രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സമഗ്ര സുരക്ഷയ്ക്കും സമൃദ്ധിക്കും സുരക്ഷിത സമുദ്രപാതകളും സ്വതന്ത്ര നാവിക സഞ്ചാരവും അത്യന്താപേക്ഷിതം: രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിൽ
പോസ്റ്റഡ് ഓണ്‍:
09 SEP 2026 6:13PM by PIB Thiruvananthpuram
ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സമഗ്ര സുരക്ഷയ്ക്കും സമൃദ്ധിക്കും സുരക്ഷിത സമുദ്രപാതകൾ, സ്വതന്ത്ര നാവിക സഞ്ചാരം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരവ്, തടസ്സമില്ലാത്ത സമുദ്ര വ്യാപാരം എന്നിവ അത്യന്താപേക്ഷിതമാണെന്ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് വ്യക്തമാക്കി. വികസന താല്പര്യങ്ങൾക്കും ശോഭന ഭാവിക്കും ഗുരുതര ഭീഷണിയായി മാറുന്നതിന് മുൻപുതന്നെ ഉയർന്നുവരുന്ന സമുദ്ര സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും അനുകൂലവും സുരക്ഷിതവുമായ സമുദ്രാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇന്ത്യയും ശ്രീലങ്കയും തമ്മിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 2026 സെപ്തംബര്‍ 9-ന് കൊളംബോയിലെ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം സന്ദർശിച്ച് ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി ശ്രീ അരുണ ജയശേഖര, ശ്രീലങ്കൻ കര-നാവിക-വ്യോമസേനാ മേധാവികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു ശ്രീ രാജ് നാഥ് സിംഗ്.

ദേശീയ സുരക്ഷയും സാമ്പത്തിക വളർച്ചയും പരസ്പരം വേർതിരിച്ചു കാണാനാവില്ലെന്നും ഭൂമിശാസ്ത്രവുമായും സുരക്ഷയുമായും അവ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാജ്യരക്ഷാ മന്ത്രി പറഞ്ഞു. മേഖലയിലെ സംഭവവികാസങ്ങളിൽ ഇരുരാജ്യങ്ങൾക്കും നിസ്സംഗത പാലിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശേഷി വികസനം മുതൽ സംയുക്ത സൈനികാഭ്യാസങ്ങൾ വരെ വിവിധ നടപടികളിലൂടെ ഇന്ത്യയും ശ്രീലങ്കയും ശേഷി വർധിപ്പിച്ചിട്ടുണ്ടെങ്കിലും സമുദ്ര സുരക്ഷാ സഹകരണത്തിന് പ്രത്യേക ഊന്നൽ നൽകി ഇരുരാജ്യങ്ങളും തമ്മിലെ ദീർഘകാല പ്രതിരോധ-തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള, പ്രാദേശിക സാഹചര്യങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പുതിയ ഭീഷണികളെ നേരിടാൻ സംയുക്ത പ്രോട്ടോക്കോളുകൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും വേണമെന്ന് ശ്രീ രാജ് നാഥ് സിംഗ് പറഞ്ഞു. ഒപ്പം നൈപുണ്യ വികസനം ഉറപ്പാക്കുകയും അനുഭവങ്ങൾ പങ്കിടുകയും വേണം. ഇതൊരു നിരന്തര പ്രക്രിയയായി മാറേണ്ടതുണ്ട്. കൂടുതൽ ശക്തവും സുദൃഢവുമായ സമുദ്ര പങ്കാളിത്തത്തിന് പുതിയ മാതൃകകൾ വികസിപ്പിക്കണം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'മഹാസാഗർ' (മ്യൂച്വല്‍ ആന്‍ഡ് ഹോളിസ്റ്റിക് അഡ്വാന്‍സ്മെൻ്റ് ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് അക്രോസ് റീജിയന്‍സ്) എന്ന കാഴ്ചപ്പാടിൻ്റെ അടിത്തറയും ഇതാണ്. സമന്വയം, പരസ്പര സഹകരണം, കൂട്ടായ്മ എന്നിവയുടെ പ്രാധാന്യത്തെയാണ് 'മ്യൂച്വൽ', 'ഹോളിസ്റ്റിക്' എന്നീ പദങ്ങൾ അടിവരയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെയും ശ്രീലങ്കയെയും ഒരേ സമുദ്രമാണ് പരസ്പരം ബന്ധിപ്പിക്കുന്നതെന്നും സമുദ്ര സുരക്ഷ കേവലം സിദ്ധാന്തമല്ല, മറിച്ച് ഇരുരാജ്യങ്ങളുടെയും വ്യാപാരവും സുരക്ഷയും ഭാവിയും നിർണയിക്കുന്ന യാഥാർത്ഥ്യമാണെന്നും രാജ്യരക്ഷാ മന്ത്രി പറഞ്ഞു. ശ്രീലങ്ക ഇന്ത്യയുടെ അയൽരാജ്യവും ദീർഘകാല സുഹൃത്തും വിശ്വസ്ത പങ്കാളിയുമാണ്. മേഖലയിലെ സമുദ്ര സുരക്ഷ സംബന്ധിച്ച ഏത് തന്ത്രപ്രധാന ചർച്ചകളിലും ഇരുരാജ്യങ്ങളും കേന്ദ്രസ്ഥാനത്തുണ്ട്. ശക്തമായ ഇന്ത്യ-ശ്രീലങ്ക സമുദ്ര സഹകരണം ഇരുപക്ഷത്തിനും ഗുണകരമാണ്. കൂട്ടായ വളർച്ചയ്ക്കും സുരക്ഷയ്ക്കും ഇത് അത്യന്താപേക്ഷിതമാണെന്നും ശ്രീ രാജ് നാഥ് സിംഗ് വ്യക്തമാക്കി.

വിലയേറിയ നിരവധി ജീവനുകൾ രക്ഷിച്ച സമുദ്ര തെരച്ചിൽ-രക്ഷാദൗത്യങ്ങളടക്കം ഉഭയകക്ഷി സമുദ്ര സഹകരണത്തിൽ കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍ ശ്രീ രാജ് നാഥ് സിംഗ് എടുത്തുപറഞ്ഞു. ലഹരിമരുന്ന് കടത്ത്, കടൽക്കൊള്ള, മനുഷ്യക്കടത്ത് എന്നിവക്കെതിരായ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്. സമുദ്ര സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനം, സൈബർ സുരക്ഷ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൊളംബോ സുരക്ഷാ കോൺക്ലേവിലെ പരസ്പര സഹകരണത്തിന് എന്നത്തെക്കാളേറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര മേഖലയെ സുരക്ഷിതമായി നിലനിർത്താന്‍ ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന പൊതു പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ് ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ സ്ഥാപിച്ച സമുദ്ര രക്ഷാപ്രവര്‍ത്തന ഏകോപന കേന്ദ്രമെന്ന് രാജ്യരക്ഷാ മന്ത്രി പറഞ്ഞു. ശേഷി വികസനം, സംയുക്ത സൈനികാഭ്യാസങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രീലങ്കയുമായി കൈകോർക്കാൻ ഇന്ത്യ സദാ സന്നദ്ധമാണ്; ഇരുപക്ഷത്തിനും പരസ്പര അനുഭവങ്ങളിൽ നിന്ന് പഠിക്കാനും സംയുക്ത സംരംഭങ്ങളുടെ ഫലപ്രദമായ നടത്തിപ്പിന് പ്രോട്ടോക്കോളുകൾ കൂടുതൽ കൃത്യമാക്കാനും ഇത് സഹായിക്കും. ഇത്തരം സഹകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ രീതിയിലും ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ രാജ് നാഥ് സിംഗ് വ്യക്തമാക്കി.
തത്സമയ വിവരങ്ങൾ സമഗ്രമായി ലഭ്യമാക്കുന്ന സംയോജിത സമുദ്ര മേഖല നിരീക്ഷണ-അവബോധ സംവിധാനം വികസിപ്പിക്കുന്നതിൽ ഇന്ത്യയും ശ്രീലങ്കയും സംയുക്ത പങ്കാളികളാകുന്ന ഭാവിയാണ് വിഭാവനം ചെയ്യുന്നതെന്ന് ശ്രീ രാജ് നാഥ് സിംഗ് പറഞ്ഞു. നിയമവിരുദ്ധ മത്സ്യബന്ധനം തടയാനും സംശയകരമായ യാനങ്ങളെ നിരീക്ഷിക്കാനും ലഹരിമരുന്ന് കടത്ത്, കള്ളക്കടത്ത്, ഭീകരവാദം, മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവ നേരിടാനും ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജൻസികൾ, നാവികസേനകൾ, തീരരക്ഷാ സേനകള്‍ എന്നിവയ്ക്കിടയിലെ ചിട്ടയായ സഹകരണവും ഏകോപനവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരാമർശിച്ച രാജ്യരക്ഷാ മന്ത്രി ഈ വിഷയം ഒരുമിച്ച് പരിഹരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. സമുദ്ര സഹകരണം സുരക്ഷാ ചട്ടക്കൂടുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച് മത്സ്യകൃഷി, മറൈൻ ബയോടെക്നോളജി, സമുദ്ര ശാസ്ത്രം, സമുദ്ര പരിസ്ഥിതി സംരക്ഷണവും പരിപാലനവും, സമുദ്ര വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലേക്ക് വികസിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തങ്ങളും മനുഷ്യനിർമ്മിത ദുരന്തങ്ങളും ഉണ്ടാകുമ്പോൾ വേഗത്തിലും ഏകോപിതമായും പ്രതികരിക്കാന്‍ ബന്ധപ്പെട്ട ഏജൻസികളെ ഉൾപ്പെടുത്തി സംയുക്ത സമുദ്ര മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനം രൂപീകരിക്കുന്നതിന് ഇരുരാജ്യങ്ങൾക്കും സാധ്യതകൾ തേടാമെന്നും അദ്ദേഹം നിർദേശിച്ചു.
ഇന്ത്യൻ മഹാസമുദ്ര മേഖല ആഴത്തിലുള്ള തന്ത്രപരവും സാമ്പത്തികവുമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന കാലത്ത് ഇന്ത്യയും ശ്രീലങ്കയും പരിശ്രമങ്ങൾ ഏകോപിപ്പിക്കുകയും കൂട്ടായ ശേഷികള്‍ പ്രയോജനപ്പെടുത്തുകയും ഉയർന്നുവരുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടുകയും ചെയ്യണമെന്ന് ശ്രീ രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. നിലവിലെ വലിയ മാറ്റങ്ങളും ദ്രുതഗതിയിലുണ്ടാകുന്ന പരിവർത്തനങ്ങളും വെല്ലുവിളികള്‍ക്കൊപ്പം അവസരങ്ങളും കൊണ്ടുവരുന്നുണ്ട്. ഈ അവസരങ്ങളെ കൂട്ടായ വളർച്ചയാക്കി മാറ്റാൻ ഇരുരാജ്യങ്ങളും ദീർഘകാല സമുദ്ര പങ്കാളിത്തം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭൂമിശാസ്ത്രപരമായ സാമീപ്യം പരസ്പരാശ്രയത്വത്തിന് വഴിയൊരുക്കുമെന്നും അത് കൂട്ടായ മുന്നേറ്റത്തിന് വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുമെന്നുമുള്ള ലളിതമായ യാഥാർത്ഥ്യത്തിലാണ് ഇന്ത്യ-ശ്രീലങ്ക ബന്ധത്തിൻ്റെ ഭാവി നിലകൊള്ളുന്നതെന്ന് രാജ്യരക്ഷാ മന്ത്രി ഓർമിപ്പിച്ചു. ഇന്ത്യയെ യഥാർത്ഥ 'വിശ്വമിത്ര' അഥവാ വിശ്വസ്ത ആഗോള സുഹൃത്ത് എന്ന് വിശേഷിപ്പിച്ച അദ്ദേഹം മേഖലയിൽ ക്രിയാത്മകവും ആശ്രയിക്കാവുന്നതുമായ പങ്കുവഹിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു. സമഗ്ര സമുദ്ര സുരക്ഷയും പരസ്പര സമൃദ്ധിയും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത സമുദ്ര പങ്കാളികളെന്ന നിലയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം സമാധാനവും സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ സന്തോഷ് ഝായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിലെത്തിയ ശ്രീ രാജ് നാഥ് സിംഗിനെ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. തുടർന്ന് ബട്ടരമുല്ലയിലെ ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സ് (ഐപികെഎഫ്) സ്മാരകത്തിൽ പുഷ്പചക്രമര്‍പ്പിച്ച അദ്ദേഹം കർത്തവ്യത്തിനിടെ ജീവത്യാഗം ചെയ്ത ധീരജവാന്മാർക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും ചെയ്തു.

****
( റിലീസ് ഐ.ഡി: 2308514)
സന്ദര്‍ശക കൗണ്ടര്‍ : 14