ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും

പോസ്റ്റഡ് ഓണ്‍: 26 AUG 2026 9:15AM by PIB Thiruvananthpuram
കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലെ ഫിഷറീസ് വകുപ്പ് സീഷെൽസിലെ ഉന്നതതല പ്രതിനിധി സംഘവുമായി ഓഗസ്റ്റ് 25-ന് ഉന്നതതല ഉഭയകക്ഷി യോഗം ചേര്‍ന്നു. സീഷെൽസ് ഫിഷറീസ്-കൃഷി-സമുദ്ര സമ്പദ്‍ വ്യവസ്ഥ മന്ത്രി വാലസ് കോസ്‌ഗ്രോവ് സീഷെൽസ് സംഘത്തിനും ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലാക്ഷ് ലിഖി ഇന്ത്യൻ പ്രതിനിധി സംഘത്തിനും നേതൃത്വം നല്‍കി. നിലവിലെ സഹകരണ ചട്ടക്കൂടുകൾ അവലോകനം ചെയ്യാനും പരസ്പരം താൽപ്പര്യമുള്ള പുതിയ മേഖലകൾ കണ്ടെത്താനും സുസ്ഥിര സമുദ്രവിഭവ വിനിയോഗത്തിന് ശക്തമായ സംയുക്ത മാർഗരേഖ തയ്യാറാക്കാനും ലക്ഷ്യമിട്ട യോഗത്തിൽ ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥാപന പ്രതിനിധികളും പങ്കെടുത്തു.
സീഷെൽസ് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത ഇന്ത്യൻ നേതൃത്വം ഇരുരാജ്യങ്ങളും തമ്മിലെ ആഴമേറിയ സമുദ്ര പങ്കാളിത്തം എടുത്തുപറഞ്ഞു. ഫിഷറീസ്, ജലകൃഷി, നൂതന ശാസ്ത്ര ഗവേഷണം, ശേഷിവികസനം എന്നീ മേഖലകളിൽ സാങ്കേതിക സഹകരണം വിപുലീകരിക്കുന്നതിലെ ഉറച്ച പ്രതിബദ്ധത ഇന്ത്യ യോഗത്തിൽ ആവർത്തിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം സാമൂഹ്യ-സാമ്പത്തിക സ്ഥിരതയും ഭക്ഷ്യ-പോഷകാഹാര സുരക്ഷയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിലെ അടുത്ത സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഇരുവിഭാഗവും ചൂണ്ടിക്കാട്ടി.
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിലും ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും മത്സ്യബന്ധന മേഖലയും വിപുലമായ സമുദ്ര സമ്പദ്‌ വ്യവസ്ഥയും സുപ്രധാന സ്തംഭങ്ങളാണെന്ന് ചർച്ചയിൽ പ്രതിനിധി സംഘങ്ങള്‍ അംഗീകരിച്ചു. ഇന്ത്യയിലെ മത്സ്യോൽപ്പാദനം 19.7 ദശലക്ഷം ടണ്ണിലെത്തി അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചുവെന്നും സമുദ്രോല്പന്ന കയറ്റുമതി 8.46 ബില്യൺ യുഎസ് ഡോളറിലെത്തിയെന്നും രാജ്യത്തിൻ്റെ സുപ്രധാന നേട്ടങ്ങൾ എടുത്തുപറ‍ഞ്ഞ ഇന്ത്യൻ പ്രതിനിധി സംഘം വ്യക്തമാക്കി. സുസ്ഥിര മത്സ്യബന്ധന പരിപാലനം, ഉത്തരവാദിത്തപൂര്‍ണ മത്സ്യബന്ധന രീതികൾ, സാങ്കേതികവിദ്യാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ രാജ്യം നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും ഇന്ത്യ വിശദീകരിച്ചു.
സമുദ്രകൃഷി, അത്യാധുനിക ഹാച്ചറികൾ സ്ഥാപിക്കൽ, ട്യൂണ മത്സ്യബന്ധന കാര്യക്ഷമത വർധിപ്പിക്കൽ, മത്സ്യലഭ്യതാ നിർണയം, വിളവെടുപ്പാനന്തര നൂതന സാങ്കേതികവിദ്യകൾ, സമഗ്ര സമുദ്ര സംരക്ഷണം എന്നിവയുൾപ്പെടെ സംയുക്ത വികസനത്തിന് അനിവാര്യമായ വിവിധ സാങ്കേതിക മേഖലകൾ ചർച്ചയുടെ അജണ്ടയിലുണ്ടായിരുന്നു. ലക്ഷ്യാധിഷ്ഠിത സാങ്കേതിക പഠനങ്ങൾ, വ്യവസ്ഥാപിത ഫിഷറീസ് വിജ്ഞാന വ്യാപന സേവനങ്ങൾ, ഔദ്യോഗിക സ്ഥാപനതല പരിശീലന പരിപാടികൾ എന്നിവയിലൂടെ ഉടനടി വിവര കൈമാറ്റത്തിനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും പരിശോധിച്ചു.
 
മേഖലയിലെ നൂതനാശയങ്ങളും ഡിജിറ്റൽ പരിവർത്തനവും ത്വരിതപ്പെടുത്തുന്നതിന് ചർച്ചയിൽ വലിയ പ്രാധാന്യം നൽകി. ഫിഷറീസ് വിവരശേഖര സംവിധാനങ്ങൾ, നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങൾ, വിളവെടുപ്പ് പരിപാലനത്തിൽ നിര്‍മ്മിത ബുദ്ധി ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകളുടെ വിനിയോഗം എന്നിവയിലെ പ്രായോഗിക പങ്കാളിത്തങ്ങൾ പ്രതിനിധി സംഘങ്ങൾ പരിശോധിച്ചു. ട്യൂണ സംസ്കരണം, ഉല്പന്ന വൈവിധ്യവൽക്കരണം, സുസ്ഥിര മത്സ്യമാലിന്യ സംസ്കരണം എന്നിവയുടെ മൂല്യശൃംഖലാ വികസനത്തിനും പ്രത്യേക ഊന്നൽ നൽകി. ദീർഘകാല പുരോഗതി ഉറപ്പാക്കാന്‍ ചിട്ടയായ വാർഷിക പ്രവർത്തന പദ്ധതി, നിയന്ത്രണ ചട്ടക്കൂടുകളുടെ ഏകോപനം, സംയുക്ത ശാസ്ത്ര ഗവേഷണങ്ങളുടെ അതിവേഗ വാണിജ്യവൽക്കരണം, പരസ്പര ലബോറട്ടറി പ്രവേശനം, പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഫലപ്രദമായ പദ്ധതികളുടെ സംയുക്ത രൂപകല്പന എന്നിവ അനിവാര്യമാണെന്ന് ഇരുപക്ഷവും ധാരണയിലെത്തി.
 
ഫിഷറീസ്-ജലകൃഷി മേഖലകൾക്ക് പ്രത്യേക നൂതന പ്രവർത്തന പദ്ധതിയോടെ ഉഭയകക്ഷി ധാരണാപത്രം ഒപ്പുവെച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സീഷെൽസ് പ്രതിനിധി സംഘം താല്പര്യം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളിലെയും ഭരണ സംവിധാനങ്ങൾ, അക്കാദമിക ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവർ തമ്മിൽ തടസ്സമില്ലാത്ത തുടർച്ചയായ ആശയവിനിമയം സുഗമമാക്കാന്‍ ഔദ്യോഗിക സഹകരണ ചട്ടക്കൂടുകൾ സ്ഥാപിക്കേണ്ടതിൻ്റെ പ്രാധാന്യം അവർ വ്യക്തമാക്കി. 
സ്ഥാപനപരമായ ശേഷി വളർത്താനും മികച്ച അന്താരാഷ്ട്ര മാതൃകകൾ പങ്കുവെക്കാനും പരസ്പര സന്ദർശനങ്ങൾ, പ്രത്യേക സാങ്കേതിക കൈമാറ്റങ്ങൾ, ഇരുരാജ്യങ്ങളിലെയും മികവുകേന്ദ്രങ്ങളുടെ സംയുക്ത വിനിയോഗം എന്നിവയുടെ പ്രാധാന്യം യോഗത്തിൻ്റെ സമാപനത്തില്‍ എടുത്തുപറഞ്ഞു. നയതന്ത്ര തലത്തിലെ പ്രതിബദ്ധതകളെ ഇന്ത്യയ്ക്കും സീഷെൽസിനും ദീർഘകാല സമുദ്ര സമൃദ്ധി ഉറപ്പാക്കുന്ന ഫലപ്രദമായ കർമപദ്ധതികളാക്കി മാറ്റാന്‍ സംയുക്ത കാഴ്ചപ്പാട് ആവർത്തിച്ച് ശുഭപ്രതീക്ഷയോടെയാണ് ഉന്നതതല യോഗം സമാപിച്ചത്.    
***

( റിലീസ് ഐ.ഡി: 2303508) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Tamil