രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസർ ട്രെയിനികൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
27 AUG 2026 4:22PM by PIB Thiruvananthpuram
സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസിൽ നിലവിൽ ഇൻഡക്ഷൻ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ വിദേശകാര്യ സർവീസിലെ (2025 ബാച്ച്) ഓഫീസർ ട്രെയിനികളും ഭൂട്ടാനിൽ നിന്നുള്ള രണ്ട് നയതന്ത്രജ്ഞരും ഇന്ന് (2026 ഓഗസ്റ്റ് 27) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി.

ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, ഐ.എഫ്.എസ്. ഉദ്യോഗസ്ഥ ട്രെയിനികളെ അഭിനന്ദിക്കുകയും വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും രാജ്യതാല്പര്യങ്ങൾ മുൻനിർത്തി ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള വലിയ ഉത്തരവാദിത്തവും ഭാഗ്യവുമാണ് അവർക്ക് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ലോകരാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ പുതിയ സാധ്യതകൾ സൃഷ്ടിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. നിക്ഷേപം, സാങ്കേതികവിദ്യ, ഉൽപ്പാദനം, പുനരുപയോഗ ഊർജ്ജം, നവീകരണം തുടങ്ങിയ മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും ഇന്ത്യയുടെ ദേശീയ താല്പര്യങ്ങൾ മുൻനിർത്തിയുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാനും അവർ നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടു. നയതന്ത്രബന്ധങ്ങൾ ഇന്ത്യയുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും നേരിട്ട് സംഭാവന നൽകുന്നതായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ലോകവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങൾ എപ്പോഴും നമ്മുടെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസൃതമായിരിക്കണമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.ഇത് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിലെ ശാശ്വത തത്ത്വമായി നിലനിൽക്കണം. 2047-ഓടെ 'വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ നയതന്ത്രജ്ഞരുടെ പങ്ക് കൂടുതൽ വിപുലമാകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
നയതന്ത്രജ്ഞർ തങ്ങളുടെ പ്രവർത്തനങ്ങൾ ഗവണ്മെൻ്റ് ഓഫിസുകളിലും ഔദ്യോഗിക യോഗങ്ങളിലും മാത്രം ഒതുക്കിനിർത്തരുതെന്ന് രാഷ്ട്രപതി പറഞ്ഞു.സർവകലാശാലകൾ,വ്യവസായ സ്ഥാപനങ്ങൾ, ഗവേഷകർ, നവീനാശയക്കാർ, സാംസ്കാരിക സ്ഥാപനങ്ങൾ,സിവിൽ സമൂഹം,പ്രാദേശിക സമൂഹങ്ങൾ എന്നിവരിലേക്കും അവർ പ്രവർത്തനം വ്യാപിപ്പിക്കണം. വിദേശത്തുള്ള ഇന്ത്യൻ സമൂഹവുമായി അർത്ഥവത്തായ രീതിയിൽ ഇടപഴകാനും,പ്രത്യേകിച്ച് അതിലെ യുവതലമുറയെ ഇന്ത്യയുമായി അടുപ്പിച്ചുനിർത്താനും അവരെ രാജ്യത്തിൻ്റെ വികസന യാത്രയിൽ പങ്കാളികളാക്കാനും അവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നയതന്ത്ര രംഗത്തിൻ്റെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങൾ ആശയവിനിമയം നടത്തുന്ന രീതി,വ്യവസായങ്ങൾ,പൊതുസേവനങ്ങൾ എന്നിവയിലെല്ലാം സാങ്കേതികവിദ്യ വരുത്തുന്ന മാറ്റങ്ങൾക്ക് അനുസൃതമായി വിദേശത്തുള്ള ഇന്ത്യൻ മിഷനുകളും മുന്നേറണം. സാങ്കേതികവിദ്യ മെച്ചപ്പെട്ട ഭരണ നിർവഹണത്തിനും ആഴത്തിലുള്ള ബന്ധങ്ങൾക്കും ഉപയോഗിക്കാമെങ്കിലും അത് ഒരിക്കലും മനുഷ്യത്വത്തിന് പകരമാകരുത്.അവശ്യഘട്ടങ്ങളിൽ ഇന്ത്യൻ മിഷനുകൾ എല്ലായ്പ്പോഴും സഹായത്തിനെത്തുന്ന ഒന്നായിരിക്കണം.സമീപകാലത്തെ രക്ഷാപ്രവർത്തനങ്ങളിലും മാനുഷിക സഹായ ദൗത്യങ്ങളിലും നാം ഉയർത്തിപ്പിടിച്ച ഈ പാരമ്പര്യം തുടരണം.സഹായം തേടുന്ന ഏതൊരു ഇന്ത്യക്കാരനും തങ്ങളുടെ ദൗത്യം സമീപിക്കാവുന്നതും കരുണയുള്ളതും വിശ്വസിക്കാവുന്നതുമാണെന്ന തോന്നൽ ഉണ്ടാകണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ആയിരക്കണക്കിന് വർഷത്തെ സംസ്കാരമുള്ള ഒരു രാജ്യത്തെ മാത്രമല്ല, യുവത്വവും ഊർജ്ജസ്വലതയും ലക്ഷ്യബോധവുമുള്ള പുതിയ ഇന്ത്യയെക്കൂടിയാണ് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥർ പ്രതിനിധീകരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സമാധാനം,ബഹുസ്വരത,സംഭാഷണം,സഹവർത്തിത്വം,വൈവിധ്യങ്ങളോടുള്ള ആദരം എന്നിവ 'വസുധൈവ കുടുംബകം'എന്ന ഭാരതീയ സംസ്കാരത്തിൽ അന്തർലീനമായ മൂല്യങ്ങളാണ്.
അനിശ്ചിതത്വവും സങ്കീർണ്ണതയും വർദ്ധിച്ചുവരുന്ന ഈ ലോകത്ത്, നയതന്ത്രജ്ഞർ ചടുലരും, ജിജ്ഞാസുക്കളും, നിരന്തരം പഠിക്കാൻ സന്നദ്ധരുമായിരിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.അതിലെല്ലാമുപരി ലാളിത്യവും വിനയവും കാത്തുസൂക്ഷിക്കണം.വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ അവർ കേന്ദ്ര ഗവണ്മെൻ്റിനെ മാത്രമല്ല,140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന കാര്യം ഉദ്യോഗസ്ഥ ട്രെയിനികൾ എപ്പോഴും ഓർക്കണമെന്നും രാഷ്ട്രപതി നിർദ്ദേശിച്ചു. സത്യസന്ധത,സുതാര്യത,പ്രൊഫഷണലിസം എന്നിവയുടെ ഏറ്റവും ഉയർന്ന നിലവാരം പുലർത്താൻ ഫോറിൻ സർവീസ് ഓഫീസർ ട്രെയിനികകളോട് ശ്രീമതി മുർമു ആവശ്യപ്പെട്ടു.
Please click here to see the President's Speech
***
( റിലീസ് ഐ.ഡി: 2303927)
സന്ദര്‍ശക കൗണ്ടര്‍ : 4