ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇവോൺ 3.3, പ്ലെക്സസ് എന്നിവ ഉൾപ്പെടുന്ന ഒരു പരമാധികാര എ.ഐ. സ്റ്റാക്ക് ആയ 'ജ്ഞാനി അർത്ഥ' ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
28 AUG 2026 5:55PM by PIB Thiruvananthpuram
ജ്ഞാനി എ.ഐ. വികസിപ്പിച്ചെടുത്ത, ഇവോൺ 3.3, പ്ലെക്സസ് എന്നിവ ഉൾപ്പെടുന്ന ഒരു പരമാധികാര നിർമിതബുദ്ധി സാങ്കേതികവിദ്യ-ഉപാധി ശേഖരം (എ.ഐ. സ്റ്റാക്ക്) ആയ 'ജ്ഞാനി അർത്ഥ', ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ ഇന്ന് പുറത്തിറക്കി. ഇവോൺ 3.3 ഒരു ബൃഹദ് ഭാഷാ മാതൃകയാണ്, അതേസമയം പ്ലെക്സസ് എന്നത് നിർമിതബുദ്ധിയുടെ വൈഭവത്തെ യാഥാർത്ഥ്യ ലോകത്തെ പ്രവൃത്തികളുമായും സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ്.
ഇവോൺ 3.3 യുടെയും പ്ലെക്സസിൻ്റെ യും സംയോജനം ഇന്ത്യയുടെ സാങ്കേതിക ആവാസവ്യവസ്ഥയുടെ വളർന്നുവരുന്ന ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും, ഇന്ത്യൻ എൻജിനീയർമാർക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ മാത്രമല്ല അവ നിർമ്മിക്കാനും കഴിയുമെന്ന് തെളിയിക്കുന്നുവെന്നും ശ്രീ. സി. പി. രാധാകൃഷ്ണൻ 'ജ്ഞാനി അർത്ഥ'യുടെ പുറത്തിറക്കലിനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.
ടൈപ്പ്റൈറ്ററുകളുടെയും പേഴ്സണൽ കമ്പ്യൂട്ടറുകളുടെ പരിമിതോപയോഗത്തിൻ്റെ യും കാലഘട്ടത്തിൽ നിന്ന് ഇന്നത്തെ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്)യുടെയും ബൃഹദ് ഭാഷാ മാതൃകകളുടെയും യുഗത്തിലേക്ക് സാങ്കേതികവിദ്യ വിപ്ലവകരമായി മാറിയിട്ടുണ്ടെന്ന് ശ്രീ. സി.പി. രാധാകൃഷ്ണൻ പറഞ്ഞു.
കമ്പ്യൂട്ടറുകൾ ജോലികൾക്ക് പകരം വെയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്ത്യയിലും വിദേശത്തും വിവര സാങ്കേതിക (ഐ.ടി.) മേഖല നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന തരത്തിൽ, നിർമിതബുദ്ധിയും തൊഴിലവസരങ്ങളുടെയും വളർച്ചയുടെയും പുതിയ വീഥികൾ തുറക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യാ എ.ഐ. ദൗത്യം, നിർമിതബുദ്ധിയ്ക്കായുള്ള മികവിൻ്റെ കേന്ദ്രങ്ങൾ (സെൻ്റേഴ്‌സ് ഓഫ് എക്‌സലൻസ് ഫോർ എ.ഐ.) തുടങ്ങിയ സംരംഭങ്ങൾ രാജ്യത്തിൻ്റെ പരിവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ടെന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട്, നിർമിത ബുദ്ധിയിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
ഇന്ത്യയുടെ സാങ്കേതിക പരിവർത്തനത്തിന് പിന്നിലെ വലിയൊരു പങ്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ നിന്നാണുണ്ടായതെന്നും, പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും 'ഇന്ത്യ ആദ്യം' എന്ന സമീപനത്തോടുള്ള പ്രതിബദ്ധതയും വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ കാര്യക്ഷമതയെ ശക്തിപ്പെടുത്തുന്നുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
പാർലമെൻ്റിൽ നിർമിതബുദ്ധിയുടെ ഉപയോഗം എടുത്തുകാണിച്ചുകൊണ്ട്, പാർലമെൻ്ററി സംവാദങ്ങളും പ്രബന്ധങ്ങളും നിരവധി ഇന്ത്യൻ ഭാഷകളിൽ അഭിഗമ്യമാക്കാൻ ഡിജിറ്റൽ സൻസദ് പോർട്ടൽ വഴിയൊരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ സമാപിച്ച സെഷനിൽ എട്ട് ഭാഷകളിൽ ഒരേസമയം എ.ഐ. അധിഷ്ഠിത വ്യാഖ്യാനം അവതരിപ്പിച്ചുവെന്നും ഉടൻ തന്നെ എല്ലാ ഔദ്യോഗിക ഭാഷകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക സ്വയംപര്യാപ്തതയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇന്ത്യ സാങ്കേതികവിദ്യയുടെ ഉപഭോക്താവായി മാത്രം തുടരരുതെന്ന് പറഞ്ഞു.
'നമ്മൾ എപ്പോഴും ഉപഭോക്താക്കളായിരിക്കരുത്; മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ നാം സൃഷ്ടിക്കേണ്ടതുണ്ട്,' എന്ന് പറഞ്ഞുകൊണ്ട് തദ്ദേശീയ സാങ്കേതിക കാര്യക്ഷമതകൾ കെട്ടിപ്പടുക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.
ഇന്ത്യയുടെ സാങ്കേതികവും തന്ത്രപരവുമായ സ്വയംഭരണാധികാരം ശക്തിപ്പെടുത്തുന്നതിന് പരമാധികാര എ.ഐ. കാര്യക്ഷമതകൾ വികസിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. സെമികണ്ടക്ടർ നിർമ്മാണത്തെക്കുറിച്ച് പരാമർശിക്കവെ, ഇന്ത്യയ്ക്ക് വളരെ നേരത്തെ തന്നെ ചിപ്പുകൾ നിർമ്മിക്കാൻ തുടങ്ങാമായിരുന്നുവെന്നും, ഇപ്പോഴേക്കും അതിൽ ഒരു ആഗോള നേതൃരാജ്യമായി ഉയർന്നുവരാൻ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ ഈ മേഖലയ്ക്ക് പുതിയൊരു കുതിപ്പ് കൈവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'2047 ഓടെ വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ സാങ്കേതിക കാര്യക്ഷമത ഒരു പ്രധാന സ്തംഭമായിരിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സാങ്കേതിക സ്വയംപര്യാപ്തത, നൂതനത്വം, ആഗോള നേതൃത്വം എന്നിവയിലേക്കുള്ള വൻ ദേശീയ പ്രയാണത്തിൻ്റെ ഭാഗമായി 'ജ്ഞാനി അർത്ഥ'യെ അദ്ദേഹം വിശേഷിപ്പിച്ചു.
ഈ സമാരംഭത്തിൽ ജ്ഞാനി എ.ഐ സി.ഇ.ഒ. ശ്രീ. ഗണേഷ് ഗോപാലനെയും സഹസ്ഥാപകനും സി.ടി.ഒ.യുമായ ശ്രീ. അനന്ത് നാഗരാജിനെയും അദ്ദേഹം അഭിനന്ദിച്ചു. കൂടുതൽ ശക്തവും സ്വയംപര്യാപ്തവും സാങ്കേതികമായി ശാക്തീകരിക്കപ്പെട്ടതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് ഈ സംരംഭം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

_20260828175740_48a5ca.jpeg)
_20260828175816_2b123e.jpeg)
_20260828175828_0fbe01.jpeg)

****
( റിലീസ് ഐ.ഡി: 2304414)
സന്ദര്‍ശക കൗണ്ടര്‍ : 5