PIB Backgrounder
യു.പി.ഐ: ഇന്ത്യയുടെ പണമിടപാട് മേഖലയെ പരിവർത്തനം ചെയ്യുന്നു
പോസ്റ്റഡ് ഓണ്‍:
24 AUG 2026 2:19PM by PIB Thiruvananthpuram
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് മേഖല ഒരു ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. എല്ലാ പൗരന്മാർക്കും അഭിഗമ്യമായ ലളിതവും സുരക്ഷിതവുമായ ഒരു പണമിടപാട് സംവിധാനം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടാണ് ഇതിനെ മുന്നോട്ട് നയിക്കുന്നത്. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) വികസിപ്പിച്ചെടുത്ത ഏകീകൃത പണമിടപാട് സമ്പർക്കതലം (യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ്/ യു.പി.ഐ), ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് വിപ്ലവത്തിന്റെ ഒരു ആണിക്കല്ലായി ഉയർന്നുവന്നിരിക്കുന്നു. ഇന്ന് 11 രാജ്യങ്ങളിൽ യു.പി.ഐ സ്വീകാര്യമാണ്, ഇതിൽ ഗ്രീസും മാലിദ്വീപുമാണ് ഇന്ത്യയുടെ തത്സമയ പണമിടപാട് പ്ലാറ്റ്‌ഫോം ഏറ്റവുമൊടുവിലായി സ്വീകരിച്ച രാജ്യങ്ങൾ.
യു.പി.ഐയും അതിന്റെ പരിണാമവും
പരസ്പരം പ്രവർത്തനക്ഷമമായ രൂപകൽപ്പനയും ഉപയോഗത്തിനുള്ള എളുപ്പവും വഴി, വ്യക്തികൾ, ബിസിനസുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന പണമിടപാടുകളുടെ രീതിയെ യു.പി.ഐ അടിസ്ഥാനപരമായി മാറ്റിമറിച്ചു.
* പങ്കാളികളായ ഏതൊരു ബാങ്കിന്റെയും അല്ലെങ്കിൽ പണമിടപാട് സേവന ദാതാവിന്റെയും ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ അനേകം ബാങ്ക് അക്കൗണ്ടുകൾക്ക് ശക്തി പകരുന്ന തത്സമയ പണമിടപാട് സംവിധാനം.
* അനേകം ബാങ്കിംഗ് സേവനങ്ങൾ, അക്കൗണ്ട് മുഖേനയുളള പണകൈമാറ്റങ്ങൾ, കച്ചവടസംബന്ധ പണമിടപാടുകൾ എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുന്നു.
* 24 മണിക്കൂറും ഡിജിറ്റൽ പണമിടപാടുകൾ സാധ്യമാക്കുന്നു.
* ഇടപാട് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായുള്ള പ്രാമാണീകരണവും അയക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രം പ്രാപ്യമായ രഹസ്യകോഡിലേക്കുള്ള പരിവർത്തനവും ഉപയോഗിക്കപ്പെടുത്തുന്നു.
കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് മേഖലയുടെ നട്ടെല്ലായി യു.പി.ഐ പരിണമിച്ചു. യു.പി.ഐയുടെ പരിണാമത്തിലെ ചില പ്രധാന നാഴികക്കല്ലുകൾ ഇവയാണ്:
2016
* 2016 ഏപ്രിലിൽ 21 അംഗ ബാങ്കുകളുമായി പരീക്ഷണാടിസ്ഥാനത്തിൽ യു.പി.ഐ ആരംഭിച്ചു.
* 2016 ഓഗസ്റ്റിൽ, പങ്കാളികളായ ബാങ്കുകൾ അവരുടെ യു.പി.ഐ സൗകര്യമുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയതോടെ ഇത് പൊതുജനങ്ങൾക്കായി അവതരിപ്പിച്ചു.
* യു.പി.ഐ ഉപയോഗിച്ച് ഡിജിറ്റൽ പണമിടപാടുകൾ സാദ്ധ്യമാക്കുന്നതിനായി 2016 ഡിസംബറിൽ ഭിം(ബി.എച്ച്.ഐ.എം) ആപ്ലിക്കേഷൻ ആരംഭിച്ചു. മൊബൈൽ ഉപകരണങ്ങൾ വഴി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഇടപാടുകൾ നടത്താൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.
2017
* എപ്പോൾ വേണമെങ്കിലും ഉള്ളടക്കവും വിവരങ്ങളും മാറ്റാൻ കഴിയുന്ന പ്രത്യേകതരം ക്യു.ആർ കോഡുകൾ വഴി യു.പി.ഐ പണമിടപാടുകൾ സാധ്യമാക്കുന്ന ഒരു ചില്ലറവിപണന കച്ചവട പ്ലാറ്റ്‌ഫോമായി ഡൈനാമിക് ക്യു.ആർ ആരംഭിച്ചു. അതിൽ പണമടയ്ക്കുന്നയാളുടെ വിവരങ്ങളും കൃത്യമായ ആകെത്തുകയും പോലുള്ള ഇടപാട് പ്രത്യേകതകൾ സാഹചര്യങ്ങൾക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന രീതിയിൽ ഉൾപ്പെടുത്തിക്കൊണ്ട്, നേരിട്ട് കൈകൊണ്ട് തുക രേഖപ്പെടുത്തുന്നത് ഒഴിവാക്കി.
2018
ഡിജിറ്റൽ പണമിടപാടുകൾ ലളിതവും കൂടുതൽ സുരക്ഷിതവും തടസ്സരഹിതവുമാക്കുന്നതിനായി മെച്ചപ്പെടുത്തിയ സവിശേഷതകളോടെയാണ് യു.പി.ഐ 2.0 അവതരിപ്പിച്ചത്.
* പണമിടപാടുകൾ അംഗീകരിക്കുന്നതിന് മുമ്പ് ബില്ലുകളോ ഇൻവോയ്‌സുകളോ കാണാൻ ഇൻബോക്‌സിലെ ഇൻവോയ്‌സ് ഉപയോക്താക്കളെ അനുവദിക്കുന്നു.
* ഡിജിറ്റൽ ഒപ്പോട്കൂടിയ താത്പര്യപത്രവും ക്യു.ആറും സുരക്ഷ നിലനിർത്തിക്കൊണ്ട് പണമിടപാടുകളുടെ പ്രാമാണീകരണം ലളിതമാക്കുന്നു.
* മുൻകൂട്ടി അനുവാദം നൽകിയ നിർദ്ദേശങ്ങളിലൂടെ അക്കൗണ്ടിൽ നിന്ന് കൃത്യമായ ഇടവേളകളിൽ നിശ്ചിത തുകകൾ പിൻവലിക്കാൻ, യു.പി.ഐ ആപ്പുകൾക്കുള്ള ഔദ്യോഗിക പണമീടാക്കൽ അനുമതി സൗകര്യമൊരുക്കുന്നു.
* പ്രധാന അക്കൗണ്ടുമായി ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്ന സംവിധാനം ഉപയോക്താക്കളെ അവരുടെ ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ ഉപയോഗിച്ച് യു.പി.ഐ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു.
2019
* നിർദ്ദിഷ്ട ഇടനിലക്കാർ വഴി ഐ.പി.ഒകൾക്ക് അപേക്ഷിക്കുമ്പോൾ റീട്ടെയിൽ വ്യക്തിഗത നിക്ഷേപകർക്ക് ഒരു ബദൽ പണമിടപാട് സംവിധാനമായി യു.പി.ഐ ഉപയോഗിക്കാൻ സെബി അനുവദിച്ചു.
* 2019 ഒക്ടോബറിൽ ഒരു മാസത്തിനുള്ളിൽ ഒരു ബില്യൺ ഇടപാടുകളെന്ന നാഴികക്കല്ല് യു.പി.ഐ മറികടന്നു, ഇത് രാജ്യവ്യാപകമായി ദ്രുതഗതിയിലുള്ള സ്വീകാര്യതയെ പ്രതിഫലിപ്പിച്ചു.
2020-2022
* വരിസംഖ്യകൾ, അടിസ്ഥാനസേവന ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, മൂച്ച്വൽ ഫണ്ടുകളിലെ ചിട്ടയായ നിക്ഷേപപദ്ധതി (എസ്.ഐ.പി), പ്രതിമാസ തിരിച്ചടവ് തുകകൾ (ഇ.എം.ഐ) എന്നിവയ്ക്കായി കൃത്യമായ ഇടവേളകളിലുള്ള ഓൺലൈനായുള്ള പണമീടാക്കൽ അനുമതികളെ പിന്തുണയ്ക്കുന്നതിനായി യു.പി.ഐ ഓട്ടോ പേ ആരംഭിച്ചു.
* യു.പി.ഐ 123 പേയുടെ ആവിർഭാവത്തിലൂടെ ഫീച്ചർ ഫോൺ ഉപയോക്താക്കളെ ഡിജിറ്റൽ പണമിടപാട് മേഖലയിലേക്ക് കൊണ്ടുവന്നു. സംവേദനാത്മക ശബ്ദ പ്രതികരണ (ഐ.വി.ആർ) നമ്പർ, ആപ്പ് അധിഷ്ഠിത പ്രവർത്തനം, മിസ്ഡ് കോൾ അധിഷ്ഠിത സമീപനം, സാമീപ്യ ശബ്ദാധിഷ്ഠിത പണമിടപാടുകൾ എന്നിവയിലൂടെ ഇത് പണവിനിമയം അനുവദിക്കുന്നു.
* കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾ വേഗത്തിലും പിൻ ആവശ്യകതയില്ലാതെയും സാധ്യമാക്കുന്നതിനായി യു.പി.ഐ ലൈറ്റ് അവതരിപ്പിക്കപ്പെട്ടു.
* ക്രെഡിറ്റ് കാർഡുകൾ യു.പി.ഐയുമായി സംയോജിപ്പിക്കുന്നത് ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ പണമിടപാട് മാർഗങ്ങൾ കൂടുതൽ വിപുലമാക്കി.
* 2021-22 സാമ്പത്തിക വർഷത്തിൽ, യു.പി.ഐ ഒരു ട്രില്യൺ യു.എസ് ഡോളറിലധികം മൂല്യമുള്ള ഇടപാടുകൾ പൂർത്തീകരിച്ചു. 2022 മാർച്ചിൽ പ്രതിമാസ ഇടപാടുകൾ 5 ബില്യൺ കവിഞ്ഞു.
* ഭൂട്ടാനിൽ ആരംഭിച്ചതോടെ ഇത് അന്താരാഷ്ട്രതലത്തിലും വ്യാപിക്കുകയും, ആദ്യത്തെ അതിർത്തി കടന്നുള്ള വിന്യാസമായി അടയാളപ്പെടുത്തുകയും ചെയ്തു.
2023
* മുൻകൂട്ടി അനുവദിച്ച ബാങ്ക് വായ്പാ പരിധികളെ ഒരു പണനിക്ഷേ, വിനിമയസൗകര്യമുള്ള അക്കൗണ്ടായി ബന്ധിപ്പിക്കാൻ അനുവദിക്കുന്ന തരത്തിൽ, യു.പി.ഐയിൽ ക്രെഡിറ്റ് ലൈൻ അവതരിപ്പിച്ചു.
* 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഡിജിറ്റൽ പണവിനിമയ ഇടപാടുകളുടെ ഏകദേശം എഴുപത് ശതമാനവും യു.പി.ഐ ആയിരുന്നു
2024
* പ്രാഥമിക ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ മുൻകൂട്ടി നിശ്ചയിച്ച ഇടപാട് പരിധികളോടെ ദ്വിതീയ ഉപയോക്താക്കളെ അധികാരപ്പെടുത്താൻ പ്രാഥമിക ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന യു.പി.ഐ സർക്കിൾ അവതരിപ്പിക്കപ്പെട്ടു.
* ആർ.ബി.ഐ നികുതി പണമിടപാടുകൾക്കുള്ള യു.പി.ഐ ഇടപാട് പരിധി ഒരു ഇടപാടിന് ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. മൂലധന വിപണികൾ, ഐ.പി.ഒ സബ്‌സ്‌ക്രിപ്ഷനുകൾ, വായ്പാ ശേഖരണങ്ങൾ, ഇൻഷുറൻസ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിഭാഗങ്ങൾക്കും ഉയർന്ന പരിധികൾ ബാധകമാണ്.
* യു.പി.ഐ 123 പേയുടെ ഓരോ ഇടപാടിനും പരിധി 10,000 രൂപ ആയി ഉയർത്തി, ഇത് ഉപയോഗ പരിധി വിപുലീകരിച്ചു.
* യു.പി.ഐ ലൈറ്റ് വാലറ്റ് പരിധി 5,000 രൂപയായി ഉയർത്തി, ഓരോ ഇടപാടിനുമുള്ള പരിധി 1,000 രൂപ ആയി ഉയർത്തി.
2025
* സ്മാർട്ട്‌ഫോൺ വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിഞ്ഞ് ലോക്ക് തുറക്കുന്ന സംവിധാനം വഴി പണമിടപാടുകൾ സാധ്യമാക്കുന്ന തരത്തിൽ യു.പി.ഐയ്ക്കായി ഉപകരണത്തിൽ വെച്ചുതന്നെയുള്ള ഉപയോക്തൃ പ്രാമാണീകരണം അവതരിപ്പിച്ചു.
* പ്രത്യേകിച്ച് ആദ്യമായി ഉപയോഗിക്കുന്നവർക്കും, മുതിർന്ന പൗരന്മാർക്കും, കാർഡുകൾ എളുപ്പത്തിൽ അഭിഗമ്യമാക്കാനാകാത്തവർക്കുമായി ആധാർ അധിഷ്ഠിത മുഖ പ്രാമാണീകരണം യു.പി.ഐ പിൻ രജിസ്റ്റർ ചെയ്യുന്നത് ലളിതമാക്കി.
യു.പി.ഐ ഇന്ന്
ഇടപാടുകളുടെ അളവിലും മൂല്യത്തിലും യു.പി.ഐ അഭൂതപൂർവമായ വളർച്ച കൈവരിച്ചു. ഇത് വ്യക്തികൾ, ബിസിനസുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരിലുളള വ്യാപകമായ സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു.
* 2016-17 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ:
* വാർഷിക പണമിടപാടുകളുടെ അളവ് 2 കോടി ഇടപാടുകളിൽ നിന്ന് 24,162 കോടി ഇടപാടുകളായി വർദ്ധിച്ചു. ഇത് ഏകദേശം 12,000 മടങ്ങ് വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു.
* വാർഷിക ഇടപാട് മൂല്യം 0.07 ലക്ഷം കോടി രൂപയിൽ നിന്ന് 314 ലക്ഷം കോടി രൂപയായി വളർന്ന്‌കൊണ്ട്, 4,000 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തി
ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപ്തിയും പരിധിയും യു.പി.ഐ മാറ്റിമറിച്ചു.
2026 ജൂലൈയിൽ:
* യു.പി.ഐ ആവാസവ്യവസ്ഥ 741 സജീവ ബാങ്കുകൾ ഉൾപ്പെടുന്നുവെന്നത്, ഇന്ത്യയിലെ ബാങ്കിങ് മേഖലയിലുടനീളമുള്ള അതിന്റെ വ്യാപകമായ സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു.
* യു.പി.ഐ 2,365.8 കോടി ഇടപാടുകൾ പൂർത്തീകരിച്ചു; ആകെ ഇടപാട് മൂല്യം 29.87 ലക്ഷം കോടി രൂപയിലെത്തി.

യു.പി.ഐയുടെ ആഗോള സാന്നിദ്ധ്യം വിപുലീകരിച്ചുകൊണ്ടിരിക്കുന്നു
ഭൂട്ടാൻ, നേപ്പാൾ, സിംഗപ്പൂർ, യു.എ.ഇ, ഫ്രാൻസ്, ശ്രീലങ്ക, മൗറീഷ്യസ്, ഖത്തർ എന്നിവിടങ്ങളിൽ യു.പി.ഐ പ്രവർത്തനക്ഷമമാണ്, ഇത് അതിർത്തി കടന്നുള്ള ഡിജിറ്റൽ പണമിടപാടുകൾ സുഗമമാക്കുന്നു.

യു.പി.ഐയുടെ ആഗോള സാന്നിദ്ധ്യം വിപുലീകരിച്ചുകൊണ്ടിരിക്കുന്നു
* ഭൂട്ടാൻ, നേപ്പാൾ, സിംഗപ്പൂർ, യു.എ.ഇ, ഫ്രാൻസ്, ശ്രീലങ്ക, മൗറീഷ്യസ്, ഖത്തർ എന്നിവിടങ്ങളിൽ യു.പി.ഐ പ്രവർത്തനക്ഷമമാണ്, ഇത് അതിർത്തി കടന്നുള്ള ഡിജിറ്റൽ പണമിടപാടുകൾ സുഗമമാക്കുന്നു.
* 2026 ജൂണിൽ, എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡ്, അക്ലെഡ (എ.സി.എൽ.ഇ.ഡി.എ) ബാങ്ക് പി.എൽ.സി (അസോസിയേഷൻ ഓഫ് കംബോഡിയൻ ലോക്കൽ ഇക്കണോമിക് ഡെവലപ്മെന്റ് ഏജൻസീസ് ബാങ്ക് പബ്ലിക് ലിമിറ്റഡ് കമ്പനി)യുമായി സഹകരിച്ച് കമ്പോഡിയയിൽ യു.പി.ഐ അവലംബിക്കുന്നതിന് തുടക്കമിട്ടു. ഇത് ഇന്ത്യയുടെ അതിർത്തി കടന്നുള്ള പണമിടപാട് സമ്പർക്കത്തെ കൂടുതൽ ശക്തിപ്പെടുത്തി.
* 2026 ജൂണിൽ, അതിർത്തി കടന്നുള്ള പണവിനിമയത്തിനായി ഗ്രീസിൽ യു.പി.ഐ സജീവമായി, അവിടെ അർഹരായ ഉപഭോക്താക്കൾക്ക് ഗ്രീസിനും ഇന്ത്യയ്ക്കും ഇടയിൽ (യൂറോബാങ്ക് മുഖേന) തൽക്ഷണം, സുരക്ഷിതമായി, തടസ്സമില്ലാതെ പണം കൈമാറാൻ കഴിയും.
* 2026 ജൂലൈ 30-ന്, മാലിദ്വീപിന്റെ തത്ക്ഷണ പണമിടപാട് സംവിധാനമായ 'ഫവാര'യും ഇന്ത്യയുടെ യു.പി.ഐയും തമ്മിലുള്ള രാജ്യാന്തര ധനവിനിമയം പ്രവർത്തനക്ഷമമായി, ഇത് മാലിദ്വീപിനും ഇന്ത്യയ്ക്കും ഇടയിൽ അതിർത്തി കടന്നുള്ള ഡിജിറ്റൽ സാമ്പത്തിക സമ്പർക്കത്തിലും ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിലും ഒരു പരിവർത്തനാത്മക നാഴികക്കല്ലിനെ അടയാളപ്പെടുത്തി.
* ഇന്ന് വരെ, യു.പി.ഐ സ്വീകാര്യതയ്ക്കും/അല്ലെങ്കിൽ രാജ്യാന്തര ധനവിനിമയത്തിനുമായി 11 വിദേശ രാജ്യങ്ങളിൽ യു.പി.ഐ പ്രവർത്തനക്ഷമമാണ്.
ഡിജിറ്റൽ പരിവർത്തനത്തിന്റെ ഒരു ദശകം
ഡിജിറ്റൽ പണമിടപാടുകൾ ലളിതവും സുരക്ഷിതവും പരസ്പര പ്രവർത്തനക്ഷമവുമാക്കുന്നതിലൂടെ ഇന്ത്യയുടെ പണമിടപാട് രീതിയെ യു.പി.ഐ പരിവർത്തനം ചെയ്തു. അതിന്റെ ദ്രുതഗതിയിലുള്ള സ്വീകാര്യതയും തുടർച്ചയായ നൂതനവത്കരണവും വിപുലീകൃതമായിക്കൊണ്ടിരിക്കുന്ന ആഗോള സാന്നിധ്യവും യു.പി.ഐയെ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ഒരു മുഖ്യഘടകമാക്കി മാറ്റി.
അവലംബം
Click here to see PDF
******
( റിലീസ് ഐ.ഡി: 2303320)
സന്ദര്‍ശക കൗണ്ടര്‍ : 4