രാജ്യസഭാ സെക്രട്ടറിയേറ്റ്
സീഷെൽസ് നാഷണൽ അസംബ്ലി സ്പീക്കറുടെ നേതൃത്വത്തിലുള്ള പാർലമെന്ററി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍
പോസ്റ്റഡ് ഓണ്‍:
03 SEP 2026 3:03PM by PIB Thiruvananthpuram
സീഷെൽസ് റിപ്പബ്ലിക്കിന്റെ നാഷണൽ അസംബ്ലി സ്പീക്കർ അസറെൽ ഏണസ്റ്റയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി പ്രതിനിധി സംഘവുമായി ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ ഇന്നലെ കൂടിക്കാഴ്ച നടത്തി.
സ്പീക്കറെയും പ്രതിനിധി സംഘാംഗങ്ങളെയും സ്വാഗതം ചെയ്ത ഉപരാഷ്ട്രപതി സീഷെൽസിന്റെ 50-ാം സ്വാതന്ത്ര്യ വാർഷിക വേളയിൽ ഗവൺമെന്റിനും ജനങ്ങൾക്കും ഊഷ്മളമായ ആശംസ നേർന്നു. സീഷെൽസ് നാഷണൽ അസംബ്ലിയുടെ ആദ്യ വനിതാ സ്പീക്കറായ അസറെൽ ഏണസ്റ്റയെ അഭിനന്ദിച്ച അദ്ദേഹം 2026 ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിങ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനത്തില്‍ അവർ പങ്കെടുത്ത കാര്യം അനുസ്മരിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലെ ദീർഘകാലത്തെ സുദൃഢമായ ബന്ധം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, സീഷെൽസിന് തന്റെ മനസ്സിൽ സവിശേഷ സ്ഥാനമുണ്ടെന്ന് വ്യക്തമാക്കി. 2025 ഒക്ടോബറിൽ സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത് ഇന്ത്യൻ ഉപരാഷ്ട്രപതിയെന്ന നിലയിലെ ആദ്യ വിദേശ സന്ദർശനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പിള്ള എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും സീഷെൽസിലെ ജനങ്ങൾ നൽകിയ ഊഷ്മളമായ സ്വീകരണത്തെക്കുറിച്ചും ഉപരാഷ്ട്രപതി സംസാരിച്ചു.
ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ 2026-ന്റെ പ്രാധാന്യം പ്രത്യേകം പരാമര്‍ശിച്ച ഉപരാഷ്ട്രപതി ഈ വർഷം ഇരുരാജ്യങ്ങളും തമ്മിൽ രണ്ട് ഔദ്യോഗിക രാഷ്ട്ര സന്ദർശനങ്ങളുണ്ടായതായി വ്യക്തമാക്കി. 2026 ഫെബ്രുവരിയിൽ പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുകയും 2026 ജൂണിൽ സീഷെൽസിന്റെ 50-ാമത് ദേശീയ ദിനാഘോഷങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുകയും ചെയ്തു. 2026 ഫെബ്രുവരിയിൽ സംഘടിപ്പിച്ച 'എഐ ഇംപാക്ട് ഉച്ചകോടി'യിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പിള്ള ഇന്ത്യ സന്ദർശിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സീഷെൽസ് പാർലമെന്ററി സംഘത്തിന്റെ സന്ദർശനം ഉഭയകക്ഷി പങ്കാളിത്തത്തിന് പുത്തന്‍ ഉണര്‍വേകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2026 ഫെബ്രുവരിയിൽ സീഷെൽസിനായി ഇന്ത്യ 175 ദശലക്ഷം യുഎസ് ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് ഇരുരാജ്യങ്ങളും തമ്മിലെ വികസന-സുരക്ഷാ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
രാജ്യസഭാ സെക്രട്ടേറിയറ്റ് നടപ്പാക്കിവരുന്ന ആധുനികവൽക്കരണ-ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളും ഉപരാഷ്ട്രപതി പങ്കുവെച്ചു. പാർലമെന്ററി പ്രവർത്തനങ്ങളുടെ വർധിച്ചുവരുന്ന ഡിജിറ്റല്‍വല്‍ക്കരണം, നടപടിക്രമങ്ങൾ ഒരേസമയം ഒന്നിലധികം ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്യൽ, പാർലമെന്ററി നടപടികൾ കടലാസ് രഹിതവും കൂടുതൽ കാര്യക്ഷമവുമാക്കാന്‍ നടത്തുന്ന ശ്രമങ്ങൾ, സൈബർ സുരക്ഷാ രംഗത്തെ നിരന്തര ശേഷി വികസന പരിപാടികൾ, പാർലമെന്ററി രേഖകളുടെ ഡിജിറ്റൽ ശേഖരം എന്നിവ അദ്ദേഹം വിശദീകരിച്ചു. ഈ മേഖലകളിലെ ഇന്ത്യയുടെ അനുഭവങ്ങളും അറിവും സീഷെൽസ് നാഷണൽ അസംബ്ലിയുമായി പങ്കുവെക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും സീഷെൽസിന്റെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി പഠന സന്ദർശനങ്ങളും പ്രത്യേക ശേഷി വികസന പരിപാടികളും സംഘടിപ്പിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലെ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ ഉപരാഷ്ട്രപതി സീഷെൽസിലെ ഇന്ത്യൻ പ്രവാസികളുടെ—പ്രത്യേകിച്ച് ഗുജറാത്തി, തമിഴ് സമൂഹങ്ങളുടെ—പങ്കിനെ അഭിനന്ദിക്കുകയും ഇരുരാജ്യങ്ങൾക്കുമിടയിൽ അവര്‍ ശാശ്വത സൗഹൃദ ബന്ധം നിലനിര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
സീഷെൽസ് നാഷണൽ അസംബ്ലി സ്പീക്കർ പതിവായി യോഗ അഭ്യസിക്കുന്നതിനെ പ്രശംസിച്ച ഉപരാഷ്ട്രപതി ഇന്ത്യയും സീഷെൽസും തമ്മിലെ ആത്മബന്ധത്തിന്റെ ശക്തമായ പ്രതീകമാണ് യോഗയെന്ന് ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ ഇരു പാർലമെന്ററി സ്ഥാപനങ്ങളും തമ്മിൽ തുടർച്ചയായ ഇടപെടലുകളും കൂടുതൽ സഹകരണവുമുണ്ടാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്പീക്കർക്കും സംഘാംഗങ്ങൾക്കും ഉപരാഷ്ട്രപതി സുഖകരവും ഫലപ്രദവുമായ ഇന്ത്യാ സന്ദർശനം ആശംസിച്ചു.

_20260903150429_9678ff.jpeg)
***
( റിലീസ് ഐ.ഡി: 2306639)
സന്ദര്‍ശക കൗണ്ടര്‍ : 8