കൃഷി മന്ത്രാലയം
azadi ka amrit mahotsav

ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, പ്രതിരോധശേഷിയുള്ള മൂല്യ ശൃംഖലകള്‍ എന്നിവയോടുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ച് 9-ാമത് ആസിയാന്‍-ഇന്ത്യ മന്ത്രിതല യോഗം

പോസ്റ്റഡ് ഓണ്‍: 10 SEP 2026 12:56PM by PIB Thiruvananthpuram

9-ാമത് ആസിയാന്‍-ഇന്ത്യ കൃഷി, വനം വകുപ്പ് മന്ത്രിതല യോഗം (9th AIMMAF) 2026 സെപ്റ്റംബര്‍ 9-ന് ന്യൂഡല്‍ഹിയില്‍ നടന്നു. ആസിയാന്‍ കൃഷി, വനം വകുപ്പ് മന്ത്രിമാരെ പ്രതിനിധീകരിച്ച് ഫിലിപ്പീന്‍സിലെ കൃഷി വകുപ്പ് സെക്രട്ടറി ഫ്രാന്‍സിസ്‌കോ പി. ടിയു ലോറല്‍, ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി  ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ യോഗത്തില്‍ സംയുക്തമായി അധ്യക്ഷത വഹിച്ചു.

ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രായോഗികവും പരസ്പര പ്രയോജനകരവുമായ ഒരു ഘടകമെന്ന നിലയില്‍ ഭക്ഷണം, കൃഷി, വനം എന്നീ മേഖലകളിലെ ആസിയാന്‍-ഇന്ത്യ സഹകരണത്തിന്റെ പ്രാധാന്യം യോഗം സ്ഥിരീകരിച്ചു. ഭക്ഷ്യസുരക്ഷയും പോഷകാഹാരവും, കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം, സുസ്ഥിരവും കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലുമുള്ള വികസനം, നൂതനാശയങ്ങള്‍ , ഗവേഷണവും വികസനവും, ഗ്രാമീണ അഭിവൃദ്ധി, കാര്‍ഷിക-വന സംവിധാനങ്ങളുടെ പ്രതിരോധശേഷി എന്നിവയെ പിന്തുണയ്ക്കുന്ന സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത യോഗം എടുത്തുപറഞ്ഞു .

'ആസിയാന്‍ 2045: നമ്മുടെ പൊതു ഭാവി', പ്രതിരോധശേഷിയുള്ളതും നവീനവും ഊര്‍ജ്ജസ്വലവും ജനകേന്ദ്രീകൃതവുമായ ആസിയാന് വേണ്ടിയുള്ള 'ആസിയാന്‍ സമൂഹ വീക്ഷണം 2045' എന്നിവയെ യോഗം സ്വാഗതം ചെയ്തു. കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തെ പരിപോഷിപ്പിക്കുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ലഘൂകരിക്കുന്നതിനും സംഭാവന നല്‍കുന്നതുമായ ഒരു സുസ്ഥിര, സമഗ്ര, പ്രതിരോധശേഷിയുള്ള, സുരക്ഷിത മേഖലയ്ക്ക് തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന '2045-ലേക്കുള്ള ഭക്ഷണ, കാര്‍ഷിക, വനമേഖലയ്ക്കായുള്ള ആസിയാന്‍ നേതാക്കളുടെ കാഴ്ചപ്പാട് പ്രഖ്യാപനത്തെയും' 'ആസിയാന്‍ ഭക്ഷ്യ, കാര്‍ഷിക, വനമേഖല പദ്ധതി 2026-2030'നെയും യോഗം സ്വാഗതം ചെയ്തു.

കാലാവസ്ഥാ വ്യതിയാനവും തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളും, ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ , ഊര്‍ജ്ജം, വളം, കാര്‍ഷിക വിപണികളിലെ അസ്ഥിരത, വ്യാപാരത്തിലും ചരക്കുനീക്കത്തിലുമുള്ള തടസ്സങ്ങള്‍, സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യം, അതിര്‍ത്തി കടന്നുള്ള സസ്യ കീടങ്ങളും ജന്തുരോഗങ്ങളും ഉള്‍പ്പെടെയുള്ള ആഗോള അനിശ്ചിതത്വങ്ങള്‍ തുടങ്ങിയവ ഭക്ഷണ, കാര്‍ഷിക, വനമേഖലകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് യോഗം ആശയവിനിമയം നടത്തി. ഭക്ഷണത്തിന്റെയും അത്യാവശ്യ കാര്‍ഷിക സാമഗ്രികളുടെയും (വളങ്ങള്‍, വിത്തുകള്‍, കീടനാശിനികള്‍) വിതരണ ശൃംഖലകളുടെ ശരിയായ ദിശ നിലനിര്‍ത്തുന്നതിനും ഉറപ്പാക്കുന്നതിനും, പ്രാദേശിക നിരീക്ഷണവും മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകളും ശക്തിപ്പെടുത്തുന്നതിനും, വിതരണ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനും, ചെറുകിട കര്‍ഷകരെയും ദുര്‍ബല വിഭാഗങ്ങളെയും പിന്തുണയ്ക്കുന്നതിനുമുള്ള പ്രാധാന്യം യോഗം എടുത്തുപറഞ്ഞു. പ്രതിരോധശേഷിയുള്ളതും സുസ്ഥിരവും പ്രതികരിക്കുന്നതുമായ ഭക്ഷ്യ-കാര്‍ഷിക സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ആസിയാനും ഇന്ത്യയും പ്രായോഗിക സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .

 

കാര്‍ഷിക, വനമേഖലയിലെ സഹകരണത്തിനായുള്ള ആസിയാന്‍-ഇന്ത്യ ഇടക്കാല കര്‍മ്മപദ്ധതി 2021-2025 നടപ്പിലാക്കുന്നതില്‍ കൈവരിച്ച പുരോഗതിയെ യോഗം അഭിനന്ദിച്ചു . ഈ കാലയളവില്‍, ആസിയാനും ഇന്ത്യയും മന്ത്രിതലത്തിലും മുതിര്‍ന്ന ഉദ്യോഗസ്ഥ തലത്തിലും നയപരമായ സംഭാഷണങ്ങള്‍ നിലനിര്‍ത്തുകയും ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതും സുസ്ഥിരവുമായ കൃഷി, സുരക്ഷിതവും പ്രകൃതി സൗഹൃദവുമായ സമീപനങ്ങള്‍, സുസ്ഥിര മണ്ണ് പരിപാലനം, മാനവവിഭവശേഷി വികസനം, ഡിജിറ്റലൈസേഷന്‍, ശാസ്ത്രവും സാങ്കേതികവിദ്യയും, സ്ഥാപനങ്ങളും കര്‍ഷകരും തമ്മിലുള്ള വിനിമയം എന്നിവയിലുമുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്തു.

2021-2025 കാലയളവിലെ സഹകരണത്തിന് കീഴില്‍ കൈവരിച്ച ശ്രദ്ധേയമായ നിരവധി നേട്ടങ്ങളെ യോഗം എടുത്തുപറഞ്ഞു. പ്രതിസന്ധികള്‍ക്കുള്ള പരിഹാരമായി ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ശക്തിപ്പെടുത്തുന്നതിനായുള്ള ആസിയാന്‍-ഇന്ത്യ സംയുക്ത നേതൃ പ്രഖ്യാപനം ; ഭക്ഷണക്രമത്തിലെ വൈവിധ്യവല്‍ക്കരണം, പോഷകാഹാരം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന വിളകള്‍ എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് 2023-ല്‍ ജക്കാര്‍ത്തയിലും ന്യൂഡല്‍ഹിയിലും നടന്ന ആസിയാന്‍-ഇന്ത്യ മില്ലറ്റ് മേളകള്‍ ; ആസിയാന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ച് വര്‍ഷത്തിനിടെ നല്‍കുന്ന കൃഷി അനുബന്ധ മേഖലകളിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ആസിയാന്‍-ഇന്ത്യ 50 മാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പുകള്‍  2024-ല്‍ ആരംഭിച്ചത് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സ്മാര്‍ട്ട് ഫാര്‍മിംഗ്, മണ്ണ് ആരോഗ്യം, നിര്‍മ്മിത ബുദ്ധി, കൃത്യതയുള്ള കൃഷിക്ക് (precision agriculture) വേണ്ടിയുള്ള ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മെഷീന്‍ ലേണിംഗ്, കര്‍ഷകര്‍ തമ്മിലുള്ള അറിവ് പങ്കുവെക്കല്‍ എന്നിവയിലെ സഹകരണ സംരംഭങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.

സാങ്കേതികവിദ്യയുടെ വികസനവും പ്രായോഗികതയും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനും കാര്‍ഷിക ഉല്‍പ്പാദനത്തില്‍ സാങ്കേതികവിദ്യകളുടെ വികാസം സാധ്യമാക്കുന്നതിനുമുള്ള കാഴ്ചപ്പാടോടെ, ഗവേഷണം, നൂതനാശയങ്ങള്‍, സാങ്കേതികവിദ്യ കൈമാറ്റം, ഉപദേശക-കാര്‍ഷിക വിപുലീകരണ സേവനങ്ങള്‍, സ്വകാര്യ മേഖല, കര്‍ഷക സംഘടനകള്‍ എന്നിവയ്ക്കിടയിലുള്ള ബന്ധം എന്നിവ സഹകരണ അധിഷ്ഠിതമായി ശക്തിപ്പെടുത്തണം.


ഈ നേട്ടങ്ങളുടെയും ആസിയാന്റെ പുതിയ തന്ത്രപരമായ ദിശയുടെയും അടിസ്ഥാനത്തില്‍, ആസിയാന്‍-ഇന്ത്യ കാര്‍ഷിക,വനവല്‍ക്കരണ മേഖലയിലെ സഹകരണത്തിനായുള്ള ഇടക്കാല കര്‍മ്മ പദ്ധതി 2026-2030 സ്വീകരിച്ച് നടപ്പിലാക്കുന്നതിനെയും യോഗം പ്രതീക്ഷയോടെ നോക്കിക്കണ്ടു. പുതിയ പദ്ധതി നാല് പരസ്പര പൂരക മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകും : നയപരമായ സംഭാഷണം, ഭക്ഷ്യസുരക്ഷ, വ്യാപാരം, നിക്ഷേപം, പ്രതിരോധശേഷിയുള്ള മൂല്യ ശൃംഖലകള്‍; സ്ഥാപനപരമായ ശ്യംഖലകള്‍, വിവര വിനിമയം, ഡിജിറ്റല്‍ നവീകരണം; ശേഷി വികസനം , സാങ്കേതിക സഹകരണം, സംയുക്ത ഗവേഷണ വികസനങ്ങള്‍; മാനവ വിഭവശേഷി വികസനം, കര്‍ഷക വിനിമയങ്ങള്‍, സമഗ്ര ഗ്രാമീണ സംരംഭങ്ങള്‍.


പുതിയ പദ്ധതിയുടെ നടപ്പാക്കല്‍ പ്രായോഗികവും വിപുലവും കര്‍ഷക കേന്ദ്രീകൃതവുമായ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് യോഗം തീരുമാനിച്ചു. കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന തരം നെല്‍കൃഷിയും ജല ഉല്‍പ്പാദനക്ഷമതയും; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മറ്റ് ഉയര്‍ന്നുവരുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നിവയുടെ പ്രയോഗം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കൃഷിയും വനപരിപാലനവും; മണ്ണിന്റെ ആരോഗ്യവും ബയോ-ഇന്‍പുട്ടുകളും; കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതും പോഷകഗുണമുള്ളതുമായ വിളകള്‍; ഭക്ഷ്യസുരക്ഷ; വിളവെടുപ്പാനന്തര പരിപാലനവും ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്ക്കലും; വിള അവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലത്ത് കത്തിക്കുന്നതിന് പകരമുള്ള വഴികളും ചാക്രിക ജൈവ സമ്പദ് വ്യവസ്ഥ പരിഹാരങ്ങളും; പ്രതിരോധശേഷിയുള്ള ഭക്ഷ്യ വിതരണ ശൃംഖലകളും കാര്‍ഷിക ഉല്‍പ്പാദന ഉപാധികളും ; സുസ്ഥിര വനപരിപാലനം, വന-പ്രകൃതി പുനരുദ്ധാരണം, അഗ്രോഫോറസ്ട്രി, വന നിരീക്ഷണം, ഉത്തരവാദിത്വമുള്ള വനാധിഷ്ഠിത മൂല്യ ശൃംഖലകളും സാമൂഹ്യ സംരംഭങ്ങളും എന്നിവയിലെ സഹകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.


ആവശ്യാനുസരണം ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കര്‍ഷക സംഘടനകള്‍, സഹകരണ സംഘങ്ങള്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്വകാര്യ മേഖല, ധനകാര്യ സ്ഥാപനങ്ങള്‍, പ്രധാന വികസന പങ്കാളികള്‍ എന്നിവരുടെ പങ്കാളിത്തത്തെ യോഗം പ്രോത്സാഹിപ്പിച്ചു.


വിപണി ബന്ധവും പ്രവേശനവും ശക്തിപ്പെടുത്തല്‍ ; കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും മൂല്യവര്‍ദ്ധനയും വര്‍ദ്ധിപ്പിക്കുന്നതിന് മൂല്യവര്‍ദ്ധിത സംസ്‌കരണം, സംരക്ഷണ സാങ്കേതികവിദ്യകള്‍, വിളവെടുപ്പാനന്തര പരിപാലനം എന്നിവയില്‍ സഹകരണം പ്രോത്സാഹിപ്പിക്കല്‍ ; കാര്‍ഷിക, വനവിഭവ ഉല്‍പ്പന്നങ്ങളുടെ നീക്കവും വിതരണവും സുഗമമാക്കുന്നതിന് കാര്‍ഷിക, വനപരിപാലന ലോജിസ്റ്റിക്‌സിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കല്‍ എന്നിവ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.

വ്യക്തമായ മുന്‍ഗണനകള്‍, പ്രധാന ഏജന്‍സികള്‍, പ്രതീക്ഷിക്കുന്ന ഫലങ്ങള്‍, സമയപരിധികള്‍, പിന്തുണയ്ക്ക് സാധ്യതയുള്ള ഉറവിടങ്ങള്‍ എന്നിവയോടെ ഒരു ഫലാധിഷ്ഠിത പ്രവര്‍ത്തന പദ്ധതി രൂപീകരിക്കാന്‍ ആസിയാന്റെയും ഇന്ത്യയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പ്രവര്‍ത്തന സംവിധാനങ്ങളെയും യോഗം ചുമതലപ്പെടുത്തി.


 നിലവിലുള്ള ആസിയാന്‍-ഇന്ത്യ ധനസഹായ സംവിധാനങ്ങള്‍, ദേശീയ വിഭവങ്ങള്‍, ബാധകമായ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായി പരസ്പരം അംഗീകരിച്ച മറ്റ് പിന്തുണകള്‍ എന്നിവ ഫലപ്രദമായി സമാഹരിക്കുന്നതിന് യോഗം പ്രോത്സാഹിപ്പിച്ചു. കൃത്യസമയത്തുള്ള നടപ്പാക്കല്‍, വിപുലമായ നേട്ടങ്ങള്‍, വിജയിച്ച സംരംഭങ്ങളുടെ വികാസം എന്നിവ ഉറപ്പാക്കുന്നതിനായി പുരോഗതി ക്രമമായി നിരീക്ഷിക്കും.

പത്താമത് ആസിയാന്‍-ഇന്ത്യ കാര്‍ഷിക, വനം മന്ത്രിതല യോഗം (AIMMAF) 2028-ല്‍ വിളിച്ചുചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു.  ഒന്‍പതാമത് AIMMAF യോഗത്തിന് നല്‍കിയ ഊഷ്മളമായ ആതിഥേയത്വത്തിനും മികച്ച ക്രമീകരണങ്ങള്‍ക്കും ഇന്ത്യാ ഗവണ്‍മെന്റിനോട് യോഗം ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു.

 

***


( റിലീസ് ഐ.ഡി: 2308796) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Tamil , Telugu