ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

ബാങ്കുകളുടെയും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെയും ഉന്നതതല യോഗം കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ്റെ അധ്യക്ഷതയില്‍ മുംബൈയിൽ ചേരും

പോസ്റ്റഡ് ഓണ്‍: 02 SEP 2026 4:42PM by PIB Thiruvananthpuram

ഗ്രാമീണ മേഖലകളിൽ സമൂഹ കേന്ദ്രീകൃത സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും അവയെ സുസ്ഥിര ഉപജീവനമാർഗങ്ങളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന മുൻനിര കേന്ദ്ര  പദ്ധതികളിലൊന്നാണ് ദീൻദയാൽ ഉപാധ്യായ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM). കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി 10 കോടിയിലേറെ ഗ്രാമീണ വനിതകളെ 93 ലക്ഷത്തിലധികം സ്വയംസഹായ സംഘങ്ങളായും അവയുടെ ഫെഡറേഷനുകളായും ഈ ദൗത്യത്തിലൂടെ സംഘടിപ്പിച്ചിട്ടുണ്ട്. ഉയർന്ന തിരിച്ചടവ് ഉറപ്പാക്കി സ്വയംസഹായ സംഘങ്ങൾക്ക് ആകെ 13.67 ലക്ഷം കോടി രൂപയിലധികം വായ്പ വിതരണം ചെയ്ത് ബാങ്കിങ് മേഖല  ഈ യാത്രയിലെ സുപ്രധാന പങ്കാളിയായി നിലകൊള്ളുന്നു.

 

സ്ഥാപനപരമായ വായ്പകളുടെ ശക്തമായ ഒഴുക്ക് വലിയൊരു വിഭാഗം സ്വയംസഹായ സംഘാംഗങ്ങൾക്ക് ഉപജീവന സംരംഭങ്ങൾ ആരംഭിക്കാനും വിപുലീകരിക്കാനും സഹായകമായി. തല്‍ഫലമായി 3.46 കോടി സ്ത്രീകൾ 'ലാഖ്പതി ദീദി'മാരായി  ഉയർന്നു വന്നു.  ഈ സംരംഭങ്ങളിൽ പലതും വളർച്ചാ ഘട്ടത്തിലേക്ക് പ്രവേശിക്കുകയും പുതിയ സംരംഭങ്ങൾ തുടർന്നുണ്ടാവുകയും ചെയ്യുമ്പോൾ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങളെ പരിപോഷിപ്പിക്കാനും ധനസഹായ  അവസരങ്ങൾ വർധിപ്പിക്കാനും സുസ്ഥിര ഗ്രാമീണ സംരംഭങ്ങളിലേക്ക് മാറുന്നതിന് പിന്തുണ നൽകാനുമാണ് അടുത്തഘട്ടത്തില്‍ ദൗത്യത്തിൻ്റെ തന്ത്രപരമായ മുൻഗണന. 

 

സ്വയംസഹായ സംഘങ്ങളും ബാങ്കുകളും തമ്മിലെ ബന്ധവും വ്യക്തിഗത സംരംഭ ധനസഹായവും സംബന്ധിച്ച് ബാങ്കുകളുടെയും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെയും  ഉന്നതതല യോഗം 2026 സെപ്റ്റംബർ 3-ന് മുംബൈയിൽ ചേരും.  കേന്ദ്ര കർഷകക്ഷേമ-ഗ്രാമവികസന  മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്ര ഗ്രാമവികസന-കമ്യൂണിക്കേഷന്‍സ്  സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി, ഗ്രാമവികസന  സഹമന്ത്രി ശ്രീ കമലേഷ് പസ്വാൻ, മഹാരാഷ്ട്ര  ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി എന്നിവരും പങ്കെടുക്കും.  

 

റിസർവ് ബാങ്ക്, ധനകാര്യ സേവന വകുപ്പ്, പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ,  ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, നബാർഡ്, പിഎഫ്ആർഡിഎ,  കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകൾ തുടങ്ങിയ പ്രധാന പങ്കാളിത്ത സ്ഥാപനങ്ങളിലെ  മുതിർന്ന പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

 

അവലോകന യോഗത്തിന് മുന്നോടിയായി സ്വയംസഹായ സംഘങ്ങളിലെ വനിതകളുമായി - പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ വിജയകരമായി സംരംഭങ്ങൾ നടത്തുന്ന ലാഖ്പതി ദീദിമാരുമായി - കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാന്‍ വിശദമായ ആശയവിനിമയം നടത്തും.

 

പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ മാനേജിങ് ഡയറക്ടർമാരും എക്സിക്യൂട്ടീവ് ഡയറക്ടർമാരും  ഗ്രാമീണ  ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കുകളുടെയും ചെയർമാൻമാരും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിലയിരുത്തലുകൾ പങ്കുവെക്കും. വ്യക്തിഗത സംരംഭ വായ്പാ പരിധി ഇരട്ടിയാക്കുക, സ്വയംസഹായ സംഘങ്ങൾക്ക് നൽകുന്ന ശരാശരി വായ്പാ തുക വർധിപ്പിക്കുക, വായ്പ അനുവദിക്കുന്നതിലെയും വിതരണം ചെയ്യുന്നതിലെയും കാലതാമസം കുറയ്ക്കുക, ദുർഘടമായ പ്രദേശങ്ങളിലടക്കം ശേഷിക്കുന്ന സ്വയംസഹായ സംഘങ്ങളെ വായ്പാ ശൃംഖലയുമായി ബന്ധിപ്പിക്കുക, ജില്ലാ സെൻട്രൽ സഹകരണ ബാങ്ക്, പ്രാഥമിക കാര്‍ഷിക വായ്പാ സംഘംങ്ങള്‍ എന്നീ തലങ്ങളില്‍ സഹകരണ വായ്പാ ഘടനയുടെ പങ്ക് ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.  

 

സ്വയംസഹായ സംഘങ്ങൾക്ക് കൃത്യസമയത്ത് പര്യാപ്തമായ വായ്പ ഉറപ്പാക്കുക, സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക ധനസഹായം നൽകുക, ഗ്രാമീണ ഇന്ത്യയിൽ ഉയർന്ന നിലവാരത്തില്‍ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 'സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ 2.0' കാഴ്ചപ്പാട് നടപ്പാക്കുന്നതിനുള്ള ഭാവി കർമപദ്ധതിക്ക്  ചർച്ചകൾ അടിത്തറയൊരുക്കും.

 

****


( റിലീസ് ഐ.ഡി: 2306057) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Bengali , Gujarati , Tamil