വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനും ശക്തമായ വ്യാവസായിക പങ്കാളിത്തത്തിനും ജപ്പാനോട് ആഹ്വാനം

പോസ്റ്റഡ് ഓണ്‍: 27 AUG 2026 2:55PM by PIB Thiruvananthpuram

തന്ത്രപ്രധാന-നൂതന മേഖലകളിൽ ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപം ത്വരിതപ്പെടുത്താനും വ്യാവസായിക പങ്കാളിത്തം ശക്തിപ്പെടുത്താനും ഉഭയകക്ഷി സാമ്പത്തിക സഹകരണം വിപുലീകരിക്കാനും ലക്ഷ്യമിട്ട് ടോക്കിയോ, നഗോയ, ഒസാക്ക എന്നിവിടങ്ങളിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളോടെ  കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഔദ്യോഗിക ജപ്പാൻ സന്ദർശനം ബുധനാഴ്ച പൂർത്തിയാക്കി.

 

ജാപ്പനീസ് ഗവൺമെൻ്റിലെ മുതിർന്ന നേതാക്കൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇന്ത്യയിൽ മികച്ച സാന്നിധ്യമുള്ളതോ താല്പര്യമുള്ളതോ ആയ മുപ്പതിലധികം പ്രമുഖ ജാപ്പനീസ് കമ്പനികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികൾ എന്നിവരുമായി സന്ദർശന വേളയിൽ ശ്രീ ഗോയൽ വിപുലമായ ചർച്ചകൾ നടത്തി. നിക്ഷേപം വർധിപ്പിക്കൽ, സുസ്ഥിര വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തൽ, സാങ്കേതിക പങ്കാളിത്തം മെച്ചപ്പെടുത്തൽ, ഇരുരാജ്യങ്ങളിലെയും വ്യാപാര സംരംഭങ്ങള്‍ തമ്മിലെ സഹകരണത്തിന് പുതുവഴികൾ തുറക്കൽ എന്നിവയിലാണ് ചര്‍ച്ചകള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.  

 

ഇന്ത്യയിലേക്ക് ദീർഘകാല ജാപ്പനീസ് സ്ഥാപന നിക്ഷേപം സമാഹരിക്കുകയായിരുന്നു സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പ്രമുഖ നിക്ഷേപ-ധനകാര്യ സ്ഥാപനങ്ങൾക്ക് പുറമെ MUFG, മിസുഹോ,  നൊമുറ, നിപ്പോൺ ലൈഫ്, ഡെവലപ്‌മെൻ്റ് ബാങ്ക് ഓഫ് ജപ്പാൻ, മോർഗൻ സ്റ്റാൻലി MUFG സെക്യൂരിറ്റീസ് എന്നിവയുൾപ്പെടെ പ്രമുഖ ജാപ്പനീസ് ധനകാര്യ സ്ഥാപനങ്ങളുമായി ശ്രീ ഗോയൽ ചർച്ച നടത്തി. ഇന്ത്യയിലേക്ക് മൂലധന പ്രവാഹം വർധിപ്പിക്കാനും രാജ്യത്തെ വളരുന്ന അടിസ്ഥാന സൗകര്യങ്ങൾ, ഉല്പാദനം, സാങ്കേതികവിദ്യ, ധനകാര്യ മേഖല എന്നിവയെ പിന്തുണയ്ക്കാനുമുള്ള സാധ്യതകൾ യോഗത്തിൽ ആരാഞ്ഞു.

 

മൂലധന ഉല്പന്നങ്ങളും യന്ത്രസാമഗ്രികളും വാഹനമേഖലയും; അർധചാലകങ്ങളും  നിർമിതബുദ്ധിയും; സ്റ്റാർട്ടപ്പുകൾ; വിദേശ സ്ഥാപന നിക്ഷേപകർ എന്നീ വിഷയങ്ങളിലൂന്നി മേഖല തിരിച്ചുള്ള വട്ടമേശ ചർച്ചകളില്‍ മന്ത്രി അധ്യക്ഷനായി. ജപ്പാനിലെയും ഇന്ത്യയിലെയും വിവിധ വ്യാപാര സംരംഭക പ്രതിനിധികളെ ഒരൊറ്റ വേദിയിൽ അണിനിരത്തിയ  കൂടിക്കാഴ്ചകൾ രാജ്യത്തെ രണ്ടാംനിര, മൂന്നാംനിര വിതരണ ശൃംഖലകളെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും ഉൾപ്പെടുത്തി കൃത്യമായ നിക്ഷേപ-സാങ്കേതിക-വാണിജ്യ പങ്കാളിത്തങ്ങൾ രൂപപ്പെടുത്താന്‍ വഴിയൊരുക്കി.

 

2032-ഓടെ അർധചാലക വിപണിയിലെ ആവശ്യകത 150 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന പ്രവചനത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ മത്സരക്ഷമതയാര്‍ന്ന അര്‍ധചാലക ആവാസവ്യവസ്ഥ വികസിപ്പിക്കാന്‍ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യങ്ങൾ അര്‍ധചാലക-നിർമിതബുദ്ധി വട്ടമേശ ചർച്ചയിൽ  ശ്രീ ഗോയൽ എടുത്തുപറഞ്ഞു. ചിപ്പ് രൂപകല്പന, അര്‍ധചാലക യന്ത്രങ്ങളും സാമഗ്രികളും, ഫാബ്രിക്കേഷൻ,  എടിഎംപി/ഒഎസ്എടി, ഗവേഷണ-വികസനം, വിദഗ്ധ പ്രതിഭകളെ വാർത്തെടുക്കൽ എന്നീ ആറ് സ്തംഭങ്ങളിലൂന്നിയ ഗവണ്‍മെൻ്റിൻ്റെ സമഗ്ര നയരേഖ അദ്ദേഹം വിശദീകരിച്ചു.

 

ഇന്ത്യയിലെ വിദഗ്ധരായ യുവപ്രതിഭകളുടെ വലിയ നിരയ്ക്കൊപ്പം ജപ്പാൻ്റെ അത്യാധുനിക സാങ്കേതികവിദ്യയും എന്‍‍ജിനീയറിങ് പ്രാവീണ്യവും ഉൽപ്പാദന ശേഷിയും സംയോജിപ്പിച്ചാൽ  രാജ്യത്ത് ലോകോത്തര നിലവാരത്തില്‍  അർധചാലക-സാങ്കേതിക വിപ്ലവം സൃഷ്ടിക്കാനാവുമെന്ന്  ശ്രീ ഗോയൽ വ്യക്തമാക്കി.  അര്‍ധചാലക നിർമാണം, നിർമിതബുദ്ധി, ഡാറ്റാ സെൻ്ററുകൾ തുടങ്ങി ഊർജ ഉപഭോഗം കൂടിയ വ്യവസായങ്ങൾക്ക് ഇന്ത്യയുടെ വിപുലീകൃത പുനരുപയോഗ ഊർജ ശേഷിയും ശക്തമായ ദേശീയ വൈദ്യുതി ശൃംഖലയും മികച്ച അടിത്തറയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അര്‍ധചാലക വസ്തുക്കളും ഉപകരണങ്ങളും, വൈദ്യുത നിയന്ത്രിത ചിപ്പുകള്‍,  ഇലക്ട്രോണിക്സ്, നിർമിതബുദ്ധി, ലോജിസ്റ്റിക്സ്, മറ്റ് അനുബന്ധ അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയിൽ ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാൻ ചർച്ചയിൽ പങ്കെടുത്ത ജാപ്പനീസ് കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചു. ധൊലേര, സാനന്ദ് തുടങ്ങിയ വളർന്നുവരുന്ന അര്‍ധചാലക വ്യാവസായിക മേഖലകളില്‍ തടസ്സമില്ലാത്ത വൈദ്യുതി, അതിശുദ്ധീകരിച്ച ജലം, വിദഗ്ധ തൊഴിൽശക്തി, മികച്ച സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു.

 

ജപ്പാൻ സാമ്പത്തിക-വ്യാപാര-വ്യവസായ മന്ത്രി അകാസാവ റിയോസിയുമായും ‌ജപ്പാൻ വിദേശ വ്യാപാര സംഘടന (JETRO), ജപ്പാൻ ബാങ്ക് ഫോർ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ (JBIC), ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി  (JICA) എന്നിവയുടെ മുതിർന്ന പ്രതിനിധികളുമായും   കേന്ദ്രമന്ത്രി ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, സുസ്ഥിര വിതരണ ശൃംഖലകൾ, ഉല്പാദന സഹകരണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, ഇന്ത്യയുടെ വളർച്ചാ മുന്നേറ്റത്തിൽ ജാപ്പനീസ് കമ്പനികളുടെ വിപുലമായ പങ്കാളിത്തം എന്നിവ ചർച്ചകളിൽ വിഷയമായി.

 

1,500-ലേറെ  പ്രമുഖ ജാപ്പനീസ് കമ്പനികളെ പ്രതിനിധീകരിക്കുന്ന കെയ്‌ഡൻറെൻ (ജപ്പാന്‍ വ്യാപാര ഫെഡറേഷന്‍)  സംഘടനയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പരമ്പരാഗത വ്യാപാരത്തിന് പുറമെ സാമ്പത്തിക സുരക്ഷ, സുസ്ഥിര വിതരണ ശൃംഖലകൾ, നൂതന സാങ്കേതികവിദ്യ, ഹരിതോർജം, പ്രതിരോധ നിർമാണം, ജനങ്ങൾ തമ്മിലെ സമ്പർക്കം എന്നിവയുൾപ്പെടെ ഇന്ത്യ-ജപ്പാൻ സാമ്പത്തിക പങ്കാളിത്തത്തിൻ്റെ വിപുലമായ സാധ്യതകൾ ശ്രീ ഗോയൽ എടുത്തുപറഞ്ഞു. ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കാനും വ്യാപാര സാന്നിധ്യം വിപുലീകരിക്കാനും അദ്ദേഹം ജാപ്പനീസ് കമ്പനികളെ ക്ഷണിച്ചു.

 

മന്ത്രിയെ ഊഷ്മളമായി സ്വാഗതം ചെയ്ത ജാപ്പനീസ് വ്യവസായ പ്രമുഖർ പ്രധാന വിഷയങ്ങളില്‍ അദ്ദേഹത്തിൻ്റെ തുറന്ന സമീപനത്തെയും സജീവ ആശയവിനിമയത്തെയും പ്രശംസിച്ചു. ഇന്ത്യയുടെ വളർച്ചാ സാധ്യതകളിൽ പൂർണ വിശ്വാസം രേഖപ്പെടുത്തിയ അവർ രാജ്യത്ത് തന്ത്രപ്രധാന ഇടപെടലുകൾ വിപുലീകരിക്കാനും നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കാനും താല്പര്യം പ്രകടിപ്പിച്ചു.

 

ചുക്കെയ്‌റൻ ഉൾപ്പെടെ പ്രമുഖ വ്യവസായ സംഘടനകളുടെ സഹകരണത്തോടെ നഗോയയിൽ സംഘടിപ്പിച്ച 'ഇന്ത്യ-ജപ്പാൻ വരുംതലമുറ സാമ്പത്തിക പങ്കാളിത്ത റോഡ്‌ഷോ’യെയും ശ്രീ ഗോയൽ അഭിസംബോധന ചെയ്തു.  ചുബു മേഖലയിലെ  എൺപതിലധികം ജാപ്പനീസ് കമ്പനികൾ പങ്കെടുത്ത റോഡ്‌ഷോയിൽ വാഹനനിര്‍മാണം,   വ്യോമയാന-ബഹിരാകാശ സാങ്കേതികവിദ്യ, യന്ത്രോപകരണങ്ങള്‍,  അർധചാലകങ്ങൾ, ഇലക്ട്രോണിക്സ്, വാഹന ഘടകങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടന്നു. ഇന്ത്യയിലെ യുവ പ്രതിഭാശേഷിയും ചുബു മേഖലയുടെ സാങ്കേതിക-എന്‍ജിനീയറിങ് മികവും ഒത്തുചേരുമ്പോൾ പുതിയ ഉല്പാദന-സാങ്കേതിക പങ്കാളിത്തങ്ങൾക്ക് വലിയ സാധ്യതകളാണ് തുറക്കുന്നതെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി.  

 

ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറ ചൂണ്ടിക്കാട്ടിയ ശ്രീ ഗോയൽ ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം 7.7 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും 2047-ഓടെ 30 ട്രില്യൺ യുഎസ് .ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും വ്യക്തമാക്കി. ഇന്ത്യയിലെ വലിയ മധ്യവർഗത്തിൻ്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ, വികസിക്കുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, കരുത്തുറ്റ ബാങ്കിംഗ് മേഖല, പുനരുപയോഗ ഊർജ  ശേഷി, മികച്ച വ്യവസായ അനുകൂല അന്തരീക്ഷം എന്നിവ ദീർഘകാല നിക്ഷേപകർക്ക് വലിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

 

അടുത്ത പതിറ്റാണ്ടിനകം ഇന്ത്യയിൽ 10 ട്രില്യൺ ജാപ്പനീസ് യെൻ സ്വകാര്യ നിക്ഷേപം എത്തിക്കുകയെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 2025-ലെ ജപ്പാൻ സന്ദർശന  വേളയിലെ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ഈ സന്ദർശനം കൂടുതൽ കരുത്തേകി. ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയിൽ  - പ്രത്യേകിച്ച് ഉല്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സേവനങ്ങൾ, അർധചാലകങ്ങൾ, നിർമിതബുദ്ധി, ഹരിതോര്‍ജം, മറ്റ് ഭാവി തലമുറ വ്യവസായങ്ങൾ എന്നിവയിൽ  - ജാപ്പനീസ് സ്ഥാപന നിക്ഷേപകരുടെയും കമ്പനികളുടെയും സജീവ പങ്കാളിത്തത്തിന് ശ്രീ ഗോയൽ ആഹ്വാനം ചെയ്തു.

 

ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധങ്ങളുടെ ഭാവി രൂപരേഖകളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ ജാപ്പനീസ്-ഇന്ത്യൻ വ്യാപാര - മാധ്യമ സമൂഹങ്ങളുമായി  പങ്കിടുന്നതിന് നിക്കി ഏഷ്യ  സംഘടിപ്പിച്ച പ്രത്യേക സംവാദത്തിലും മന്ത്രി പങ്കെടുത്തു.

 

ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തത്തിന് പുതിയ ഉണർവേകിയ സന്ദർശനം  വ്യാപാര, നിക്ഷേപ, സാങ്കേതിക, വ്യാവസായിക സഹകരണം കൂടുതൽ ആഴത്തിലാക്കാന്‍ നടത്തുന്ന ശ്രമങ്ങൾക്ക് വേഗം പകര്‍ന്നു.  ആഗോള മത്സരക്ഷമതയാര്‍ന്ന ഉല്പാദന-സാങ്കേതിക-നിക്ഷേപ കേന്ദ്രമായി മാറുന്നതിനായി ഇന്ത്യ നടത്തുന്ന പ്രയാണത്തിൽ കൂടുതൽ ജാപ്പനീസ് പങ്കാളിത്തം ഉറപ്പാക്കാനും പരസ്പര നേട്ടങ്ങൾക്കും നൂതനാശയങ്ങൾക്കും വഴിയൊരുക്കാനുമുള്ള  അടിത്തറ കൂടുതൽ ദൃഢമാക്കിയാണ് സന്ദർശനത്തിന് പരിസമാപ്തി കുറിച്ചത്.

 
***
 

( റിലീസ് ഐ.ഡി: 2303929) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Tamil , Telugu