പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബൽജിയം പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പുറപ്പെടുവിച്ച ഇന്ത്യ-ബൽജിയം സംയുക്ത പ്രസ്താവന

പോസ്റ്റഡ് ഓണ്‍: 03 SEP 2026 2:48PM by PIB Thiruvananthpuram

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ബെൽജിയം പ്രധാനമന്ത്രി ആദരണീയനായ ബാർട്ട് ഡി വെവെർ 2026 സെപ്റ്റംബർ 2 മുതൽ 4 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു. ബെൽജിയം പ്രതിരോധ, വിദേശ വ്യാപാര മന്ത്രി ആദരണീയനായ തിയോ ഫ്രാങ്കെൻ, ഉദ്യോഗസ്ഥരുടെയും വ്യവസായ പ്രമുഖരുടെയും ഉന്നതതല സംഘം എന്നിവരും ബെൽജിയം പ്രധാനമന്ത്രിക്കൊപ്പമുണ്ട്. 2025 ഫെബ്രുവരിയിൽ അധികാരമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രി ഡി വെവെറിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ബെൽജിയം പ്രധാനമന്ത്രി ഡി വെവെർ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പ്രണാമമർപ്പിച്ചുകൊണ്ട് തന്റെ സന്ദർശനം ആരംഭിച്ചു. തുടർന്ന് ബെൽജിയം പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി; ആദ്യം പരിമിതമായ അംഗങ്ങളുമായിട്ടും പിന്നീട് ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക പ്രതിനിധി സംഘങ്ങളുടെ സാന്നിധ്യത്തിലുമായിരുന്നു ചർച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ വശങ്ങളും ചർച്ചകളിൽ ഉൾപ്പെട്ടു. സന്ദർശക സംഘത്തിനും ബെൽജിയം പ്രധാനമന്ത്രിക്കുമായി പ്രധാനമന്ത്രി മോദി ഉച്ചഭക്ഷണ വിരുന്നും ഒരുക്കി.

ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്ലാന്റേഴ്സ് ഫീൽഡിൽ വീരമൃത്യു വരിച്ച 9,000-ത്തിലധികം ഇന്ത്യൻ സൈനികരുടെ ത്യാഗോജ്ജ്വലമായ ബലിയർപ്പണത്തെ ഇരു നേതാക്കളും അനുസ്മരിച്ചു. 1947-ൽ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ബെൽജിയമെന്നും ഇരു നേതാക്കളും ഓർമിച്ചു. പങ്കുവെക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങൾ, പരസ്പര വിശ്വാസം, സാമ്പത്തിക പൂരകങ്ങൾ, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ എന്നിവയുടെ അടിത്തറയിൽ ഈ പങ്കാളിത്തം പിന്നീട് വളർന്നുപന്തലിച്ചതായി അവർ വിലയിരുത്തി. ഈ ബഹുമുഖ ബന്ധം കൂടുതൽ വിപുലീകരിക്കാനും ആഴത്തിലാക്കാനുമുള്ള തങ്ങളുടെ ആഗ്രഹം നേതാക്കൾ പ്രകടിപ്പിച്ചു. 2027-ൽ ബെൽജിയം-ഇന്ത്യ നയതന്ത്രബന്ധത്തിന്റെ 80-ാം വാർഷികം, ഉഭയകക്ഷി ബന്ധത്തിന്റെ ആഴവും വ്യാപ്തിയും കണ്ടറിഞ്ഞ്  ആഘോഷിക്കുന്നതിനുള്ള മറ്റൊരു ചരിത്രപരമായ അവസരം ഇന്ത്യയ്ക്കും ബെൽജിയത്തിനും നൽകും.

2026 ജൂലൈ 15-ന് ബ്രസ്സൽസിൽ നടന്ന പ്രഥമ ഇന്ത്യ-ബെൽജിയം തന്ത്രപരമായ സംവാദത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും ബെൽജിയം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ചേർന്നുള്ള സഹ-അധ്യക്ഷതയിലായിരുന്നു ഈ യോഗം. വിശാലമായ ഇന്ത്യ-ഇ.യു തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാരം, നിക്ഷേപം, ഹരിത പരിവർത്തനം, സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, പ്രതിരോധം, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലുടനീളം സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഈ സംവാദം സ്ഥിരവും വിശാലവുമായ ഒരു  സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് അവർ വിലയിരുത്തി. ഈ പശ്ചാത്തലത്തിൽ തന്ത്രപരമായ സംവാദത്തിന് കീഴിൽ തിരിച്ചറിഞ്ഞ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന വേദിയായി വരാനിരിക്കുന്ന വിദേശകാര്യ വകുപ്പ് കൂടിയാലോചനകളെ അവർ സ്വാഗതം ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ച് നീതിയുക്തവും സമാധാനപരവുമായ അന്താരാഷ്ട്ര ക്രമം നിലനിർത്തുന്നതിനും ലോകത്തെ ഗുരുതരമായ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സാങ്കേതിക-സാമ്പത്തിക മേഖലകളിലെ പുതിയ സംഭവവികാസങ്ങൾക്ക് ലോകത്തെ സജ്ജമാക്കുന്നതിനുമായി പരിഷ്കരിച്ചതും ഫലപ്രദവുമായ ബഹുമുഖവാദത്തിനായുള്ള തങ്ങളുടെ ആഹ്വാനം ഇരു നേതാക്കളും ആവർത്തിച്ചു. ഇന്നത്തെ ലോകത്തെ കൂടുതൽ പ്രതിനിധീകരിക്കുന്ന തരത്തിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ അടിയന്തരമായി പരിഷ്കാരങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും വിശേഷാൽ ഊന്നിപ്പറഞ്ഞു. പരിഷ്കരിച്ചതും വികസിപ്പിച്ചതുമായ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള പിന്തുണ ബെൽജിയം വീണ്ടും ഉറപ്പിച്ചു. യുഎൻ രക്ഷാസമിതിയിലെ താൽക്കാലിക അംഗത്വത്തിനായി പരസ്പരം പിന്തുണയ്ക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു; 2028-29 കാലയളവിലേക്ക് ഇന്ത്യയും 2037-2038 കാലയളവിലേക്ക് ബെൽജിയവും ഇതിനായി മത്സരിക്കും.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തവും സ്വതന്ത്ര വ്യാപാര കരാറും

ഇന്ത്യ-ബെൽജിയം ബന്ധത്തിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരു പ്രധാനമന്ത്രിമാരും വീണ്ടും ഉറപ്പിച്ചു. 2026 ജനുവരി 27-ന് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയായതിനെ അവർ സ്വാഗതം ചെയ്തു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഇയു-ഇന്ത്യ നിക്ഷേപ സംരക്ഷണ കരാറിലെയും ഭൗമ  സൂചികകളിലെയും ചർച്ചകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും അവർ ആഹ്വാനം ചെയ്തു.

തന്ത്രപരമായ പങ്കാളിത്തത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലായാണ് ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാറിനെ നേതാക്കൾ വിശേഷിപ്പിച്ചത്. നിർണായക മൂല്യ ശൃംഖലകൾ വൈവിധ്യവത്കരിക്കുന്നതിലൂടെയും പുതിയ വിപണികൾ തുറക്കുന്നതിലൂടെയും വ്യാപാര, നിക്ഷേപ സഹകരണത്തിന്റെ യഥാർത്ഥ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിന് ഈ കരാർ കൃത്യസമയത്ത് നടപ്പിലാക്കേണ്ടതാണെന്നും അവർ ആവശ്യപ്പെട്ടു.

വ്യാപാരവും സാങ്കേതികവിദ്യയും കൂടുതൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഇക്കാലത്ത്, കൂടുതൽ സംയോജിതവും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ സാമ്പത്തിക-സാങ്കേതിക പങ്കാളിത്തം രൂപീകരിക്കുന്നതിനായി 2026 ജൂലൈയിൽ ബ്രസൽസിൽ നടന്ന മന്ത്രിതല യോഗം ഉൾപ്പെടെ, ഇന്ത്യ-ഇയു ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിലിന് കീഴിലുണ്ടായ സുപ്രധാന പുരോഗതിയെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഈ പശ്ചാത്തലത്തിൽ വ്യാപാരം, സാങ്കേതികവിദ്യ, സാമ്പത്തിക സുരക്ഷ, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ എന്നിവയിൽ ഇന്ത്യ, ബെൽജിയം, യൂറോപ്യൻ യൂണിയൻ എന്നിവ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു.

ഇന്ത്യയും ഇയും തമ്മിലുള്ള സഹകരണം വിശാലവും ആഴത്തിലുള്ളതുമാക്കികൊണ്ട് ഇരു പങ്കാളികൾക്കും വിശാല ലോകത്തിനും പരസ്പരം പ്രയോജനപ്പെടുന്നതും വ്യക്തവും പരിവർത്തനാത്മകവുമായ ഫലങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള 2030 ലെ സംയുക്ത ഇന്ത്യ-ഇ.യു സമഗ്ര തന്ത്രപരമായ അജണ്ടയെയും ഇരുപക്ഷവും അംഗീകരിച്ചു. സമുദ്ര സുരക്ഷ, പ്രതിരോധ വ്യവസായവും സാങ്കേതികവിദ്യയും, സൈബർ, ഹൈബ്രിഡ് ഭീഷണികൾ, ബഹിരാകാശം, തീവ്രവാദ വിരുദ്ധ പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള പങ്കിട്ട താൽപ്പര്യമുള്ള മേഖലകളിൽ തന്ത്രപരമായ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യ-ഇയു സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തിന്റെ ഒപ്പുവെക്കൽ സഹായിക്കുമെന്നും അവർ വിലയിരുത്തി.

വ്യാപാരം, സാമ്പത്തിക സഹകരണം, നിക്ഷേപം

ലോകത്തിലെ ഇരുപത്തിനാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ബെൽജിയം എന്നതും വരും വർഷങ്ങളിൽ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ ഇന്ത്യ ലക്ഷ്യമിടുന്നു എന്നതും കണക്കിലെടുത്ത്, ഇരു നേതാക്കളും പരസ്പര പ്രയോജനകരമായ പങ്കാളിത്തത്തിനുള്ള വലിയ അവസരങ്ങളെ അംഗീകരിച്ചു. തങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ശക്തമായ പൂരക സ്വഭാവം തിരിച്ചറിഞ്ഞ ഇരു പ്രധാനമന്ത്രിമാരും, വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ പശ്ചാത്തലത്തിൽ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളുടെ സ്ഥിരമായ വിപുലീകരണത്തെയും ഉഭയകക്ഷി വ്യാപാരത്തിലെ വർദ്ധിച്ചുവരുന്ന വൈവിധ്യവൽക്കരണത്തെയും അവർ സ്വാഗതം ചെയ്യുകയും അടുത്ത 5 വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ പൊതു താൽപ്പര്യമുള്ള പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്തു.

ആസ്ട്രിഡ് രാജകുമാരിയുടെ നേതൃത്വത്തിൽ 2025 മാർച്ചിൽ ഇന്ത്യയിലേക്ക് നടത്തിയ വിജയകരമായ ബെൽജിയൻ സാമ്പത്തിക മിഷനെ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തിയോടെ അനുസ്മരിച്ചു. ഉഭയകക്ഷി സാമ്പത്തിക ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിലും ബിസിനസ്സുകളും സ്ഥാപനങ്ങളും തമ്മിലുള്ള പുതിയ പങ്കാളിത്തങ്ങൾ വളർത്തുന്നതിലും - സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടെ - ലൈഫ് സയൻസസ്, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, ഊർജ്ജവും പുനരുപയോഗ ഊർജ്ജവും, പ്രതിരോധം, വ്യോമയാനം, ബഹിരാകാശം, ലോജിസ്റ്റിക്സ്, ഗതാഗതം, തുറമുഖങ്ങൾ, ക്ലീൻടെക്, ഹരിത എഞ്ചിനീയറിംഗ്, രസതന്ത്രം, നൂതന സാമഗ്രികളും നിർമ്മാണവും, ഡിജിറ്റൽ സാങ്കേതികവിദ്യകളും നവീനാശയവും തുടങ്ങിയ മുൻഗണനാ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിലും ഈ മിഷൻ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അവർ അംഗീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ വളർച്ചയിലും വൈവിധ്യവൽക്കരണത്തിലും ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും അർദ്ധചാലകങ്ങൾ, രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധ വ്യാവസായിക സഹകരണം, സുപ്രധാന ധാതുക്കളുടെ സംസ്കരണവും പുനരുപയോഗവും, സുസ്ഥിര വ്യവസായങ്ങൾ, ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. സ്വകാര്യ മേഖലാ പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സഹകരണ സാധ്യതകൾ തേടുന്നതും ഇതിൽ ഉൾപ്പെടുന്നു. ആന്റ്‍വെർപിനെ മുംബൈയുമായും സൂറത്തുമായും ബന്ധിപ്പിക്കുന്ന വജ്രവ്യാപാരത്തിന്റെ കാലാതീതമായ പ്രാധാന്യത്തെ അംഗീകരിച്ച നേതാക്കൾ, പുതിയ സാമ്പത്തിക പങ്കാളിത്തങ്ങളും പങ്കാളിത്ത വളർച്ചയും ലക്ഷ്യമിട്ട് ഈ ചരിത്രപരമായ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്താൻ സമ്മതിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര, തുറമുഖ സഹകരണത്തിന്റെ തന്ത്രപരമായ പ്രാധാന്യം അവർ എടുത്തുപറയുകയും തുറമുഖ വികസനം, ലോജിസ്റ്റിക്സ്, കണക്റ്റിവിറ്റി, ഡ്രഡ്ജിംഗ്, ഓഫ്‌ഷോർ വിൻഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ 2026 ഒക്ടോബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന "സാഗർമൻതൻ: ദി ഗ്രേറ്റ് ഓഷ്യൻസ് ഡയലോഗിൽ" ഫ്ലെമിഷ് മൊബിലിറ്റി ആൻഡ് പോർട്സ് മന്ത്രി അനിക്ക് ഡി റിഡർ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു.അതുപോലെ, APEC (ആന്റ്‍വെർപ്/ഫ്ലാൻഡേഴ്സ് പോർട്ട് ട്രെയിനിങ് സെന്ററും) ഇന്ത്യയുടെ ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയും (JNPA) തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെയും അവർ സ്വാഗതം ചെയ്തു. പ്രത്യേകിച്ചും ഇന്ത്യൻ തുറമുഖ മേഖലയിലെയും വിശാലമായ സമുദ്ര മേഖലയിലെയും എല്ലാ തലങ്ങളിലുമുള്ള മാനേജുമെന്റ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി പരിശീലന ആവശ്യകതകൾ തിരിച്ചറിയുന്നതിലും ശേഷി വർദ്ധിപ്പിക്കുന്നതിലും ഇത് സഹായകരമാകും. ഇന്ത്യയുടെ തുറമുഖ അടിസ്ഥാന സൗകര്യ വികസനത്തിന് ബെൽജിയത്തിന്റെ ഡ്രഡ്ജിംഗ് വൈദഗ്ദ്ധ്യം നൽകിക്കൊണ്ടിരിക്കുന്ന തുടർച്ചയായ സംഭാവനകളെയും ഓഫ്‌ഷോർ പുനരുപയോഗ ഊർജ പദ്ധതികളെ പിന്തുണയ്ക്കുന്നതിൽ അതിനുള്ള സാധ്യതകളെയും അവർ കൂടുതൽ അംഗീകരിച്ചു.

ബെൽഗോ-ഇന്ത്യൻ നെറ്റ്‌വർക്ക് ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (BINA) വഴിയുള്ള ജ്യോതിശാസ്ത്രം, ജ്യോതിർഭൗതികശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള ഗവേഷണത്തിലും ഉന്നത വിദ്യാഭ്യാസത്തിലുമുള്ള ഇന്ത്യയുടെയും ബെൽജിയത്തിന്റെയും വർദ്ധിച്ചുവരുന്ന സഹകരണത്തെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഉഭയകക്ഷി ശാസ്ത്രീയ സഹകരണത്തിന്റെ കരുത്ത് വിളിച്ചോതുന്ന വിധത്തിൽ, ഇന്ത്യയിലെ നിരവധി സുപ്രധാന ജ്യോതിശാസ്ത്ര പദ്ധതികൾക്ക് ബെൽജിയം നൽകിയ സംഭാവനകളെയും അവർ എടുത്തുപറഞ്ഞു; ഉത്തരാഖണ്ഡിലെ ദേവസ്തൽ ഒപ്റ്റിക്കൽ ടെലിസ്കോപ്പ്, ദേവസ്തൽ ഇന്റർനാഷണൽ ലിക്വിഡ് മിറർ ടെലിസ്കോപ്പ്, മൗണ്ട് അബു ടെലിസ്കോപ്പ്, ഉദയ്പൂരിലെ മൾട്ടി-അപ്ലിക്കേഷൻ സോളാർ ടെലിസ്കോപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യ-ബെൽജിയം നിക്ഷേപ വേഗത്തിലുള്ള സുഗമമാക്കൽ സംവിധാനത്തിന്റെ തുടക്കത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും ഉഭയകക്ഷി നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി ഇതിനെ അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ബെൽജിയൻ നിക്ഷേപങ്ങളും ബെൽജിയത്തിലെ ഇന്ത്യൻ നിക്ഷേപങ്ങളും സുഗമമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള പ്രത്യേക വേദിയായി ഈ സംവിധാനം പ്രവർത്തിക്കുമെന്നും, ബിസിനസ്സുകളെ പിന്തുണയ്ക്കുമെന്നും നിക്ഷേപ തടസ്സങ്ങൾ പരിഹരിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാമ്പത്തിക സഹകരണത്തിന് കൂടുതൽ അനുകൂലമായ സാഹചര്യം വളർത്തിയെടുക്കുമെന്നും അവർ വിലയിരുത്തി.

ബെൽജിയത്തിന്റെ പരമാധികാര നിക്ഷേപ നിധിയായ ഫെഡറൽ ഹോൾഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയും (SFPIM) ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും (NIIF) തമ്മിൽ തുടരുന്ന ചർച്ചകളെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇന്തോ-ബെൽജിയൻ സാമ്പത്തിക-നിക്ഷേപ ഇടനാഴി സ്ഥാപിക്കുന്നതിന് സഹായിക്കുന്നതിനായി SFPIM-NIIF സഹകരണം ഔദ്യോഗികമായി യാഥാർത്ഥ്യമാക്കിക്കൊണ്ട് മുന്നോട്ട് പോകാൻ അവർ ആഗ്രഹപ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങൾക്കായുള്ള ബെൽജിയൻ നിക്ഷേപ കമ്പനിയുടെ (BIO Invest) സംഭാവനകളെ അവർ സ്വാഗതം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ BIO Invest-ഉം NIIF-ഉം തമ്മിലുള്ള സഹകരണ സാധ്യതകൾ പരിശോധിക്കാൻ സമ്മതിക്കുകയും ചെയ്തു.

ഉഭയകക്ഷി സാമ്പത്തിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന സംവിധാനമെന്ന നിലയിൽ ഇന്ത്യ-ബെൽജിയം-ലക്സംബർഗ് സാമ്പത്തിക യൂണിയൻ (BLEU) ജോയിന്റ് ഇക്കണോമിക് കമ്മീഷന്റെ പ്രാധാന്യം ഇരു പ്രധാനമന്ത്രിമാരും വീണ്ടും ഉറപ്പിച്ചു. ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഇതിന്റെ 19-ാമത് സമ്മേളനത്തിനായി അവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

പ്രതിരോധ, സുരക്ഷാ സഹകരണം

ഭീകരവാദത്തിനെതിരെ, പ്രത്യേകിച്ച് അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയോടുള്ള ബെൽജിയത്തിന്റെ ഐക്യദാർഢ്യം പ്രധാനമന്ത്രി ബാർട്ട് ഡി വെവെർ അറിയിച്ചു. 2025 ഏപ്രിലിൽ ഇന്ത്യയിലെ ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തെ അദ്ദേഹം ഒരിക്കൽ കൂടി ശക്തമായി അപലപിച്ചു. ഭീകരവാദത്തെ നേരിടുന്നതിൽ സമഗ്രവും ആഗോളവുമായ സമീപനം സ്വീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും എടുത്തുപറഞ്ഞു; ഏത് രൂപത്തിലും ഭാവത്തിലും എവിടെയായാലും ഭീകരവാദം ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കുകയും അന്താരാഷ്ട്ര നിയമപ്രകാരം കുറ്റവാളികളെ ഉത്തരവാദികളാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി 1267 ഉപരോധ വ്യവസ്ഥ പ്രകാരം നിയുക്തമാക്കിയവ ഉൾപ്പെടെയുള്ള ഭീകരർക്കും ഭീകര സംഘടനകൾക്കും ഭീകര ശൃംഖലകൾക്കും അവരുടെ സുരക്ഷിത താവളങ്ങൾക്കും ഐക്യരാഷ്ട്രസഭയും എഫ്എടിഎഫും ഉൾപ്പെടെയുള്ള ധനസഹായത്തിനും എതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അവർ സമ്മതിച്ചു. ദേശീയ, പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലെ ഉപരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ഭീകരവാദത്തെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, ഉയർന്നുവരുന്ന ഭീകരവാദ ഭീഷണികളെ നേരിടുന്നതിനുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ബെൽജിയം-ഇന്ത്യ സംയുക്ത ഭീകരവാദ വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ അവർ ഉദ്ദേശിക്കുന്നു.

പതിവ് ആശയവിനിമയങ്ങൾ, സ്റ്റാഫ് ചർച്ചകൾ, വിദ്യാഭ്യാസവും പരിശീലനവും, ഗവേഷണ സഹകരണം, പ്രതിരോധ-വ്യാവസായിക പങ്കാളിത്തങ്ങൾ എന്നിവയ്ക്കായി ഒരു ചട്ടക്കൂട് രൂപീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിലുള്ള താത്പര്യപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഉഭയകക്ഷി പ്രതിരോധ സഹകരണം സ്ഥാപവൽക്കരിക്കുന്നതിനും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി 2025 മാർച്ചിൽ ഇന്ത്യയുടെയും ബെൽജിയത്തിന്റെയും പ്രതിരോധ മന്ത്രിമാർ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ കരാർ തയ്യാറാക്കിയിട്ടുള്ളതെന്ന് അവർ ചൂണ്ടിക്കാണിച്ചു. സമുദ്ര സുരക്ഷ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസവും സൈനിക കൈമാറ്റങ്ങളും, ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവയിൽ ഇരു പ്രതിരോധ വിഭാഗങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരമായി ആഴത്തിലാകുന്നതിനെ അവർ സ്വാഗതം ചെയ്തു. ഈ പശ്ചാത്തലത്തിൽ, 2026 നവംബർ 5 മുതൽ 8 വരെ ബെൽജിയൻ യുദ്ധക്കപ്പലായ 'ലിയോപോൾഡ് I' (LEOPOLD I) ഇന്ത്യ സന്ദർശിക്കുന്നതിനെയും 2027-ലെ തങ്ങളുടെ വേൾഡ് സ്റ്റഡി ട്രിപ്പ് ഇന്ത്യയിൽ സംഘടിപ്പിക്കാൻ ബെൽജിയൻ ഡിഫൻസ് കോളേജ് ഉദ്ദേശിക്കുന്നതിനെയും, 2026 ഒക്ടോബറിൽ സെക്കന്തരാബാദിലെ കോളേജ് ഓഫ് ഡിഫൻസ് മാനേജ്‌മെന്റ് ബെൽജിയത്തിലേക്ക് പഠനയാത്ര നടത്തുന്നതിനെയും അവർ സ്വാഗതം ചെയ്തു. ഇരു പ്രതിരോധ വിഭാഗങ്ങൾക്കുമിടയിലെ പരസ്പര കൈമാറ്റങ്ങളും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മൂർത്തമായ അവസരങ്ങളായാണ് ഇവയെ അവർ വിലയിരുത്തിയത്.

ന്യൂഡൽഹിയിലെ ബെൽജിയം എംബസിയിൽ ഒരു ഡിഫൻസ് അറ്റാഷെയെ നിയമിച്ചതിനെയും സമീപഭാവിയിൽ തന്നെ ബ്രസ്സൽസിലെ ഇന്ത്യൻ എംബസിയിൽ റസിഡന്റ് ഡിഫൻസ് അറ്റാഷെയെ നിയമിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെയും അവർ സ്വാഗതം ചെയ്തു. സമുദ്ര സുരക്ഷ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവയിൽ ഇരു പ്രതിരോധ വിഭാഗങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരമായി ആഴത്തിലാകുന്നതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ഇന്ത്യയും ബെൽജിയവും തമ്മിലുള്ള വളർന്നുവരുന്ന പ്രതിരോധ-വ്യാവസായിക സഹകരണത്തെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്യുകയും, 2025 മാർച്ചിൽ ഇന്ത്യയിലേക്ക് നടത്തിയ ബെൽജിയൻ സാമ്പത്തിക മിഷന്റെ വേളയിൽ ഇത്തരം പങ്കാളിത്തങ്ങൾ കൂടുതൽ ശക്തിപ്പെട്ടതായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. പ്രതിരോധ നിർമ്മാണം, സാങ്കേതികവിദ്യ, നവീകരണം, സംയുക്ത വികസനം , സംയുക്ത ഉൽപ്പാദനം എന്നിവയിലെ ഭാവി സഹകരണത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ ഇരു നേതാക്കളും, ബെൽജിയൻ, ഇന്ത്യൻ പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള നിരവധി കരാറുകളുടെയും പങ്കാളിത്തങ്ങളുടെയും ഒപ്പുവെക്കലിനെ സ്വാഗതം ചെയ്യുകയും ഇരുവശത്തുമുള്ള വ്യവസായങ്ങൾ നിരന്തരം സമ്പർക്കം പുലർത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇന്ത്യയുടെയും ബെൽജിയത്തിന്റെയും പങ്കിട്ട ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന നൽകിക്കൊണ്ട്, വൈപ്രസിലെ (Ypres) ഫ്ലാന്റേഴ്സ് ഫീൽഡ്സ് മ്യൂസിയവും ന്യൂഡൽഹിയിലെ സെന്റർ ഫോർ ആംഡ് ഫോഴ്സസ് ഹിസ്റ്റോറിക്കൽ റിസർച്ചും (CAFHR) തമ്മിൽ തുടരുന്ന സഹകരണത്തെയും ഇരു നേതാക്കളും എടുത്തുപറഞ്ഞു.

അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ചെറുക്കുന്നതിലെ സഹകരണത്തിനായി ഇന്ത്യയുടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (CBI) ബെൽജിയത്തിന്റെ ഫെഡറൽ പോലീസും തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചതിനെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഈ ധാരണാപത്രം ഔദ്യോഗിക ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും, വിവരങ്ങൾ കൈമാറുന്നതിനും, ശേഷി വർദ്ധിപ്പിക്കുന്നതിനും, മികച്ച മാതൃകകൾ പരസ്പരം സ്വീകരിക്കുന്നതിനും സഹായിക്കുമെന്നും അവർ വിലയിരുത്തി. കൂടാതെ, കുറ്റവാളികളെ കണ്ടെത്തുക, അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഉഭയകക്ഷി നിയമപാലക സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇത് ഉപകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

ഹരിത പരിവർത്തനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ആരോഗ്യ സംരക്ഷണ സഹകരണം, സ്റ്റാർട്ടപ്പുകൾ

ഇന്ത്യയും ബെൽജിയവും തമ്മിലുള്ള പുനരുപയോഗ ഊർജ്ജ സഹകരണത്തിനുള്ള പുതുക്കിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. 2015 ലെ ചട്ടക്കൂടിന് കീഴിൽ സ്ഥാപിച്ച സഹകരണത്തിന്റെയും പുനരുപയോഗ ഊർജ്ജത്തെക്കുറിച്ചുള്ള സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പുതിയ ധാരണാപത്രം തയ്യാറാക്കിയിട്ടുള്ളതെന്നും ഹരിത ഹൈഡ്രജൻ, സൗരോർജ്ജം, ഊർജ്ജ സംഭരണം, ഓഫ്‌ഷോർ കാറ്റിൽ നിന്നുള്ള ഊർജ്ജം, ജൈവ ഊർജ്ജം, ചെറിയ ജലവൈദ്യുത പദ്ധതികൾ, പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഇത് സഹകരണം വ്യാപിപ്പിക്കുന്നുവെന്നും അവർ വിലയിരുത്തി.

വ്യവസായ പങ്കാളിത്തവും അറിവ് കൈമാറലും ഉൾപ്പെടെ ഹരിത ഹൈഡ്രജൻ രംഗത്ത് ഇന്ത്യയും ബെൽജിയവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സഹകരണത്തെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ജി.എച്ച്.2 ഇന്ത്യ (GH2 India), ബെൽജിയൻ ഹൈഡ്രജൻ കൗൺസിൽ, ഫ്ലാന്റേഴ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് എന്നിവ തമ്മിലുള്ള ധാരണാപത്രത്തിന് കീഴിലുള്ള സഹകരണത്തെയും, ബ്രസൽസിലെ എഗ്മോണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹരിത ഹൈഡ്രജൻ എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ സജീവമായി പങ്കെടുത്തതിനെയും, ഇരു രാജ്യങ്ങളിലെയും ഗവണ്മെന്റ് ,വ്യവസായ, ഗവേഷണ പ്രതിനിധികളുടെ പരസ്പര സന്ദർശനങ്ങളെയും അവർ അംഗീകരിച്ചു. ഡീകാർബണൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും നവീനാശയം വളർത്തുന്നതിനും ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുമായി ഉത്പാദനം, ഗതാഗതം, സംഭരണം, അന്തിമ ഉപയോഗ പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഹരിത ഹൈഡ്രജൻ മൂല്യ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെയും ബെൽജിയത്തിന്റെയും പ്രധാന പങ്ക് നേതാക്കൾ എടുത്തുപറഞ്ഞു.

വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, തുല്യതയും, അവരവരുടെ ശേഷികൾക്കും വ്യത്യസ്ത സാഹചര്യങ്ങൾക്കും അനുസൃതമായ പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങളും ഉൾപ്പെടെയുള്ള തത്വങ്ങൾക്കും, താപനില ലക്ഷ്യം ഉൾപ്പെടെയുള്ള ദീർഘകാല ലക്ഷ്യങ്ങൾക്കും അനുസൃതമായി പാരീസ് ഉടമ്പടിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ബെൽജിയവും ഇന്ത്യയും വീണ്ടും ഉറപ്പിച്ചു. നടപ്പാക്കൽ പ്രക്രിയ മുന്നോട്ട് നയിക്കുകയും തലംതോറുമുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഒരു വിജയകരമായ COP31-നെ അവർ പിന്തുണയ്ക്കുന്നു. എല്ലാ സ്രോതസ്സുകളിൽ നിന്നും പര്യാപ്തവും പ്രവചനാതീതവും ലഭ്യമാകുന്നതുമായ കാലാവസ്ഥാ ധനസഹായം, കാലാവസ്ഥാ സാങ്കേതികവിദ്യകളുടെ വികസനവും വ്യാപനവും, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെയാണ് പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലെ ശക്തമായ കാലാവസ്ഥാ പ്രവർത്തനങ്ങൾ സാധ്യമാകുന്നതെന്ന് അവർ തിരിച്ചറിയുകയും, ഈ മേഖലകളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടൽ , പ്രതിരോധശേഷി, ദുരന്ത നിവാരണ തയ്യാറെടുപ്പുകൾ എന്നിവ ശക്തിപ്പെടുത്താൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര വികസനം, തീരദേശ ജനതയുടെ ക്ഷേമം എന്നിവയെ പിന്തുണയ്ക്കുന്നതിൽ സമുദ്രങ്ങളുടെയും തീരദേശ ആവാസവ്യവസ്ഥകളുടെയും നിർണായക പങ്ക് അവർ കൂടുതൽ അംഗീകരിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും കാലാവസ്ഥാ പ്രതിരോധത്തിന്റെയും ഒരു ഘടകമെന്ന നിലയിൽ മെച്ചപ്പെട്ട സമുദ്ര ഭരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അവർ, ദേശീയ അധികാരപരിധിക്കപ്പുറമുള്ള ജൈവവൈവിധ്യ (BBNJ) കരാറിന്റെയും സമുദ്രകാര്യങ്ങളിലെ വ്യാപകമായ അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.

സെമികണ്ടക്ടർ കമ്പനികൾ, ചിപ്‌ഇൻ സെന്റർ, സി-ഡാക്, സർവ്വകലാശാലകൾ, ബെൽജിയത്തിലെ ഇമേക് (imec) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ മൈക്രോ ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയും ബെൽജിയവും തമ്മിലുള്ള ബന്ധം ഇരു നേതാക്കളും പ്രോത്സാഹിപ്പിച്ചു. സെമികണ്ടക്ടർ സാങ്കേതികവിദ്യകളിൽ കൂടുതൽ ആഴത്തിലുള്ള പങ്കാളിത്തമായി ഈ ഇടപെടലുകൾ വളർത്തിയെടുക്കുന്നതിന് അവർ പിന്തുണ പ്രകടിപ്പിച്ചു. അതുവഴി ഇരു രാജ്യങ്ങളിലും പ്രതിരോധശേഷിയുള്ളതും നൂതനവുമായ സാങ്കേതിക ആവാസവ്യവസ്ഥകൾ സൃഷ്ടിക്കുന്നതിന് ഇത് സംഭാവന നൽകും.

ഇന്ത്യ ആതിഥേയത്വം വഹിച്ച AI ഇംപാക്ട് ഉച്ചകോടിയിൽ ഫ്ലാൻഡേഴ്സ് ഗവൺമെൻ്റിൻ്റെ മിനിസ്റ്റർ-പ്രസിഡന്റ് പങ്കാളിത്തത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, നവീകരണം എന്നിവയിലെ സഹകരണത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യമാണ് ഈ സന്ദർശം വ്യക്തമാക്കുന്നതെന്ന് അവർ ചൂണ്ടിക്കാണിച്ചു.

സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ മേഖലകളിലെ സഹകരണത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി, മീറ്റി സ്റ്റാർട്ടപ്പ് ഹബ്ബും (MEITY Start Up Hub) ഹബ് ബ്രസ്സൽസും (Hub Brussels) തമ്മിലുള്ള സഹകരണം തുടരാൻ അവർ സമ്മതിച്ചു. കൂടാതെ, മറ്റ് സ്റ്റാർട്ടപ്പ് ഹബ്ബുകളും സ്കില്ലിംഗ് സെന്ററുകളും വഴി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ വളർത്തുക, നവീകരണാത്മക സംരംഭകത്വത്തെ പിന്തുണയ്ക്കുക, ഡിജിറ്റൽ കഴിവുകളുടെ വികസനം വർദ്ധിപ്പിക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

കണക്റ്റിവിറ്റി, മൊബിലിറ്റി, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം

ജനങ്ങളുടെ പരസ്പര ബന്ധവും കണക്റ്റിവിറ്റിയും കാര്യക്ഷമമായ വിസ സേവനങ്ങളിലൂടെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അംഗീകരിച്ചു. സുഗമവും വേഗത്തിലുള്ളതുമായ വിസ നടപടികളുടെ ആവശ്യകത അവർ തിരിച്ചറിഞ്ഞു. ഇന്ത്യയും ബെൽജിയവും തമ്മിലുള്ള പരസ്പര സന്ദർശനങ്ങളും കൈമാറ്റങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ബെൽജിയത്തിലും ഇന്ത്യയിലുമുള്ള നയതന്ത്ര കാര്യാലയങ്ങളുടെ വിസ പ്രോസസ്സിംഗ് ശേഷി ഗണ്യമായി വർദ്ധിക്കും. ഈ പ്രത്യേക ആവശ്യം മുൻനിർത്തി, ഇന്ത്യയിലെ ബെൽജിയൻ വിസ വിതരണ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തുടർന്നുള്ള നടപടികളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

യൂറോപ്യൻ യൂണിയന്റെ മൊബിലിറ്റി സംബന്ധിച്ച സമഗ്ര സഹകരണ ചട്ടക്കൂട് ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെയും ഇന്ത്യയിൽ ഒരു പ്രാരംഭ  യൂറോപ്യൻ യൂണിയൻ ലീഗൽ ഗേറ്റ്‌വേ ഓഫീസ് ആരംഭിച്ചതിനെയും സ്വാഗതം ചെയ്ത നേതാക്കൾ, പ്രൊഫഷണലുകൾ, വിദഗ്ദ്ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരുടെ സഞ്ചാരത്തിന് നിയമപരമായ വഴികൾ പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇതിന്റെ പങ്ക് എടുത്തുപറഞ്ഞു. വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ തുടർന്നും വളർന്നുവരുമ്പോൾ, വിദഗ്ദ്ധരായ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, ഗവേഷകർ, ബിസിനസ്സ് യാത്രികർ എന്നിവരുടെ മെച്ചപ്പെട്ട സഞ്ചാര സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്ന് അവർ സമ്മതിച്ചു.കണക്റ്റിവിറ്റി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഇരു നേതാക്കളും, ബെൽജിയത്തിനും ഇന്ത്യയ്ക്കും ഇടയിൽ നേരിട്ടുള്ള വ്യോമ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ എയർലൈൻ ഓപ്പറേറ്റർമാരെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള യോഗ്യതയുള്ള നഴ്സുമാരുടെ ബെൽജിയത്തിലേക്കുള്ള കുടിയേറ്റം സുഗമമാക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ, ബെൽജിയൻ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണത്തെയും, ആരോഗ്യ സംരക്ഷണ-വിദ്യാഭ്യാസ മേഖലകളിൽ ബെൽജിയവും ഇന്ത്യയും തമ്മിലുള്ള കൂടുതൽ ശക്തമായ സിവിലിയൻ സമൂഹ സഹകരണത്തെയും അവർ സ്വാഗതം ചെയ്തു. മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ അവർ പ്രോത്സാഹിപ്പിച്ചു.

ബെൽജിയൻ സാമ്പത്തിക മിഷന്റെ വേളയിൽ രൂപീകരിച്ച നിരവധി അക്കാദമിക് പങ്കാളിത്തങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ  ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കാൻ പ്രമുഖ ബെൽജിയൻ സർവ്വകലാശാലകളെയും ഉന്നത അക്കാദമിക് സ്ഥാപനങ്ങളെയും പ്രധാനമന്ത്രി മോദി ക്ഷണിച്ചു. മികച്ച മാതൃകകൾ പരസ്പരം കൈമാറാനും  വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ പരിശീലനം, പരിശീലകരുടെയും അസസ്സർമാരുടെയും ശേഷി വർദ്ധിപ്പിക്കൽ, തൊഴിലധിഷ്ഠിത പരിശീലനവും അപ്രന്റിസ്ഷിപ്പുകളും, വളർന്നുവരുന്ന തൊഴിൽ മേഖലകളിലെ സഹകരണം, യോഗ്യതകളുടെ അംഗീകാരത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയിലൂടെ ഇന്ത്യയുടെയും ബെൽജിയത്തിന്റെയും നൈപുണ്യ വികസന, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ (TVET) ആവാസവ്യവസ്ഥകൾ തമ്മിലുള്ള സഹകരണം പര്യവേക്ഷണം ചെയ്യാൻ ഇരു നേതാക്കളും ബന്ധപ്പെട്ട അധികാരികളെയും സ്ഥാപനങ്ങളെയും വ്യവസായ പങ്കാളികളെയും പ്രോത്സാഹിപ്പിച്ചു. തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും വിദഗ്ദ്ധരായ പ്രൊഫഷണലുകളുടെ പരസ്പര പ്രയോജനകരമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ഇത് സഹായകരമാകും.ഇന്ത്യൻ പങ്കാളികളുമായി ഗവേഷണ സഹകരണം, നവീനാശയം, അറിവ് പങ്കിടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഫ്ലെമിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജിക്കൽ റിസർച്ച് (VITO) നൽകുന്ന സംഭാവനകളെയും നേതാക്കൾ അംഗീകരിച്ചു. സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും ബെൽജിയം ഫെഡറൽ പബ്ലിക് സർവീസ് ഫോറിൻ അഫയേഴ്‌സും തമ്മിൽ നയതന്ത്ര പരിശീലന രംഗത്ത് നടക്കുന്ന സഹകരണത്തെയും അവർ സ്വാഗതം ചെയ്തു.

അന്താരാഷ്ട്ര വിഷയങ്ങൾ

യുക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും സമീപകാല സംഭവവികാസങ്ങൾ ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ഇരു പ്രധാനമന്ത്രിമാരും അഭിപ്രായങ്ങൾ പങ്കുവെച്ചു. യുക്രെയ്‌നിലെ യുദ്ധത്തെ സംബന്ധിച്ച്, യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങൾക്കനുസൃതമായി, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇരുപക്ഷവും തങ്ങളുടെ പിന്തുണ വീണ്ടും ഉറപ്പിച്ചു. പശ്ചിമേഷ്യയിൽ വിവിധ പ്രദേശത്തുണ്ടായ ആശങ്കാജനകമായ സംഭവവികാസങ്ങൾ ചർച്ച ചെയ്ത അവർ, സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ വെല്ലുവിളികളെ നേരിടാൻ സംഭാഷണത്തിന്റെയും നയതന്ത്ര ഇടപെടലുകളുടെയും പ്രാധാന്യം എടുത്തുപറഞ്ഞു. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും, തടസ്സങ്ങളില്ലാത്ത സുരക്ഷിത സമുദ്ര ഗതാഗതം നിലനിർത്തേണ്ടതിന്റെയും പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.

പരസ്പര വിശ്വാസത്തിന്റെയും സമാധാനം, സമൃദ്ധി, വികസനം എന്നിവയ്ക്കായുള്ള പങ്കിട്ട കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യ-ബെൽജിയം പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനുമുള്ള തങ്ങളുടെ പൊതുവായ പ്രതിബദ്ധത ഇരു പ്രധാനമന്ത്രിമാരും വീണ്ടും ഉറപ്പിച്ചു. ജാതിമതഭേദമന്യേയുള്ള മൂല്യങ്ങൾ, ജനാധിപത്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങളോടുള്ള ആദരവ്, ലിംഗസമത്വം, നിയമങ്ങളാൽ നയിക്കപ്പെടുന്ന അന്താരാഷ്ട്ര ക്രമം എന്നിവയോടുള്ള പങ്കിട്ട പ്രതിബദ്ധതയാൽ വികസിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി പങ്കാളിത്തം തുടർന്നും നയിക്കപ്പെടും എന്ന് അവർ സമ്മതിച്ചു. ഈ അടിത്തറയിൽ പണിതുയർത്തിക്കൊണ്ട്, ഇന്ത്യ-ബെൽജിയം പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കും ലോകത്തിനും വ്യക്തമായ നേട്ടങ്ങൾ നൽകുന്നത് തുടരുമെന്നും, പങ്കിട്ട ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ സംഭാവന ചെയ്യുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യ-ബെൽജിയം പങ്കാളിത്തത്തിന്റെ ആഴവും വൈവിധ്യവത്കരണവും പരിഗണിച്ചും വർദ്ധിച്ചുവരുന്ന ഇന്ത്യ-യൂറോപ്പ് ഇടപെടലുകൾ, ഇന്ത്യ-ഇയു ബന്ധങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലും ഇരുവർക്കും സൗകര്യപ്രദമായ ഒരു വേളയിൽ ബെൽജിയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി ബാർട്ട് ഡി വെവെർ ഔദ്യോഗികമായി ക്ഷണം നൽകി.

***

NK


( റിലീസ് ഐ.ഡി: 2307286) സന്ദര്‍ശക കൗണ്ടര്‍ : 5