ഉപരാഷ്ട്രപതിയുടെ കാര്യാലയം
അരുണാചൽ പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു
‘രാഷ്ട്ര പ്രഥമം’ (രാഷ്ട്രം ആദ്യം), ‘വികസിത് ഭാരത് @ 2047’ എന്നിവ നിയമനിർമ്മാണ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകണം: ഉപരാഷ്ട്രപതി
‘സംവാദങ്ങളും ചർച്ചകളും, അല്ലെങ്കിൽ തടസ്സപ്പെടുത്തലുകൾ പോലും ഒരു തീരുമാനത്തിലേക്ക് നയിക്കണം’: ഉപരാഷ്ട്രപതി
അരുണാചൽ പ്രദേശിന്റെ പുരോഗതി ഇന്ത്യയുടെ വികസനത്തിനും സുരക്ഷയ്ക്കും അവിഭാജ്യമാണ്: ഉപരാഷ്ട്രപതി
അരുണാചൽ പ്രദേശിന്റെ ജലവൈദ്യുത സാധ്യതകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം സംസ്ഥാനത്തിന്റെ റവന്യൂവും വികസനവും വർദ്ധിപ്പിക്കും: ഉപരാഷ്ട്രപതി
പോസ്റ്റഡ് ഓണ്‍:
09 SEP 2026 1:46PM by PIB Thiruvananthpuram
അരുണാചൽ പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ ഇന്ന് ഇറ്റാനഗറിൽ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ, ജനാധിപത്യത്തിന്റെ ഉന്നത പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനത്തിനായി പ്രവർത്തിക്കാനും നിയമസഭാംഗങ്ങളോട് ആഹ്വാനം ചെയ്തു.
നിയമസഭാ സമുച്ചയത്തിൽ എത്തിച്ചേർന്ന ഉപരാഷ്ട്രപതി, മഹാത്മാഗാന്ധിയുടെയും ബാബാസാഹബ് ഡോ. ബി. ആർ. അംബേദ്കറുടെയും പ്രതിമകളിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് ഉപരാഷ്ട്രപതിയ്ക്ക് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി.സംസ്ഥാന നിയമസഭയുടെ വികാസവും വളർച്ചയും നിയമനിർമ്മാണ യാത്രയും പ്രദർശിപ്പിക്കുന്ന അരുണാചൽ പ്രദേശ് നിയമസഭാ മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു.
നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, അരുണാചൽ പ്രദേശിന് വലിയ തന്ത്രപ്രധാനമായ പ്രാധാന്യവും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും സമൃദ്ധമായ പ്രകൃതിവിഭവങ്ങളുമുണ്ടെന്നും രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ സംസ്ഥാനം സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളുടെ സുരക്ഷ അരുണാചൽ പ്രദേശിലെ ജനങ്ങൾ നടത്തുന്ന അതിർത്തി സംരക്ഷണവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വൈവിധ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ ഐക്യത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഒറ്റ ഭരണഘടന, ‘രാഷ്ട്ര പ്രഥമം’ (രാഷ്ട്രം ആദ്യം) എന്ന ഒറ്റ കാഴ്ചപ്പാട്, വികസിത് ഭാരത് @ 2047 എന്ന ഒറ്റ ലക്ഷ്യം എന്നിവയാലാണ് രാജ്യം ഒന്നിച്ചുനിൽക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭാരതത്തിന്റെ വിവിധ ഭാഷകൾക്കും പാരമ്പര്യങ്ങൾക്കും ആധാരമായ ചിന്താപരമായ ഐക്യത്തെ എടുത്തു കാണിക്കാൻ ദേശീയ കവി സുബ്രഹ്മണ്യ ഭാരതിയുടെ വരികൾ അദ്ദേഹം ഉദ്ധരിച്ചു.
ഇന്ത്യയുടെ സമ്പന്നമായ ജനാധിപത്യ പൈതൃകം ഓർമ്മിപ്പിച്ചുകൊണ്ട്, ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് വിശേഷിപ്പിക്കുകയും ഈ പാരമ്പര്യത്തിനൊത്തുയർന്നു പ്രവർത്തിക്കാൻ നിയമസഭാംഗങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് 'ഡൊണേർ' (DoNER) മന്ത്രാലയം സ്ഥാപിച്ചതും, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന് കീഴിൽ ഈ മേഖലയ്ക്ക് നൽകിയ ഊന്നലും അനുസ്മരിച്ചുകൊണ്ട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന ശ്രദ്ധയെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. രാജ്യത്ത് കിവി പഴത്തിന്റെ ഉത്പാദനത്തിൽ ഒന്നാമത് എത്തിയത്, റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഒരു ലക്ഷത്തിലധികം സോയിൽ ഹെൽത്ത് കാർഡുകളുടെ വിതരണം, വിദ്യാഭ്യാസത്തിലും പ്രതിശീർഷ വരുമാനത്തിലും ഉണ്ടായ ശ്രദ്ധേയമായ പുരോഗതി എന്നിവയുൾപ്പെടെ അരുണാചൽ പ്രദേശിന്റെ വികസന നേട്ടങ്ങളിൽ അദ്ദേഹം സംസ്ഥാന ഗവൺമെന്റിനെയും ജനങ്ങളെയും അഭിനന്ദിച്ചു.
സംസ്ഥാന നിയമസഭ ഗോൾഡൻ ജൂബിലി (സ്വർണ്ണ ജൂബിലി) പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റ് പ്ലാസ്റ്റിക് മുക്തമാക്കിയതും അസംബ്ലി ലൈബ്രറിയും മ്യൂസിയവും സ്ഥാപിച്ചതും ഉൾപ്പെടെയുള്ള സംരംഭങ്ങളെ പ്രശംസിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തേക്കാൾ ജനസേവനത്തിന് മുൻഗണന നൽകാൻ നിയമസഭാംഗങ്ങളോട് അഭ്യർത്ഥിച്ച ഉപരാഷ്ട്രപതി, വോട്ടുകളിലൂടെ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചേക്കാം, എന്നാൽ ജനങ്ങളുടെ ബഹുമാനവും വിശ്വാസവും ആത്മാർത്ഥമായ സേവനത്തിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയൂ എന്ന് പറഞ്ഞു. പൊതുനയങ്ങളെയും തങ്ങളുടെ മണ്ഡലങ്ങളെയും സംബന്ധിക്കുന്ന വിഷയങ്ങൾ ഉന്നയിക്കുന്നതിനായി ചോദ്യോത്തര വേളയും ശൂന്യവേളയും (Zero Hour) ഫലപ്രദമായി വിനിയോഗിക്കാൻ അദ്ദേഹം അംഗങ്ങളോട് ആഹ്വാനം ചെയ്തു.
രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ, നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ സംവാദങ്ങളുടെയും ചർച്ചകളുടെയും പ്രാധാന്യത്തെ ശ്രീ സി. പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു. "സംവാദങ്ങളും ചർച്ചകളും, അല്ലെങ്കിൽ തടസ്സപ്പെടുത്തലുകൾ പോലും എപ്പോഴും ഒരു തീരുമാനത്തിലേക്ക് നയിക്കണം" എന്ന തന്റെ സന്ദേശം ആവർത്തിച്ചുകൊണ്ട്, ആരോഗ്യകരമായ സംവാദങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ക്രിയാത്മകമായ സഹകരണം സംസ്ഥാനത്തെയും രാഷ്ട്രത്തെയും മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വികസിത് അരുണാചൽ പ്രദേശ്’ ഇല്ലാതെ ഒരു ‘വികസിത ഭാരതം’ സാധ്യമല്ലെന്ന് വ്യക്തമാക്കിയ ഉപരാഷ്ട്രപതി, വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നും ഒരു ഗോത്രവർഗ്ഗ അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെട്ട സമൂഹവും പിന്തള്ളപ്പെടരുതെന്നും ഊന്നിപ്പറഞ്ഞു. ജനങ്ങളുടെ സാമ്പത്തിക വികസനത്തിനും ക്ഷേമത്തിനുമായി പ്രകൃതിവിഭവങ്ങൾ ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി ആശങ്കകൾക്ക് തുല്യ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അരുണാചൽ പ്രദേശിന്റെ വലിയ ജലവൈദ്യുത സാധ്യതകളെ പരാമർശിച്ചുകൊണ്ട്, ഇതിന്റെ അനുയോജ്യമായ വിനിയോഗം കൂടുതൽ റവന്യൂ ഉണ്ടാക്കാനും സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അരുണാചൽ പ്രദേശ് ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) കൈവല്യ ത്രിവിക്രം പർനായിക്, അരുണാചൽ പ്രദേശ് നിയമസഭാ സ്പീക്കർ ശ്രീ തേസം പോംഗ്തെ, മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ശ്രീ ചൗന മേൻ, നിയമസഭാംഗങ്ങൾ, സംസ്ഥാന സർക്കാരിലെയും ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-SK-
( റിലീസ് ഐ.ഡി: 2308437)
സന്ദര്‍ശക കൗണ്ടര്‍ : 7