ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ വഴി 15 മാസത്തിനിടെ ഉപഭോക്താക്കൾക്ക് തിരികെ ലഭിച്ചത് 105 കോടിയിലധികം രൂപ

പോസ്റ്റഡ് ഓണ്‍: 09 SEP 2026 5:57PM by PIB Thiruvananthpuram

കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ (എൻസിഎച്ച്), 2025 ഏപ്രിൽ 25 മുതൽ 2026 ജൂലൈ 31 വരെയുള്ള 15 മാസക്കാലയളവിൽ 35 മേഖലകളിലായി 1,66,189 പരാതികൾ പരിഹരിച്ച് ഉപഭോക്താക്കൾക്ക് 105 കോടിയിലധികം രൂപ റീഫണ്ടായി ലഭ്യമാക്കി.

 

ഉപഭോക്തൃ കമ്മീഷനുകളെ സമീപിക്കാതെ തന്നെ, നിയമനടപടികൾക്ക് മുൻപുള്ള ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് ആശ്വാസം എത്തിക്കാൻ ഇതിലൂടെ സാധിച്ചു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനും പരിഹാരം കാണാനുമുള്ള ഒരു ഏകജാലക സംവിധാനമായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ മാറിയിട്ടുണ്ട്.

 

ഇ-കൊമേഴ്സ് മേഖലയിലാണ് ഏറ്റവും കൂടുതൽ റീഫണ്ട് പരാതികൾ രേഖപ്പെടുത്തിയത്. 1,00,466 പരാതികളിലായി 74 കോടിയിലധികം രൂപ ഇവിടെ റീഫണ്ടായി നൽകി. ടൂറിസം, ട്രാവൽ മേഖലയാണ് തൊട്ടുപിന്നിൽ; 10 കോടിയിലധികം രൂപയാണ് ഈ മേഖലയിൽ റീഫണ്ട് ചെയ്തത്. 2026 മേയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഇ-കൊമേഴ്സ് മേഖലയിൽ പരാതിക്കാരുടെ വിവിധതരത്തിലും തുകയിലും ഉള്ള പരാതികൾ പരിഹരിച്ചതിൻ്റെ ഭാഗമായി ഒരു രൂപ മുതൽ 35,83,790 രൂപ വരെയുള്ള വിവിധ തുകകളുടെ പരാതികൾ പരിഹരിക്കപ്പെട്ടു.

 

പ്രധാന വിവരങ്ങൾ:

  • 105 കോടിയിലധികം രൂപ റീഫണ്ട് ലഭ്യമാക്കി
  • 1,66,189 റീഫണ്ട് സംബന്ധമായ പരാതികൾ പരിഹരിച്ചു
  • 35 മേഖലകൾ ഇതിൽ ഉൾപ്പെടുന്നു
  • ഇ-കൊമേഴ്സ് മേഖലയിൽ 1,00,466 പരാതികൾ പരിഹരിച്ചു
  • ഇ-കൊമേഴ്സ് മേഖലയിൽ മാത്രം 74 കോടിയിലധികം രൂപ റീഫണ്ട് ചെയ്തു
  • ട്രാവൽ, ടൂറിസം മേഖലയിൽ 10 കോടിയിലധികം രൂപ റീഫണ്ട് നൽകി
  • 2026 മേയ്-ജൂലൈ കാലയളവിൽ ഇ-കൊമേഴ്സ് മേഖലയിൽ 1 രൂപ മുതൽ 35,83,790 രൂപ വരെ റീഫണ്ട് ലഭ്യമാക്കി

 

ഉപഭോക്താക്കളുടെ പരാതികൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട കമ്പനികൾക്ക് ഡിജിറ്റലായി കൈമാറുന്ന ഒരു വികേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് എൻസിഎച്ച് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ തുടർച്ചയായി നിരീക്ഷിച്ചും പിന്തുടർന്നുമാണ് ഈ പ്രവർത്തനം മുന്നോട്ട് പോകുന്നത്.

 

എൻസിഎച്ച് വഴി ലഭിച്ച റീഫണ്ട് പരാതികളിൽ മെട്രോ നഗരങ്ങളിൽ നിന്നുള്ളവയും വിദൂര ഗ്രാമങ്ങളിൽ നിന്നുള്ളവയും ഉൾപ്പെടുന്നു. ഉപഭോക്തൃ പരാതി പരിഹാരത്തിനായി അഖിലേന്ത്യ തലത്തിൽ ഈ പ്ലാറ്റ്‌ഫോമിനുള്ള സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്.

 

എൻസിഎച്ച് വഴി പരിഹരിച്ച ചില പ്രധാന ഉപഭോക്തൃ പരാതികൾ:

 

ബെംഗളൂരു നഗരം | മൊബൈൽ ഫോൺ വിതരണം വൈകിയത്: 2026 ഓഗസ്റ്റ് 21-ന് 47,490 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് ഓഗസ്റ്റ് 22-ന് വിതരണ തീയതിയായിരുന്നത് പലതവണ നീട്ടിനൽകിയതിനെ തുടർന്ന് എൻസിഎച്ചിനെ സമീപിച്ചു. എൻസിഎച്ചിൻ്റെ  ഇടപെടലിനെ തുടർന്ന് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം മുഴുവൻ തുകയായ 47,490 രൂപ  റീഫണ്ട് ചെയ്തു.

 

എൻ.ടി.ആർ ജില്ല, ആന്ധ്രാപ്രദേശ് | തെറ്റായ ഉൽപ്പന്നം ലഭിച്ചത്: ഉപകരണത്തിന് അനുയോജ്യമല്ലാത്ത യുഎസ്ബി 3.1 എൻക്ലോഷറാണ് ഓർഡർ ചെയ്ത 2.5-ഇഞ്ച് ഹാർഡ് ഡ്രൈവ് എൻക്ലോഷറിന് (USB 3.0- Type-C) പകരം ഉപഭോക്താവിന് ലഭിച്ചത്. എൻസിഎച്ചിൽ പരാതി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം, ഉൽപ്പന്നത്തിൻ്റെ തുക റീഫണ്ട് ചെയ്തു.

 

ഉദൽഗുരി, അസം | ഇരുചക്രവാഹന ബുക്കിംഗ് റീഫണ്ട്: ഇരുചക്രവാഹന ബുക്കിംഗ് റദ്ദാക്കിയിട്ടും അഡ്വാൻസ് തുകയായ 5,000 രൂപ തിരികെ ലഭിക്കാൻ വൈകിയതിനെ തുടർന്ന് 2026 മേയ് 21-ന് ഉപഭോക്താവ് എൻസിഎച്ചിനെ സമീപിച്ചു. ഇടപെടലിന് ശേഷം ഡീലർ ബുക്കിംഗ് തുക ഉപഭോക്താവിൻ്റെ അക്കൗണ്ടിലേക്ക് റീഫണ്ടായി കൈമാറ്റം ചെയ്തു.

 

പൂഞ്ച്, ജമ്മു കശ്മീർ | വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉൽപ്പന്നം: 3,072 രൂപ വിലയുള്ള സ്പോർട്സ് ഷൂസ് ഓർഡർ ചെയ്ത ഉപഭോക്താവിന് ഗുണനിലവാരമില്ലാത്ത ഷൂസാണ് ലഭിച്ചത്. റിട്ടേൺ അപേക്ഷ നിരന്തരം നിരസിക്കപ്പെട്ടതിനെ തുടർന്ന് 2026 ജൂൺ 29-ന് ഉപഭോക്താവ് എൻസിഎച്ചിൽ പരാതി നൽകി. തുടർന്ന് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം റീഫണ്ട് നൽകി.

 

ഉപഭോക്താക്കൾക്കായി എൻസിഎച്ച് ഒരുക്കിയിട്ടുള്ള ആശയവിനിമയ മാർഗ്ഗങ്ങൾ:

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ 17 ഭാഷകളിൽ വിവിധ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പരാതി പരിഹാര സൗകര്യം ഒരുക്കുന്നു:

  • ടോൾ ഫ്രീ നമ്പർ: 1915
  • വാട്ട്‌സ്ആപ്പ്/എസ്.എം.എസ്: 8800001915
  • INGRAM പോർട്ടൽ
  • ഇമെയിൽ: nch-ca[at]gov[dot]in
  • എൻസിഎച്ച് മൊബൈൽ ആപ്പ്
  • വെബ് പോർട്ടൽ
  • ഉമങ് (UMANG) ആപ്പ്

2025 ഏപ്രിൽ 25 മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ 105 കോടിയിലധികം രൂപ റീഫണ്ട് ലഭ്യമാക്കാൻ സാധിച്ചത്, നിയമ നടപടികൾക്ക് മുൻപുതന്നെ കൃത്യസമയത്ത് പരാതികൾ പരിഹരിക്കുന്നതിൽ എൻസിഎച്ചിൻ്റെ പങ്ക് വ്യക്തമാക്കുന്നു.

ഡിജിറ്റൽ വിപണിയിലും സേവന മേഖലകളിലും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുന്നു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

***


( റിലീസ് ഐ.ഡി: 2308526) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Kannada