ആഭ്യന്തരകാര്യ മന്ത്രാലയം
ഗോവയുടെ തലസ്ഥാനമായ പനാജിയിൽ മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
പോസ്റ്റഡ് ഓണ്‍:
06 SEP 2026 6:38PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഗോവയുടെ തലസ്ഥാനമായ പനാജിയിൽ മയക്കുമരുന്ന് നിയന്ത്രണം സംബന്ധിച്ച വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്തു. ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്തും ചടങ്ങിൽ പങ്കെടുത്തു.
ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെൻ്റ് നിരവധി നടപടികൾ സ്വീകരിച്ചതായി വാർത്താസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വ്യക്തമാക്കി. മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ രാജ്യം മൂന്ന് കടുത്ത പ്രതിസന്ധികളെയാണ് നേരിട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ വർധിച്ചുവന്ന ഭീകരവാദം, നക്സലിസം, വടക്കുകിഴക്കൻ മേഖലയിലെ വിവിധ സായുധ സംഘടനകൾ സൃഷ്ടിച്ച അശാന്തി എന്നിവയായിരുന്നു ഈ പ്രതിസന്ധികള്‍. ഇതിനുപുറമെ ആഭ്യന്തര സുരക്ഷാ രംഗത്ത് നിരവധി ബോംബ് സ്ഫോടനങ്ങളും രാജ്യത്തെ വലിയ തോതിൽ അലട്ടിയിരുന്നു. സ്ത്രീസുരക്ഷ സംബന്ധിച്ച് വ്യാപകമായ പ്രക്ഷോഭങ്ങളുമുണ്ടായിരുന്നു. ഈ നിർണായക ഘട്ടത്തിലാണ് മോദി രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ 2019 മുതൽ ഇന്നുവരെയുണ്ടായ മാറ്റങ്ങൾ പരിശോധിച്ചാൽ സ്ഥിതിഗതികൾ വലിയതോതില്‍ മാറിയതായി കാണാം. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരില്‍ വിഘടനവാദ മനോഭാവം ഗണ്യമായി കുറഞ്ഞു. ഭീകരവാദവുമായി ബന്ധപ്പെട്ട കണക്കുകൾ ക്രമേണ കുറഞ്ഞ് പൂജ്യത്തിലേക്ക് നീങ്ങുകയാണ്; ജമ്മു കശ്മീർ വികസന പാതയിലേക്ക് മുന്നേറുകയും ചെയ്തു. ജമ്മു കശ്മീരും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളും തമ്മിൽ നിലനിന്ന മാനസികമായ അകലം ഇല്ലാതാക്കാനും വിജയകരമായ ശ്രമങ്ങളുണ്ടായി. അഞ്ച് പതിറ്റാണ്ട് പഴക്കംചെന്ന നക്സലിസം എന്ന പ്രശ്നം ഇന്ന് ഏതാണ്ട് പഴങ്കഥയായി മാറിയിരിക്കുകയാണ്. നക്സൽ ബാധിത പ്രദേശമെന്ന നിലയില്‍ റെഡ് കോറിഡോർ വിഭാവനം ചെയ്ത ഭൂരിഭാഗം പേരും ഇന്ന് ആയുധം വെച്ച് കീഴടങ്ങി മുഖ്യധാരയിൽ ചേരുകയാണ്. സമാനമായി, വടക്കുകിഴക്കൻ മേഖലയിലും പതിനൊന്നായിരത്തോളം യുവജനങ്ങള്‍ ആയുധമുപേക്ഷിച്ചു. കേന്ദ്ര ഗവണ്‍മെൻ്റ് അവരുമായി 14-ലധികം കരാറുകളിലാണ് ഒപ്പുവെച്ചത്. വടക്കുകിഴക്കൻ മേഖലയും ഇന്ന് വികസന പാതയില്‍ മുന്നേറുകയാണ്. 2019-ന് ശേഷം കുറ്റകൃത്യങ്ങൾ ചെയ്ത് വിദേശത്തേക്ക് കടന്ന പിടികിട്ടാപ്പുള്ളികൾക്കെതിരെ ശക്തമായ നടപടികളും ആരംഭിച്ചിട്ടുണ്ട്. 2019 മുതൽ 2026 ജൂലൈ വരെ 36 രാജ്യങ്ങളിൽ നിന്ന് 274 പിടികിട്ടാപ്പുള്ളികളെയാണ് ഇന്ത്യയ്ക്ക് വിട്ടുകിട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, ഗുണ്ടാ സംഘങ്ങൾ തമ്മിലെ ഏറ്റുമുട്ടലുകൾ തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഇതിലേറെയും. ഇവരെ മുഴുവൻ രാജ്യത്തെ കോടതികൾക്ക് മുന്നിൽ ഹാജരാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 401 റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചു. 2026-ൽ മാത്രം ജൂലൈ വരെ 182 റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിക്കുന്ന മുഴുവൻ നടപടികളും വിജയകരമായി പൂർത്തിയാക്കി. ഇതിനായി 'ഭാരത്‌പോൾ' എന്ന പേരിൽ പുതിയൊരു സംവിധാനം രൂപീകരിച്ചിട്ടുണ്ട്. പതിനാലിലേറെ കേന്ദ്ര ഏജൻസികളെയും എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനെയും 'ഭാരത്‌പോളു'മായി ബന്ധിപ്പിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ പിടികിട്ടാപ്പുള്ളികളെ വിദേശത്തുനിന്ന് വിട്ടുകിട്ടുന്നതിന് ‘ഭാരത്‌പോൾ' വഴി കൃത്യമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 2019 മുതൽ 2026 വരെ പിടികിട്ടാപ്പുള്ളികളുടെ ഏകദേശം 17,874 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. പുതിയ ക്രിമിനൽ നിയമങ്ങളും നീതി സംഹിതകളും പിടികിട്ടാപ്പുള്ളികൾക്കെതിരായ നിയമനടപടികൾ കൂടുതൽ എളുപ്പമാക്കി.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് വ്യവസ്ഥാപിത സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി നേരിട്ടാണ് ഇതിൻ്റെ മേൽനോട്ടം വഹിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളില്‍നിന്ന് രക്ഷ നേടാന്‍ 1930 എന്ന ഹെൽപ്പ്‌ലൈൻ സംവിധാനം ഫലപ്രദമായ മാര്‍ഗമായി മാറിയിരിക്കുന്നു. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം വഴി പൊലീസ് സ്റ്റേഷൻ തലം വരെ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്. പുതിയ ന്യായ സംഹിതയും മൂന്ന് ക്രിമിനൽ നിയമങ്ങളും ഇത്രയും ചുരുങ്ങിയ സമയത്തിനകം നടപ്പാക്കുകയും ഗോവയിലെ ശിക്ഷാ നിരക്ക് 53.2 ശതമാനമായി ഉയർത്തുകയും ചെയ്തതിന് മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു. രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന നിരക്കിൽ ഏകദേശം 30 ശതമാനത്തിൻ്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിൻ്റെ ഭാവി തലമുറയെത്തന്നെ തകർക്കാൻ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ലഹരിമരുന്ന് വ്യാപാരത്തിലെ വരുമാനം ഭീകരവാദ പ്രവർത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. 'മയക്കുമരുന്ന്-ഭീകരവാദ' ശൃംഖലകൾ ലോകത്തെ പല രാജ്യങ്ങളിലും സജീവമാണ്. ലോകം മുഴുവൻ ഇന്ന് ഈ പ്രതിസന്ധിയുമായി മല്ലിടുകയാണ്. എന്നാൽ 2019 മുതൽ ഈ പ്രതിസന്ധിയെ തടയാന്‍ രാജ്യം ശക്തമായ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിന് നിലവിലെ സംവിധാനങ്ങളിൽ മാറ്റം വരുത്തുകയും മയക്കുമരുന്ന് ശൃംഖലകളെ വലയിലാക്കുകയും സാമ്പത്തിക സ്രോതസ്സുകൾ തകർക്കുകയും ലഹരിക്ക് അടിമപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിക്കാനാവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ലഹരിക്കെതിരായ ഈ പോരാട്ടം 2014-ന് മുന്‍പ് പല ഘട്ടങ്ങളിലായി ചിതറിയ നിലയിലായിരുന്നു. ചെറിയ അളവിൽ ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിലും വലിയ മയക്കുമരുന്ന് ശൃംഖലയിലെ ചെറിയ കണ്ണികളെ മാത്രം പിടികൂടുന്നതിലും സംതൃപ്തി കണ്ടെത്തുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നതെന്ന് ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. എന്നാൽ 2019 മുതൽ മോദി ഗവണ്‍മെൻ്റ് ഈ വിഷയം ദേശീയ സുരക്ഷയുടെ സുപ്രധാന മുൻഗണനാ വിഷയമാക്കി മാറ്റി. ലഹരിക്കെതിരായ പോരാട്ടം ഫയലുകൾക്കും പ്രത്യേക ഏജൻസികളുടെ ഒറ്റപ്പെട്ട നടപടികൾക്കുമപ്പുറം ദേശീയ തലത്തിൽ ഏകോപിതവും സുസ്ഥിരവുമായ മുന്നേറ്റമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2019-ൽ നാല് തലങ്ങളുള്ള NCORD സംവിധാനം രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രത്യേക മയക്കുമരുന്ന് വിരുദ്ധ ദൗത്യസേനകള്‍ (ANTF) രൂപീകരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മാതൃക അയച്ചുനൽകുകയും ഒരു സംയുക്ത ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു. കേന്ദ്ര ഏജൻസികൾ, സംസ്ഥാന ഗവണ്‍മെൻ്റുകള്‍, വകുപ്പുകൾ എന്നിവയുടെ ഏകോപനത്തിലൂടെ വൻകിട ശൃംഖലകളെ നേരിടാനും അന്തർസംസ്ഥാന-അന്താരാഷ്ട്ര ബന്ധങ്ങളും പ്രവർത്തനപരമായ പോരായ്മകളും സംബന്ധിച്ച് പരിഹാരം കാണാനും ശാസ്ത്രീയ രീതിയാണ് അവലംബിച്ചത്. ലഹരിക്ക് അടിമപ്പെട്ട യുവാക്കളുടെ പുനരധിവാസത്തിന് '1933' എന്ന നമ്പറില്‍ 'മാനസ്' ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കേഡർ ഘടന പുനഃക്രമീകരിച്ചു. 'നിദാൻ' പോർട്ടൽ വഴി ലഹരിക്കേസ് പ്രതികളുടെ ദേശീയ വിവരശേഖരം തയ്യാറാക്കി. സിസിടിഎൻഎസ് വിവരങ്ങളും വിവര സംയോജന സാങ്കേതികവിദ്യയും ഉപയോഗിച്ച് രാജ്യത്തെ ലഹരി വിതരണകേന്ദ്രങ്ങള്‍, പ്രവർത്തനരീതികൾ, പിടിച്ചെടുക്കലുകൾ എന്നിവ ഉൾപ്പെടുന്ന ഡാറ്റാ അധിഷ്ഠിത മാപ്പ് തയ്യാറാക്കി. അടിത്തട്ടിൽ നിന്ന് ഉയർന്ന തലം വരെയും തിരിച്ചുമുള്ള അന്വേഷണ രീതിയാണ് നടപ്പാക്കിയത്. ഒരു ചെറിയ പാക്കറ്റ് ലഹരിമരുന്ന് പിടിച്ചെടുത്താൽ പോലും ഇപ്പോള്‍ അത് രാജ്യത്ത് എവിടെ നിന്നാണ് വന്നതെന്ന് കൃത്യമായി പരിശോധിക്കുന്നുണ്ട്. കൂടാതെ, അതിർത്തിയിൽ വലിയൊരു ശേഖരം പിടികൂടിയാല്‍ അത് ഏതെല്ലാം വഴികളിലൂടെ ചെറിയ പാക്കറ്റുകളായി യുവാക്കളിലേക്ക് എത്തുമായിരുന്നുവെന്നും കണ്ടെത്തുന്നുണ്ട്. ഇത്തരത്തിൽ ലഹരി ശൃംഖലയെ അടിമുടി കണ്ടെത്തുന്ന വിപരീത അന്വേഷണ രീതിയ്ക്കും തുടക്കം കുറിച്ചു.
സാമ്പത്തിക അന്വേഷണത്തിനും PIT-NDPS നിയമങ്ങൾക്കും പ്രത്യേക ഊന്നൽ നൽകിയതായും പ്രത്യേക ഉന്നതതല ദൗത്യസേനയ്ക്ക് രൂപം നൽകിയതായും ശ്രീ അമിത് ഷാ പറഞ്ഞു. ഡാർക്ക് നെറ്റ്, എൻക്രിപ്റ്റഡ് ആശയവിനിമയങ്ങൾ, ക്രിപ്റ്റോ ഇടപാടുകൾ, ഡെഡ് ഡ്രോപ്പ് ഡെലിവറി എന്നിവയ്‌ക്കെതിരെ സാങ്കേതികവിദ്യാധിഷ്ഠിത അന്വേഷണം ആരംഭിച്ചു. ANTF-ല്‍ പ്രത്യേക ഡാർക്ക് നെറ്റ്-ക്രിപ്റ്റോ സെൽ രൂപീകരിക്കാനും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ലഹരിനിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രാഥമിക രാസഘടകങ്ങൾ, സിന്തറ്റിക് ലഹരിമരുന്നുകൾ എന്നിവ തടയാന്‍ അന്തർ-മന്ത്രാലയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മികച്ച ഫലങ്ങളാണ് ഈ ശ്രമങ്ങൾ നൽകുന്നതെന്നും ശ്രീ ഷാ വ്യക്തമാക്കി. 2004 മുതൽ 2014 വരെ പ്രതിപക്ഷ ഭരണകാലത്ത് ഏകദേശം 40,000 കോടി രൂപ വിലമതിക്കുന്ന 26 ലക്ഷം കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. എന്നാൽ 2014 മുതൽ 2026 വരെ മോദി ഭരണകാലത്ത് പിടിച്ചെടുത്ത ലഹരിമരുന്നിൻ്റെ അളവ് ഒരു കോടി 19 ലക്ഷത്തിലധികം കിലോഗ്രാമായി ഉയർന്നു. ഇതിൻ്റെ മൂല്യം ഏകദേശം 1, 89,000 കോടി രൂപയാണ്. 2004 മുതൽ 2014 വരെ കാലയളവിൽ 3,36,000 കിലോഗ്രാം ലഹരിമരുന്ന് നശിപ്പിച്ച സ്ഥാനത്ത് 2014-2026 കാലയളവിൽ 48, 68,000 കിലോഗ്രാം ലഹരിമരുന്നാണ് നശിപ്പിച്ചത്.
NCORD-ൻ്റെ 10 ഉന്നതതല യോഗങ്ങളും 7 എക്സിക്യൂട്ടീവ് യോഗങ്ങളും 277 സംസ്ഥാനതല യോഗങ്ങളും 16,798 ജില്ലാതല യോഗങ്ങളും ഇതുവരെ ചേർന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വ്യക്തമാക്കി. അന്താരാഷ്ട്ര സഹകരണത്തിന് 46 രാജ്യങ്ങളുമായി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. 'നശാ മുക്ത് ഭാരത് അഭിയാന്’ കീഴിൽ 25 കോടി പൗരന്മാരെ ബോധവല്‍ക്കരിക്കുകയും അവരെക്കൊണ്ട് ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും 5 ,70,000 പേരെ ലഹരിമുക്തരാക്കാൻ സാധിച്ചു. ഇക്കാലയളവിൽ ഗോവയിലും ലഹരിക്കെതിരായ നടപടികൾ ഏകദേശം മൂന്ന് മടങ്ങായി വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2026 ജൂലൈ മുതൽ 2029 ജൂലൈ വരെ മൂന്നുവർഷത്തെ കർമരേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. എല്ലാ ലക്ഷ്യങ്ങളും സമയബന്ധിതമായി കൈവരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം രാജ്യത്തിൻ്റെ ഏറ്റവും വലിയ ദേശീയ പോരാട്ടങ്ങളിലൊന്നായി മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2047-ഓടെ ലഹരിമുക്ത യുവശക്തി വികസിത ഇന്ത്യയുടെ അടിത്തറയായി മാറണമെന്നതാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ലക്ഷ്യം. ഈ ദൗത്യം വിജയിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എല്ലാ സംസ്ഥാന ഗവണ്‍മെൻ്റുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണ്. 2026 മുതൽ 2029 വരെയുള്ള കാലയളവിനെ 'മിഷൻ മോഡ്' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് സമയപരിധി നിശ്ചയിക്കുകയും വിവിധ മന്ത്രാലയങ്ങളെ ഉത്തരവാദപ്പെടുത്തുകയും പരിണതഫലങ്ങൾ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ത്രൈമാസ അവലോകനങ്ങളും ഫലങ്ങളിലൂന്നിയ ഉത്തരവാദിത്തവും ഉറപ്പാക്കും. നാല് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കർമരേഖ: ഒന്നാമതായി—രഹസ്യവിവരങ്ങളുടെയും പ്രത്യേക ദൗത്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിയമനടപടികൾ; രണ്ടാമതായി—ലഹരി നിർമാണ രാസവസ്തുക്കളുടെയും സിന്തറ്റിക് ലഹരിമരുന്നുകളുടെയും നിയന്ത്രണം; മൂന്നാമതായി—ആവശ്യകതയും ദോഷങ്ങളും കുറയ്ക്കൽ; നാലാമതായി—ശേഷി വികസനവും ഏകോപനവും. ഈ നാല് സ്തംഭങ്ങളും സംയോജിപ്പിച്ച് ലഹരി മാഫിയ തലവന്മാരുടെ വിവരശേഖരം തയ്യാറാക്കുകയും മുൻകാല-ഭാവി ശൃംഖലാ ബന്ധങ്ങൾ ഏകോപിപ്പിക്കുകയും വാണിജ്യ അളവില്‍ ലഹരിമരുന്ന് പിടിക്കപ്പെടുന്ന ഓരോ കേസിലും സാമ്പത്തിക അന്വേഷണം നടത്തി പിടിമുറുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്എഫ്, സിഐഎസ്എഫ്, ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ്, കസ്റ്റംസ്, ഡിആർഐ എന്നിവർ അപകടസാധ്യത അടിസ്ഥാനമാക്കി പ്രത്യേക വിവരശേഖരണവും പരിശോധനയും നടത്തുകയും കർശന നിരീക്ഷണത്തിന് കര അതിർത്തികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കാർഗോ എന്നിവിടങ്ങളിൽ സ്കാനറുകൾ സ്ഥാപിക്കുകയും ചെയ്യും. സിബിഐയും വിദേശകാര്യ മന്ത്രാലയവും ഇൻ്റർപോളും ചേർന്ന് വിദേശത്തേക്ക് കടന്ന പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിക്കുമെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗവും ബാങ്കിങ് സംവിധാനവും സംയുക്തമായി പണത്തിൻ്റെ വഴികൾ കണ്ടെത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
എൻസിസി, എൻഎസ്എസ്, മൈ ഭാരത് എന്നിവയിലൂടെ ലക്ഷക്കണക്കിന് 'നശാമുക്തി മിത്രങ്ങളെ' സജ്ജമാക്കുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാൻ വിദ്യാഭ്യാസ, യുവജനകാര്യ-കായിക മന്ത്രാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിജ്ഞയെടുക്കുകയാണ്. സാമൂഹ്യനീതി - ആരോഗ്യ വകുപ്പുകളും ജയിൽ ഭരണകൂടവും ചേർന്ന് ലഹരിവിമുക്തി കേന്ദ്രങ്ങളുടെ എണ്ണം മൂന്ന് മടങ്ങിലേക്കുയര്‍ത്തി 1,751-ലെത്തിക്കും. പതിനായിരത്തോളം സന്നദ്ധപ്രവർത്തകർ ഈ കാമ്പയിനിൽ സേവനമനുഷ്ഠിക്കും. ശേഷി വികസനത്തിന് 2027 മാർച്ചിനകം എല്ലാ സംസ്ഥാനങ്ങളിലും സമ്പൂർണ സജ്ജീകരണങ്ങളോടെ മയക്കുമരുന്ന് വിരുദ്ധ ദൗത്യസേനകള്‍ രൂപീകരിക്കാന്‍ 7 ശതമാനം കേന്ദ്ര സഹായം നൽകും. ഫോറൻസിക് റിപ്പോർട്ടുകൾ 30 ദിവസത്തിനകം ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങൾ ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തും. ഈ നാല് സ്തംഭങ്ങളിലായി 25 ഘടകങ്ങളും 200-ലധികം കർമപദ്ധതികളും സമയബന്ധിതമായി നിശ്ചയിച്ചിട്ടുണ്ട്.
വിദേശികളെ ഇന്ത്യ സ്വാഗതം ചെയ്യുമ്പോഴും ലഹരിമരുന്നുമായി രാജ്യത്തെത്തുന്നത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വ്യക്തമാക്കി. ചതുർമുഖ സമീപനം സ്വീകരിച്ച് 'ഡെത്ത് ട്രയാംഗിൾ', 'ഡെത്ത് ക്രസൻ്റ്' വഴികളിലൂടെ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നക്സലിസം ഇല്ലാതാക്കിയ അതേ നിശ്ചയദാര്‍ഢ്യത്തോടെ മയക്കുമരുന്നിൻ്റെ പ്രശ്നവും തുടച്ചുനീക്കുമെന്ന് ശ്രീ അമിത് ഷാ വ്യക്തമാക്കി.
***
( റിലീസ് ഐ.ഡി: 2307257)
സന്ദര്‍ശക കൗണ്ടര്‍ : 4