വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യയുടെ വളര്‍ന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ടോക്കിയോയിൽ ഇന്ത്യ-ജപ്പാൻ സ്റ്റാർട്ടപ്പ് വട്ടമേശ ചര്‍ച്ചയില്‍ എടുത്തുപറഞ്ഞ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
പോസ്റ്റഡ് ഓണ്‍:
26 AUG 2026 5:00PM by PIB Thiruvananthpuram
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രണ്ടര ലക്ഷത്തോളം സ്റ്റാർട്ടപ്പുകൾക്ക് തുടക്കംകുറിച്ച് ഇന്ത്യ ലോകത്തെ മൂന്നാമത് വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്ന് ടോക്കിയോയില്‍ സംഘടിപ്പിച്ച ഇന്ത്യ-ജപ്പാൻ സ്റ്റാർട്ടപ്പ് വട്ടമേശ ചര്‍ച്ചയില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇന്ത്യയുടെ വിശാല ആഭ്യന്തര വിപണി, ശാസ്ത്ര-സാങ്കേതിക-എന്‍ജിനീയറിങ്-ഗണിത മേഖലകളിലെ സമ്പന്ന പ്രതിഭാശേഷി, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം, അതിവേഗം വികസിക്കുന്ന നൂതനാശയ അന്തരീക്ഷം എന്നിവ ജാപ്പനീസ് സാങ്കേതികവിദ്യയ്ക്കും നിക്ഷേപങ്ങൾക്കും നൂതനാശയ പങ്കാളിത്തങ്ങൾക്കും ഇന്ത്യയെ മുഖ്യ ആകർഷക കേന്ദ്രമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ജപ്പാനിലെയും മുതിർന്ന ഗവണ്മെൻ്റ് പ്രതിനിധികൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ ഒരു വേദിയിൽ അണിനിരത്തിയ വട്ടമേശ ചര്‍ച്ച സ്റ്റാർട്ടപ്പ്, ഡീപ്-ടെക്, നൂതനാശയങ്ങൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ദൃഢമാക്കാന്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രതിബദ്ധത അടയാളപ്പെടുത്തി. സാങ്കേതിക പങ്കാളിത്തം ശക്തിപ്പെടുത്തൽ, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, നൂതനാശയ കേന്ദ്രീകൃത ഭാവി സാമ്പത്തിക സഹകരണത്തിന് അടിത്തറയൊരുക്കല്‍ എന്നിവയിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
വട്ടമേശ ചര്‍ച്ചയിലെ പങ്കാളികളെ സ്വാഗതം ചെയ്ത ജപ്പാനിലെ ഇന്ത്യന്‍ അംബാസഡർ നഗ്മ മുഹമ്മദ് മാലിക് ഇരുരാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു. 'ഇന്ത്യ-ജപ്പാൻ ആശയാവതരണ പരമ്പര' ഇതിനകം 65 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ നൂറോളം ജാപ്പനീസ് കോർപ്പറേഷനുകളുമായി ബന്ധിപ്പിക്കുകയും 30-ലധികം വ്യാപാര പങ്കാളിത്തങ്ങൾ സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. 222 അംഗങ്ങളടങ്ങുന്ന ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘത്തിൻ്റെ പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും നൂതനാശയ പശ്ചാത്തലങ്ങള്‍ തമ്മിൽ ദൃഢവും ശാശ്വതവുമായ പുതിയ പങ്കാളിത്തം കെട്ടിപ്പടുക്കാൻ അവസരമൊരുക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യ-ജപ്പാൻ സ്റ്റാർട്ടപ്പ് സഹകരണത്തിൻ്റെ അടുത്ത ഘട്ടത്തിന് നാല് സ്തംഭങ്ങളിലൂന്നിയ ഭാവനാത്മക ചട്ടക്കൂട് ശ്രീ ഗോയൽ മുന്നോട്ടുവെച്ചു. പ്രാരംഭഘട്ട ഗവേഷണം, ഡീപ്-ടെക് നൂതനാശയങ്ങള്‍, വാണിജ്യവൽക്കരണം എന്നിവയ്ക്ക് ദീർഘകാല നിക്ഷേപം സമാഹരിക്കുന്നതിന് ജപ്പാൻ-ഇന്ത്യ ഡീപ്-ടെക് മൂലധന ഇടനാഴി; ഇരുരാജ്യങ്ങളിലെയും സർവകലാശാലകൾ, സംരംഭകത്വ പരിപോഷണ കേന്ദ്രങ്ങൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ലബോറട്ടറികൾ, പരീക്ഷണ സൗകര്യങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന പരസ്പര നൂതനാശയ പങ്കാളിത്തം; ഇന്ത്യയുടെ വിപണി വ്യാപ്തി, എന്‍ജിനീയറിങ് പ്രാവീണ്യം, സംരംഭകത്വ കരുത്ത് എന്നിവയെ ജപ്പാൻ്റെ കൃത്യതയാർന്ന എന്‍ജിനീയറിങ്, സാങ്കേതികവിദ്യ, ഉല്പാദന ശേഷി എന്നിവയുമായി സംയോജിപ്പിക്കുന്ന ഉല്പാദന-സാങ്കേതിക സംയോജനം; കൂടാതെ ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകർ, ജാപ്പനീസ് കോർപ്പറേഷനുകൾ, സംരംഭക നിക്ഷേപ ഫണ്ടുകൾ, തന്ത്രപ്രധാന നിക്ഷേപകർ എന്നിവർ തമ്മിൽ നിരന്തര ആശയവിനിമയം സുഗമമാക്കാന്‍ സംയുക്ത സ്റ്റാർട്ടപ്പ് ആശയാവതരണ വേദികള്‍ എന്നിവയാണ് സുപ്രധാന സ്തംഭങ്ങള്‍.
ഡീപ്-ടെക് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് കേന്ദ്ര ഗവണ്മെൻ്റ് വിഭാവനം ചെയ്യുന്ന ഏകദേശം ഒരു ബില്യൺ യുഎസ് ഡോളറിൻ്റെ രണ്ടാമത് 'ഫണ്ട് ഓഫ് ഫണ്ട്സ്' സംരംഭത്തെക്കുറിച്ച് സംസാരിച്ച മന്ത്രി ജാപ്പനീസ് നിക്ഷേപകരെ ഇതിലേക്ക് സജീവമായി ക്ഷണിച്ചു.
ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കൈവരിച്ച വളർച്ചയെയും പക്വതയെയും ജാപ്പനീസ് പ്രതിനിധികൾ സ്വാഗതം ചെയ്തു. ഇരുപക്ഷത്തിനും പ്രയോജനകരമായ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി (JICA) സീനിയർ വൈസ് പ്രസിഡൻ്റ് ഷോഹെയ് ഹര, ജപ്പാന് സാങ്കേതിക ശേഷി സംഭാവന ചെയ്യാൻ കഴിയുമെന്നും സാമൂഹ്യ-വികസന വെല്ലുവിളികളെ മികച്ച വ്യാപാര സാധ്യതകളാക്കി മാറ്റാനുള്ള ഇന്ത്യയുടെ കഴിവിൽ നിന്ന് പഠിക്കാനാവുമെന്നും ചൂണ്ടിക്കാട്ടി. കൂടുതൽ ജാപ്പനീസ് സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ വിപണി സാധ്യതകൾ പരിചയപ്പെടുത്താന്‍ JICA താല്പര്യം പ്രകടിപ്പിച്ചു.
ജാപ്പനീസ് കമ്പനികളെ സെഷനിലേക്ക് എത്തിക്കുന്നതിൽ ഇന്ത്യൻ മിഷനുമായി സഹകരിച്ച ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെൻ്റ്, ജപ്പാന്‍ വിദേശ വാണിജ്യ സംഘടന (JETRO) എന്നിവയുടെ മുതിർന്ന നേതൃത്വവും വട്ടമേശ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്പാർക്സ് ഗ്രൂപ്പ്, MUFG ഇന്നൊവേഷൻ പാർട്ണേഴ്സ്, ബിയോണ്ട് നെക്സ്റ്റ് വെഞ്ചേഴ്സ്, ഇൻകുബേറ്റ് ഫണ്ട് ഏഷ്യ, മിസുഹോ ഫിനാൻഷ്യൽ ഗ്രൂപ്പ്, എസ്ബിഐ ഇൻവെസ്‌റ്റ്‌മെൻ്റ്, ഫുജിറ്റ്സു ലിമിറ്റഡ്, ഡിജി ഡൈവ വെഞ്ചേഴ്സ്, ആസ്ട്രോ ഗേറ്റ്, ഇൻസ്റ്റാലിംബ്, യൂണിവേഴ്സൽ മെറ്റീരിയൽസ് ഇൻകുബേറ്റർ, ക്യോട്ടോ ഫ്യൂഷനീയറിങ്, എയറോസെൻസ് ഉൾപ്പെടെ പ്രമുഖ ജാപ്പനീസ് കമ്പനികളിലെ നാൽപ്പതോളം പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ, ഇന്ത്യൻ ബിസിനസ്സ് ചേംബറുകൾ, ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘത്തിലെ അംഗങ്ങൾ എന്നിവരും സംബന്ധിച്ചു.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ സ്റ്റാർട്ടപ്പുകളുമായും ആഗോള വിതരണ ശൃംഖലകളുമായും സംയോജിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും ഇന്ത്യയിൽ ഉല്പാദന-വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന കമ്പനികൾക്ക് പ്ലഗ്-ആൻഡ്-പ്ലേ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിൻ്റെ ആവശ്യകതയും വ്യവസായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഭാവിയിലെ ഇന്ത്യ-ജപ്പാൻ നിക്ഷേപങ്ങളുടെ പ്രധാന മേഖലകളായി നിർമ്മിത ബുദ്ധി, അർധചാലകങ്ങൾ, ആരോഗ്യ സംരക്ഷണം, ബഹിരാകാശം, പ്രതിരോധം, അത്യാധുനിക നിർമ്മാണം, ഡീപ് ടെക്നോളജി എന്നിവയെ സംരംഭക മൂലധന നിക്ഷേപകർ അടയാളപ്പെടുത്തി. പ്രധാനമായും ഇൻ്റർനെറ്റ്, സോഫ്റ്റ്‌വെയർ ബിസിനസുകളിൽ നിന്ന് ഉല്പാദന-സാങ്കേതിക കേന്ദ്രീകൃത സംരംഭങ്ങളിലേക്ക് ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖല നടത്തുന്ന വ്യക്തമായ ചുവടുമാറ്റവും നിക്ഷേപകർ ചൂണ്ടിക്കാട്ടി.
വ്യോമ മേഖല-പ്രതിരോധം, ഡ്രോണുകൾ, നിർമ്മിത ബുദ്ധി, ആരോഗ്യ സംരക്ഷണം, കൃത്രിമ അവയവ നിർമ്മാണം, റോബോട്ടിക്സ്, സംഭരണശാലകളുടെ യന്ത്രവല്‍ക്കരണം, ഗതാഗതം, ഡിജിറ്റൽ ആരോഗ്യം എന്നീ മേഖലകളിലെ ശേഷി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിച്ചു. സാങ്കേതികവിദ്യാ മൂല്യനിർണയം, സൂക്ഷ്മതല ഉല്പാദനം, നിക്ഷേപം, വിപണി ലഭ്യത, ജാപ്പനീസ്-ആഗോള വിതരണ ശൃംഖലകളിലേക്കുള്ള സംയോജനം എന്നിവയ്ക്ക് നിരവധി കമ്പനികൾ ജാപ്പനീസ് പങ്കാളിത്ത സാധ്യതകൾ തേടി.
ഇന്ത്യയും ജപ്പാനും പരസ്പര പൂരകമായ സവിശേഷ കരുത്തുള്ള രാജ്യങ്ങളാണെന്ന് വട്ടമേശ ചര്‍ച്ച വിലയിരുത്തി. വലിയ വിപണിയും പ്രതിഭകളും ഡിജിറ്റൽ ശേഷിയും അതിവേഗ സംരംഭകത്വവും ഇന്ത്യ വാഗ്ദാനം ചെയ്യുമ്പോൾ, ദീർഘകാല നിക്ഷേപം, നൂതന സാങ്കേതികവിദ്യ, ഉല്പാദന മികവ്, ആഗോള ഗുണനിലവാരം എന്നിവയാണ് ജപ്പാൻ്റെ കരുത്ത്. ഈ സവിശേഷതകൾ സംയോജിപ്പിക്കുന്നതിലൂടെ ഇന്ത്യ, ജപ്പാൻ, മറ്റ് മൂന്നാം രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിപണികൾക്ക് അനുയോജ്യമായ ആഗോള മത്സരക്ഷമതയാര്‍ന്ന സംരംഭങ്ങളെയും സാങ്കേതികവിദ്യകളെയും സൃഷ്ടിക്കാൻ സാധിക്കും.
നിക്ഷേപകരും സ്റ്റാർട്ടപ്പുകളും തമ്മിലെ നിരന്തര ആശയവിനിമയം, സാങ്കേതിക പങ്കാളിത്തങ്ങൾ, സംയുക്ത നിക്ഷേപ സംവിധാനങ്ങൾ, ഇരുരാജ്യങ്ങളിലെയും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സംരംഭകത്വ പരിപോഷണ കേന്ദ്രങ്ങളും വ്യവസായങ്ങളും തമ്മിലെ ശക്തമായ ബന്ധങ്ങൾ എന്നിവയുടെ പിന്തുണയോടെ വ്യക്തിഗത ഇടപാടുകൾക്കപ്പുറം കൂടുതൽ വ്യവസ്ഥാപിതമായ ഇന്ത്യ-ജപ്പാൻ സ്റ്റാർട്ടപ്പ് നൂതനാശയ പങ്കാളിത്തത്തിലേക്ക് മുന്നേറണമെന്ന പൊതുതാൽപ്പര്യത്തോടെയാണ് ചർച്ചകള്‍ സമാപിച്ചത്.
****
( റിലീസ് ഐ.ഡി: 2303581)
സന്ദര്‍ശക കൗണ്ടര്‍ : 9