വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

IMEI നമ്പറുകളിൽ കൃത്രിമം കാണിക്കുന്നതും ടെലികമ്മ്യൂണിക്കേഷൻ ഐഡൻ്റിഫയറുകൾ ദുരുപയോഗം ചെയ്യുന്നതിനുമെതിരെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി

പോസ്റ്റഡ് ഓണ്‍: 31 AUG 2026 8:06PM by PIB Thiruvananthpuram

രാജ്യത്തുടനീളം മൊബൈൽ കണക്റ്റിവിറ്റിയും ഡിജിറ്റൽ സേവനങ്ങളും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, മൊബൈൽ ഫോണുകളുടെ ഇൻ്റർനാഷണൽ മൊബൈൽ എക്യുപ്‌മെൻ്റ്  ഐഡൻ്റിറ്റി (IMEI) നമ്പർ ഉൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷൻ ഐഡൻ്റിഫയറുകളുടെ ദുരുപയോഗം ഗുരുതരമായ  ആശങ്കയായി ഉയർന്നു വന്നിരിക്കുകയാണ്. ഇത്തരം ദുരുപയോഗം പൗരന്മാരുടെ സുരക്ഷയെ ബാധിക്കുന്നതിനൊപ്പം ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളുടെ സുരക്ഷയ്ക്കും സമഗ്രതയ്ക്കും ഭീഷണിയാകുകയും ചെയ്യും. യുണീക് ടെലികമ്മ്യൂണിക്കേഷൻ ഐഡൻ്റിഫയറുകളിൽ  കൃത്രിമം കാണിക്കുന്നതും അവ ദുരുപയോഗം ചെയ്യുന്നതും തടയുന്നതിനായി ഭാരത സർക്കാർ കർശനമായ നിയമവ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.


IMEI നമ്പറുകളിൽ കൃത്രിമം കാണിക്കുന്നതും അനധികൃതമോ കൃത്രിമം വരുത്തിയതോ ആയ ടെലികമ്മ്യൂണിക്കേഷൻ ഐഡൻ്റിഫയറുകളുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതും 2023-ലെ ടെലികമ്മ്യൂണിക്കേഷൻ നിയമവും അതനുസരിച്ച് രൂപീകരിച്ച ചട്ടങ്ങളും പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ആവർത്തിച്ചു വ്യക്തമാക്കി.

പ്രധാന നിയമവ്യവസ്ഥകൾ


•  മൊബൈൽ ഫോണുകളുടെയും മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെയും IMEI നമ്പർ ഉൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷൻ ഐഡൻ്റിഫയറുകളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ 2023-ലെ ടെലികമ്മ്യൂണിക്കേഷൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

• വകുപ്പ് 42(3)(c) പ്രകാരം ടെലികമ്മ്യൂണിക്കേഷൻ ഐഡൻ്റിഫയറുകളിൽ കൃത്രിമം കാണിക്കുന്നത് നിരോധിച്ചിരിക്കുന്നു. വഞ്ചന, തട്ടിപ്പ്, ആൾമാറാട്ടം എന്നിവയിലൂടെ സബ്‌സ്‌ക്രൈബർ ഐഡൻ്റിറ്റി മൊഡ്യൂളുകൾ (SIM) അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ ഐഡൻ്റിഫയറുകൾ കരസ്ഥമാക്കുന്നത് വകുപ്പ് 42(3)(e) പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.

• ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ, 50 ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. നിയമത്തിലെ വകുപ്പ് 42(7) പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾ ജാമ്യമില്ലാത്തതും  പോലീസിന് നേരിട്ട് കേസെടുക്കാവുന്നതുമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്നവർക്കും വകുപ്പ്  42(6) പ്രകാരം ഇതേ ശിക്ഷ ലഭിക്കുന്നതാണ്.


പൗരന്മാർ ഒഴിവാക്കേണ്ട കാര്യങ്ങൾ

താഴെ പറയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പൗരന്മാരോട് നിർദ്ദേശിക്കുന്നു:

• മാറ്റം വരുത്താൻ കഴിയുന്നതോ കൃത്രിമം കാണിച്ചതോ ആയ IMEI നമ്പറുകളുള്ള മോഡങ്ങൾ, മൊഡ്യൂളുകൾ, സിം ബോക്സുകൾ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുകയോ, വാങ്ങുകയോ, കൂട്ടിച്ചേർക്കുകയോ ചെയ്യരുത്.

• വ്യാജരേഖകൾ, വഞ്ചന, തട്ടിപ്പ്, ആൾമാറാട്ടം എന്നിവയിലൂടെ സിം കാർഡുകൾ കൈക്കലാക്കരുത്.

• സ്വന്തം പേരിൽ എടുത്ത സിം കാർഡുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മറ്റുള്ളവർക്ക് കൈമാറുകയോ, വിൽക്കുകയോ, നൽകുകയോ ചെയ്യരുത്.

• കോളിംഗ് ലൈൻ ഐഡൻ്റിറ്റിയിലോ (CLI) മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഐഡൻ്റിഫയറുകളിലോ മാറ്റം വരുത്തുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുകളോ വെബ്‌സൈറ്റുകളോ മറ്റ് മാർഗ്ഗങ്ങളോ ഉപയോഗിക്കരുത്.

സ്വന്തം പേരിൽ സിം കാർഡുകൾ എടുത്ത് പിന്നീട് സൈബർ തട്ടിപ്പുകൾക്കോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ ദുരുപയോഗം ചെയ്യുന്നതിനായി സിം കടം കൊടുക്കുകയോ, വാടകയ്ക്ക് നൽകുകയോ, സിം മ്യൂളിംഗ്  നടത്തുകയോ ചെയ്യുന്നത് യഥാർത്ഥ വരിക്കാരനെ നിയമപരമായ ബാധ്യതകളിലേക്ക് നയിക്കുമെന്നും പൗരന്മാർ ഓർക്കേണ്ടതാണ്.

കൃത്രിമം വരുത്തിയ IMEI നമ്പറുകളുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതും, തട്ടിപ്പിലൂടെ സിം കാർഡുകൾ സ്വന്തമാക്കുന്നതും, ദുരുപയോഗം ചെയ്യുന്ന വ്യക്തികൾക്ക് സിം കാർഡുകൾ കൈമാറുന്നതും ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

സഞ്ചാർ സാഥിയിലൂടെയുള്ള പരിശോധനയും റിപ്പോർട്ടിംഗും

പൗരന്മാർ ജാഗ്രത പാലിക്കാനും മൊബൈൽ ഫോണുകൾ പരിശോധിച്ചുറപ്പിച്ച് സുരക്ഷിതമാക്കുന്നതിനായി, സഞ്ചാർ സാഥി സംരംഭത്തിലൂടെ ലഭ്യമാക്കിയിട്ടുള്ള ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും നിർദ്ദേശിക്കുന്നു.

ഒരു മൊബൈൽ ഫോണിൻ്റെ IMEI വിവരങ്ങൾ സഞ്ചാർ സാഥി പോർട്ടൽ വഴി പരിശോധിക്കാവുന്നതാണ്. ഫോണിൻ്റെ ബ്രാൻഡ്, മോഡൽ, നിർമ്മാതാക്കൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാൻ ഈ സേവനം പൗരന്മാരെ സഹായിക്കുന്നു.

ടെലികമ്മ്യൂണിക്കേഷൻ വിഭവങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മൊബൈൽ കണക്ഷനുകളും ഉപകരണങ്ങളും പരിശോധിച്ചുറപ്പിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും  സഞ്ചാർ സാഥി സംരംഭത്തിന് കീഴിൽ ലഭ്യമായ വിവിധ സേവനങ്ങൾ പൗരന്മാർക്ക് ഉപയോഗപ്പെടുത്താം.

ടെലികോം തട്ടിപ്പുകൾ തടയുന്നതിനും, പൗരന്മാരെ സംരക്ഷിക്കുന്നതിനും, സുരക്ഷിതവും വിശ്വസനീയവുമായ ഒരു ടെലികമ്മ്യൂണിക്കേഷൻ അന്തരീക്ഷം ഉറപ്പാക്കുന്നതിനും 2023-ലെ ടെലികമ്മ്യൂണിക്കേഷൻ നിയമത്തിലെ വ്യവസ്ഥകളും അതനുസരിച്ച് രൂപപ്പെടുത്തിയ ചട്ടങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്.

സഞ്ചാർ സാഥി പ്ലാറ്റ്‌ഫോമിൽ ലഭ്യമായ വിവിധ പൗരകേന്ദ്രീകൃത സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി www.sancharsaathi.gov.in എന്ന പോർട്ടൽ സന്ദർശിക്കുകയോ, സഞ്ചാർ സാഥി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യണമെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.

ആൻഡ്രോയിഡ് ആപ്പിനായി: https://play.google.com/store/apps/details?id=com.dot.app.sancharsaathi

ഐഒഎസ് (iOS) ആപ്പിനായി: https://apps.apple.com/app/sancharsaathi/id6739700695

***


( റിലീസ് ഐ.ഡി: 2305340) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Telugu