ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന് ഷില്ലോംഗിൽ പൊതുസ്വീകരണം; 1,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു.
പോസ്റ്റഡ് ഓണ്‍:
07 SEP 2026 7:25PM by PIB Thiruvananthpuram
മേഘാലയ സർക്കാരും ജനങ്ങളും ചേർന്ന് ഷില്ലോങ്ങിലെ സോസോ തിയം ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ സംബന്ധിച്ചു.തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന്റെ വികസന യാത്രയിൽ മേഘാലയയിലെ ജനങ്ങൾക്കൊപ്പം എന്നും നിലകൊള്ളുമെന്നും അറിയിച്ചു.
മേഘാലയയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, പ്രകൃതിഭംഗി, മരുമക്കത്തായ സമ്പ്രദായം ഉൾപ്പെടെയുള്ള സവിശേഷ സാമൂഹിക വ്യവസ്ഥിതികളെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. സംസ്ഥാനത്തെ സജീവ പ്രാദേശിക ഭരണസംവിധാനങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യ പാരമ്പര്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻ ലോക്‌സഭാ സ്പീക്കറും അന്തരിച്ച പ്രമുഖ നേതാവുമായ ശ്രീ പി. എ. സാങ്മയെ അനുസ്മരിച്ച ഉപരാഷ്ട്രപതി, അദ്ദേഹം മികച്ചൊരു നേതാവും പാർലമെന്ററി ജനാധിപത്യത്തിന് വലിയ സംഭാവനകൾ നൽകിയ അസാധാരണനായ സ്പീക്കറുമായിരുന്നുവെന്ന് വിശേഷിപ്പിച്ചു.
പരസ്പര ബഹുമാനമാണ് യഥാർത്ഥ മതേതരത്വമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.ജനങ്ങൾ പരസ്പര ബഹുമാനത്തോടെയും സൗഹാർദ്ദത്തോടെയും ഒന്നിച്ച് ജീവിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസനം എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നും സമൂഹത്തിലെ ഒരു വിഭാഗവും പിന്നിലാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ്-യാത്രാ സൗകര്യങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, ഉൾഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം വടക്കുകിഴക്കൻ മേഖലയിൽ 47,000 കോടിയിലധികം രൂപ ചിലവഴിച്ച് 46,000 കിലോമീറ്ററിലധികം ഗ്രാമീണ റോഡുകൾ നിർമ്മിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, 'ജൽ ജീവൻ മിഷൻ 2.0' ന് കീഴിൽ മേഘാലയ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ മുൻനിർത്തിയുള്ള ധാരണാപത്രത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
മേഘാലയയിൽ ആകെ 1,010.95 കോടി രൂപ ചെലവ് വരുന്ന അഞ്ച് പ്രധാന വികസന പദ്ധതികൾക്ക് ഉപരാഷ്ട്രപതി ശിലാസ്ഥാപനം നിർവ്വഹിച്ചു. അർബൻ ചലഞ്ച് ഫണ്ടിന് കീഴിലുള്ള ന്യൂ ഷില്ലോങ്ങ് വാട്ടർ സപ്ലൈ സ്കീം രണ്ടാം ഘട്ടം-പാർട്ട് എ (850.58 കോടി രൂപ), എൻ.ഇ.എസ്.ഐ.ഡി.എസ്സിന് രണ്ട് റോഡ് വികസന പദ്ധതികൾ, ഷില്ലോങ്ങ് സിവിൽ ഹോസ്പിറ്റലിൽ 30 ബെഡുകളുള്ള ആയുഷ് സൗകര്യം, പി.എം-ഡിവൈൻ പദ്ധതിക്ക് കീഴിൽ മൗഖാനുവിൽ സ്ഥാപിക്കുന്ന 132/33 കെ.വി സബ്‌സ്റ്റേഷൻ എന്നിവയാണ് ഈ പദ്ധതികൾ. ഇതിനുപുറമെ, ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ 31.05 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ നോങ്‌സ്റ്റോയിനിലെ മാതൃ-ശിശു ആശുപത്രിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ആകെ 1,042 കോടിയോളം രൂപ വിലമതിക്കുന്ന ഈ പദ്ധതികൾ മേഘാലയയിലെ കുടിവെള്ള വിതരണം, റോഡ് ഗതാഗതം, ആരോഗ്യം, ഊർജ്ജ മേഖല എന്നിവയെ കൂടുതൽ ശക്തമാക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
മേഘാലയ സർക്കാരിന്റെ ഹോംസ്റ്റേ പ്രോഗ്രാം, സിഎം-എലിവേറ്റ്, ഗ്രീൻ മേഘാലയ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ-ടൂറിസം വികസന പദ്ധതികളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ ഈ പുരോഗതിക്ക് മുഖ്യമന്ത്രി ശ്രീ കോൺറാഡ് കെ. സാങ്മയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും മേഘാലയയിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.2047-ഓടെ'വികസിത ഭാരതം'എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, മേഘാലയയുടെ സമ്പന്നമായ പരിസ്ഥിതിയും സംസ്‌കാരവും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് നടത്തുന്ന വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നും സമൂഹത്തിലെ ഒരു വിഭാഗവും പിന്നിലാകരുതെന്നും ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ പ്രശസ്തമായ ലിവിംഗ്-റൂട്ട് ബ്രിഡ്ജുകളെയും സോഹ്‌റ, മാവ്സിൻറാം എന്നിവിടങ്ങളിലെ പ്രകൃതിഭംഗിയെയും പരാമർശിച്ച അദ്ദേഹം, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിൽ മേഘാലയ വലിയ പാഠങ്ങളാണ് നൽകുന്നതെന്നും കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ കോൺറാഡ് കെ. സാങ്മ, ഉപമുഖ്യമന്ത്രിമാരായ ശ്രീ പ്രെസ്റ്റൺ ടൈൻസോങ്, ശ്രീ സ്നിയാവ്ഭലാങ് ധർ, മന്ത്രി ശ്രീ സൻബോർ ഷുല്ലായ്, ചീഫ് സെക്രട്ടറി ഡോ. ഷക്കീൽ പി. അഹമ്മദ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും സംബന്ധിച്ചു.
***
( റിലീസ് ഐ.ഡി: 2307702)
സന്ദര്‍ശക കൗണ്ടര്‍ : 5