പ്രധാനമന്ത്രിയുടെ ഓഫീസ്
അർമേനിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
31 AUG 2026 3:57PM by PIB Thiruvananthpuram
26-ാമത് SCO ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അർമേനിയൻ റിപ്പബ്ലിക് പ്രധാനമന്ത്രി നിക്കോൾ പാഷിൻയാനും ഇന്ന് കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്കെക്കിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഈ വർഷം ജൂണിൽ അർമേനിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി പാഷിൻയാൻ വീണ്ടും സ്ഥാനമേറ്റെടുത്തതിന് ശേഷം പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി പാഷിൻയാനും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
തിരഞ്ഞെടുപ്പ് വിജയത്തിലും സ്ഥാനമേറ്റെടുത്തതിലും പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി പാഷിൻയാനെ അഭിനന്ദിച്ചു. കൂടിക്കാഴ്ചയിൽ പ്രതിരോധം, സാമ്പത്തികം, ഔഷധ മേഖല, ഖനനം, വിദ്യാഭ്യാസം, സാംസ്കാരിക മേഖലകൾ എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. അടുത്തകാലത്തായി പല മേഖലകളിലും ഉഭയകക്ഷി സഹകരണം വിപുലീകരിച്ചതിൽ ഇരു നേതാക്കളും സംതൃപ്തി അറിയിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ഊഷ്മളതയും സൗഹൃദവും അടയാളപ്പെടുത്തുന്ന ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സാഹചര്യം ഉൾപ്പെടെയുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും തുടർച്ചയായ ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ആവർത്തിച്ചു.
അർമേനിയ-അസർബൈജാൻ സമാധാന കരാർ നടപ്പിലാക്കുന്നതിന്റെ നിലവിലെ സ്ഥിതി പ്രധാനമന്ത്രി പാഷിൻയാൻ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു.
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര താല്പര്യമുള്ള മേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒന്നിച്ചുപ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.
***
SK
( റിലീസ് ഐ.ഡി: 2305434)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada