കൃഷി മന്ത്രാലയം
9-ാമത് ആസിയാന്‍-ഇന്ത്യ കൃഷി, വനസംരക്ഷണ മന്ത്രിതല യോഗവും 10-ാമത് ആസിയാന്‍-ഇന്ത്യ കാര്‍ഷിക വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ന്യൂഡല്‍ഹിയില്‍ നടന്നു
പോസ്റ്റഡ് ഓണ്‍:
09 SEP 2026 8:09PM by PIB Thiruvananthpuram
2026 സെപ്റ്റംബര്‍ 9-ന് ന്യൂഡല്‍ഹിയില്‍ നടന്ന 9-ാമത് ആസിയാന്‍-ഇന്ത്യ കൃഷി, വനസംരക്ഷണ മന്ത്രിതല യോഗം, കൂടുതല്‍ ഭക്ഷ്യസുരക്ഷയും സുസ്ഥിരവും പ്രതിരോധശേഷിയുമുള്ള കാര്‍ഷിക ഭാവി കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയുടെയും ആസിയാന്റെയും പ്രതിജ്ഞാബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചു. ഫിലിപ്പീന്‍സ് കൃഷി വകുപ്പ് സെക്രട്ടറി എച്ച്. ഇ. ഫ്രാന്‍സിസ്‌കോ പി. ടിയു ലോറല്‍, കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ സംയുക്തമായി അധ്യക്ഷത വഹിച്ച യോഗത്തില്‍, കര്‍ഷക കേന്ദ്രീകൃതമായ പ്രായോഗിക സഹകരണത്തിനും കൃഷി, വനസംരക്ഷണം എന്നീ മേഖലകളില്‍ ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കി.
സുസ്ഥിരവും പ്രതിരോധശേഷിയുമുള്ള വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപ്രധാനമായ ചട്ടക്കൂടുകള്‍ എന്ന നിലയില്‍ 'ആസിയാന്‍ 2045: ഔവര്‍ ഷെയേര്‍ഡ് ഫ്യൂച്ചര്‍', 'ആസിയാന്‍ ഫുഡ്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫോറസ്ട്രി സെക്ടറല്‍ പ്ലാന്‍ 2026-2030' എന്നിവയെ മന്ത്രിമാര്‍ സ്വാഗതം ചെയ്തു. നയരൂപീകരണ ചര്‍ച്ചകള്‍, ഡിജിറ്റല്‍ നവീകരണം, സാങ്കേതിക സഹകരണം, സംയുക്ത ഗവേഷണം, ശേഷി വികസനം, കര്‍ഷക കൈമാറ്റ പരിപാടികള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി 'കൃഷി, വനസംരക്ഷണ സഹകരണത്തിനുള്ള ആസിയാന്‍-ഇന്ത്യ ഇടക്കാല കര്‍മ്മപദ്ധതി 2026-2030' അംഗീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷി, കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ നെല്‍കൃഷി, ജല വിനിയോഗ ശേഷി, നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ കൃഷി, മണ്ണുപരിപാലനം, ഭക്ഷ്യസുരക്ഷ, വിളവെടുപ്പാനന്തര പരിപാലനം, സര്‍ക്കുലര്‍(വര്‍ത്തുള) ബയോഇക്കോണമി, അഗ്രോഫോറസ്ട്രി(കാര്‍ഷിക വനവല്‍ക്കരണം), പ്രതിരോധശേഷിയുള്ള മൂല്യശൃംഖലകള്‍ എന്നിവ പ്രായോഗികവും വിപുലീകരിക്കാവുന്നതുമായ സഹകരണത്തിന്റെ പ്രധാന മേഖലകളായി യോഗം തിരിച്ചറിഞ്ഞു. കാര്‍ഷിക നവീകരണം കൂടുതല്‍ വ്യാപിപ്പിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങള്‍, സാങ്കേതിക വികസന ഏജന്‍സികള്‍, കാര്‍ഷിക വിജ്ഞാന വ്യാപന കേന്ദ്രങ്ങള്‍, സ്വകാര്യ മേഖല എന്നിവയുമായി കര്‍ഷകരുടെ ബന്ധം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാര്‍ ഊന്നിപ്പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, ഭൗമരാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, കാര്‍ഷികോല്‍പ്പാദന ചെലവുകളിലെ അസ്ഥിരത, വ്യാപാര തടസങ്ങള്‍, അന്തര്‍ദേശീയ അതിര്‍ത്തികള്‍ കടന്നെത്തുന്ന കീടങ്ങളും രോഗങ്ങളും തുടങ്ങിയ വളര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് അംഗീകരിച്ച യോഗം, വിപണിബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, മൂല്യവര്‍ദ്ധനവ്, കൃഷി-വനസംരക്ഷണ ലോജിസ്റ്റിക്സ് എന്നിവ മെച്ചപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കി.
കൃഷി, വനസംരക്ഷണ മേഖലകളിലെ സഹകരണത്തില്‍ ഇന്ത്യയും ആസിയാനും തമ്മിലുള്ള ശാശ്വത പങ്കാളിത്തത്തിന്റെയും പങ്കുവെക്കപ്പെട്ട പ്രതിജ്ഞാബദ്ധതയുടെയും പ്രതീകമായി 'ഇന്ത്യ-ആസിയാന്‍ ഫ്രണ്ട്ഷിപ്പ് സ്‌പൈക്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫോറസ്ട്രി'(കൃഷിക്കും വനവല്‍ക്കരണത്തിനും ഇന്ത്യ - ആസിയാന്‍ സഹകരണം ശക്തിപ്പെട്ടുത്തല്‍) അനാച്ഛാദനം ചെയ്തതായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം.
ചടങ്ങിന്റെ ഭാഗമായി, സന്ദര്‍ശനത്തിനെത്തിയ വിശിഷ്ടാതിഥികള്‍ പുസയിലെ ഐസിഎആര്‍-ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (IARI) സെന്റര്‍ ഓഫ് പ്രൊട്ടക്റ്റഡ് കള്‍ട്ടിവേഷന്‍, ബാജ്റ-നെല്‍ വയലുകള്‍, നാനാജി ദേശ്മുഖ് ഫിനോമിക്‌സ് ഫെസിലിറ്റി, ഐസിഎആര്‍-നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസിന്റെ (NBPGR) ജീന്‍ ബാങ്ക് എന്നിവ സന്ദര്‍ശിച്ചു. വിള ഗവേഷണം, ആധുനിക കാര്‍ഷിക രീതികള്‍, സസ്യ ജനിതക വിഭവങ്ങളുടെ സംരക്ഷണം എന്നിവയില്‍ രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച പ്രതിനിധി സംഘത്തിന് നല്കാന്‍ ഈ സന്ദര്‍ശനം പ്രയോജനകരമായി. ഡെയര്‍ (DARE) സെക്രട്ടറിയും ഐസിഎആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. എം.എല്‍. ജാട്ടാണ് പ്രതിനിധി സംഘത്തെ നയിച്ചത്.
കൃഷി, വനസംരക്ഷണ മേഖലകളില്‍ ഗവേഷണം, നവീകരണം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, വ്യവസായ സഹകരണം എന്നിവയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ആസിയാന്‍ മന്ത്രിമാരും പ്രതിനിധി സംഘത്തലവന്മാരും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ബിസിനസ്/വ്യവസായ മേഖലയിലെ പ്രതിനിധികള്‍ എന്നിവരുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തി.
10-ാമത് ആസിയാന്‍-ഇന്ത്യ കൃഷി, വനസംരക്ഷണ മന്ത്രിതല യോഗം 2028-ല്‍ ചേരുവാന്‍ യോഗത്തില്‍ ധാരണയായി.
10-ാമത് ആസിയാന്‍-ഇന്ത്യ കാര്‍ഷിക വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം
10-ാമത് ആസിയാന്‍-ഇന്ത്യ കാര്‍ഷിക വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 2026 സെപ്റ്റംബര്‍ 8-ന് ന്യൂഡല്‍ഹിയില്‍ നടന്നു. കൃഷി, വനസംരക്ഷണ മേഖലകളില്‍ ആസിയാന്‍-ഇന്ത്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി 11 ആസിയാന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള 45 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യയും ഫിലിപ്പീന്‍സും സംയുക്തമായാണ് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. ഇന്ത്യയെ ഡെയര്‍ (DARE) സെക്രട്ടറിയും ഐസിഎആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. എം.എല്‍. ജാട്ടും, ആസിയാന്റെ അധ്യക്ഷ പദവിയെ പ്രതിനിധീകരിച്ച് ഫിലിപ്പീന്‍സും യോഗത്തിന് നേതൃത്വം നല്‍കി.
മന്ത്രിതല യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനം പ്രകൃതിവിഭവ പരിപാലനം, ഐസിടി, ആനിമല്‍ സയന്‍സ്, ഫിഷറീസ് സയന്‍സ്, ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സ് എന്നീ മേഖലകളിലെ ഐസിഎആര്‍ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുകയും, സുസ്ഥിരവും കാലാവസ്ഥാ പ്രതിരോധശേഷിയുമുള്ള കൃഷിയില്‍ രാജ്യം കൈവരിച്ച പുരോഗതി എടുത്തുകാണിക്കുകയും ചെയ്തു.
മണ്ണുപരിപാലനം, പ്രതിരോധശേഷിയുള്ള കാര്‍ഷിക രീതികള്‍; 3,500-ലധികം കെവികെ വിദഗ്ധരുടെയും 4,500 ഐസിഎആര്‍ ശാസ്ത്രജ്ഞരുടെയും സഹായത്തോടെ 13 ഇന്ത്യന്‍ ഭാഷകളിലായി 3.5 ലക്ഷത്തിലധികം ഗ്രാമങ്ങളിലെ 3.03 കോടി രജിസ്റ്റര്‍ ചെയ്ത കര്‍ഷകരെ പിന്തുണയ്ക്കുന്ന 'കിസാന്‍ സാരഥി' പദ്ധതി; ആഫ്രിക്കന്‍ പന്നിപ്പനിക്കെതിരെയുള്ള തദ്ദേശീയ വാക്‌സിനും രോഗ മുന്നറിയിപ്പ് സംവിധാനങ്ങളും; 120 ദിവസം കൊണ്ട് 40-50 ടണ്‍ ഉല്‍പ്പാദനം നല്‍കുന്ന ചെമ്മീന്‍ വളര്‍ത്തല്‍ മാതൃക ഉള്‍പ്പെടെയുള്ള മത്സ്യബന്ധന നവീകരണമാര്‍ഗങ്ങള്‍; എയറോപോണിക്‌സ് വഴി വൈറസ് വിമുക്തമായ ഉരുളക്കിഴങ്ങ് വിത്ത് ഉല്‍പ്പാദനം, വിവിധയിനം വിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടുന്ന തോട്ടവിള സാങ്കേതികവിദ്യകള്‍ മുതലായവ ഈ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മനോഹരമായ സാംസ്‌കാരിക പരിപാടിയും 2026 സെപ്റ്റംബര്‍ 8-ന് സംഘടിപ്പിച്ചു.
****
( റിലീസ് ഐ.ഡി: 2308637)
സന്ദര്‍ശക കൗണ്ടര്‍ : 3