പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
പോസ്റ്റഡ് ഓണ്‍:
10 SEP 2026 3:22PM by PIB Thiruvananthpuram
എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോൺ, ബഹുമാന്യരേ, വിശിഷ്ടാതിഥികളേ, നമസ്കാരം!
ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡന്റ് മാക്രോണിന്റെ ഹൃദ്യമായ ക്ഷണത്തിനും സമയോചിതമായി ഈ സംരംഭം ഏറ്റെടുത്തതിനും ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. നൂറ്റാണ്ടുകളായി ബഹിരാകാശം നമ്മുടെ ഭാവനയെ പ്രചോദിപ്പിച്ചു. ഇന്ന് കാലാവസ്ഥയും വിളകളും മുതൽ സമുദ്രങ്ങളും സമൂഹങ്ങളും വരെ, ഭൂമിയിലെ ജീവിതത്തെ അത് രൂപപ്പെടുത്തുന്നു. ബഹിരാകാശത്തിന്റെ സാധ്യതകൾ അനന്തമാണ്. നമ്മുടെ ഉത്തരവാദിത്തം കൂട്ടായതാണ്. ഭ്രമണപഥങ്ങൾ കൂടുതൽ തിരക്കുള്ളതാവുകയും സാങ്കേതികവിദ്യകൾ കൂടുതൽ ശക്തമാവുകയും പങ്കാളികളുടെ എണ്ണം വർധിക്കുകയും ചെയ്യുമ്പോൾ നമ്മുടെ തിരഞ്ഞെടുപ്പുകൾ വ്യക്തമായിരിക്കണം: ഏറ്റുമുട്ടലുകൾക്ക് ഉപരിയായി സഹകരണം; ഹ്രസ്വകാല നേട്ടങ്ങൾക്ക് ഉപരിയായി സുസ്ഥിരത; ഒഴിവാക്കലുകൾക്ക് ഉപരിയായി ഉൾച്ചേർക്കൽ.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ സമീപനം വസുധൈവ കുടുംബകം അഥവാ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതിൽ വേരൂന്നിയതാണ്. ഈ മനോഭാവം ഇനി ഭൂമിക്കപ്പുറത്തേക്കും സഞ്ചരിക്കണം. അന്താരാഷ്ട്ര നിയമം, സംഭാഷണം, ബഹുരാഷ്ട്ര സഹകരണം എന്നിവയിൽ അധിഷ്ഠിതമായ സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ശാസ്ത്രീയ ഡാറ്റ സുതാര്യതയോടെയും സമഗ്രതയോടെയും പൊതുനന്മയ്ക്കായി ഉപയോഗിക്കപ്പെടണം.
ഇന്ത്യയുടെ ബഹിരാകാശ യാത്ര ഈ തത്ത്വശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നു. ഈ യാത്രയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന ISRO, അതിന്റെ മികവിനും ചെലവ് കുറഞ്ഞ ദൗത്യങ്ങൾക്കും ആഗോളതലത്തിൽ പ്രശംസ നേടി. അതിന്റെ ശേഷികൾ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കാലാവസ്ഥാ പ്രവചനത്തിനും ദുരന്തനിവാരണത്തിനും നാവിഗേഷനും പ്രയോജനപ്പെടുന്നു. 34 രാജ്യങ്ങളിൽ നിന്നുള്ള 430-ലധികം ഉപഗ്രഹങ്ങൾ ഇന്ത്യൻ റോക്കറ്റുകളിൽ ബഹിരാകാശത്തേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒ.യുടെ സാങ്കേതികവിദ്യകളും പങ്കാളിത്തങ്ങളും ഇന്ത്യയ്ക്ക് മാത്രമല്ല, വിശാലമായ ലോകത്തിന് തന്നെ പ്രയോജനപ്പെടുന്നു.
തലമുറകളായുള്ള ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സമർപ്പണവും കഠിനാധ്വാനവുമാണ് ഈ ആഗോള വിശ്വാസത്തിന് പിന്നിൽ. രാപകലില്ലാതെ അധ്വാനിച്ച്, ഓരോ ദൗത്യങ്ങളിലൂടെയും ഓരോ വിജയങ്ങളിലൂടെയും അവർ ഐ.എസ്.ആർ.ഒ.യുടെ ആഗോള പ്രശസ്തി കെട്ടിപ്പടുക്കുകയും ബഹിരാകാശ രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ സ്ഥാനം നൽകുകയും ചെയ്തു.
ചന്ദ്രയാൻ-3 ഇന്ത്യയെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യ രാജ്യമാക്കി മാറ്റി. ആദിത്യ-എൽ1 സൂര്യന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ്. കഴിഞ്ഞ വർഷം ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചു. മുന്നോട്ട് നോക്കുമ്പോൾ, 2035-ഓടെ ഒരു ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040-ഓടെ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ ശ്രമങ്ങളിലെല്ലാം നമ്മുടെ മാർഗ്ഗനിർദ്ദേശ തത്ത്വം വ്യക്തമാണ്: ഇവയുടെ പ്രയോജനങ്ങൾ മുഴുവൻ മനുഷ്യരാശിയിലും എത്തിച്ചേരണം.
ഐ.എസ്.ആർ.ഒ.യ്ക്ക് ഒപ്പം ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയും വലിയ രീതിയിൽ കുതിച്ചുയരുകയാണ്. സംരംഭകത്വത്തിന്റെ ഊർജ്ജം ഐ.എസ്.ആർ.ഒ.യുടെ മികവിനോടൊപ്പം ചേരുകയാണ്. 1960-കളിൽ തുമ്പയിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതി ആരംഭിച്ചതുമുതൽ ഫ്രാൻസ് ഒരു വിശ്വസ്ത പങ്കാളിയാണ്. ഇന്ന് ശാസ്ത്രീയ മികവിനെ മാനവിക ലക്ഷ്യങ്ങളുമായി കോർത്തിണക്കിക്കൊണ്ട്, നമ്മുടെ സഹകരണം ഭൗമനിരീക്ഷണത്തിലേക്കും അത്യാധുനിക സാങ്കേതികവിദ്യകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ അടുത്ത ബഹിരാകാശ അതിർത്തിയിൽ സഹയാത്രികരാകാൻ ഞങ്ങൾ ഫ്രാൻസിനെയും ലോകത്തെയും ക്ഷണിക്കുന്നു.
സുഹൃത്തുക്കളേ,
പാരീസിലെ ബഹിരാകാശ ഉച്ചകോടി വ്യക്തമായ ഒരു സന്ദേശം നൽകട്ടെ: വരുംതലമുറകൾക്കും മുഴുവൻ മനുഷ്യരാശിക്കും വേണ്ടി നാം ഒരുമിച്ച് പര്യവേക്ഷണം നടത്തും, ഒരുമിച്ച് പുതിയ കണ്ടെത്തലുകൾ നടത്തും, ഒരുമിച്ച് ബഹിരാകാശത്തെ സംരക്ഷിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.
നന്ദി.
***
SK
( റിലീസ് ഐ.ഡി: 2309170)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada