആഴത്തിലുള്ളതും പ്രതിരോധശേഷിയുള്ളതും സന്തുലിതവുമായ വ്യാപാര പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ ഇന്ന് ഊന്നല്‍ നല്‍കി. ന്യൂഡല്‍ഹിയില്‍ ബ്രിക്‌സ് വ്യാവസായിക ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സഹകരണത്തിന്റെ പൂര്‍ണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കൂടുതല്‍ വിപണി പ്രവേശം, വൈവിധ്യമാര്‍ന്ന വിതരണശൃംഖലകള്‍, ലളിതമായ നിയന്ത്രണ നടപടിക്രമങ്ങള്‍ എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്ന് ശ്രീ. പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സംവാദവും വ്യാവസായിക പങ്കാളിത്തവും അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനും ശ്രദ്ധേയമായ ഫലങ്ങള്‍ കൈവരിക്കുന്നതിനും ഫോറത്തിന് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

റഷ്യയുടെ സാമ്പത്തിക വികസന മന്ത്രി മാക്‌സിം റെഷെത്‌നിക്കോവ്, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെയും ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക മന്ത്രാലയത്തിന്റെയും സഹമന്ത്രി ശ്രീ. ജിതിന്‍ പ്രസാദ, വാണിജ്യ സെക്രട്ടറി ശ്രീ. രാജേഷ് അഗര്‍വാള്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിലെ പ്രധാന സ്തംഭമാണ് ഇന്ത്യയെന്ന് ശ്രീ. പിയൂഷ് ഗോയല്‍ പറഞ്ഞു. എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങളിലും ഇലക്ട്രോണിക്‌സ് മേഖലയിലും ഇന്ത്യയ്ക്കുള്ള ശക്തമായ ശേഷിയും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഉല്‍പ്പാദന കയറ്റുമതിയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇവ. ലോകത്തിന്റെ ഔഷധശാലയെന്ന നിലയിലും ഇന്ത്യ അറിയപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിക്‌സിനെ പ്രധാന വിപണിയായാണ് ഇന്ത്യ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസനീയമായ പങ്കാളിയെന്ന നിലയില്‍ ഇന്ത്യ ലോക വിപണിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഉല്‍പ്പന്നങ്ങളാണിവ.

പങ്കാളി രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ളതും പ്രതിരോധശേഷിയുള്ളതുമായ വ്യാപാരത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ ശ്രീ. പിയൂഷ് ഗോയല്‍, വിതരണശൃംഖലകള്‍ വൈവിധ്യവല്‍ക്കരിക്കണമെന്നും വ്യാപാരം ഏതെങ്കിലും അംഗരാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും തടസ്സമാകരുതെന്നും വ്യക്തമാക്കി. അസംസ്‌കൃത വസ്തുക്കളും നിര്‍ണായക ധാതുക്കളും ഉള്‍പ്പെടെ പരസ്പര ഉല്‍പ്പന്നങ്ങള്‍ക്കായി വിപണികള്‍ തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ബ്രിക്‌സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

വിതരണശൃംഖലകള്‍ ഇരുവശത്തേക്കും പ്രവര്‍ത്തിക്കുമ്പോഴാണ് അവ കൂടുതല്‍ പ്രതിരോധശേഷിയുള്ളതാകുന്നതെന്ന് ശ്രീ. പിയൂഷ് ഗോയല്‍ പറഞ്ഞു. 88 ശതമാനം രാജ്യങ്ങള്‍ക്കും തീരുവകളേക്കാള്‍ ഉയര്‍ന്ന കയറ്റുമതി ചെലവാണ് തീരുവ ഇതര നടപടികള്‍ കാരണം ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കൂടുതല്‍ എളുപ്പവും സുഗമവുമായ വിപണി പ്രവേശനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. നിയന്ത്രണ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ചരക്കുകളുടെ വേഗത്തിലുള്ള ക്ലിയറന്‍സ് സാധ്യമാക്കുന്നതിനുമായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ, ബ്രിക്‌സ് അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും വിപണികള്‍ പരസ്പരം തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൃഷിമേഖലയില്‍ കൂടുതല്‍ സഹകരണം വേണമെന്ന് ആഹ്വാനം ചെയ്ത ശ്രീ. പിയൂഷ് ഗോയല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളിലെ കര്‍ഷകര്‍ക്കായി സംയുക്തമായി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണമെന്ന് ബ്രിക്‌സ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. രാജ്യങ്ങള്‍ സേവന വിപണികള്‍ പരസ്പരം യഥാര്‍ഥ അര്‍ഥത്തില്‍ തുറന്നുകൊടുക്കണമെന്നും, അതിര്‍ത്തികള്‍ കടന്ന് പ്രൊഫഷണലുകളുടെ സഞ്ചാരം സുഗമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പരസ്പരം പ്രൊഫഷണല്‍ യോഗ്യതകള്‍ അംഗീകരിക്കുന്നത് കൂടുതല്‍ എളുപ്പമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ്-സംരംഭകത്വ മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തം എടുത്തുകാട്ടിയ ശ്രീ. പിയൂഷ് ഗോയല്‍, ഇന്ത്യയില്‍ അംഗീകാരം ലഭിച്ച 2.5 ലക്ഷം സ്റ്റാര്‍ട്ടപ്പുകളില്‍ 45 ശതമാനത്തിലധികത്തിലും കുറഞ്ഞത് ഒരു വനിതാ പങ്കാളിയോ ഡയറക്ടറോ ഉണ്ടെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒരു ദശകത്തില്‍ അനുവദിച്ച ചെറുകിട വായ്പകളില്‍ മൂന്നില്‍ രണ്ടും വനിതാസംരംഭകര്‍ക്കാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും സ്വതന്ത്രരും സ്വയംപര്യാപ്തരുമാകാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് വനിതാ വ്യാവസായിക സഖ്യ യോഗത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, ബ്രിക്‌സ് രാജ്യങ്ങള്‍ സംഘടിപ്പിക്കുന്ന എല്ലാ പ്രദര്‍ശനങ്ങളിലും വ്യാപാര മേളകളിലും, പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും കഴിയുന്ന മറ്റ് അവസരങ്ങളിലും വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സഖ്യത്തോട് ആവശ്യപ്പെട്ടതായി വ്യക്തമാക്കി.

ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ സ്വീകരിച്ച സുപ്രധാന നടപടികളും ശ്രീ. പിയൂഷ് ഗോയല്‍ എടുത്തുപറഞ്ഞു. യുണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഇന്ന് പ്രതിവര്‍ഷം 250 ശതകോടിയിലധികം ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും, ഇതിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്താകെയുള്ള ഇടപാടുകളുടെ പകുതിയിലധികവും ഇത് പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 11 രാജ്യങ്ങളില്‍ യുപിഐ അംഗീകരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും പേയ്മെന്റ് സംവിധാനങ്ങളെ പരസ്പരം കൂട്ടിയിണക്കണമെന്നും, ഓരോ രാജ്യത്തിന്റെയും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിറ്റല്‍ വ്യാപാരത്തെ ആഗോളതലത്തിലേക്ക് ഉയര്‍ത്തണമെന്നും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കായി രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് പുതിയ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കണമെന്നും ശ്രീ. പിയൂഷ് ഗോയല്‍ ആഹ്വാനം ചെയ്തു.

കൃഷി, ഔഷധനിര്‍മാണം, എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, വാഹനഘടകങ്ങള്‍, സേവനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയ്ക്ക് ശക്തമായ ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ പരസ്പരം കൂട്ടിയിണക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്തമായ നവീകരണം, സാങ്കേതികവിദ്യാ പങ്കാളിത്തം, പ്രതിരോധശേഷിയുള്ള ആഗോള മൂല്യശൃംഖലകള്‍ എന്നിവയ്ക്ക് ഈ പ്രവണതകള്‍ വലിയ സാധ്യതകള്‍ തുറന്നുനല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി 140 കോടി ഇന്ത്യക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കൂട്ടായ ലക്ഷ്യമായ 'വികസിത് ഭാരത് 2047' എന്ന ദൗത്യത്തിലേക്ക് രാജ്യം മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ ബ്രിക്‌സ് അംഗരാജ്യങ്ങളുമായും പങ്കാളി രാജ്യങ്ങളുമായും സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് ശ്രീ. പിയൂഷ് ഗോയല്‍ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും സാമ്പത്തിക സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വിഷയാധിഷ്ഠിത സെഷനുകള്‍ ക്രിയാത്മകവും പ്രായോഗികമായി നടപ്പാക്കാവുന്നതുമായ ശുപാര്‍ശകള്‍ മുന്നോട്ടുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്ഥാപനവല്‍ക്കരിക്കപ്പെട്ട ബ്രിക്‌സ് സഹകരണത്തിന്റെ 20-ാം വാര്‍ഷികമാണ് ഈ വര്‍ഷമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അഭിസംബോധനയില്‍ ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ അംഗത്വം, അജണ്ട, സഹകരണ സംവിധാനങ്ങള്‍ എന്നിവയില്‍ ബ്രിക്‌സ് വലിയ തോതില്‍ വികസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിലൂടെ ഈ പരിണാമം മുന്നോട്ടുകൊണ്ടുപോകാനാണ് ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള രാഷ്ട്രീയ-സാമ്പത്തിക ക്രമത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മുന്‍ഗണനകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസ്ഥിരത, അനിശ്ചിതത്വം, സങ്കീര്‍ണത എന്നിവ ആഗോള സാഹചര്യത്തിന്റെ നിര്‍ണായക സവിശേഷതകളായി മാറുന്നതിനൊപ്പം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, മഹാമാരികള്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍, ഡിജിറ്റലൈസേഷന്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ എന്നിവ സാമ്പത്തിക രംഗത്തെ പുനര്‍നിര്‍വചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് സമൂഹത്തില്‍ പ്രതിരോധശേഷി പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്ന് ഡോ. ജയശങ്കര്‍ പറഞ്ഞു. വ്യവസായങ്ങളെയും സംരംഭകരെയും വ്യവസായ പ്രമുഖരെയും ബ്രിക്‌സ് പ്രക്രിയയുടെ ഭാഗമാക്കുന്നതില്‍ ബ്രിക്‌സ് വ്യവസായ സമിതിയും ബ്രിക്‌സ് വനിതാ വ്യവസായ സഖ്യവും നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിതരണശൃംഖലകളുടെ പരസ്പരബന്ധവും വ്യാപാരനടത്തിപ്പ് സുഗമമാക്കലും നിര്‍ണായകമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും, സേവനങ്ങള്‍, കൃഷി, കാര്‍ഷിക സാങ്കേതികവിദ്യ, ഡിജിറ്റല്‍ സേവന വിതരണം, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ എന്നിവയ്ക്കും ഇതോടൊപ്പം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുകയും ആഗോളതലത്തില്‍ മത്സരക്ഷമതയോടെ തുടരുകയും ചെയ്യുന്നതിനൊപ്പം കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നല്‍ നല്‍കി. യഥാര്‍ഥ വിപണി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, വിശ്വസനീയമായ ലോജിസ്റ്റിക്‌സ്, പ്രവചനാത്മകവും സ്ഥിരതയുള്ളതുമായ വ്യാവസായിക അന്തരീക്ഷം, വൈവിധ്യമാര്‍ന്ന വാണിജ്യ ബന്ധങ്ങള്‍, സുതാര്യമായ വ്യാപാര-നിക്ഷേപ സംവിധാനങ്ങള്‍ എന്നിവയിലൂടെ ഇത് സാധ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍, നിര്‍മിതബുദ്ധി, ഫിന്‍ടെക്, നൂതന ഉല്‍പ്പാദന മേഖലകള്‍ എന്നിവ വലിയ അവസരങ്ങളാണ് നല്‍കുന്നതെന്നും ഡോ. ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇവയുടെ പ്രയോജനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതില്‍, മാനദണ്ഡങ്ങള്‍, സുരക്ഷ, വിശ്വാസ്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് ഇന്‍ക്യുബേറ്റര്‍ നെറ്റ്വര്‍ക്കും ബ്രിക്‌സ് സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ ഫണ്ടും വഴി നവീകരണ-സംരംഭകത്വ ആവാസവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ അധ്യക്ഷപദം ശ്രമിച്ചതെന്ന് ഡോ. ജയശങ്കര്‍ പറഞ്ഞു. വ്യാവസായിക സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വലിയതും വളര്‍ച്ച പ്രാപിക്കുന്നതുമായ വിപണി, വികസിച്ചുകൊണ്ടിരിക്കുന്ന ഉല്‍പ്പാദനശേഷി, കൂടുതല്‍ വിപുലമായ പ്രതിഭാസഞ്ചയം ഡിജിറ്റല്‍ രംഗത്തെ അനുഭവസമ്പത്ത്, ചലനാത്മകമായ നവീകരണ-സംരംഭകത്വ അടിത്തറ എന്നിവയുള്ള ഇന്ത്യ സ്വാഭാവികമായ പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍, ബ്രിക്‌സ് സഹകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് വ്യക്തമായ വ്യാവസായിക കാഴ്ചപ്പാട് കൊണ്ടുവരിക എന്നതായിരിക്കും ഫോറത്തിന്റെ ഏറ്റവും പ്രയോജനപ്രദമായ സംഭാവനയെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യവസായങ്ങള്‍ക്കുള്ള അവസരങ്ങള്‍, അവ നേരിടുന്ന വെല്ലുവിളികള്‍, അവ പരിഹരിക്കുന്നതിന് ഗവണ്മെന്റുകള്‍ക്ക് സ്വീകരിക്കാവുന്ന നടപടികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെയും ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക മന്ത്രാലയത്തിന്റെയും സഹമന്ത്രി ശ്രീ. ജിതിന്‍ പ്രസാദ, ബ്രിക്‌സ് സമ്പദ്വ്യവസ്ഥകളുടെ ശക്തിയെ വ്യക്തമായ വാണിജ്യ നേട്ടങ്ങളാക്കി മാറ്റുന്നതിനുള്ള അവസരമാണ് ബ്രിക്‌സ് വ്യാവസായിക ഫോറം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സേവനങ്ങള്‍, പ്രത്യേകിച്ച് നിര്‍മിത ബുദ്ധി, സഹകരണത്തിനുള്ള പ്രധാന മേഖലയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉല്‍പ്പാദനക്ഷമത, ജീവിതനിലവാരം, വരുമാനം എന്നിവ മെച്ചപ്പെടുത്തുന്നതിനും വ്യക്തികള്‍ക്കും എംഎസ്എംഇകള്‍ക്കും മികച്ച നേട്ടങ്ങള്‍ ഉറപ്പാക്കുന്നതിനും ഇതിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളില്‍ കമ്പ്യൂട്ടിങ് സൗകര്യങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനു കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മിത ബുദ്ധി മേഖലയില്‍ കൂടുതല്‍ സാങ്കേതികവിദ്യാ കൈമാറ്റവും സഹകരണവും ആവശ്യമാണെന്ന് ശ്രീ. ജിതിന്‍ പ്രസാദ പറഞ്ഞു. നിര്‍മിത ബുദ്ധി നിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഐക്യരാഷ്ട്രസഭയെ കേന്ദ്രസ്ഥാനത്ത് നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടര്‍ മേഖലയെക്കുറിച്ച് സംസാരിക്കവെ, ഏകദേശം 13 ശതകോടി അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക വിഹിതത്തോടെ നടപ്പാക്കുന്ന ഇന്ത്യയുടെ സെമികണ്ടക്ടര്‍ മിഷന്‍ 2.0 അദ്ദേഹം എടുത്തുപറഞ്ഞു. സമ്പൂര്‍ണ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി രാജ്യങ്ങള്‍ തമ്മില്‍ സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളും ഡേറ്റാ സെന്ററുകളും സഹകരണത്തിനുള്ള പ്രധാന മേഖലകളാണെന്നും, ഈ മേഖലകളില്‍ ഇന്ത്യയുടെ മികച്ച പ്രവര്‍ത്തനരീതികള്‍ പങ്കുവയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് രാജ്യങ്ങള്‍ പരസ്പരം സഹകരിച്ച് വികസിപ്പിക്കുകയും സംയുക്തമായി നിക്ഷേപിക്കുകയും നവീകരണം നടത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമാക്കണമെന്നും, ഇതിലൂടെ യുവാക്കള്‍ക്ക് അന്താരാഷ്ട്ര അതിര്‍ത്തികള്‍ക്കപ്പുറമുള്ള വിപണികളിലേക്ക് പ്രവേശനം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് പ്രധാനപ്പെട്ടതും വളര്‍ച്ച പ്രാപിക്കുന്നതുമായ വിപണിയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വാണിജ്യ സെക്രട്ടറി ശ്രീ. രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം 2003-ലെ 84 ശതകോടി അമേരിക്കന്‍ ഡോളറില്‍ നിന്ന് 2024-ല്‍ ഏകദേശം 1.2 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

ലോക വ്യാപാര സംഘടന (WTO) കേന്ദ്രസ്ഥാനത്തുള്ള ബഹുമുഖ വ്യാപാര സംവിധാനത്തെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. താങ്ങാനാകുന്ന നിരക്കിലുള്ള പ്രവര്‍ത്തനമൂലധനം ലഭ്യമാക്കി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവായ ബ്രിക്‌സ് സംവിധാനത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് 'ജയ്പൂര്‍ സമവായം' അടിത്തറയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് കണക്ട്, ബിസിനസ്-ടു-ബിസിനസ് (B2B) പങ്കാളിത്തങ്ങള്‍, വാര്‍ഷിക ബ്രിക്‌സ് വ്യാപാര-നിക്ഷേപ എക്‌സ്‌പോ, ഡിജിറ്റല്‍ വ്യാപാര രേഖകളും ആരോഗ്യപരിചരണവും ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ കൂടുതല്‍ സഹകരണം എന്നിവയിലൂടെ ആഗോള മൂല്യശൃംഖലകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ശ്രീ. രാജേഷ് അഗര്‍വാള്‍ എടുത്തുപറഞ്ഞു. സഹകരണം, വിശ്വാസം, നവീകരണം, പൊതുവായ സമൃദ്ധി എന്നിവയിലൂടെ ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്ത തന്ത്രം 2030-ന്റെ ഭാഗമായി കൂടുതല്‍ ശക്തമായ സാമ്പത്തിക ഏകീകരണം സാധ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗം ഉപസംഹരിക്കവേ, ബ്രിക്‌സ് വ്യാവസായിക ഫോറത്തിന് ശ്രീ. രാജേഷ് അഗര്‍വാള്‍ എല്ലാ വിജയാശംസകളും നേര്‍ന്നു.

 

***


( റിലീസ് ഐ.ഡി: 2309200) സന്ദര്‍ശക കൗണ്ടര്‍ : 12