പ്രധാനമന്ത്രിയുടെ ഓഫീസ്
2025 ബാച്ച് ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയെ സന്ദർശിച്ചു
സേവനമനുഷ്ഠിക്കുന്ന രാജ്യങ്ങളിൽ താഴേത്തട്ടിലുള്ള ജനങ്ങളുമായി കരുത്തുറ്റ ബന്ധം സ്ഥാപിക്കാനും പ്രാദേശിക സമൂഹങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാനും യുവ നയതന്ത്രജ്ഞരോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു
ലോകവുമായുള്ള ഇന്ത്യയുടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള രാസത്വരകങ്ങളായി പ്രവർത്തിക്കാൻ ഓഫീസർ ട്രെയിനികളോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു
ഇന്ത്യൻ മിഷനുകളുടെ ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുകാട്ടി
ഇന്ത്യയുടെ നാഗരികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ കരുത്ത് ലോകത്തിനുമുന്നിൽ പ്രദർശിപ്പിച്ച്, രാജ്യത്തെ കൂടുതൽ ആകർഷകമായ ആഗോള വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാൻ പ്രവർത്തിക്കണമെന്ന് ഓഫീസർ ട്രെയിനികളോടു പ്രധാനമന്ത്രി അഭ്യർഥിച്ചു
प्रविष्टि तिथि:
24 AUG 2026 7:13PM by PIB Thiruvananthpuram
ഇന്ത്യൻ ഫോറിൻ സർവീസ് (IFS) 2025 ബാച്ചിലെ ഓഫീസർ ട്രെയിനികൾ ഇന്നു രാവിലെ സേവാതീർഥിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള 50 IFS ഓഫീസർ ട്രെയിനികളാണു സംഘത്തിലുണ്ടായിരുന്നത്.
ആശയവിനിമയത്തിനിടെ, സേവനമനുഷ്ഠിക്കുന്ന രാജ്യങ്ങളിലെ താഴേത്തട്ടിലുള്ള ജനങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും പ്രാദേശിക സമൂഹങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാനും യുവ നയതന്ത്രജ്ഞരോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. ഭരണകൂടങ്ങളുമായും സ്ഥാപനങ്ങളുമായും മാത്രമല്ല, പ്രാദേശിക സമൂഹങ്ങളിലെ ജനങ്ങളുമായും ഇന്ത്യൻ മിഷനുകൾ അർഥവത്തായ ബന്ധം വളർത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത നയതന്ത്ര വൃത്തങ്ങൾക്കപ്പുറത്തേക്കു സൗഹൃദവലയം വ്യാപിപ്പിക്കാനും ജനങ്ങളുമായുള്ള സമ്പർക്കം വർധിപ്പിക്കാനും ഓഫീസർ ട്രെയിനികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തിന്റെ നാഗരിക കരുത്തിനെ സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഫലപ്രദമായ വാർത്താവിനിമയം എന്നിവയുമായി സമന്വയിപ്പിക്കാൻ പ്രധാനമന്ത്രി പ്രചോദനമേകി.
ലോകവുമായുള്ള ഇന്ത്യയുടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള രാസത്വരകങ്ങളായി പ്രവർത്തിക്കാൻ ഓഫീസർ ട്രെയിനികളോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. ഇന്ത്യൻ മിഷനുകളുടെ ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങൾ ഒരു സ്ഥാപനവുമായി ബന്ധപ്പെടുന്ന ആദ്യത്തെ വാതിൽ മിക്കപ്പോഴും ഒരു വെബ്‌സൈറ്റാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, കോൺസുലാർ സേവനങ്ങളും മറ്റു സേവനങ്ങളും കൂടുതൽ തടസ്സമില്ലാത്തതും വേഗത്തിലുള്ളതും ജനകേന്ദ്രീകൃതവുമാക്കുന്നതിന് സാങ്കേതികവിദ്യയുടെ കൂടുതൽ ഉപയോഗത്തിനായി ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ നാഗരികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ കരുത്ത് ലോകത്തിനുമുന്നിൽ പ്രദർശിപ്പിച്ച്, രാജ്യത്തെ കൂടുതൽ ആകർഷകമായ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പ്രവർത്തിക്കണമെന്ന് ഓഫീസർ ട്രെയിനികളോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ ഇന്ത്യയെക്കുറിച്ചു കൂടുതൽ താൽപ്പര്യം സൃഷ്ടിക്കുന്നതിനായി ‘ഇന്ത്യയെ അറിയൂ’ ക്വിസ് പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം നിർദേശിച്ചു. ഇത്തരം സംരംഭങ്ങൾ കൂടുതൽ ആകർഷകമാക്കാൻ നിർമിതബുദ്ധിയും ഗെയിമിങ്ങും ഉപയോഗിക്കുന്നതിനെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
പരിശീലനത്തിൽനിന്നും ഭാരത് ദർശനിൽനിന്നുമുള്ള അനുഭവങ്ങൾ ഓഫീസർ ട്രെയിനികൾ പങ്കുവച്ചു. ലോകവുമായുള്ള ഇന്ത്യയുടെ നാഗരികവും സാംസ്കാരികവുമായ ബന്ധങ്ങൾ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ സംസാരിച്ചു.
-SK-
(रिलीज़ आईडी: 2302964)
आगंतुक पटल : 4