ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സ്വര്‍ണ്ണക്കടത്തിനെതിരെ രാജ്യവ്യാപകമായി ഡി.ആര്‍.ഐ നടപടി ശക്തമാക്കി; 62 കോടി രൂപ വിലമതിക്കുന്ന 41 കിലോ വിദേശ നിര്‍മിത സ്വര്‍ണം പിടിച്ചെടുത്തു; മൂന്ന് വിദേശികള്‍ ഉള്‍പ്പെടെ 24 പേര്‍ അറസ്റ്റിലായി

പോസ്റ്റഡ് ഓണ്‍: 10 SEP 2026 5:30PM by PIB Thiruvananthpuram
സംഘടിത സ്വര്‍ണക്കള്ളക്കടത്തിനെതിരെയുള്ള തുടര്‍ച്ചയായ നടപടികളുടെ ഭാഗമായി, ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തിടെ നടത്തിയ ആറ് റെയ്ഡുകളിലായി ഏകദേശം 62 കോടി രൂപ വിപണി മൂല്യമുള്ള 41 കിലോ വിദേശ നിര്‍മിത സ്വര്‍ണം പിടിച്ചെടുത്തു. മൂന്ന് വിദേശികള്‍ ഉള്‍പ്പെടെ 24 പേര്‍ ഈ റെയ്ഡുകളില്‍ അറസ്റ്റിലായി. വിമാനത്താവളങ്ങള്‍, റെയില്‍വേ മാര്‍ഗ്ഗം, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടിത കള്ളക്കടത്ത് ശൃംഖലകളെയും സ്വര്‍ണം ഒളിപ്പിച്ചുവെക്കാന്‍ ഉപയോഗിച്ച നൂതന മാര്‍ഗ്ഗങ്ങളെയും ഡി.ആര്‍.ഐ വെളിച്ചത്തു കൊണ്ടുവന്നു .

ഡല്‍ഹിയില്‍ നടത്തിയ വന്‍ റെയ്ഡില്‍, വിദേശ സ്വര്‍ണം ശേഖരിക്കുകയും അത് രൂപമാറ്റം വരുത്തുകയും ചെയ്യുന്ന വ്യക്തിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ 07.09.2026ല്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തി. ഒരു വീടിനുള്ളില്‍ സ്വര്‍ണം ഉരുക്കുന്നതിനും, ഷീറ്റുകളാക്കുന്നതിനും, അച്ചില്‍ വാര്‍ത്തെടുക്കുന്നതിനുമുള്ള യന്ത്രങ്ങളടങ്ങിയ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി. ഒരു കിലോ വീതം ഭാരമുള്ള 4 വിദേശ സ്വര്‍ണക്കട്ടികളും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിച്ച 6.2 കിലോ സ്വര്‍ണമാലകളും ഇവിടെനിന്ന് പിടിച്ചെടുത്തു. ആകെ 10.2 കിലോ സ്വര്‍ണമാണ് ഇവിടെനിന്ന് ലഭിച്ചത്. ഈ നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്തു.
 

ഡല്‍ഹിയില്‍ പിടിച്ചെടുത്ത നാല് വിദേശ സ്വര്‍ണക്കട്ടികള്‍

 
ഡല്‍ഹിയില്‍ 08.09.2026ല്‍ നടന്ന മറ്റൊരു പരിശോധനയില്‍, പഞ്ചാബില്‍ നിന്ന് വന്ന ഒരു വാഹനം ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി, 1.21 കിലോ സ്വര്‍ണവും ഏകദേശം 43.50 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സിയും പിടിച്ചെടുത്തു. ഒരാള്‍ അറസ്റ്റിലായി.

നേരത്തെ, സെപ്റ്റംബര്‍ 05,06 തീയതികളില്‍ ബി.എസ്.എഫുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍, ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിയിലെ ബി.ഒ.പി ഹല്‍ഡര്‍പരയില്‍ ഒരു വ്യക്തിയില്‍ നിന്ന് 11.3 കിലോ ഭാരമുള്ള 89 വിദേശ നിര്‍മ്മിത സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. സ്വര്‍ണം കൈവശം വെച്ചതിന് നിയമപരമായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 1962ലെ കസ്റ്റംസ് നിയമ പ്രകാരം സ്വര്‍ണം കണ്ടുകെട്ടി. കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇയാളെ 1962 ലെ കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു.
 

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് പിടിച്ചെടുത്ത 11.3 കിലോ സ്വര്‍ണം

ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പിടിച്ചെടുത്ത രൂപമാറ്റം വരുത്തിയ നാല് വിദേശ നിര്‍മിത സ്വര്‍ണക്കട്ടികള്‍
 
 
 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍ വ്യാജ പേരില്‍ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരനെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു.  പ്രത്യേകമായി നിര്‍മ്മിച്ച തുണി ബെല്‍റ്റിനുള്ളില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 4.6 കിലോ ഭാരമുള്ള, രൂപ മാറ്റം വരുത്തിയ 4 വിദേശ സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു. മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനായി സ്വര്‍ണം ഉരുക്കി ഇത്തരം കട്ടികളാക്കി മാറ്റിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യാത്രക്കാരനെയും ഇയാളുടെ കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.

മുംബൈയില്‍, യാത്രക്കാരും വിമാനത്താവള  ജീവനക്കാരും സ്വീകര്‍ത്താക്കളും ഉള്‍പ്പെട്ട വന്‍ കള്ളക്കടത്ത് സംഘത്തെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 9, 10 തീയതികളില്‍, വിമാനത്താവളത്തില്‍ നിന്ന് കാറില്‍ സംശയാസ്പദമായി  കടക്കാന്‍ ശ്രമിച്ച വിമാനത്താവള  ജീവനക്കാരനെ 50 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പരിശോധനയില്‍ മെഴുക് രൂപത്തിലുള്ള സ്വര്‍ണം അടങ്ങിയ 3 ഗുളികകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി. ട്രാന്‍സിറ്റ് മേഖലയില്‍ വെച്ച് ഒരു യാത്രക്കാരനാണ് ഇത് കൈമാറിയതെന്നും മറ്റൊരു വിമാനത്താവള ജീവനക്കാരിക്കും ഇതില്‍ പങ്കുണ്ടെന്നും തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തില്‍, വിമാനത്താവള ജീവനക്കാരന് 5 സ്വര്‍ണ ക്യാപ്‌സൂളുകള്‍ കൈമാറുന്നതിനിടെ രണ്ട് യാത്രക്കാരെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. ബാങ്കോക്കിലേക്ക് പോകാന്‍ മസ്‌കറ്റില്‍ നിന്നും ദുബായില്‍ നിന്നും എത്തിയതായിരുന്നു ഈ യാത്രക്കാര്‍. വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം രഹസ്യമായി പുറത്തേക്ക് കടത്താന്‍ സഹായിച്ച വിമാനത്താവള ജീവനക്കാരിയെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ വ്യക്തിയെയും കസ്റ്റഡിയിലെടുത്തു.

ആകെ 3.47 കിലോ ഭാരമുള്ള സ്വര്‍ണപ്പൊടി അടങ്ങിയ 8 ക്യാപ്‌സൂളുകള്‍ പിടിച്ചെടുത്തു. രണ്ട് യാത്രക്കാര്‍, രണ്ട് വിമാനത്താവള ജീവനക്കാര്‍, ഒരു സ്വീകര്‍ത്താവ് എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. കള്ളക്കടത്ത് സ്വര്‍ണ്ണം രഹസ്യമായി കടത്തുന്നതിന് അന്താരാഷ്ട്ര ട്രാന്‍സിറ്റ് പാതകളില്‍ വിമാനത്താവള ജീവനക്കാരെ കള്ളക്കടത്ത് സംഘങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ഈ സംഭവം വ്യക്തമാക്കുന്നു.
 

#മുംബൈയില്‍ നിന്നും കുഴമ്പ് രൂപത്തി പിടിച്ചെടുത്ത എട്ട് സ്വര്‍ണ ക്യാപ്‌സൂളുകള്‍

 
നേരത്തെ, 31.08.2026, 06.09.2026 തീയതികളില്‍ നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളില്‍, കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത വ്യക്തിയില്‍ നിന്ന് 1.6 കിലോ വിദേശ നിര്‍മിത സ്വര്‍ണം ഡി.ആര്‍.ഐ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടാമത്തെ പരിശോധനയില്‍, ഹോങ്കോങ്ങില്‍ നിന്ന് ഇറക്കുമതി ചെയ്ത ട്രെഡ്മില്ലിന്റെ മോട്ടോറിനുള്ളില്‍ നിന്ന് 700 ഗ്രാം ഭാരമുള്ള 24 കാരറ്റ് അര്‍ദ്ധചന്ദ്രാകൃതിയിലുള്ള സ്വര്‍ണക്കട്ടി കണ്ടെടുത്തു. മുംബൈ, ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ നടത്തിയ തുടര്‍ പരിശോധനകളില്‍ സ്വര്‍ണം ഒളിപ്പിക്കാന്‍ ഉപയോഗിച്ച മറ്റ് യന്ത്രഭാഗങ്ങളും ആയുധങ്ങളും കണ്ടെത്തി. ഒരു ചൈനീസ് പൗരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി.
 
മുംബൈയില്‍ ട്രെഡ് മില്ലിന്റെ മോട്ടോറില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണം

 
 സെപ്റ്റംബര്‍ 8,9 തീയതികളില്‍, ഉത്തര്‍പ്രദേശിലെ ചന്ദൗലി പൊലീസുമായി ചേര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ പരിശോധനയില്‍, കാറിന്റെ ഗിയര്‍ബോക്‌സിന് താഴെയുള്ള പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ 22 വിദേശ സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് ഇതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഈ സ്വര്‍ണം ബംഗ്ലാദേശില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. 2.56 കിലോ ഭാരമുള്ള സ്വര്‍ണം ഡി.ആര്‍.ഐ പിടിച്ചെടുക്കുകയും വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ 1962 ലെ കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു.
 

വാരാണസിയില്‍ നിന്നും ഡി.ആര്‍.ഐ പിടിച്ചെടുത്ത 22 സ്വര്‍ണക്കട്ടികള്‍

 
2026 സെപ്റ്റംബര്‍ 8,9 തീയതികളില്‍, ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര പ്രവേശന മേഖലയില്‍ നിന്നും വ്യാജ വിലാസത്തില്‍ യാത്ര ചെയ്ത വ്യക്തിയെ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം ഇയാള്‍ എടുത്തുമാറ്റിയതായി സംശയിച്ചിരുന്നു. ലഗേജ് പരിശോധിച്ചപ്പോള്‍ ഏകദേശം ഒരു കിലോ ഭാരമുള്ള 5 സ്വര്‍ണക്കഷണങ്ങള്‍ കണ്ടെടുത്തു. ഒരാള്‍ അറസ്റ്റിലായി.

ചെന്നൈയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 30.08/01.09.2026 തീയതികളില്‍ നടത്തിയ പരിശോധനയില്‍ ശ്രീലങ്കയില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലായി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരെ ഡി.ആര്‍.ഐ തടഞ്ഞുവെച്ചു. കുഴമ്പ് രൂപത്തില്‍ സ്വര്‍ണ്ണം അടങ്ങിയ 8 ക്യാപ്‌സൂളുകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു; ഇതില്‍ നിന്ന് 2.5 കിലോ 24 കാരറ്റ് സ്വര്‍ണം വേര്‍തിരിച്ചെടുത്തു.   ഇതില്‍ വിമാനത്താവള ജീവനക്കാരുടെ പങ്കും തെളിഞ്ഞു. രണ്ട് വിദേശ യാത്രക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ ഈ കേസില്‍ അറസ്റ്റിലായി.

 

ചെന്നൈയില്‍ പിടിച്ചെടുത്ത 8 ക്യാപ്‌സൂളുകള്‍

 
2026 സെപ്റ്റംബര്‍ 1, 2 തീയതികളില്‍ കോഴിക്കോട് നടത്തിയ രണ്ട് പരിശോധനകളിലായി 1.7 കിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടിച്ചെടുത്തു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഒരു കേസില്‍, യാത്രക്കാരന്റെ കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച രണ്ട് ക്യാപ്‌സൂളുകളില്‍ നിന്നും ഒരു പാക്കറ്റില്‍ നിന്നുമായി ആകെ 770 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. മറ്റൊരു കേസില്‍, ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ചെക്ക്-ഇന്‍ ലഗേജിലുണ്ടായിരുന്ന കോഫി മെഷീന്റെ കട്ടിയുള്ള ലോഹ വളയത്തിനുള്ളില്‍  നിന്ന് ഒരു കിലോ 24 കാരറ്റ് സ്വര്‍ണം കണ്ടെടുത്തു. രണ്ടുപേര്‍ അറസ്റ്റിലായി.
 

കോഴിക്കോട്ട് കോഫി മെഷീനില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സ്വര്‍ണം

 
ഡി.ആര്‍.ഐയുടെ ശക്തവും ഏകോപിതവുമായ നടപടികള്‍, രാജ്യത്തേക്ക് അനധികൃതമായി സ്വര്‍ണം കടത്തുന്ന സംഘടിത ശൃംഖലകളെ തകര്‍ക്കുന്നത് തുടരുന്നു.

***

 

( റിലീസ് ഐ.ഡി: 2308967) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Telugu , Kannada